ചുവപ്പിന്‍റെ സാധ്യതകള്‍

ഭരതമുനി രൗദ്രം എന്ന രസത്തിനു പ്രതീകവത്ക്കരിച്ച നിറമാണ് ചുവപ്പ്. വര്‍ണത്തിന്‍റെ ശാസ്ത്രീയവശങ്ങള്‍ പരിശോധിച്ചാല്‍ ചുവപ്പ് പ്രാഥമിക വര്‍ണങ്ങളില്‍പ്പെടുന്നു. ഏറ്റവും തരംഗദൈര്‍ഘ്യമുള്ള വര്‍ണമാണ് ചുവപ്പ്. ചുവപ്പിലാണ് ഒരു കഥകളിവേഷം അടിമുടി സംവിധാനം ചെയ്യപ്പെടുന്നത്. കിരീടം, കുപ്പായം, മുഖത്തെഴുത്തിലെ ചുവന്നരേഖകള്‍, ആടയാഭരണങ്ങളിലെ ചുവപ്പുവര്‍ണം, ഉത്തരീയത്തിലെ ചുവന്നകര, ചുണ്ടപ്പൂവിട്ടു ചുവപ്പിച്ച കണ്ണടക്കം എല്ലാം ചുവന്നനിറത്തിലാണ്. കത്തി, ചുവന്ന താടി, തുടങ്ങിയ വേഷങ്ങളും ചുവന്ന നിറത്തിലാണ് ഉള്ളത്. കഥകളി അരങ്ങില്‍ ചുവന്ന വേഷത്തിന് ഒരു അപ്രമാദിത്വം ഉണ്ട് എന്നര്‍ത്ഥം. കറുത്ത പശ്ചാത്തലത്തില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്ന വര്‍ണമായതിനാലാവാം ഇത്തരത്തില്‍ അപ്രമാദിത്വം കഥകളി അരങ്ങില്‍ ചുവപ്പുനിറത്തിനു കൈവന്നത്.

രക്തത്തിന്‍റെ നിറമായതിനാല്‍ മനുഷ്യന്‍റെ വൈകാരികതയുമായി ആഴത്തില്‍ വേരോടിനില്‍ക്കുന്ന  വര്‍ണമാണ് ചുവപ്പ്. നിണം എന്ന കഥകളിവേഷം ആ സാധ്യത ഏറ്റവും നന്നായി ഉപയോഗിച്ച വേഷമാണ്. കറുത്തനിറത്തിന്‍റെ  പശ്ചാത്തലത്തില്‍ ഒഴുകിപ്പരക്കുന്ന രക്തം അരങ്ങിലെ ഏറ്റവും ഭീഭത്സമായ കാഴ്ചയാണ്. ശൂര്‍പ്പണഖാങ്കം കൂടിയാട്ടത്തില്‍ നിന്ന് കടം കൊണ്ടതാണെങ്കിലും കഥകളി അരങ്ങിനെ ആണിന്‍റെയും പെണ്ണിന്‍റെയും അരങ്ങാക്കി മാറ്റിയതില്‍ ചുവപ്പിന്‍റെ ഈ ആവിഷ്ക്കാരത്തിനു സാധിച്ചു രൗദ്രഭീമനും ഇതിനൊപ്പം പരാമര്‍ശനീയമാണ്. ചുവന്നതാടിയും നെടുങ്കത്തിയും കുറുങ്കത്തിയും ചുവപ്പിന്‍റെ തിളക്കം അരങ്ങത്ത് നന്നായി ബോധ്യപ്പെടുത്തുന്ന വേഷങ്ങളാണ്. രജോഗുണമൂര്‍ത്തികളാണ് ചുവര്‍ചിത്രകലപ്രകാരം ചുവന്നനിറത്തില്‍ ഉള്ളത്. എങ്കിലും ശൃംഗാരം, ശോകം, വിലാപം എന്നീ പലതലങ്ങളിലൂടെ ഈ വേഷങ്ങള്‍ സഞ്ചരിക്കുന്നു. ചുവപ്പുനിറത്തെ നാട്യശാസ്ത്രവിധിക്ക് അനുകൂലമായിട്ടാണ് കഥകളി അരങ്ങും കൈകാര്യം ചെയ്തിരിക്കുന്നത്.

കറുപ്പിനെ നീല എന്നു വ്യാഖ്യാനിക്കുന്നതുപോലെ ചുവപ്പിനെ കാവി എന്നു കൂടി കണക്കാക്കേണ്ടതുണ്ട്. ചുവര്‍ച്ചിത്രകലയില്‍ ബ്രഹ്മാവ്, സരസ്വതി എന്നിവര്‍ക്കാണ് അരുണവര്‍ണം കൽപ്പിക്കാറുള്ളത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ചുവന്ന മേലുടുപ്പും ശിവനു വിധിച്ചു കാണാറുണ്ട്. ശിവന്‍ രൗദ്രമൂര്‍ത്തി ആണെങ്കിലും ചുവന്ന നിറത്തില്‍ എവിടെയും ചിത്രീകരിച്ചുകാണാറില്ല. സാധാരണ ചിത്രങ്ങളിൽ സരസ്വതിയും ബ്രഹ്മാവും മറ്റും വെളുത്തനിറത്തിലും ആണ് കാണാറുള്ളത്. കാവിച്ചുവപ്പാണ് കേരളീയ ചുവര്‍ച്ചിത്രങ്ങളില്‍ ആകെ നിറഞ്ഞുനില്‍ക്കുന്ന പ്രധാനവര്‍ണം. ഹരിതാഭമായ കേരളീയ പ്രകൃതിയുടെ പൂരകവര്‍ണമാണ് വശ്യവര്‍മണമായ കടും ചുവപ്പ്. കടുംചുവപ്പ് കാവിച്ചുവപ്പാവുമ്പേള്‍ ആത്മീയതയുടെ വര്‍ണമായി. ചുവര്‍ച്ചിത്രങ്ങളുടെ അടിസ്ഥാനനിറം കാവിച്ചുവപ്പാണ്. അത് കരുണരസത്തിന്‍റെ വര്‍ണമാണ്. കഥകളിയരങ്ങില്‍ മുനിമാരാണ് പ്രധാനമായും കാവി നിറത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനു കാരണം ചുവര്‍ച്ചിത്രകലയുടെ സ്വാധീനം ആയിരിക്കാം.

മേല്‍പ്പറഞ്ഞ വസ്തുതകളൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും കറുത്ത പ്രതലത്തിലെ ചുവപ്പുയുക്തി എന്നതിനു ഇന്ത്യന്‍ ഫോക് ലോറുമായി അഭേദ്യമായ ബന്ധം ഉണ്ട്. തെയ്യം, തീയാട്ട്, കളമെഴുത്ത്,  പൂതന്‍, തിറ, കോമരങ്ങള്‍, കാളീസങ്കല്‍പ്പങ്ങൾ എന്നിങ്ങനെ പലതും ചുവപ്പുനിറവുമായി ബന്ധപ്പെട്ടു കിടക്കുന്നു. രജോഗുണത്തിന്‍റെ നിറം ചുവപ്പാണ്,. രജോഗുണം ശക്തിദേവതകള്‍ക്ക് ഉള്ളതാകയാല്‍ ചെമന്ന കുറിക്കൂട്ടുകള്‍ക്കും ചുവന്ന പൂക്കൾക്കും മറ്റും ശാക്തേയാരാധനയില്‍ പ്രാധാന്യം കൈവന്നു. വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ  ആഴത്തില്‍ ഉള്ള സ്വാധീനത്തിനിടയിലും കൂടിയാട്ടവും കഥകളിയുമൊന്നും ശാക്തേതായാരാധാനാ സങ്കല്‍പ്പങ്ങളെ പരിത്യജിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പച്ചനിറത്തിന്‍റെ ഭാവങ്ങള്‍

നാട്യശാസ്ത്രം ശൃംഗാരത്തിനു വിധിച്ച വര്‍ണമാണ് പച്ച. കഥകളിയരങ്ങില്‍ ശൃംഗാരരസപ്രധാനങ്ങളായ വേഷങ്ങള്‍ എല്ലാം പച്ചനിറത്തിലാണ്. കഥകളിയിലെ നായകന്‍മാരുടെ വര്‍ണം കൂടിയാണ് പച്ച. നായകന്‍മാരെ പറ്റി പറഞ്ഞു പറഞ്ഞു പ്രതിനായകന്‍മാരുടെ കഥയായി പരിണമിച്ച വിരുദ്ധോക്തിയുടെ കഥ കഥകളിയരങ്ങിനു പറയാന്‍ ഉണ്ടെങ്കിലും പച്ചവേഷത്തിന്‍റെ നായകയുക്തിയെ അത്ര എളുപ്പം നിഷേധിക്കാന്‍ കഴിയില്ല. അതായത്, പച്ചവേഷത്തെ കഥകളിയിലെ നായകന്‍റെ വേഷം എന്നു തന്നെ പരിചയപ്പെടുത്തേണ്ടി വരും. ശൃംഗാരത്തിന്‍റെ ദേവനായി വിഷ്ണുവിനെയാണ് നാട്യശാസ്ത്രം കല്‍പ്പിച്ചിട്ടുള്ളത്. നായകന്‍ എന്ന അര്‍ത്ഥത്തില്‍ വിഷ്ണുവിനെ പരിഗണിക്കുന്നതു കാരണം നായകന്‍റെ നിറം തന്നെ നാട്യശാസ്ത്ര വിധിപ്രകാരം കഥകളിയിലെ നായകന്‍മാര്‍ക്കും കൈവന്നു. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ് തുടങ്ങിയ വര്‍ണങ്ങലെ പാളികളായി വിന്യസിക്കുന്ന രീതിയുടെ തുടര്‍ച്ചകൂടിയാണിത്. കറുത്തപശ്ചാത്തലത്തില്‍ ശോഭിക്കുന്ന മറ്റൊരു വര്‍ണം കൂടിയാണ് പച്ച. പൊതുവെ ശാന്തപ്രകൃതക്കാരെ ചിത്രീകരിക്കാനാണ് പച്ചനിറം ഉപയോഗിക്കാറുള്ളത്. ദുര്‍ഗ്ഗാഭഗവതിയെപ്പോലും പച്ചനിറത്തില്‍ ചിത്രീകരിക്കാറുണ്ട്.

ചുവര്‍ചിത്രകലയുടെ സ്വാധീനം പച്ചനിറത്തിന്‍റെ ഉപയോഗത്തിലും കാണാം. സാത്വികഭാവത്തെ പ്രതിനിധീകരിക്കുന്ന ഈ നിറത്തിന്‍റെ ഉല്‍പ്പത്തി നാരായണമഹര്‍ഷിയില്‍ നിന്നാണെന്ന് പറയപ്പെടുന്നു. പ്രകൃതിയുടെ വർണം  എന്ന അര്‍ത്ഥത്തിലും ചിത്രകാരന്‍മാര്‍ പച്ചയെ വ്യവഹരിക്കാറുണ്ട്. അതിന്  ദൈവികസിദ്ധി ഉണ്ടെന്നും അവര്‍ വിശ്വസ്ക്കുന്നു. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍. ശാസ്താവ്, വിജയശ്രീലാളിതയായ ദുര്‍ഗ്ഗ എന്നിവര്‍ക്ക് ചുവര്‍ചിത്രകലയില്‍ പച്ചനിറം നല്‍കിക്കാണാറുണ്ട്. സ്ത്രൈണപരിവേഷത്തിലും പച്ച സങ്കല്‍പ്പിക്കപ്പെടാറുണ്ട് .അതിനു കാരണം, പച്ച നിറത്തിന്‍റെ സൃഷ്ടാവായ നാരായണമഹര്‍ഷി മാവിലച്ചാറ് ഉണ്ടാക്കി ആദ്യം വരച്ച രൂപം ഉര്‍വ്വശിയുടേതായിരുന്നു എന്നതുകൊണ്ടാവാം. കാളിയുടെ മുടിയിലെ മുഖത്തിനു നല്‍കിയിരിക്കുന്ന പച്ചയും കളമെഴുത്തില്‍ കാളീശരീരത്തിനു നല്‍കിയിരിക്കുന്ന  പച്ചയും നാട്യശാസ്ത്രവിധി അനുസരിച്ച് ശൃംഗാരത്തെ പ്രതിനിധീകരിക്കുന്നു എന്നു പറയേണ്ടി വരും. ശൃംഗാരാഭിനയപ്രധാനമായ കൈശികീവൃത്തിക്കുവേണ്ടിയാണ് പൊങ്കാല എന്ന അനുഷ്ഠാനം നടത്തുന്നത്. കാളി സ്ത്രീദേവത ആകയാലും കാളിയില്‍ ഉര്‍വ്വരവിവക്ഷ ആരോപിക്കപ്പെടുന്നതിനാലും പച്ചനിറം പ്രധാനമാണ്. സൃഷ്ടിയുടെ നിറം എന്ന അര്‍ത്ഥത്തിലാണ് ഫോക് ലോറിസ്റ്റുകള്‍ പച്ചനിറത്തെ ഉപയോഗിക്കുന്നത്. വിഷ്‌ണു പ്രതീകമാവുന്നതും സാത്വികപ്രകൃതികളായ കഥാപാത്രങ്ങള്‍ക്ക് പച്ചനിറം വരുന്നതും അങ്ങിനെയാണ്. പൊതുവെ വൈഷ്ണവ പാരമ്പര്യത്തില്‍പ്പെടുന്ന കഥകളിയില്‍ ഈ രീതിയില്‍ ഒരു വര്‍ണസമന്വയം നടക്കുന്നത് സ്വാഭാവികമാണ്.

ഹരിതസൗന്ദര്യശാസ്ത്രത്തിന് മറ്റനേകം മാനങ്ങളാണ് ഉത്തരാധുനിക വിചാരധാരകളില്‍ ഉള്ളത്. പച്ചയെ സമാധാനത്തിന്‍റെയും സമന്വയത്തിന്‍റെയും നിറമായിട്ടാണ് ആധുനികമന:ശാസ്ത്രം സങ്കല്‍പ്പിക്കുന്നത്.ഭൗതിക ചിന്തകള്‍ പ്രകൃതിയോടുള്ള സ്നേഹമായതിനെ പരിവര്‍ത്തിപ്പിക്കുന്നു. പച്ച നിറത്തെ കല്‍പ്പിച്ച യുക്തിക്കു പിന്നില്‍ ഇത്തരം സ്വാധീനങ്ങള്‍ ഒക്കെ ഉണ്ടായിരിക്കും. മഹാഭാരതം, രാമായണം കഥകളെ ആസ്‌പദമാക്കിയാണ് ആട്ടക്കഥകള്‍ ഏറെയും. മിക്കതിന്‍റെയും പശ്ചാത്തലം കാടാണ്. ആ അര്‍ത്ഥത്തിലും പച്ചക്ക് പ്രാധാന്യമുണ്ട്. ഭൂമിശാസ്ത്രവുമായും ശരീരശാസ്ത്രവുമായും ബന്ധപ്പെട്ടാണ് കലകളില്‍ വര്‍ണബോധങ്ങള്‍ ഉടലെടുക്കുന്നത്. പച്ചയും ചുവപ്പും കറുപ്പും എല്ലാം ഇതിന് ഉദാഹരണങ്ങള്‍ ആണ്.

ഇതരവര്‍ണങ്ങള്‍

കഥകളിയില്‍ ഉപയോഗിക്കുന്ന ഇതരവര്‍ണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വര്‍ണവര്‍ണം. രംഗവേദിയില്‍ സ്ഥാപിച്ചിട്ടുള്ള കളിവിളക്കിന്‍റെ സ്വര്‍ണവര്‍ണമാണ് വേദിക്ക് വെളിച്ചം നല്‍കുന്നത്. കഥകളിയിലെ പാരമ്പര്യം സൂര്യസ്ഥാനത്തെ ആസ്‌പദമാക്കി ഉള്ളതാണ് അതുകൊണ്ടാണ് നടന്‍ ഹൃദയത്തില്‍ നിന്നും ഉദിച്ചുയരുന്നതായി സഫര്യമുദ്ര കാണിക്കുന്നത്. രംഗത്തെ പ്രകാശത്തിന്‍റെ ഘടകം മാത്രമല്ല അരങ്ങിലെ സ്ഥലസംവിധാനവും നിലവിളക്കിനെ ആശ്രയിച്ചാണ് ഉള്ളത്. വീരരസത്തിന്‍റെ വര്‍ണമായിട്ടാണ് സ്വര്‍ണനിറത്തെ നാട്യശാസ്ത്രം കല്‍പ്പിക്കുന്നത്. അത്ഭുതത്തിന്  മഞ്ഞനിറവും വിധിച്ചുകാണുന്നു. കളമെഴുത്തില്‍ ദുർഗാ ഭഗവതിയുടെ രൗദ്രഭാവം വരക്കാനാണ് മഞ്ഞനിറം ഉപയോഗിക്കുന്നത്. മഞ്ഞയെ കനകപ്പൊടി എന്നാണ് കളമെഴുത്തുകാര്‍ പറയുക. രാത്രിയില്‍ ദീപ പ്രകാശത്തില്‍ ജ്വലിക്കും. കറുത്ത പശ്ചാത്തലത്തില്‍ ചുവപ്പു കഴിഞ്ഞാല്‍ തിളങ്ങുന്ന വര്‍ണമാണ് മഞ്ഞ. ബലരാമനാണ് മഞ്ഞനിറത്തിലുള്ള മുഖത്തുതേപ്പോടെ പ്രത്യക്ഷപ്പെടുന്ന  ചുവന്ന വേഷം. നീതിയുടൈ പക്ഷത്തുനില്‍ക്കുന്ന കഥാപാത്രമാണ് ബലരാമന്‍. ദൈവിക പരിവേഷത്തോടെയാണ് എപ്പോഴും അയാള്‍ അരങ്ങില്‍ എത്തുന്നത്. കൃഷ്ണന്‍റെ ഉടുത്തുകെട്ടും മഞ്ഞയാണ്. സുദര്‍ശനമാണ് മഞ്ഞ മുഖത്തെഴുത്തുള്ള മറ്റൊരു വേഷം. അതും ദൈവിക പരിവേഷം ഉള്ളതാണ്. ചുരുക്കത്തില്‍ പൂര്‍ണമായും ദേവാംശം എന്ന അര്‍ത്ഥത്തില്‍ ചിത്രീകരികരിക്കപ്പെടുന്ന കഥാപാത്രങ്ങളാണ് മഞ്ഞനിറത്തില്‍ ചിത്രീകരിക്കപ്പെടുന്നത്.

വെളുത്തനിറമാണ് അരങ്ങിലെ മറ്റൊരപൂര്‍വ്വവേഷം. പ്രധാനമായും ഹനുമാന്‍ റെവേഷമാണത്. ഹാസ്യരസത്തിനാണ് നാട്യശാസ്ത്രം വെളുത്തനിറം വിധിച്ചിട്ടുള്ളത്. എന്നാല്‍ ഹനുമാന്‍ ഗൗരവമുള്ള വേഷമാണ് അരങ്ങില്‍. ചിലപ്പോഴൊക്കെ രാജപ്രൗഢിയോടെ അവര്‍ പ്രത്യക്ഷപ്പടാറുണ്ട്. ലവണാസുരവധത്തിലെ ഹനുമാന്‍ ഉദാഹരണം. ഉടുത്തുകെട്ടുകള്‍ സ്ത്രീവേഷങ്ങള്‍ക്കും പുരുഷവേഷങ്ങള്‍ക്കും വെള്ളയാണ്. കേരളീയ സാഹചര്യത്തില്‍ ലഭിക്കുന്ന വസ്ത്രങ്ങള്‍ക്ക് അനുസരിച്ചാണ് അത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത. ഇസ്ലാം മതത്തിന്‍റെ സ്വാധീനമാണ് ചുട്ടി ഉള്ള ഉടുത്തുക്കെട്ടുകളിലേക്ക്  നയിച്ചത്. കളമെഴുത്തില്‍ കറുപ്പിനെപ്പോലെ അലങ്കാര പണികള്‍ക്കും അതിര്‍ത്തുകള്‍ ഇടാനും മാത്രം ഉപയോഗിക്കുന്ന വര്‍ണമാണ് വെള്ള. ആ വര്‍ണത്തെ കുറെക്കൂടി ഉന്നതമായ ഒരവസ്ഥയിലേക്ക് എത്തിക്കാന്‍ കഥകളിവേഷങ്ങള്‍ക്ക് ആയി എന്നാണ് നാം മനസിലാക്കേണ്ടത്.

കഥകളിയരങ്ങിലെ വര്‍ണസമന്വയത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണം അരങ്ങില്‍പ്പിടിക്കുന്ന തിരശ്ശീലയാണ്. പുണ്യശ്ളോകനായ മേല്‍പ്പത്തൂര്‍ കളിയച്ഛനായ മുകുന്ദന്‍റെ ഭ്രാന്തിനാട്യത്തിന് സൂര്യനെ കളിവിളക്കായി സങ്കല്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലായിരിക്കാം ജ്വലസ്വരൂപമായ തിരശ്ശീലയില്‍ സൂര്യബിംബത്തിന്‍റെ സപ്തവര്‍ണങ്ങള്‍ മഴവില്ലില്‍ എന്നതുപോലെ പ്രതിബിംബിക്കുന്നതിന്‍റ പ്രതിരൂപമായി അത് സപ്തവര്‍ണമായത്. കഥകളിയിലെ വർണസമന്വയത്തിന് കേരളീയ കലാചരിത്രത്തോട് ആഴത്തില്‍ ബന്ധം ഉണ്ട്. പരമ്പരാഗത സ്റ്റേജിനെ നിരാകരിച്ച് നായകപ്രതിനായകന്‍മാരെ വച്ചുമാറി നാട്യശാസ്ത്രവിധിയെ സ്വീകരിച്ചും ഇടക്ക് നിരാകരിച്ചും അഷ്ടരസങ്ങളും അവക്കനുഗുണമായ വര്‍ണങ്ങളും സത്വരജസ്തമോഗുണങ്ങളും കളിയരങ്ങില്‍ സമന്വയിക്കുന്നു.

സഹായകഗ്രന്ഥങ്ങള്‍:

1. അജിത് കുമാര്‍, കാളിനാടകം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015, ഫെബ്രുവരി.

2. കൃഷ്‌ണക്കൈമള്‍ അയ്‌മനം, ആട്ടക്കഥാസാഹിത്യം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1982 ഡിസംബര്‍.

3. മോഹന്‍രാജ് എ.ടി, ചിത്രകല: സര്‍ഗ്ഗഭാവനയുടെ രൂപാന്തരങ്ങള്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2009  സെപ്റ്റംബർ.

4. വാരിയര്‍ കെ.കെ (വിവര്‍ത്തനം), ചിത്രസൂത്രം, കോട്ടയം ഡി.സി ബുക്സ്, 2002 ആഗസ്റ്റ്.

 

5 Comments
 1. Anil 3 years ago

  Good to know..thanks

 2. Sureshkumar Punjhayil 3 years ago

  Good 🙂

 3. Sunil 3 years ago

  Informative. Good.

 4. Retnakaran 3 years ago

  Very educative article, thanks.

 5. Haridasan 3 years ago

  Thanks for sharing..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account