കഠ്വയിലെ ക്ഷേത്രത്തിനകത്തുവെച്ച് ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി ഒറ്റയ്ക്കല്ല. ചരിത്രത്തിൽ അധികാരവും, വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളും, ആൺകോയ്മയും ചേർന്നു മാനഭംഗപ്പെടുത്തി കൊല ചെയ്ത അസംഖ്യം പെണ്ണുങ്ങളെ അവൾ ഓർമ്മപ്പെടുത്തുന്നു. ഹോളോകാസ്റ്റിൽ ഹിറ്റ്ലറിന്റെ സൈന്യം കൊലപ്പെടുത്തിയ ജൂത പെണ്ണുങ്ങൾ, സൈന്യത്തിന്റെ ക്രൂരമായ ബലാൽസംഗത്തിരയായ പെണ്ണുങ്ങളും പെൺകുഞ്ഞുങ്ങളും, വർഗീയ കലാപങ്ങളിൽ, യുദ്ധങ്ങളിൽ, മത തീവ്രവാദ സംഘങ്ങളുടെ, ദേശീയതയുടെ കാവൽ ഭടന്മാരെന്നു വിശേഷിപ്പിക്കുന്ന സൈന്യത്തിന്റെ ക്രൂരമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പെണ്ണുങ്ങളെ, അധിനിവേശ പ്രദേശങ്ങളിലെ പെണ്ണുങ്ങൾ വെറും ശരീരങ്ങളായി ചുരുക്കപ്പെട്ടതിന്റെയൊക്കേയും ചരിത്ര കഥകളും, വർത്തമാന യാഥാർത്ഥ്യങ്ങളും അവൾ തുറന്നു കാട്ടുന്നു.
കാശ്മീരിൽ അവൾ ബഖർവാൾ മുസ്ലീം ആയതിനാൽ, കുനൻ പോഷ്പോറയിൽ അവളെപ്പോലെ നൂറ്റമ്പതോളം പെണ്ണുങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ കൂട്ട ആക്രമണങ്ങൾക്കും, ബലാൽസംഗത്തിനും ഇരയായത് അവർ “ദേശദ്രോഹി”കളെ പെറ്റവരും പോറ്റുന്നവരും ആയതിനാൽ. ഗുജറാത്തിൽ, ഉത്തരേന്ത്യയിൽ, ഒക്കെ തന്നെ അവൾ ദളിതയും, മുസ്ലീമും, ആദിവാസിയും ആയതുകൊണ്ടു മാത്രം. ഇന്ത്യയിൽ ഫാസിസത്തിന്റെ വളർച്ചയെ അടയാളപ്പെടുത്താൻ ഇതിലും വലിയ എന്തു തെളിവുകൾ വേണം?
സ്ത്രീകളുടെ മാനം നശിപ്പിക്കുന്നതിലൂടെ തങ്ങളുടെ എതിരാളികളോടുള്ള പക തീർക്കുന്ന ഫാസിസ്റ്റു സംഘപരിവാർ ശക്തികൾ ബലാൽസംഗത്തെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുന്നു. അത് കാമവെറിയും, ആൺകോയ്മയും, വർഗീയതയും കൂടിച്ചേർന്ന ഒരു പക്ഷേ ചരിത്രത്തിലെ ഏറ്റവും മനുഷ്യത്വഹീനമായ ആയുധമാണ്. ഹൈന്ദവ രാഷ്ട്രീയത്തിന്റെ സ്ത്രീവിരുദ്ധതയും ഫാസിസ്റ്റ് സ്വഭാവവും തുറന്നു കാട്ടുകയാണ് ഈ സംഭവങ്ങൾ.
ബലാൽസംഗത്തെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാമെന്ന് ആർ എസ് എസ്സിന്റെ താത്വിക ആചാര്യന്മാരിൽ പ്രമുഖനായ സവർക്കർ തന്റെ പുസ്തകമായ ഇന്ത്യൻ ചരിത്രത്തിലെ ആറു സുവർണ ഏടുകൾ ( (Six Glorious Epochs of Indian History) എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. തങ്ങളുടെ ശത്രുക്കളെ തോൽപ്പിക്കുവാൻ അവരുടെ സ്ത്രീകളേയും കൂടി മാനഭംഗപ്പെടുത്തണമെന്ന് സവർക്കർ ആഹ്വാനം ചെയ്യുന്നുണ്ട്. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടും നുണകളാൽ വിഷം നിറച്ചും അന്യ സമുദായത്തിനെതിരെ സവർക്കർ നടത്തുന്ന ആക്രമണങ്ങളിലെ പ്രധാന ആയുധങ്ങളിലൊന്ന് റേപ്പ് അഥവാ മാനഭംഗമാണ്. ജർമ്മനിയിൽ ജൂതന്മാർക്കെതിരെ ഹിറ്റ്ലർ തുറന്നു വിട്ട അതിക്രമ പ്രവാഹങ്ങളുടെ രൂപത്തിലാണ് ഇന്ത്യയിൽ സംഘപരിവാർ ശക്തികൾ ന്യൂനപക്ഷങ്ങൾക്കും, ദളിതർക്കും നേരെ നടത്തുന്ന കടന്നാക്രമണങ്ങൾ. അസംഖ്യം ശാഖകളിലൂടെ ഇവർ വളർത്തിക്കൊണ്ടു വരുന്ന ആൺകുട്ടികൾ ഇത്തരം ഹൈപ്പർ മസ്കുലിൻ രാഷ്ട്രീയം പിൻപറ്റുന്നവരാണ്. “കാശ്മീരിലെ പെൺകുട്ടിയെ കൊലപ്പെടുത്തിയത് നന്നായി, അല്ലെങ്കിൽ അവൾ ഭാവിയിൽ ഇന്ത്യക്കെതിരെ തന്നെ ബോംബായി വന്നേനെ” എന്ന ഏറ്റവും ക്രൂരമായ കമന്റ് വന്നത് കേരളത്തിലെ ഒരു ആർ എസ എസ് പ്രവർത്തകനായ ചെറുപ്പക്കാരനിൽ നിന്നാണ്. ചെറുപ്പം മുതൽ ശാഖകളിൽ നിന്നുകേട്ട വംശവെറിയുടെ വിഷം ഇവരുടെ മനസിൽ എത്രത്തോളമുണ്ടെന്ന് ഈ വാചകങ്ങളിൽ തെളിയുന്നുണ്ട്. ഇതു തന്നെയാണ് കാശ്മീരി ബ്രാഹ്മണരായ ആളുകൾ തന്റെ അയൽവാസിയായ ബഖർവാൾ മുസ്ലീം ആയ ആ പെൺകുട്ടിയെ ദിവസങ്ങളോളം ക്ഷേത്രത്തിൽ പൂട്ടിയിട്ടു ബലാൽസംഗം ചെയ്തു കൊന്നതിന്റെ പുറകിലുള്ള ചേതോവികാരവും. തങ്ങളുടെ സവർണ വംശശുദ്ധി നിലനിർത്താനും, അധിനിവേശ കശ്മീരിൽ ആധിപത്യം സ്ഥാപിക്കാനുമുള്ള ഹൈന്ദവ ശക്തികളുടെ രാഷ്ട്രീയ നീക്കത്തിന്റെ ഇരയായി ആ പാവം പെൺകുട്ടി മാറിയതും ഇതേ കാരണത്താൽ തന്നെയാണ്.
എന്തുകൊണ്ട് സ്ത്രീകളും, പെൺകുട്ടികളും ഈ വംശവെറികൾക്ക് ഇരയാകുന്നു എന്ന ചോദ്യത്തെ നിലനിൽക്കുന്ന ആൺകോയ്മയിലടിസ്ഥിതമായ സമൂഹത്തിന് നേരിട്ടേ മതിയാവൂ. അതിന്റെ മനുഷ്യത്വ വിരുദ്ധമായ ആചാരങ്ങളും, മനോഭാവങ്ങളും ഇത്തരം ക്രൂരകൃത്യങ്ങൾക്ക് എണ്ണ പകരുന്നുണ്ട്. പെണ്ണിന്റെ മാനത്തെക്കുറിച്ചും, ശരീരത്തെക്കുറിച്ചുമുള്ള വികല ധാരണകൾ ഈ പ്രവൃത്തികൾക്ക് സമ്മതം നേടികൊടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആൺകോയ്മക്കെതിരെയുള്ള പോരാട്ടങ്ങൾകൂടി കണ്ണി ചേർത്തുകൊണ്ടു മാത്രമേ ഫാസിസത്തിനെ പ്രതിരോധിക്കാനും, തകർക്കാനും ആവുകയുള്ളൂ, ജാതി വിരുദ്ധ പോരാട്ടങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടു മാത്രമേ നമുക്കിനി മുന്നോട്ടു പോകുവാൻ കഴിയുകയുള്ളൂ. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സംഘപരിവാർ ആക്രമണങ്ങളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് എങ്ങനെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം സാധ്യമാകും? ഫാസിസത്തിന്റെ അടിസ്ഥാന കാഴ്ച്ചപ്പാട് എത്രത്തോളം സ്ത്രീവിരുദ്ധമാണെന്ന്, ദളിത്, ന്യൂനപക്ഷ വിരുദ്ധമാണെന്ന് ചരിത്ര സാക്ഷ്യങ്ങൾ ഇനിയും നമുക്കാവശ്യമുണ്ടോ?
–
നന്നായി എഴുതി. ഇതേ വികാരം നമ്മുടെ നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുമുണ്ടാകുമെന്നു കരുതുന്നു…
Good note. But note sure if such rapes and killings are tied to politics alone. Mental health also plays a role.
അധികാരത്തിനും ദഹനത്തിനും വേണ്ടിയുള്ള പാച്ചിലിൽ എല്ലാം തകർത്തെറിയുന്നു, മനുഷ്യർ.
Sad that we have faltered our culture..