ആകാശം നഷ്ടപ്പെട്ട
പറവകളെപ്പോലെ
ഇരുൾശാഖികളിലൂർന്നുവീണ്
ഒരു കറുത്ത ഭൂപടം തീർത്ത്
കാതിലെത്താത്ത നിലവിളികൾ.

ഉപേക്ഷിതമായ നിലവിളികളുടെ
ഖരമൗനം പൊടിഞ്ഞിറങ്ങുന്ന
ഇലയനക്കങ്ങൾ.

ബധിരകർണങ്ങളാലപായപ്പെട്ട്
വിഘടിതമായ വാക്കുകൾ.

ചുണ്ടിനും കാതിനുമിടയിൽ
ബാഷ്‌പീകൃതമായ കെഞ്ചലുകൾ .

കാറ്റ് ഞെക്കിക്കെടുത്തിയ
വെളിച്ചത്തുടിപ്പുകൾ.

മറുകര കാണാതെ
അദൃശ്യമാക്കപ്പെട്ട നൗകകൾ.

ചങ്കുപൊട്ടിത്തരിച്ചിരിക്കുന്നുവോ
ഭയനിഴൽ പ്രദേശങ്ങൾ!

എത്ര തീവണ്ടികൾ
തീൻമേശകൾ
തെരുവിടങ്ങൾ
ഇരുളിടുക്കുകൾ
സമരമുഖങ്ങൾ
സമതലങ്ങൾ
എത്രയെത്ര ..

കുന്നുകൾ വെട്ടിപ്പിളർ-
ന്നെത്തുമർക്കകിരണങ്ങ
ളെന്നോർത്താർത്തിമൂത്ത്
മുഴുഭ്രാന്തുമായ് സ്വപ്‌നങ്ങൾ
പിന്നെയും ബാക്കി.

കൊട്ടിയടച്ചിട്ട വാതിൽ
മുട്ടിത്തുറക്കുവാനാകാത്ത
കൽത്തുറുങ്കുകൾ, കാതുകൾ
കേൾക്കാതെ പോകുന്നു.

നിലവിളികൾ-
ക്കുന്നം പിഴയ്ക്കാതെ
നെഞ്ചു പിളർത്തട്ടെ!

പൊട്ടിത്തെറിക്കട്ടെ
നിന്റെ കാതുകൾ
എന്റെയും !

4 Comments
 1. sunil 4 years ago

  Nice..

 2. Haridasan 4 years ago

  Good one..

 3. Meera Achuthan 4 years ago

  നന്നായിരിക്കുന്നു

 4. Retnakaran 4 years ago

  നന്നായിട്ടുണ്ട്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account