കണ്ടതും കേട്ടതും നമുക്കെന്നും ഓര്‍മ്മിക്കാന്‍ തക്കവണ്ണം പ്രാധാന്യമുള്ളതാകണമെന്നില്ല. പക്ഷെ, ചില കാര്യങ്ങള്‍ നമ്മെ ഭൂതകാലത്തുനിന്നും തേടിവന്ന് ഒരു അപ്പൂപ്പന്‍ താടി പോലെ പറ്റിപ്പിടിച്ച്‌ ഇരിക്കാറുണ്ട്. പത്രവായനയ്ക്കിടെ അപ്രതീക്ഷിതമായി കണ്ണിലുടക്കിയ ചില വസ്‌തുതകള്‍ നമ്മെ ചിലതൊക്കെ ഓര്‍മിപ്പിക്കുന്നു.

രാവിലത്തെ തിരക്കുകളൊക്കെ കഴിഞ്ഞ് ഇത്തിരി നേരം പത്രവും, കൈയ്യില്‍ ഒരു ഗ്ലാസ്‌ ചായയുമായി ഇരിക്കുന്നേരമാണത് ശ്രദ്ധിച്ചത്. പഴയ ഒരു സ്‌കൂള്‍ അദ്ധ്യാപിക ശരിയായ ഓര്‍മ്മ ഇല്ലാത്ത അവസ്ഥയില്‍‌ ഒരു യാചകയെപ്പോലെ വഴിവക്കില്‍ ഇരിക്കുന്ന ചിത്രം. ആ വിളറിയ മുഖത്തെ നിഷ്‌കളങ്കതയാണോ അതോ അവര്‍ ഒരു അധ്യാപികയായിരുന്നു എന്ന പ്രസ്‌താവനയാണോ എന്നെ പിടിച്ചു നിര്‍ത്തിയതെന്ന് ഇപ്പോഴും അറിയില്ല. ദിവ്യ എന്ന് പേരുള്ള ഒരു മാന്യ അവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും അധ്യാപികയായിരുന്നെന്നു മനസ്സിലാക്കി അവരുടെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്‌തു. തങ്ങളുടെ പ്രിയപ്പെട്ട ഗണിതാധ്യാപിക വല്‍സ ടീച്ചറുടെ മുഖം ഓര്‍ത്തിരുന്ന ഒരു കൂട്ടം ശിഷ്യര്‍ അവിടെ ഓടി എത്തുകയായിരുന്നു.

ഈ വാര്‍ത്ത‍ ഒരേ സമയം നമ്മെ പൊള്ളിക്കുകയും ആശ്വാസത്തിന്റെ തണുവിരലാല്‍ സ്‌പർശിക്കുകയും ചെയ്യുന്നു. ബാല്യകാലത്തിന്റെ നനവാര്‍ന്ന കല്‍പ്പടവുകളില്‍ ഇടയ്ക്കിടെ ഇറങ്ങിച്ചെന്ന് ഒന്ന് നനഞ്ഞു കേറുന്ന എനിക്ക് എവിടെയോ ഒരു വേദന തോന്നി. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൈപിടിച്ച് കൂടെ നടത്തിയ എന്റെ പ്രിയപ്പെട്ട അധ്യാപകരെ കാണണം എന്ന ആഗ്രഹം മനസ്സിലൂടെ അലഞ്ഞു നടന്നു. മാതാ പിതാ ഗുരു ദൈവം എന്ന് കേട്ട് ശീലിച്ച നമുക്ക് അത്ര പെട്ടെന്നൊന്നും അവരെ മറക്കാന്‍ സാധ്യമല്ല. അറിവിന്റെ നറുവെളിച്ചം മുന്‍പില്‍ തെളിച്ചു വച്ച്, നടന്നോളൂ കൂടെ; ഞങ്ങളുണ്ട് എന്ന് പറഞ്ഞു പറഞ്ഞു ധൈര്യം തന്ന ഓരോ ഗുരുവിനെയും സ്‌നേഹത്തോടെയും നന്ദിയോടെയും സ്‌മരിക്കട്ടെ. വാക്കിലും നോക്കിലും നന്മയുടെ പൂക്കള്‍ വിടരുമ്പോള്‍ അറിഞ്ഞിരുന്നുവോ അവയ്‌ക്കൊക്കെയും ഏതോ ഒരു ടീച്ചറിന്റെ മണമായിരുന്നുവെന്ന്‍.

‘കണ്ടതും കേട്ടതും’ ഒന്നിനെയും പുതിയതായി സൃഷ്‌ടിക്കുന്നില്ല. നിത്യേനയുള്ള ഓട്ടപ്പാച്ചിലിനിടയില്‍ നാം കാണുന്ന, ചിലപ്പോൾ കൌതുകത്താല്‍, അല്ലെങ്കില്‍ വേദനയാല്‍ കണ്ണുകളില്‍ കോര്‍ത്തെടുത്ത ചില കാര്യങ്ങള്‍ ഇവിടെ പുനര്‍വായിക്കാം. വാര്‍ത്താപ്രാധാന്യമില്ല എന്ന് പത്രാധിപര്‍ വിധിയെഴുതി മാറ്റിവെച്ച, ഒരുപക്ഷെ, നമുക്ക് പരിചയമില്ലാത്ത കുറച്ചാളുകളുടെ ചില വേറിട്ട ഉള്‍ക്കാഴ്ച്ചകളിലൂടെ ഒരു പദയാത്ര.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account