“കവി എന്നാൽ ബുദ്ധിമാനെന്നുകൂടി അർത്ഥമുണ്ടെന്നു പറഞ്ഞ MN വിജയൻ മാഷിന്റെ കണ്ണിലൂടെ നോക്കിയാൽ കവികളുടെ എണ്ണമെടുപ്പിന് ഒരു കൈ തന്നെ മതിയാവും.”

മഹാഭാരത കഥയിൽ പ്രതിപാദിക്കുന്ന മാന്ത്രികക്കണ്ണാടിയാണ് ഛായാമുഖി. ആരുനോക്കുന്നുവോ അവർ ഭൂമിയിൽ ഏറ്റവും അധികം സ്‌നേഹിക്കുന്ന ആളിന്റെ മുഖം അതിൽ തെളിഞ്ഞു വരും. സ്‌നേഹനൈരാശ്യങ്ങളുടെ പ്രതീകമായ ഛായാമുഖിയിലേക്ക് ഒരു കവിയാണ് നോക്കുന്നതെങ്കിൽ എന്താവും അതിൽ കാണുക? കാഴ്ച്ചയുടെ തീരാവസന്തമായി ഛായാമുഖി മാറിയേക്കാം. ‘മായാജാലക്കാരൻ’ എന്ന് ഗ്രഗ് ബിയറും, ‘അസന്തുഷ്‌ടനായ മനുഷ്യൻ’ എന്ന് സോറനും വിശേഷിപ്പിച്ച കവി കാണുന്ന അസ്ഥിര കാഴ്ച്ചകളുടെ പ്രതിഫലനം കവിതയിലുണ്ടാവുമ്പോളാണ് അത് ‘ഭൂമിയിൽ ജീവിച്ച് ആകാശങ്ങളെ കൊതിക്കുന്ന, കടൽപക്ഷിയുടെ പാട്ടാവുന്നത്’.

കവി എന്നാൽ ബുദ്ധിമാനെന്നുകൂടി അർത്ഥമുണ്ടെന്നു പറഞ്ഞ MN വിജയൻ മാഷിന്റെ കണ്ണിലൂടെ നോക്കിയാൽ കവികളുടെ എണ്ണമെടുപ്പിന് ഒരു കൈ തന്നെ മതിയാവും. ദിനംപ്രതി ധാരാളം കവിതകൾ സൃഷ്‌ടിക്കപ്പെടുന്നുണ്ടെങ്കിലും കവികൾ സൃഷ്‌ടിക്കപ്പെടുന്നില്ല. കവിത എന്ന മാധ്യമത്തോടുള്ള ആനുകാലികങ്ങളുടെ സമീപനം ഇതുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യേണ്ടതുണ്ട്. കഴിഞ്ഞയാഴ്ച്ച പ്രധാന ആഴ്ച്ചപ്പതിപ്പുകളിൽ വന്ന കവിതകളുടെ ആസ്വാദനം ഇത്തരം ഗുണകരമായ ചർച്ചകൾക്ക് വഴിയാകട്ടെ എന്നാഗ്രഹിക്കുന്നു.

പ്രണയം എന്ന വിഷയത്തിലൂന്നുമ്പോൾ കവിത്വത്തിന്റെ ഉച്ചാവസ്ഥയിലെത്തുന്ന റഫീഖ് അഹമ്മദ് ശൈലി പ്രകടമായ കവിതയാണ് ജൂൺ ലക്കം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച ‘കടൽച്ചെറുപ്പം’. കടൽക്കരയിൽ ഓർമ്മത്തിരകളെണ്ണുന്ന നായകൻ

‘പുതുക്കത്തിൻ ചില തുടിപ്പുമായ് നമ്മൾ

ശ്വസിച്ച സന്ധ്യകൾ നീ സ്‌മരിക്കുന്നുണ്ടാവോ’

എന്നാരോടോ ചോദിക്കുകയാണ്. പുതുക്കം എന്ന ഗ്രാമ്യപ്രയോഗത്തിലൂടെ കൂടെയുള്ളത് ഭാര്യയാണെന്ന് കവി പറയാതെ പറയുന്നു. നായകന്റെ ഓർമകളുടെ ഗതിവേഗം സൂചിപ്പിക്കുന്നതോടൊപ്പം ഓർമിക്കപ്പെടുന്ന ആൾ എന്നേക്കുമായി  പിരിഞ്ഞതാണെന്നുമുള്ള കൃത്യമായ മുൻവിധി ഈ വരി നൽകുന്നുണ്ട്.

‘നീലച്ചുരുളുകൾ വെള്ളപ്പത നുരകളായ് കിതയ്ക്കുന്ന’തിനെ കടലിനു വയസ്സായതിനാൽ മുടി നരച്ചതാണെന്നു കവി വിശേഷിപ്പിക്കുന്നു. ‘കാറ്റിന്റെ കിലുക്കം പോൽ’ കലപില വർത്തമാനം പറയുന്ന ചുരുൾമുടിക്കാരിയെ ഓർത്തിരിക്കുന്ന ഭാഗത്തെ ‘മരിച്ച കക്കകൾ പെറുക്കി ഞാൻ നിന്നു’ എന്നവരിയിലെ ‘മരിച്ച ‘ എന്ന പ്രയോഗം കഴിഞ്ഞു പോയ ഓർമ്മകൾ എന്നോ,മരിച്ചു പോയ ആരുടെയോ ഓർമ്മകൾ എന്നോ വിവക്ഷിക്കാവുന്നതാണ്.

‘നിഴലുടുപ്പുകളെടുക്കുവാൻ വന്ന

വിളർത്ത വെയിലിന്റെ കരം വിറയ്ക്കുന്നു’

എന്ന വരി പ്രത്യക്ഷമായി സൂചിപ്പിക്കുന്നത് സന്ധ്യാസമയത്തെ ആണ്. ഇവിടെ നായകന്റെ ജീവിതസായന്തനം എന്ന് വായിച്ചാൽ നേർത്തനിഴൽപോലെ  കടന്നുവരുന്ന (പിന്തുടരുകയല്ല), ഓർമകളെയാണ്‌ ‘നിഴലുടുപ്പുകൾ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഉടുപ്പ് എന്ന് പറയാതെ ഉടുപ്പുകൾ എന്ന് പറയുന്നിടത്തു ഓർമ്മകളുടെ ബാഹുല്യത്തെ കവി സൂചിപ്പിക്കുന്നു. ഓർമ്മകളിൽ ദുർബലനാവുന്ന നായകനെയാണ് ‘കരം വിറയ്ക്കുന്ന വെയിൽ’ എന്ന് സൂചിപ്പിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ കവിതകൾ നമ്മുടെ മനസ്സിൽ ബാക്കിവയ്ക്കുന്ന ചിലതുകൾ ഇവിടെയും ആവർത്തിക്കുന്നു. വിഷയത്തിന്റെ പഴമ വായനക്കാരന് തോന്നാത്തവണ്ണം കടൽ എന്ന ബിംബത്തെ കയ്യടക്കത്തോടെ ഉപയോഗിച്ചിരിക്കുന്നു.

1932  ജനുവരിയിൽ തുടക്കമിട്ട മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ് മലയാളത്തിലെ മിക്കവാറും എല്ലാ ക്ലാസ്സിക്കുകളും ആദ്യമായി പ്രസിദ്ധീകരിച്ചത്. അന്നത്തെ എഴുത്തുലോകത്തെ കുറിച്ച് ഏകദേശ ധാരണയിലെത്താവുന്ന ഒരു കവിതയാണ് ‘മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനോട്’. 1936 ലെ W2 ലക്കത്തിൽ പ്രസിദ്ധീകരിച്ച ഈ കവിതയാണ് മാതൃഭൂമിയുടെ ആഴ്ച്ചക്കവിത. സ്വതസിദ്ധശൈലിയിൽ സഞ്ജയൻ എഴുതിയിരിക്കുന്ന ഈ കവിത മാതൃഭൂമിക്കുമാത്രം സ്വന്തമാണ്. സമകാലിക ചർച്ചകളിൽ പ്രസക്‌തിയില്ലാത്ത കവിത ഒരു ഓർമിച്ചെടുക്കൽ മാത്രമായി കരുതാം.

സമകാലിക മലയാളം വാരികയിൽ കഴിഞ്ഞ ലക്കം രണ്ടു കവിതകളാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ PA നിസാമുദ്ദീൻ രചിച്ച ‘ചരമദിനത്തിൽ’ വ്യത്യസ്‌തമായ ഒരു വായന നൽകുന്നു. തന്റെ ചരമദിനത്തിലെ അനുസ്‌മരണത്തിനെത്തുന്ന പരേതനും, അവിടെ നടക്കുന്ന കാപട്യങ്ങളും ചില വർത്തമാനകാഴ്ച്ചകളുടെ നേർചിത്രമാണ്.

രണ്ടാമത്തെ കവിത സിന്ധു K V രചിച്ച ‘മിന്നലൊരു നടവഴിയാണ്, തെന്നി വീഴരുത്’ ആഴ്ച്ചക്കവിതകളിലെ ഏറ്റവും മനോഹരമായ തലക്കെട്ട് എന്ന് പറയാം. വിരഹവും കാത്തിരിപ്പും നിറച്ച് വാരികയുടെ രണ്ടു പേജുകളിലായി പടർന്നു കിടക്കുന്ന കവിത വായിച്ചപ്പോൾ തോന്നിയ ചിന്ത കവിതയിലെ വരി കടമെടുത്തു പറഞ്ഞാൽ ‘ദയവ് ചെയ്‌തത് തന്നെയാണ്, ദയവ് എത്ര അലിവുള്ള മനസിന്റെയാണ്’. മിന്നൽ വഴികളിൽ തെന്നിവീഴാതിരിക്കുക അത്ര എളുപ്പമല്ല.

മാധ്യമം വാരികയിലെ കവിതകളിൽ സത്യചന്ദ്രൻ പൊയിൽക്കാവ് എഴുതിയ കവിതയാണ് ‘ഉൾപ്പിരിവുകൾ’. ഗാന്ധിയില്ലാത്ത നാട്, അന്ധനാം രാജാവ്, മനുഷ്യനില്ലാത്ത തെരുവ് തുടങ്ങി  പറഞ്ഞു പഴകിയ ബിംബങ്ങളുടെ ഘോഷയാത്രയാണ് ഈ കവിത. എങ്കിലും ‘പുതുവഴി വെട്ടി നാം ചെന്നതങ്ങൊരു പഴയ ശ്‌മശാനത്തിൽ’ തുടങ്ങി ചില വരികളിൽ വെളിച്ചത്തിന്റെ മിന്നലാട്ടം കാണാം. പുതിയവയുടെ ജീർണതകളിലേക്ക് സഞ്ചരിക്കാൻ കവി  ശ്രമിച്ചിട്ടുണ്ട്.

മാധ്യമത്തിലെ മറ്റൊരു കവിതയായ ‘എന്നെകൊണ്ട് തോറ്റു’ സെബാസ്റ്റ്യൻ എഴുതിയിരിക്കുന്നു. ഓരോരുത്തരുടെയും സ്വത്വങ്ങളെ എതിർദിശകളിൽ പ്രയോഗിച്ച് അവരുടെ അസ്‌തിത്വങ്ങളുടെ കടവേരറുക്കുന്ന ചിലരുടെ അഹങ്ങളുടെ ജൈവികതയിലേക്കുള്ള നേർപാതയാണ് ഈ കവിത. വായനയിലെപ്പോഴോ ‘ള’ തിരുത്തി ‘ഴ’ പഠിക്കാൻ പോയ കുട്ടി ഓർമ്മയിലേക്ക് വന്നു.

കിളിമാനൂർ മധു രചിച്ച ‘കടുക്’ ആണ് മാധ്യമത്തിലെ മൂന്നാം കവിത. ലളിതസുന്ദരമായി അവതരിപ്പിച്ചിരിക്കുന്ന ഈ കവിത കടുകിന്റെ വഴികളിലൂടെയുള്ള സഞ്ചാരം എന്ന് വിശേഷിപ്പിക്കാം. കടുകുമായി ബന്ധപ്പെട്ട കഥകളും വിശ്വാസങ്ങളും സൂചിപ്പിക്കാൻ കവി മറന്നിട്ടില്ല.

ഇസ്രയേലിന്റെ രാഷ്‌ട്രീയ കവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന യഹൂദ അമിച്ചായിയുടെ രണ്ടു കവിതകൾ ഉണ്ണി ആർ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഇതുൾപ്പെടെ രണ്ടു കവിതകളാണ് ദേശാഭിമാനി കഴിഞ്ഞയാഴ്ച്ച പ്രസിദ്ധീകരിച്ചത്. യഹൂദ അമിച്ചായിയുടെ ആത്‌മാശം കലർന്ന ‘ജാരൻ’ (spy) മികച്ച കവിതയും പരിഭാഷയുമാണ്. K V രാമകൃഷ്‌ണന്റെ കവിതയാണ് ‘ചോരയുടെ മണം’. തങ്ങളുടെ ചോര നൊട്ടി നുണയാൻ കാത്തിരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിയാതെ പരസ്‌പരം പോരടിക്കുന്നവർ എന്ന, കേട്ട് പഴകിയ മിത്തിന്റെ കാലികാവതരണം ആണ് ഈ കവിത.

കലാകൗമുദി പ്രസിദ്ധീകരിച്ച കവിതകളിൽ ‘അഭിമാന ദുർഗത്തിന്റെ മെഴുകു വാതിൽ’ PK ഗോപി രചിച്ചിരിക്കുന്നു. ചില സമകാലിക സമസ്യകൾ നമുക്കീ കവിതയിൽ കാണാം.

‘നീതിയുടെ തുലാസിന്റെ ചലനം തീരുമാനിക്കുന്നത് നീചൻമാരുടെ ഗൂഢസംഘമാണെന്ന്’ കവി പറയുന്നു. ‘കണ്ണുനീരിന്റെ ഭവനത്തിൽ കന്യകയുടെ വെള്ള വസ്‌ത്രം കണ്ട് വിധവയുടെ ശാന്തികുടീരമെന്നു തെറ്റിദ്ധരിക്കരുതേ’ തുടങ്ങിയ വരികൾ കവിയുടെ നിതാന്ത ജാഗ്രതയുടെ തെളിവാണ്. കണ്ണുനീരിന്റെ ചൂട് കൊണ്ട് വായനക്കാരനെ പൊള്ളിക്കാൻ കവിതയ്ക്കായില്ലെങ്കിലും മെഴുകുവാതിലുകളെ ഉരുക്കുന്ന വെളിച്ചത്തിനായി നമുക്കും കാത്തിരിക്കാം.

ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ ഓർമയ്ക്കായി പലസ്‌തീൻ സംഘടന ഷൂസ് നിരത്തി പ്രതിക്ഷേധിച്ചു. ഈ സംഭവത്തെ ആസ്‌പദമാക്കി പദ്‌മദാസ് രചിച്ച കവിതയാണ് ‘പാദുകങ്ങൾ’. പ്രസ്‌തുത സംഭവത്തോട് നല്ല രീതിയിൽ നീതിപുലർത്തിയിരുന്നു ഈ കവിത.

കെവിൻ എന്ന കണ്ണുനീർത്തുള്ളിക്കുവേണ്ടി ഇന്ദിരാകൃഷ്‌ണൻ  രചിച്ച കവിതയാണ് ‘കെവിൻ’. വിഷയത്തെ ഭേദപ്പെട്ട രീതിയിൽ കൈകാര്യം ചെയ്‌തിരിക്കുന്നു. മയിൽപ്പീലിയും മഞ്ചാടിയും കുപ്പിവളകളും പോലെ  മലയാളകവികൾക്ക് പ്രിയപ്പെട്ട,നിരന്തര പ്രയോഗത്തിലൂടെ തായ്‌തടി പോലും ദ്രവിച്ച ഗുൽമോഹർ എന്ന ബിംബം ഈ കവിതയിലും കാണാം. ‘കാരിരുമ്പിന്റെ കരുത്തുള്ള സ്‌നേഹം’, ‘രാത്രിയുടെ ഏതോ യാമം’, ‘വേദനയുടെ നിലയില്ലാക്കയം’ തുടങ്ങി പുതുമയില്ലാത്ത പ്രയോഗങ്ങൾ ഉണ്ടെങ്കിലും കെവിനെ ഓർമ്മിക്കാൻ കവിത ഒരവസരം നൽകുന്നു.

ഉമാദേവി രചിച്ച ‘കുടഞ്ഞെടുക്കണം’ കലാകൗമുദിയിലെ നാലാമത്തെ കവിതയാണ്. കാളി എന്ന പുരാണ കഥാപാത്രത്തിന്റെ അട്ടഹാസങ്ങളെല്ലാം വിജയാഹങ്കാരത്തിന്റെയും വെല്ലുവിളികളുടെയും ബാക്കിപത്രങ്ങൾ ആയിരുന്നു. ‘വെറുപ്പും വിദ്വേഷവും,വിരഹവും,വേദനയും കളഞ്ഞു എനിക്കെന്നെ കുടഞ്ഞെടുക്കണം’ അതിനുശേഷം ‘കാളിയെപ്പോലെ അട്ടഹസിക്കണം’ എന്ന വരികളിൽ ആശയങ്ങളുടെ ചേർച്ചക്കുറവുണ്ട്.

കവിതകളുടെ ബാഹുല്യം കാണാമെങ്കിലും ഓർമ്മയിൽ തട്ടുന്ന വായന ഒന്നോ രണ്ടോ കവിതകൾ മാത്രമേ നൽകുന്നുള്ളൂ. അക്ഷരത്തെറ്റിന്റെ ഉടമസ്ഥൻ അച്ചടിയന്ത്രമോ കവിയോ എന്ന് അറിയേണ്ടിയിരിക്കുന്നു. നെല്ലും പതിരും തിരിക്കാതെയുള്ള  തിരഞ്ഞെടുപ്പ് വായനയെ പലപ്പോഴും ‘വെറും വായനയാക്കുന്നു’.

-മിനി വിനീത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account