കൊലപാതകങ്ങൾ കണ്ട് മനസു മരവിച്ചിരിക്കുന്നു, നമ്മുടെ. ഒരു കാരണവുമില്ലാതെ – അതെ കാരണങ്ങളൊന്നുമില്ലാതെ തന്നെ – സഹജീവിയെ വെട്ടിക്കൊല്ലാൻ സാധ്യമാവുന്ന മാനസികാവസ്ഥയെ നമ്മളെങ്ങനെയാണ് മനുഷ്യന്റെത് എന്നു വിളിക്കുക? കൊലക്കു ശേഷം ചാനലുകളിലിരുന്ന് കാരണങ്ങൾ കണ്ടു പിടിക്കുന്ന അൽപ്പൻമാരും മനുഷ്യത്വമില്ലാത്തവരുമായ ന്യായീകരണത്തൊഴിലാളികൾ എഴുന്നള്ളിക്കുന്ന കാരണങ്ങളൊന്നും നമുക്ക് സ്വീകാര്യമല്ല. കൊന്നു എന്നതാണ് പ്രാഥമികം. ആര്, ആരെ എന്നതൊക്കെ പിന്നാലെയേ വരുന്നുള്ളൂ.

ഈ അരും കൊലകളെയൊക്കെ രാഷ്‌ട്രീയ കൊലകൾ എന്നു പേരിട്ട് മാറ്റി നിർത്തുകയാണ് പോലീസ്. രാഷ്‌ട്രീയത്തിൽ കൊലപാതകങ്ങൾ ന്യായീകരിക്കാവുന്നതാണ് എന്നൊരു പരോക്ഷ നിലപാട് സ്വീകരിക്കുന്നുമുണ്ട് നമ്മുടെ നിയമ സംവിധാനങ്ങൾ. ഇതൊന്നും രാഷ്‌ട്രീയമല്ല, സാർ. ഒരു തരത്തിലും പൊറുക്കാനാവാത്ത ക്രൂരതയാണ്. തെമ്മാടിക്കൂട്ടങ്ങളുടെ അഴിഞ്ഞാട്ടമാണ്. ഭരിക്കുന്നവരും അല്ലാത്തവരുമായ സംഘടിത ശക്‌തികൾ സമൂഹത്തോടു നടത്തുന്ന വെല്ലുവിളിയാണ്.

കേരളത്തിൽ ആർക്കാണ് വ്യക്‌തമായ രാഷ്‌ട്രീയമില്ലാത്തത്? കൂട്ടത്തിൽ ഇവിടുത്തെ ഗുണ്ടാസംഘങ്ങൾക്കും കുറ്റവാളിക്കൂട്ടങ്ങൾക്കും അഭയവും രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ തന്നെയാണ്. അതാണ് ബർണാഡ് ഷാ പണ്ടേ പറഞ്ഞത്. രാഷ്‌ട്രീയമാണ് എല്ലാ തെമ്മാടികളുടേയും അവസാനത്തെ അഭയം. കേരളത്തിൽ ഇപ്പോഴത് അക്ഷരാർഥത്തിൽ ശരിയാണ്. എല്ലാ പാർട്ടികളിലും അനവധി ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരും സജീവ പ്രവർത്തകരാണ്. ചിലരെങ്കിലും പാർട്ടികളുടെ നിർണായക ഭാരവാഹികളുമാണ്. അധികാരം നേടാനും നിലനിർത്താനുള്ള ഭഗീരഥപ്രയത്‌നങ്ങൾക്കിടക്ക് അറിഞ്ഞും അറിയാതെയും ഇവരുടെ സഹായം കൈപ്പറ്റിയ നേതൃത്വങ്ങൾക്ക് എങ്ങനെയാണ് ഇവരെ തള്ളിപ്പറയാനാവുക? അത്ര വലിയ രാഷ്‌ട്രീയ ഗതികേടിലാണ് നമ്മളെത്തി നിൽക്കുന്നത്. മറ്റെന്തിനേക്കാളും പ്രധാനം അധികാരമാണ്, ആധിപത്യമാണ് എന്നു വിശ്വസിക്കുന്ന പാർലമെൻററി വ്യാമോഹങ്ങൾക്ക് പൂർണമായും അടിമകളായിത്തീർന്നവർക്ക് കർശന നിലപാടുകളോടെ ഇത്തരക്കാരെ നേരിടുക സാധ്യമേയല്ലല്ലോ. അപ്പോൾ അവർ അഴിഞ്ഞാടുക തന്നെ ചെയ്യും. അവരുടെ കൊള്ളക്കും കള്ളക്കടത്തിനും മറ്റും മറ്റും മറയാക്കാനുള്ള ഉപകരണങ്ങൾ മാത്രമാണ് അവർക്ക് പാർട്ടികളും പ്രത്യയശാസ്‌ത്രങ്ങളും. അവർ നടത്തുന്ന ഈ കൊലപാതകങ്ങൾ മിക്കവയും വ്യക്‌തി വൈരാഗ്യത്തിന്റേയും പ്രതികാരത്തിന്റേയും പേരിലാണ്. അതാവട്ടെ എല്ലായിപ്പോഴും രാഷ്‌ട്രീയാതീതമായ കാരണങ്ങൾ കൊണ്ടുമാണ്. മിക്കപ്പോഴും പോലീസാണ് അവയെ രാഷ്‌ട്രീയ കൊലകളാക്കുന്നത്.

ഇത്രമേൽ കർക്കശക്കാരനായ ഒരു നേതാവിന്റെ ഭരണകാലത്ത് അക്രമികളെ നിലക്കുനിർത്താൻ കഴിയുന്നില്ല എന്നത് നമ്മെ ഏറെ ഭയപ്പെടുത്തേണ്ടതുണ്ട്. ഭരണകൂടത്തേക്കാൾ, നിയമ സംവിധാനങ്ങളേക്കാൾ ഒക്കെ വല്ലാതെ വലുതായിരിക്കുന്നു അക്രമികളുടെ സ്വാധീനം. ആർക്കും നിയന്ത്രിക്കാനാവാത്ത വിധം ശക്‌തരാണവർ. അവരാണ് ആരു ജീവിക്കണം, ആരു കൊല്ലപ്പെടണം എന്ന് തീരുമാനിക്കുന്നത്. അത് അനുഭവിക്കാനും വിലപിക്കാനുമുള്ള ശേഷിയേ നമുക്കുള്ളൂ. അത്രക്കും ബലഹീനരാണ് നമ്മെ ഭരിക്കുന്നത്. ഒരു സംഭവവും മുൻകൂട്ടി കാണാൻ ശേഷിയില്ലാത്ത, അത്രമേൽ ദുർബലമായ ഇൻറലിജൻസിനേയും പോലീസിനേയും വിശ്വസിക്കുകയേ നമുക്കു നിവൃത്തിയുള്ളൂ.

ആരെയും കുറ്റപ്പെടുത്താനില്ല. ഓരോ ജനതക്കും അവരർഹിക്കുന്ന ഭരണാധികാരികളെ കിട്ടുന്നു. അത്രേയുളളൂ. അത്രമാത്രം.

-മനോജ് വീട്ടിക്കാട്

1 Comment
  1. Babu Raj 7 months ago

    അന്ധമായ രാഷ്ട്രീയ വിശ്വാസവും നേതാക്കന്മാരോടുള്ള അടിമത്വവുമാണ് കൊലപാതകങ്ങൾക്ക് കാരണം. കൂടാതെ, എന്തുചെയ്താലും രക്ഷിച്ചോളുമെന്നുള്ള ഉറപ്പും.

    നമ്മുടെ നാട് നന്നാവില്ല….

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account