കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. കൊട്ടാരക്കരതമ്പുരാന്‍റെ രാമനാട്ടമാണ് ആട്ടക്കഥയ്ക്ക്  മാതൃകയായത്. കഥകളിയുടെ ഉപജ്ഞാതാവായി കൊട്ടാരക്കരതമ്പുരാന്‍ അറിയപ്പെടുന്നു. എന്നാല്‍ രാമനാട്ടത്തെ പരിഷ്ക്കരിച്ച് ആധുനികരൂപത്തിലുള്ള കഥകളിയാക്കി മാറ്റിയത് കോട്ടയത്തുതമ്പുരാനായിരുന്നു. പിന്‍പാട്ട്, മുഖത്തേപ്പ്, മേളം, മുദ്ര, കലാശങ്ങള്‍, ഇളകിയാട്ടം, എന്നിങ്ങനെ അരങ്ങിലും ശൃംഗാരവീരരൗദ്രരസങ്ങളുടെ സമന്വയമായി ആട്ടക്കഥയിലും കോട്ടയത്തുതമ്പുരാന്‍റെ പരിഷ്ക്കാരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കോട്ടയത്തുതമ്പുരാന്‍റെ വേഷപരിഷ്ക്കാരങ്ങളെ അടിസ്ഥാനമാക്കിയാണ് കഥകളിയിലെ വര്‍ണസങ്കല്‍പ്പത്തെ ഈ പ്രബന്ധത്തില്‍ പരിശോധനാവിധേയമാക്കുന്നത്.

ശിൽപചിത്രകലകളുടെ സമന്വയമാണ് കഥകളി. പശ്ചാത്തസംവിധാനത്തിന്‍റെയും വാചികാഭിനയത്തിന്‍റെയും ആനുകൂല്യങ്ങള്‍ ഇല്ലാതെതന്നെ കഥപറയുന്ന ഒരു ദൃശ്യകല എന്ന അര്‍ത്ഥത്തില്‍ കഥകളിയുടെ ആഹാര്യത്തിന് അത്യധികം പ്രാധാന്യമുണ്ട്. കറുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഉഷ്ണശീതവര്‍ണങ്ങള്‍ കൊണ്ടുള്ള ആഹാര്യസൗഭഗമാണ് കഥകളിയില്‍ ഉള്ളത്. ഈ വര്‍ണസമന്വയത്തിന്‍റെ വേരുകള്‍ ഫോക്‌ലോറിലാണ് നാം കണ്ടെത്തുന്നത്. അതാവട്ടെ പ്രകൃതിയുടെ വര്‍ണസമന്വയം തന്നെയാണ്.

ഭരതമുനിയുടെ നാട്യശാസ്ത്രം രസവികല്പ ചര്‍ച്ചയില്‍ രസങ്ങള്‍ക്ക് വര്‍ണങ്ങളെ കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. ശൃംഗാരത്തിനു പച്ച, രൗദ്രത്തിനു ചുവപ്പ് എന്നിങ്ങനെ. ഭാവപരവും വൈകാരികവും ആയ പരിഗണനകള്‍ വച്ചുകൊണ്ടാണ് ഈ നിര്‍ദ്ദേശം. നാട്യശാസ്ത്രത്തിനു പിന്നീടു വന്ന വ്യാഖ്യാനങ്ങളും ഈ വര്‍ണസങ്കല്‍പ്പങ്ങളെ ശരിവച്ചു. രംഗകല എന്ന നിലയ്ക്ക് പല ഇടങ്ങളിലും ലംഘിക്കുന്നുണ്ടെങ്കിലും നാട്യശാസ്ത്രവിധികളെ പൂര്‍ണമായും നിഷേധിക്കുന്ന കലയൊന്നുമല്ല കഥകളി. വേഷങ്ങളുടെ തിരഞ്ഞെടുപ്പില്‍ കാണുന്നതിനപ്പുറമുള്ള സ്വാധീനങ്ങള്‍ വര്‍ണവിന്യസനത്തില്‍ ഉണ്ടോ എന്നു പരിശോധിക്കുന്നതിനൊപ്പം ഇവയ്ക്കു പില്‍ക്കാലത്ത് വന്ന പരിണാമങ്ങളും ഇവിടെ ചര്‍ച്ചചെയ്യുന്നു. അരങ്ങിലെ വെളിച്ചം, നിറങ്ങള്‍ക്ക് ഉണ്ടായ മാറ്റങ്ങള്‍, ചുട്ടി, ചമയങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയിലെ പരിണാമങ്ങള്‍ എന്നിങ്ങനെ സാങ്കേതികവും ചരിത്രപരവും സാംസ്കാരികവും ആണ് വര്‍ണസമന്വയം. കഥകളിയുടെ വര്‍ണബോധത്തെ പറ്റി പരിശോധിക്കുമ്പോള്‍ നാം ചര്‍ച്ചചെയ്യുന്നത് രംഗകലയ്ക്കും സാങ്കേതികതയ്ക്കും സംഭവിച്ച മാറ്റങ്ങള്‍ കൂടിയാണ്. ഒപ്പം വര്‍ണങ്ങള്‍ക്ക് കാലാന്തരത്തില്‍ സംഭവിച്ച പരിണാമങ്ങളും ചിഹ്നങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ അവ സമൂഹത്തില്‍ ചെലുത്തിയ ചലനങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്.  അത് യഥാര്‍ത്ഥത്തില്‍ നമ്മുടെ സംസ്ക്കാരത്തിന്‍റെ രേഖപ്പെടുത്തല്‍ കൂടിയാണ്. കഥകളിയുടെ ചരിത്രപരമായ വായനകൂടിയാണ്.

ഫോക്ക് സ്വാധീനങ്ങള്‍

ജനപദവിജ്ഞാനീയത്തിലെ വര്‍ണബോധവും വര്‍ണസമന്വയവും കഥകളിയുടെ വര്‍ണസംവിധാനത്തില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്. കളമെഴുത്തിലെ രൂപശില്പസ്വാധീനം കഥകളിവേഷത്തില്‍ പ്രകടമാണ്. കഥകളിവേഷക്കാരുടെ ചുട്ടിക്കുത്തു കൂടാതെ മുഖത്ത്തേപ്പ്, എഴുത്ത്, വര എന്നു വിശേഷിപ്പിക്കാവുന്ന മൂന്നുതരം ചിത്രകലാപ്രകടനങള്‍ ഉണ്ട്. കളമെഴുത്തുകലയിലെ വര്‍ണസംയോജനത്തില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന മാസ്മരികശക്തിയാണ് കഥകളിവേഷത്തെ ഉജ്ജ്വലമാക്കുന്നത്.  കളമെഴുത്തിലെ വര്‍ണങ്ങളുടെ സ്വാധീനവും കഥകളിയില്‍ ഉണ്ട്. കഥകളിവേഷത്തിലെ കിരീടത്തിന് പൂതത്തിന്‍റെയും തിറയുടെയും കിരീടത്തിനോട് സാദൃശ്യമുണ്ട്. പീലികളും തകിടുകളും പട്ടുകളും കൊണ്ട് അലങ്കരിച്ച ഒരുതരം മുടി അണിഞ്ഞുകൊണ്ടാണ് പൂതനും തിറയും കലാപ്രകടനം നടത്തുന്നത്. കഥകളിയെപ്പോലെ മുഖത്തുതേപ്പും ഉടുത്തുക്കെട്ടും കിരീടവും മുടിയേറ്റിലും ഉണ്ട്. അരിമാവും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം കൊണ്ട് കാളിക്ക് മുഖത്ത് വസൂരിയെ ഓര്‍മ്മിപ്പിക്കുന്ന പുള്ളികളിടും. കിരീടം, കുണ്ഡലം, വള, കൊരലാരം, മുഖപടം, കുരുത്തോലമുടി,  ഉത്തരീയം, ഉടുത്തുക്കെട്ട്, കാല്‍ത്തളത്തോട, കങ്കണം, പടിയരഞ്ഞാണം, ചാമരം, ചെവിപ്പൂവ് എന്നിങ്ങനെ കഥകളിയില്‍ ഉപയോഗിക്കുന്ന പലതരം ചമയങ്ങള്‍ മുടിയേറ്റിലും ഉണ്ട്. ഈ സ്വാധീനങ്ങളെ പലരും ചരിത്രപരമായി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ക്ളാസിക്കലായ ഒരു കലയില്‍ നിന്നും ജനകീയകലയിലേക്കും തിരിച്ചും ഉള്ള സ്വാധീനങ്ങളെ വർണബോധത്തിന്‍റെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കാനുള്ള ശ്രമം കൂടിയാണിത്.

കറുപ്പിന്‍റെ പശ്ചാത്തലം

കറുപ്പിന് സമകാലികവായനയില്‍ വ്യത്യസ്ഥമായ അനേകം മാനങ്ങള്‍ ഉണ്ട്. തിരസ്കൃതരായവരുടെ സ്വത്വവും അവരുടെ അവകാശസ്വത്വവും ഒക്കെ ഉള്‍പ്പെടുന്ന ബൃഹത്തായ ഒരു സാമൂഹ്യശാസ്ത്രപദ്ധതിയാണത്. എന്നാല്‍ കഥകളിയിലെ കറുപ്പുനിറം പ്രധാനമായും അതിന്‍റെ പശ്ചാത്തലമാണ്. അമാനുഷികതക്കും അലൗകികതക്കും വേണ്ടിയാണ് കറുപ്പിന്‍റെ പശ്ചാത്തലം ഉപയോഗിക്കുന്നതെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍, സെറ്റിടാത്ത ഒരു കലായുക്തിയാണ് അതിനുപിറകില്‍ പ്രവൃത്തിക്കുന്നത്. സ്റ്റേജിന്‍റെ നിരാസം കൂടിയായി നമുക്ക് അതിനെ മനസിലാക്കാം. അതിനു കടപ്പാട് കേരളത്തിലെ അനുഷ്ഠാനകലാപാരമ്പര്യത്തിനോടാണ്. അത് മറ്റൊരര്‍ത്ഥത്തില്‍ കറുപ്പിന്‍റെ അനന്തസാധ്യത ഉപയോഗിക്കുകകൂടിയാണ്. ആകാശം പോലെ വിശാലമാണ് കറുപ്പ്. തിളക്കമുള്ള എന്തും കറുത്തനിറത്തില്‍ പ്രതിഫലിക്കും. സ്റ്റേജില്ലാത്ത സ്റ്റേജിനെക്കൂടി കറുത്തനിറത്തിലൂടെ കഥകളി സൃഷ്ടിക്കുന്നു.

വേഷങ്ങളില്‍ കറുത്ത നിറത്തില്‍ വരുന്നത് കാട്ടാളനും ആസുരപ്രകൃതികളും ഒക്കെയായ കഥാപാത്രങ്ങളാണ്. നാട്യശാസ്ത്രസിദ്ധാന്തം അനുസരിച്ച് ഭയാനകം എന്ന രസത്തിന് അനുഗുണമായ വര്‍ണമായിട്ടാണ് കറുപ്പിനെ സൂചിപ്പിച്ചിരിക്കുന്നത്. കറുത്ത നിറത്തെ പശ്ചാത്തലമാക്കുന്ന രീതി ചുവര്‍ചിത്രകലയില്‍ നിന്നും കടന്നുവന്നതാവാം. കളമെഴുത്തിലും ബോര്‍ഡറായി വരുന്നത്, ഒരര്‍ത്ഥത്തില്‍ പശ്ചാത്തലമായി വരുന്നത്, കറുനത്തനിറം തന്നെയാണ്. വേട്ടക്കൊരുമകനെപ്പോലുള്ള വേഷങ്ങള്‍ക്ക് കറുത്തതാടിയുണ്ട്. നിഗൂഢതയുതയുടെ പരിവേഷമാണ് കറുത്തനിറത്തിനെന്ന് കെ.സി നാരായണന്‍ അഭിപ്രായപ്പെടുന്നു. ബൃഹാദാകാരങ്ങളായ രൂപങ്ങള്‍ കറുപ്പില്‍ നിന്നും പ്രകാശത്തിലേക്ക് വരുന്ന പ്രക്രിയയായി കഥകളിയെ നമ്മുക്ക് വിശേഷിപ്പിക്കാം. നന്മകൾ ഉണ്ടായിരിക്കുകയും നന്മകളേക്കാള്‍ തിന്മകള്‍ സ്വഭാവത്തില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്നവരാണ് കഥകളിയിലെ കറുത്ത വേഷക്കാര്‍ അധികവും എന്നു പറയാം. പെരുമാറ്റത്തില്‍ മാത്രമാണ് അവര്‍ക്ക് ദുഷ്ടത ഉള്ളത്. ആത്യന്തികമായി അവര്‍ നല്ലവരാണ്. നന്മതിന്മകളെ ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നിങ്ങനെ നിറങ്ങള്‍ കല്‍പ്പിച്ച് വേര്‍തിരിക്കുന്ന രീതി സാംസ്കാരികാര്‍ത്ഥത്തില്‍ പ്രാധാന്യമുള്ളതാണ്. ചുവര്‍ച്ചിത്രങ്ങളും ആ രീതി പിന്‍തുടരുന്നതായി എം.ജി.ശശിഭൂഷന്‍ അഭിപ്രായപ്പെടുന്നു. തമോഗുണമൂര്‍ത്തികള്‍ക്കാണ് ശൈവപക്ഷം അനുസരിച്ച് കറുത്തനിറം നല്‍കുന്നത്. മേഘശ്യാമം എന്നൊരു വര്‍ണവും ഭദ്രകാളിയെപ്പോലുള്ളവര്‍ക്ക് ചുവര്‍ച്ചിത്രത്തില്‍ നല്‍കിക്കാണുന്നുണ്ട്.

ശൈവതത്വമനുസരിച്ച് ശിവന്‍ തമോഗുണമൂര്‍ത്തിയാണ്. തമോഗുണത്തിന്‍റെ പ്രതീകം ശുഭ്രവര്‍ണമാണ്. പ്രകൃതിയുടെ സംഹാരഭാവത്തെ ചിത്രീകരിക്കുന്ന ദേവനാണ് ശിവനെങ്കലും ജ്ഞാനശക്തികൊണ്ടാണ് ശിവന്‍റെ ജ്വലനം. രജോഗുണപ്രധാനമായ ക്രിയാത്മകശക്തിയെ ഉപാധിയാക്കിക്കൊണ്ടിരിക്കുന്ന  ബ്രഹ്മാവിനും സരസ്വതിക്കും ഗണപതിക്കും അരുണവര്‍ണമാണ്. സ്വാതികമൂര്‍ത്തികളായി ചിത്രീകരിക്കേണ്ടി വരുമ്പോള്‍ ബ്രഹ്മാവിനും സരസ്വതിക്കും വെള്ളനിറവും കൊടുക്കാറുണ്ട്. സ്ഥിതികാരകനായ മഹാവിഷ്ണുവിന് തമോഗുണലക്ഷണമായ ശ്യാമവര്‍ണമാണ്. നീലിമകലര്‍ന്ന കറുപ്പിലും ഹരിതനീലനിറത്തിലും മഹാവിഷ്ണുവിനെ ചിത്രീകരിക്കാറുണ്ട്. രജസ്സ്-സാത്വികഗുണങ്ങള്‍ക്ക് വെളുപ്പും തമോഗുണത്തിന് കറുപ്പും എന്നതാണ് വൈഷ്ണവപക്ഷം. കഥകളി വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്‍റെ സ്വാധീനത്തില്‍ ഉണ്ടായിവന്ന കലയായതിനാല്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ള ഒരു സ്വാധീനം കഥകളിയില്‍ കലര്‍ന്നിര്ക്കാന്‍ ഇടയുള്ളതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ശിവന്‍ അതേ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന അരങ്ങുകള്‍ കഥകളിയില്‍ കുറവാണ്. കിരാതത്തിലാകട്ടെ അദ്ദേഹം കരിവേഷത്തിലുമാണ്. ശിവാവതാരം എന്നു കരുതപ്പെടുന്ന ഹനുമാന്‍ ശുഭ്രവേഷത്തിലുമാണ്.

കറുപ്പിന്‍റെ വകഭേദമായി നീലനിറത്തെ കണക്കാക്കാം. മേഘശ്യാമം എന്ന ഗണത്തിലുള്ള ചുവര്‍ചിത്രങ്ങളെ  പററി പറയുമ്പാള്‍ ഭദ്രകാളിയെയും മറ്റും ഉദാഹരിക്കാറുണ്ട്. ഭദ്രകാളി കഥകളിയില്‍ പെണ്‍കരിവേഷമാണ്. കറുപ്പ് നീലനിറങ്ങള്‍ ഒരേ സാംസ്ക്കാരികസാഹചര്യത്തില്‍  ഉപയോഗിക്കുന്നതിന്‍റെ നിരവധി ഉദാഹരണങ്ങള്‍ ചരിത്രപരമായി കാണാന്‍ കഴിയും. കറുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം മതാത്മകമായ ഒരു വര്‍ണം കൂടിയാണ്. അയ്യപ്പനുമായി ബന്ധപ്പെട്ട് കറുപ്പ്, നീല നിറങ്ങളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. അത് ആത്മീയമായ പരിവേഷം ഉള്ളതാണ്. കഥകളിയില്‍ നീലനിറത്തില്‍ ഉള്ളത് നളനാണ്. അതും കലിബാധഒഴിഞ്ഞ നളന്‍. കലിബാധ ഒഴിഞ്ഞു എന്നതിനെ പരിശുദ്ധനായ നളന്‍ എന്നുകൂടി വായിക്കേണ്ടതുണ്ട്. അത് ആത്മീയതയുടെ മറ്റൊരുമാനമായി കണക്കാക്കേണ്ടതുണ്ട്. കറുപ്പ്, നീല വര്‍ണങ്ങള്‍ കഥകളിയില്‍ വേഷങ്ങള്‍ എന്നതിനേക്കാള്‍ പശ്ചാത്തലം എന്ന അര്‍ത്ഥത്തില്‍ എടുക്കണം. എല്ലാറ്റിനെയും ആഗിരണം ചെയ്യുന്ന എല്ലാം സാക്ഷാത്ക്കകരിക്കാനുതകുന്ന ആത്മീയതയുടെയും ജീവിതയാഥാര്‍ത്ഥ്യത്തിന്‍റെയും പ്രതലം എന്ന അര്‍ത്ഥത്തിലാണ് കറുപ്പ് പ്രതീകവത്ക്കരിക്കപ്പെടുന്നത്. (തുടരും..)

ആര്‍ദ്രലക്ഷ്മി വിജയൻ
ഗവേഷക, മലയാള-കേരള പഠനവിഭാഗം
യൂണിവേഴ്‌സിറ്റി  ഓഫ് കാലിക്കറ്റ്

2 Comments
  1. Haridasan 3 years ago

    Very informative, thank you!

  2. Anil 3 years ago

    thanks for such an informative note.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account