വേദനയും നിരാശയും മാത്രം നല്‍കുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഒരു ശുഭവാര്‍ത്ത. രാജ്യത്തെ ആദ്യ ട്രാൻസ്‍ജെന്റർ വിവാഹം കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. ട്രാൻസ്‍ജെന്റർ വിഭാഗത്തിന്‍റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അക്കായ് പദ്മശാലിയും, വാസുവുമാണ് വിവാഹിതരായത്. സന്തോഷത്തോടെ നില്‍ക്കുന്ന ആ നവദമ്പതികളുടെ ചിത്രം ചില ആഡംബര വിവാഹ ടീസറുകളെക്കാളും മികച്ചതായിരുന്നു. ചില സംഭവങ്ങള്‍ നമ്മളില്‍ പ്രത്യേക താത്പര്യം ഉണര്‍ത്തുന്നുവെങ്കില്‍ അവയ്ക്ക് നമ്മുടെ ജീവിതത്തിന്റെ യേതെങ്കിലും ഒരു ഭാഗവുമായി എന്തെങ്കിലും ബന്ധം കാണും. അങ്ങനെയാണ് ഞാന്‍ എന്‍റെ ഓര്‍മപുസ്തകം വീണ്ടും തുറന്നത്.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാര്‍ത്ഥിനിയായിരുന്ന ഞാന്‍ അവധി കഴിഞ്ഞു കോയമ്പത്തൂരിലുള്ള കോളേജ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്നു. എനിക്കും കൂട്ടുകാര്‍ക്കും കഴിക്കാനായി അമ്മയുണ്ടാക്കിതന്ന പലഹാരപ്പൊതികള്‍ മടിയില്‍ ഭദ്രമായി ഇറുക്കി പിടിച്ചാണ് എന്‍റെ ഇരിപ്പ്. യാത്ര ചെയ്തിരുന്നത് സ്ത്രീകള്‍ക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ട സീറ്റിലും. ഒരാള്‍ക്ക്‌ കൂടി ഇരിക്കാം. ഒഴിവുണ്ടായിട്ടും സീറ്റില്‍ ഇരിക്കാതെ നിന്ന് യാത്ര ചെയ്യുന്ന, വയലറ്റ് സാരിയുടുത്ത സ്ത്രീയെ ഞാന്‍ തൊട്ടു വിളിച്ച്‌ ഇരിക്കുന്നില്ലേ എന്ന് ചോദിച്ചു. അവള്‍ വളരെ സന്തോഷത്തോടെ എന്‍റെ അടുത്തുവന്നിരുന്നു. സാധാരണയായി സ്ത്രീകളുടെ സീറ്റില്‍ തന്നെ ആരും ഇരിക്കാന്‍ അനുവദിക്കാറില്ല എന്നും പുരുഷന്മാര്‍ക്കൊപ്പം ഇരുന്നാല്‍ തൊട്ടും പിടിച്ചും ശല്യപ്പെടുത്തും എന്നും നിര്‍വികാരയായി പറഞ്ഞപ്പോഴാണ് എനിക്കരികില്‍ ഇരിക്കുന്നത് ഒരു ട്രാൻസ്‍ജെന്റർ ആണെന്ന് മനസ്സിലായത്‌. ആളുകളുടെ തുറിച്ചുനോട്ടം ഞങ്ങള്‍ നേരിട്ടുതുടങ്ങി. എനിക്ക് വല്ലായ്മ തോന്നി. ആദ്യമായിട്ടായിരുന്നു ഒരു ട്രാൻസ്‍ജെന്ററിനെ ഇത്ര അടുത്ത് കാണുന്നത്. ആരൊക്കെയോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതുമൂലം എനിക്ക് അകാരണമായ ഒരു ഭയം തോന്നിയിരുന്നു. അത് തിരിച്ചറിഞ്ഞെന്നോളം അവള്‍ ചോദിച്ചു, ‘ഞാന്‍ എഴുന്നേറ്റു മാറണോ?’ ജാള്യത തോന്നി എനിക്ക്. ‘എന്തിന്, ഇരുന്നോളൂ’ എന്ന് ഞാന്‍ പറഞ്ഞത് അവള്‍ക്ക് ആശ്വാസമായെന്നു തോന്നുന്നു. ബോധമണ്ഡലത്തില്‍ ഇത്തിരി സഹജീവിസ്നേഹം ഉണര്‍ന്നു. ആവശ്യമില്ലാത്ത ആശങ്കകള്‍ കൊണ്ട്നടന്ന് സഹയാത്രികയെ മൌനം കൊണ്ടകറ്റി നിര്‍ത്തിയതിന് മനസ്സാക്ഷി എന്നെ ശകാരിച്ചുതുടങ്ങി. ഉള്ളില്‍ തോന്നിയ ഭീതി ആര്‍ദ്രമായ ഒരു സൗഹൃദത്തിനു വഴിമാറി. അവളുടെ കൈത്തണ്ടയില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന കുപ്പിവളകള്‍ നോക്കി ഞാന്‍ ചോദിച്ചു, ‘കൊള്ളാമല്ലോ. കോയമ്പത്തൂരില്‍ നിന്നാണോ?’. അപ്രതീക്ഷിതമായ എന്‍റെ ചോദ്യത്തില്‍ അവള്‍ അമ്പരന്നിരിക്കണം. ‘അതെ, ഇഷ്‌ടമായെങ്കില്‍ എടുത്തോളൂ’ എന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ ആത്‌മാര്‍ഥമായ ഒരു അപേക്ഷാഭാവം ഉണ്ടായിരുന്നു.

യാത്രകള്‍ക്കിടയില്‍ നമുക്ക് കിട്ടുന്ന ചില നല്ല മുഹൂര്‍ത്തങ്ങളുണ്ട്. അത് ഇത്തരം നല്ല ആളുകളെ പരിചയപ്പെടുന്നതാണ്. യാത്ര അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും എനിക്ക് ഒരു കാര്യം ബോധ്യമായി. പരിചയപ്പെട്ട അടുത്ത നിമിഷം തന്നെ ‘വീട്ടില്‍ കല്യാണം ആലോചിക്കുന്നുണ്ടോ’ എന്ന് ചോദിക്കുന്ന സ്ത്രീകളെക്കാളും ‘ഫോണ്‍ നമ്പര്‍ തരുമോ’ എന്ന് ചോദിക്കുന്ന പുരുഷന്മാരേക്കാളും എന്തുകൊണ്ടും വിശ്വസിക്കാം ഈ തമിഴ് പെൺകൊടിയെ. ലൈല എന്നാണു പേരെന്നും തിരുപ്പൂരില്‍ തുണിമില്ലിലാണ് ജോലി എന്നും അവള്‍ പറഞ്ഞു.

പത്താംതരത്തില്‍ പഠിക്കുമ്പോള്‍ സഹപാഠികളുടെ പരിഹാസവും വീട്ടുകാരുടെ ഒറ്റപ്പെടുത്തലും സഹിക്കാന്‍ വയ്യാതെ ബംഗളൂരിലേക്ക് നാടുവിടുമ്പോള്‍ തമിഴരസ്സന്‍ എന്ന പതിനഞ്ചുകാരന് പ്രത്യേകിച്ചൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ചെന്നിടത്തൊക്കെ പീഢനവും ചൂഷണവും മാത്രമായിരുന്നു അവനെ കാത്തിരുന്നത്. ജീവിതം എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ തമിഴരസ്സന്‍ തന്നെപ്പോലെയുള്ളവരെ കണ്ടെത്തിയതോടെ ആശ്വാസത്തിന്‍റെ ചെറിയ ഒരു തുരുത്തിലെത്തി. തിരുപ്പൂരില്‍ ജോലിക്ക് കയറുമ്പോള്‍ അവന്‍ ഒറ്റയ്ക്കായിരുന്നില്ല. തന്‍റെ ശരീരത്തില്‍ തളച്ചിടപ്പെട്ട സ്ത്രീയെ അവന്‍ സ്വതന്ത്രയാക്കി. തമിഴരസ്സന്‍ ലൈലയായി. കിട്ടുന്ന കൂലി മിച്ചം വച്ച് വീട്ടുകാരെ കാണാന്‍ പോയത് പുതിയ വേഷത്തിലും രൂപത്തിലുമായിരുന്നു. ലൈല കൊണ്ടുപോയ പണവും വസ്ത്രങ്ങളും അവര്‍ സ്വീകരിച്ചതല്ലാതെ യാതോരടുപ്പവും കാണിച്ചില്ല. ഇളയ അനുജത്തി മാത്രമാണ് അവളുമായി അടുത്തത്. അനുജത്തിയെ കാണാന്‍ പോയി വരുന്ന വഴിയാണ് ലൈലയും ഞാനും കണ്ടുമുട്ടിയത്‌.

ഇതൊക്കെ പറയുമ്പോള്‍ ലൈല കരയുന്നുണ്ടായിരുന്നു. എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങി. ലൈലയ്ക്ക് ഇറങ്ങാനുള്ള സ്ഥലമായി. ‘നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്’ എന്ന് പറഞ്ഞു ലൈല എന്‍റെ കൈ പിടിച്ചു യാത്ര ചോദിച്ചു. ബാഗ് തുറന്നു തിടുക്കത്തില്‍ രണ്ടു പഴംപൊരിയെടുത്തു ഞാനവള്‍ക്ക് നീട്ടി. സന്തോഷത്തോടെ അത് വാങ്ങി അവള്‍ നന്ദി പറഞ്ഞു. ലൈലയും അവളുടെ വാക്കുകളും എന്നെ കുറേനാള്‍ പിന്തുടര്‍ന്നു. വീട്ടില്‍ വന്നു തിരിച്ചു പോകുമ്പോഴുള്ള ഓരോ യാത്രയിലും ഞാന്‍ അവളെ തിരഞ്ഞു. പക്ഷെ ഒരിക്കല്‍പ്പോലും കാണാന്‍ സാധിച്ചില്ല. ടെലിവിഷനിലും പത്രങ്ങളിലും ട്രാൻസ്‍ജെന്റർസിനെ സംബന്ധിച്ച ഓരോ അശുഭവാര്‍ത്തവരുമ്പോഴും അതില്‍ ലൈല ഉണ്ടാകരുത് എന്ന് ഞാന്‍ ആത്‌മാര്‍ഥമായി ആഗ്രഹിച്ചിരുന്നു .വെറും മിനുട്ടുകള്‍ കൊണ്ട് എന്‍റെ കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിച്ച ലൈലാ, നിന്നെ ഞാന്‍ സ്നേഹത്തോടെ ഓര്‍ത്തുകൊണ്ടേയിരിക്കുന്നു.

സ്വത്വമില്ലാതെ, കുടുംബത്തിലും സമൂഹത്തിലും സ്ഥാനമില്ലാതെ, ഒരു ജോലി ചെയ്തു ജീവിക്കാന്‍ പോലും അനുവാദമില്ലാതെ കഴിയേണ്ടി വരുന്നതിന്‍റെ ബുദ്ധിമുട്ട് നമുക്കെത്ര പേര്‍ക്കറിയാം? അവരെ പാര്‍ശ്വവല്‍ക്കരിക്കാതെ നമുക്കൊപ്പം നടത്താനുള്ള ഒരു ചെറിയ ശ്രമമെങ്കിലും ഓരോ വ്യക്‌തിയുടെ ഭാഗത്ത്‌നിന്നും ഉണ്ടാവേണ്ടതാണ്. ഒരു പെണ്‍കുട്ടിക്ക് അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തന്‍റെ ലിംഗത്വം തിരിച്ചറിയാന്‍ സാധിക്കും. സമൂഹം അവളെ ഇടയ്ക്കിടയ്ക്ക് അതോര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. കൗമാരത്തിലെ ആര്‍ത്തവാരംഭവും, ശരീരത്തിലെ വളര്‍ച്ചാ വ്യതിയാനങ്ങളും തുടക്കത്തില്‍ അസ്വസ്ഥയാക്കുമെങ്കിലും അവള്‍ അതുമായി വളരെ പെട്ടെന്ന് തദാത്മ്യം പ്രാപിക്കും. ആണ്‍കുട്ടികള്‍ക്കും അങ്ങനെ തന്നെ. ആണെന്നും പെണ്ണെന്നും വേര്‍തിരിച്ച് നമ്മള്‍ അവരുടെ പ്രശ്നങ്ങളെ അപഗ്രഥിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

ഏതെങ്കിലും ഒരു ലിംഗത്തില്‍ ജനിക്കുകയും തനിക്കുള്ളിലെ ഹോര്‍മോണുകള്‍ മറുലിംഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നും തിരിച്ചറിയുന്ന നിമിഷങ്ങള്‍ ഒരു വ്യക്‌തിക്ക് നല്‍കുന്ന മാനസിക ആഘാതങ്ങളെ അത്ര ലാഘവത്തോടെ കാണാന്‍ കഴിയില്ല. അത് സ്വയം അറിഞ്ഞുകൊണ്ട് സംഭവിക്കുന്നതല്ല എന്നും ജൈവശാസ്ത്രപരമായ മാറ്റങ്ങള്‍ കാലക്രമേണ ആ വ്യക്‌തിയില്‍ ആധിപത്യം ഉറപ്പിക്കുന്നതാണെന്നുമുള്ള സത്യങ്ങള്‍ നമ്മള്‍ എത്ര നിസ്സാരമായാണ് തള്ളിക്കളയുന്നത്. സമകാലിക സിനിമകള്‍ പോലും ഈ ഒരാശയത്തെ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രേക്ഷകരില്‍ ചിരിയുണര്‍ത്താന്‍ വേണ്ടി കെട്ടിച്ചമയ്ക്കുന്ന നിലവാരമില്ലാത്ത തമാശകളിലേക്കു ഭിന്നലിംഗക്കാരെ വലിച്ചിഴയ്ക്കുന്നു. അല്‍പ്പം സ്ത്രൈണതയോടെ പെരുമാറുന്ന ഒരാണ്‍കുട്ടിയെ ‘ചാന്തു പൊട്ട്’ എന്നും ‘ഒമ്പത്’ എന്നുമൊക്കെയുള്ള ഓമനപ്പേരുകള്‍ വിളിച്ചു അട്ടഹസിച്ച് ചിരിക്കുമ്പോള്‍ ചിലരൊക്കെ അനുഭവിക്കുന്ന ഒരുതരം സുഖമുണ്ടല്ലോ, അതിനെയാണ് നുള്ളിയടര്‍ത്തേണ്ടത്. പരിണാമത്തിലൂടെ അവരുടെ ലിംഗത്വം കടന്നുപോകുമ്പോള്‍ പല്ലിളിച്ചു കാട്ടുകയല്ല വേണ്ടത്, പകരം ഒപ്പം നടത്തുകയാണ്.

ആണും പെണ്ണും കെട്ടവര്‍ എന്ന് അപമാനിച്ചു മാറ്റിനിര്‍ത്തപ്പെട്ടവരുടെ പക്ഷത്തു നില്ക്കുന്നതായിരുന്നു 2014 ഏപ്രില്‍ 15ലെ സുപ്രീംകോടതി വിധി. ഭൂരിപക്ഷലിംഗ സമൂഹങ്ങളെപ്പോലെ തന്നെ അവകാശങ്ങള്‍ക്കര്‍ഹരാണ് തങ്ങളും എന്ന ചിന്ത കുറച്ചുപേര്‍ക്കെങ്കിലും ഉണ്ടായതില്‍ ആശ്വാസമുണ്ട്. ട്രാൻസ്‍ജെന്റർസില്‍ ഭൂരിഭാഗം പേരും അധ്വാനിച്ച്‌, സ്വന്തമായ ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുത്തു അഭിമാനത്തോടെ ജീവിക്കണം എന്ന ആഗ്രഹം ഉള്ളവരാണ്. പിടിച്ചുപറിക്കാരും ലൈംഗിക തൊഴിലാളികളും മറ്റു സമൂഹത്തില്‍ ഉള്ളതുപോലെ തന്നെയാണ് അവര്‍ക്കിടയിലും. അവരെ പഴിചാരുന്നതിനുമുന്‍പെ സാഹചര്യങ്ങളെക്കൂടി കണക്കിലെടുക്കെണ്ടിയിരിക്കുന്നു. അനാവശ്യമോ അന്യായമോ ആയ ഒന്നും അവര്‍ പറയുന്നില്ല. ഈ സമൂഹത്തിന്‍റെ ഭാഗമായി ജീവിക്കാനുള്ള മനുഷ്യാവകാശം മാത്രമാണ് അവര്‍ ആവശ്യപ്പെടുന്നത്.

ലോകത്തില്‍ ആദ്യമായി ട്രാൻസ്‍ജെന്റെർ നയം കൊണ്ടുവന്നത് കേരളത്തിലാണെന്നിരിക്കെ ട്രാൻസ്‍ജെന്റർ വിഭാഗം ഏറ്റവുമധികം അവഗണന നേരിടുന്നതും നമുക്കിടയിലാണ് എന്ന് പറയാതെ വയ്യ. സ്വന്തം പ്രയത്നത്താല്‍ വ്യക്‌തിമുദ്ര പതിപ്പിച്ച ശീതള്‍ ശ്യാം , സൂര്യ, ആര്‍.ജെ അനന്യ എന്നിവരെപ്പോലുള്ളവര്‍ എല്ലാ ഭിന്നലിംഗ സഹോദരര്‍ക്കും ഒരു പ്രചോദനമാകട്ടെ. താഴ്ന്ന ജീവിതനിലവാരമുള്ള ആളുകളുടെ കാര്യം പരിതാപകരമാണ്. സെലിബ്രിറ്റി അല്ലാത്തട്രാൻസ്‍ജെന്റർ എങ്ങനെ ജീവിക്കുന്നു എന്ന് നാം അന്വേഷിക്കേണ്ട കാര്യമാണ്. എതിര്‍ ലിംഗത്തിന്‍റെ ശരീരത്തില്‍ തളച്ചിടപ്പെട്ട മനസ്സുകളും ചോദനകളുമായി അവര്‍ കഷ്‌ടപ്പെടുകയാണ്. അവരെ മാറ്റിയെടുക്കാനായി ചാത്തന്‍ സേവയും മന്ത്രവാദവും നടത്തുന്നതിനു പകരം ജീവിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്. തൊഴില്‍-വിദ്യാഭാസ രംഗങ്ങളില്‍ നിഷേധാത്മക നിലപാടുകള്‍ ഒഴിവാക്കിയേ പറ്റൂ.

2016ല്‍ പാസ്സാക്കിയ ‘ട്രാൻസ്‍ജെന്റർ ബില്‍’ എന്തുകൊണ്ടും സ്വഗതാര്‍ഹാമാണ്. സ്വന്തം വ്യക്‌തിത്വം രേഖപ്പെടുത്തുന്ന സാക്ഷ്യപത്രം സംസ്ഥാന ഗവര്‍മെന്റില്‍ നിന്നും ലഭ്യമാണെന്നതും തുടര്‍ന്നുള്ള ഏതു രേഖകള്‍ക്കും അനുമതി ലഭിക്കാനായുള്ള അപേക്ഷ ഈ സാക്ഷ്യപത്രം ഉപയോഗിച്ച് സമര്‍പ്പിക്കാവുന്നതാണ് എന്നുമുള്ള വിവരങ്ങള്‍ പലര്‍ക്കും അറിയില്ല. നിയമവശങ്ങളെക്കുറിച്ചും പൌരവകാശത്തെക്കുറിച്ചും ഗൗരവതരമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ പല സംസ്ഥാനങ്ങളും സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു.

ആണും പെണ്ണും മാത്രമല്ല, ന്യൂനപക്ഷ ലിംഗവിഭാഗങ്ങള്‍കൂടി ഈ സമൂഹത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. ശരീരങ്ങല്‍ക്കുള്ളിലെ മനസ്സിന്റെ പ്രകാശം പരക്കട്ടെ. ആ വെളിച്ചം മറ്റുള്ളവരിലേക്കും പകരാം.

-രാധികാ അനൂപ്

8 Comments
 1. SUNILKMAR P K 2 years ago

  നന്നായി എഴുതിയിരിക്കുന്നു കാമ്പുള്ള എഴുത്ത്. നല്ല ശൈലി. സമൂഹത്തിൽ ഒറ്റപ്പെടുത്തപ്പെട്ട, സവിശേഷ പരിഗണനയ്ക്ക് അർഹതയുള്ള ട്രാൻസ് ജെന്റുകളെ കുറിച്ച് എഴുതിയതിനു പ്രത്യേക അഭിനന്ദനങ്ങൾ

  • രാധിക അനൂപ്‌ 2 years ago

   വളരെ നന്ദി ശ്രീ സുനില്‍കുമാര്‍

 2. Shafeeq 2 years ago

  ന്യൂനപക്ഷ ലിംഗവിഭാഗങ്ങള്‍കൂടി ഈ സമൂഹത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. ശരീരങ്ങല്‍ക്കുള്ളിലെ മനസ്സിന്റെ പ്രകാശം പരക്കട്ടെ. ആ വെളിച്ചം മറ്റുള്ളവരിലേക്കും പകരാം…. വളരെ നല്ല കാര്യം

  • രാധിക അനൂപ്‌ 2 years ago

   അതെ.നമ്മള്‍ ഓരോരുത്തരും അതിനു ശ്രമിക്കണം

 3. പ്രേംജിത്ത് എൻ 2 years ago

  തന്റേതല്ലാത്ത കാരണത്താൽ; പ്രകൃതിയുടെ, സൃഷ്ടിയുടെ അലസവികൃതിയാൽ പിറന്നുവീണ നാൾ മുതൽക്കു ഒരു മനുഷ്യായുസ്സർഹിക്കുന്ന സ്നേഹവാത്സല്യങ്ങൾ ക്രൂരമാം വിധം നിഷേധിക്കപ്പെടുന്നവരാണ് ഭൂരിഭാഗം ഭിന്നലിംഗരും…. എന്നാൽ. ഈ തിരസ്കരണത്തെക്കാൾ മൃഗീയമല്ലേ വ്യക്തിവികാസം നടക്കേണ്ട കൗമാര/യൗവന കാലത്ത് വ്യക്തിത്വ വൈരുദ്ധ്യം നേരിടേണ്ടി വരുന്നത്? അതിനനുപൂരകമായി വരുന്ന സ്വന്ത, ബന്ധ തിരസ്കരണങ്ങൾ ആ മനസ്സിലേൽപ്പിക്കുന്ന മുറിവുകളോ? ഇതിനൊക്കെ പുറമെ ഇതൊന്നും പോരെന്നവണ്ണം സമൂഹത്തിന്റെ നാനാതരം കണ്ണുകൾ വീക്ഷണങ്ങൾ….. ഇതെല്ലാം തരണം ചെയ്ത് മുഖ്യധാരയിലെത്തി തന്റെ വ്യക്തിത്വം പ്രകടവും ശ്രദ്ധേയവമാക്കുന്ന വിരലിലെണ്ണാവുന്ന ചിലർ….. അവരെ പ്രബുദ്ധ സമൂഹം കൊണ്ടാടിയേ തീരൂ….. ആ ജീവിതങ്ങൾ ആഘോഷിക്കപ്പെടേണ്ടതാണ്….. കാരണം അവരാണ് പ്രതീക്ഷകളും സ്വപ്നങ്ങളുമില്ലാതെ സമൂഹം തങ്ങൾക്കായി തീർത്ത ഇരുട്ടിൽ ജീവിക്കേണ്ടി വരുന്ന അനവധി ജന്മങ്ങൾക്ക് പ്രചോദനം….

  അവർക്കു വേണ്ടി എഴുതാൻ, അവരെക്കുറിച്ച് ചിന്തിക്കാൻ സമയം കണ്ടെത്തിയതിന് സഹോദരീ; കൂപ്പുകൈ!

  • രാധിക അനൂപ്‌ 2 years ago

   വളരെ നന്ദി ചേട്ടാ

 4. sivadas 2 years ago

  A very important point, to be taken care

  • രാധിക അനൂപ്‌ 2 years ago

   തീര്‍ച്ചയായും

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account