ഡോ. രോഷ്‌നിസ്വപ്‌ന

വെളിച്ചത്തിൽ നിന്ന് കുതറി വീണ പ്രതിരൂപത്തിന്
ആയിരം നാവ്
അതിനാൽ ഞാൻ മിണ്ടാതെ ഇരിക്കുന്നു
ഇലകളില്ലാത്ത ഒരു മരം
മണ്ണിനടിയിൽ നിന്ന്
കണ്ണുനീർ പോലും വലിച്ചെടുക്കാനില്ലാതെ
വേരുകൾ വലിക്കുന്നു

ഇലകൾ ഇനി ചുവക്കും
ഭൂമി ഉരുളും തോറും
കവിതയിൽ നിന്ന് ആൾക്കൂട്ടങ്ങൾ
അപ്രതീക്ഷിതമായി കാണാതാവും

കണ്ണാടിയിലേക്ക് നോക്കിയപ്പോൾ
ഒരു കാട് കണ്ടു
ജലത്തിലേക്ക് നോക്കിയപ്പോൾ നക്ഷത്രങ്ങളെ കണ്ടു
മണ്ണിലേക്ക് നോക്കിയപ്പോൾ മീനുകളെ കണ്ടു
കണ്ണിലേക്കു നോക്കിയപ്പോൾ
വെളുത്ത കൃഷ്‌ണമണികൾ കണ്ടു

കണ്ണാടിയിൽ ഞാൻ തന്നെയോ ?

2.
പ്രണയത്തെ തൊട്ട്
ഒരു മരം നട്ടു.
വേരുകളിൽ മുള്ളുകൾ പടർന്ന്..
തണ്ടുകളിൽ ഇലകൾ മുളച്ച്…
ആകാശത്തേക്ക് വളർന്നു

ദൈവമേ ഒന്നു ചേർന്നിരിക്കാമോ
കണ്ണാടിയിൽ കാണുന്ന
എന്നെ നീയും
നിന്നെ ഞാനും
അറിയുകയേയില്ലേ?

ഈ കണ്ണാടിക്കപ്പുറം
നീയോ ഞാനോ ഉണ്ടാവുമോ
കണ്ണാടിയിൽ കാണുന്നവരുടെ
പ്രതിബിംബമാണോ നാം?

3.
ഒന്ന് നിൽക്കൂ
ഇത്ര വേഗത്തിൽ ഓടരുത്
കണ്ണാടിയിലെ ഞാൻ
ഓടുന്നില്ലല്ലോ
പ്രതിബിംബം എന്നോട് പറഞ്ഞതാണിത്.

അമ്പുകൾ ഊരിയെടുത്ത നെഞ്ചിലെ
തുളകൾ
നീ മായ്ക്കണം
കവിളിലെ മുറിവുകളുടെ പോറൽ
ഒപ്പിയെടുക്കണം
കുഴിഞ്ഞ കണ്ണുകളിൽ കടൽ നിറയ്ക്കണം
ഒഴിഞ്ഞ കാതുകളിൽ ശംഖ് തൂക്കണം
നിലാവിനെ അഴിച്ചെടുത്ത്
എന്നെ ഉടുപ്പിക്കണം.

ഓർക്കുക
കണ്ണാടി എന്റെ നഗ്നത കാണരുത്

ദൈവവും ഞാനും കണ്ണാടിയും നടത്തുന്ന സംഭാഷണങ്ങളിൽ നിന്ന് എന്റെ പ്രതിരൂപത്തെ
ഒന്ന് കൊന്നു തരണം.

-ഡോ. രോഷ്‌നിസ്വപ്‌ന
അസിസ്റ്റന്റ് പ്രൊഫസർ 
സാഹിത്യപഠനം, മലയാളം സർവകലാശാല

5 Comments
 1. Meera Achuthan 2 years ago

  നന്നായിട്ടുണ്ട്

 2. Sunil 2 years ago

  വിചാര-വികാരങ്ങളുടെ ആത്മാവിഷ്കാരം… നന്നായിട്ടുണ്ട്

 3. Haridasan 2 years ago

  പ്രതിരൂപത്തിന് ആയിരം നാവ്, അതിനാൽ ഞാൻ മിണ്ടാതെ ഇരിക്കുന്നു.. ചിന്തിപ്പിക്കുന്ന കവിത… മനോഹരം.

 4. Valsan 2 years ago

  പ്രതിരൂപം എന്നെ കീഴ്പ്പെടുത്തുന്നോ? പ്രതിരൂപം കാലമാണോ?

 5. Anil 2 years ago

  Fantastic!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account