ഉത്തമമായ സാഹിത്യസൃഷ്‌ടി എന്ന് വാഴ്ത്തപ്പെടുന്നതിന്റെ മാനദണ്ഡം എന്താണ്: ഉത്തമകൃതികളുടെ വിവിധങ്ങളായ സവിശേഷതകൾ എന്തെന്ന ചർച്ച എവിടെയുമെത്തില്ല. സംസ്‌കൃതത്തിന്റെ ഇരുമ്പുചങ്ങലകളോ,വൃത്തത്തിന്റെ ചിട്ടവട്ടങ്ങളോ ഇല്ലെങ്കിലും അപരതകളിലേക്കു നോക്കി എഴുതപ്പെട്ട കവിതകൾ കാലാതിവർത്തികളായി നിലനിൽക്കുന്നുണ്ട്. സമൂഹത്തിലെ ജീർണതകൾക്ക്‌ നേരെയുള്ള  ചൂണ്ടുവിരൽ ആവുകയും, ജീവിതത്തെ ആദർശവത്‌കരിക്കുകയും ചെയ്‌ത ആശാൻ കൃതികളും, ദേശീയബോധത്തിന്റെ ഉണർത്തു പാട്ടുകളായ വള്ളത്തോൾ കവിതകളും കാൽപ്പനികതയുടെ കാണാതുരുത്തുകളിലേക്കു സഞ്ചരിച്ച ചങ്ങമ്പുഴകവിതകളും ഉൾപ്പെടെയുള്ള പൂർവസൂരികളുടെ രചനകൾ നിലനിൽക്കെ തന്നെ കവിത എന്ന് കേൾക്കുമ്പോൾ മലയാളമനസ്സിൽ ആദ്യമെത്തുക വൈലോപ്പള്ളിയുടെ മാമ്പഴം ആണ്. തലമുറകൾ മാറിവന്നിട്ടും ‘പൂത്തിരി കത്തിച്ചപോൽ’ ചിരിക്കുന്ന ഉണ്ണിയും, ‘ചൊടിച്ചു’ നിൽക്കുന്ന അമ്മയും മലയാള മനസ്സിന്റെ നൊമ്പരങ്ങളായി തുടരുന്നു.

മാമ്പഴം എന്ന കവിതപോലെ ഉള്ളിൽ തീരാനൊമ്പരം അവശേപ്പിക്കുകയാണ് പ്രഭാവർമ്മ രചിച്ച് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘പൊന്നിൻ കൊലുസ്സ്’. സമീപകാലത്ത് നമ്മുടെയെല്ലാം മനസ്സിനെ നൊമ്പരപ്പെടുത്തിയ കാഴ്ച്ചയാണ് മകളുടെ മൃതശരീരത്തിൽ സ്വർണകൊലുസ്സ് അണിയിക്കുന്ന അച്ഛൻ. അപരഹൃദയത്തിന്റെ ആത്‌മനൊമ്പരങ്ങളെ ഏറ്റവും മനോഹരമായി പറഞ്ഞിരിക്കുന്ന ഒരു കവിതയാണിത്. ശബ്‌ദമില്ലാതെ കരയുന്ന അച്ഛന്റെ കണ്ണിൽ നിന്നുതിർന്നുവീണ നീർതുള്ളികൾ മകളുടെ കാലിലെ കൊലുസ്സ് തൊട്ട് അലറിക്കരഞ്ഞു എന്ന് പറയുന്ന വരി ദുഖത്തിന്റെ ആഴപ്പരപ്പുകളെ ശരിയായി അടയാളപ്പെടുത്തിയിരിക്കുന്നു. ഗായകന്റെ ശവകുടീരത്തിൽ വച്ചിരിക്കുന്ന ഗിത്താറിലേക്കു ലൈലാക് പൂവുകൾ വീണപ്പോൾ ഗിറ്റാറിൽ നിന്നും സംഗീതം ഉതിർന്നു എന്ന കാൽപ്പനികകത ഇവിടെ ഓർമ്മിക്കപ്പെടും.

ജീവിതമെന്നാൽ ‘ശ്മശാനത്തെ തേടുന്ന വാഴ്വിൻ മൂകയാത്ര’, ഈശ്വരൻ എന്നാൽ ‘വസതിയാകാശമുള്ളവൻ’, മൃതശരീരം കുഴിയിലേക്കിറക്കി കിടത്തുന്നതിനെ

‘മണ്ണടപ്പുകൾ മാറ്റി ഭൂമിതന്നാഴത്തിലേ-
യ്ക്കെങ്കിലും
അതുവഴിയാർക്കുമേ സങ്കൽപ്പിക്കാനരുതാത്ത
ഉയരങ്ങളിലേക്ക്’
തുടങ്ങി പുതുമയാർന്ന പ്രയോഗങ്ങളും ഉപമകളും ഈ കവിതയുടെ പ്രത്യേകതയാണ്.

കടം മേടിച്ച പണം കൊണ്ട് മകൾക്ക് കൊലുസ്സുമായി ചെന്ന് വിശന്നുറങ്ങുന്ന അവളുടെ കാലിൽ അത് കെട്ടിക്കൊടുക്കുന്നു. പിറ്റേന്ന് മകൾ ഉണരുംമുൻപ് വാടക കുടിശ്ശിക ഒടുക്കണമെന്നു പറഞ്ഞു വീടൊഴിപ്പിക്കാൻവന്നവർക്കു വേണ്ടി ഉറങ്ങി കിടന്ന കുഞ്ഞിന്റെ കാലിലെ കൊലുസ്സ് ഊരി പണയം വയ്ക്കുന്നതിനെ കുറിച്ച് പറയുന്ന ഭാഗമാണ് കവിതയുടെ കാതൽ. ‘അടിക്കുന്നുണ്ടെന്നാലുമെൻനെഞ്ചിലാരോ കൊട്ടുവടികൊണ്ടിപ്പോൾ’ എന്ന മട്ടിലുള്ള ഒരു വികാരം സൃഷ്‌ടിക്കുന്നുണ്ട് ആ വരികൾ. ‘മേഘങ്ങളിറങ്ങി വന്നു കൂടെ കൂട്ടുന്നു’, ‘ചിറകടിച്ചെത്തുന്ന പ്രാവ്’ തുടങ്ങിയ പരിചിതബിംബങ്ങളെ കാണാമെങ്കിലും കഴിഞ്ഞ ആഴ്ച്ചയിൽ വായനയെ ഏറ്റവും സമ്പന്നമാക്കിയ കവിതയാണ് പൊന്നിൻ കൊലുസ്സ്.

K സച്ചിദാനന്ദൻ രചിച്ച ചെറുകവിതകൾ ഉൾപ്പെടുന്ന ‘പ്രതിഛായകൾ’ ആണ് മാതൃഭൂമിയിലെ മറ്റൊരു കവിത. ഇതിലെ ‘കടന്നു പോകുന്നവർ’ എന്ന കവിത പുതുമയില്ലാത്ത ആശയമെങ്കിലും നല്ലൊരു വായന നൽകുന്നു. നമ്മെക്കാൾ മുൻപേ കടന്നു പോകുന്നവർ അവരോടൊപ്പം നമ്മുടെ ചിലതുകളെയും കൂടെ കൊണ്ടുപോവുകയും അവരുടേതായ ചിലതെല്ലാം ഇവിടെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ‘കുരുമുളകിന്റെയും കായത്തിന്റെയും കാട്ടുമുല്ലയുടെയും ഗന്ധമായി’ അവരുടെ ഓർമ്മകൾ നമ്മെ പൊതിയുന്നു എന്ന് പറയുന്ന കവിത ഗൃഹാതുരതയുടെ ഏറ്റവും ചെറിയ വശം ചർച്ച ചെയ്യുന്നു. സച്ചിദാനന്ദൻ കവിത എന്ന മുൻവിധിയെ തിരുത്തുന്നവയെങ്കിലും അതൃപ്‌തമല്ലാത്ത ഒരു വായന സാധ്യമാവുന്നുണ്ട്.

മലയാളം വാരികയിലെ കവിതകളിൽ അസിം താന്നിമൂട് എഴുതിയ ‘തൊട്ടാവാടിമുളള്’ വേഗവായനക്കൊരു കവിത എന്ന് പറയാം. സെബാസ്റ്റ്യൻ രചിച്ച ‘അച്ഛനും മകനും’ സമകാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ വേറിട്ട രീതിയിൽ പറയാൻ ശ്രമിച്ചിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം അവതരിപ്പിക്കുന്നതിൽ കവി എത്രമാത്രം വിജയിച്ചു എന്നത് ചിന്ത്യം.

ദേശാഭിമാനി വാരികയിലെ ആഴ്ച്ചക്കവിത, കേരളത്തിലെ ആദ്യ ട്രാൻസ് ജൻഡർ കവി ആയ വിജയരാജമല്ലികയുടെ ‘ഉടൽ അഴിയുമ്പോൾ’ ആണ്. അഗ്നിയിൽ സ്ഫുടം ചെയ്‌തെടുക്കപ്പെട്ടവൾ തന്റെ സ്വത്വം തിരിച്ചറിയുന്നതിനെ സൂചിപ്പിക്കുന്ന കവിത കവിയുടെ ആത്‌മപ്രതിഫലനം തന്നെയാണ്.

കലാകൗമുദിയിലെ കവിതകളിൽ ബിനോയ് കുറ്റുമുക്ക് എഴുതിയ ‘പാസ്‌മാർക്കുണ്ടോ’ എന്ന കവിത പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ‘ചിറകുകഴച്ച ആകാശത്തിലെ പക്ഷിയാണ്‌ എനിക്ക് കവിത’. ഇവിടെ ചിറകു കഴച്ചത് ആകാശത്തിനെന്നാണ് കവി എഴുതിയതിന്റെ അർത്ഥം.  ‘ഉരുൾപൊട്ടുള്ളിടത്തെ അണക്കെട്ടാണ് എനിക്ക് കവിത’. ‘ഉരുൾപൊട്ട്’ എന്ന് കവി ഉദ്ദേശിച്ചത് ഉരുൾപൊട്ടൽ ആവും എന്ന് കരുതാം. ഉരുൾപൊട്ടുള്ളിടത്തെ എന്ന പ്രയോഗം എത്ര കണ്ട്‌ ശരിയാണ്? ഒരു പക്ഷെ പ്രാദേശിക ഭാഷ എന്ന ന്യായം പറയാം. ഉരുളു പൊട്ടുമോ എന്ന ചോദ്യം പ്രാദേശികമാവാം, ആ പ്രയോഗം അതിന്റെ വകഭേദമെന്ന ന്യായവും കവി പറഞ്ഞേക്കാം.

ഇത്തരം ചെറിയ കല്ലുകടികൾ  ഉണ്ടെങ്കിലും വായനയുടെയും ആസ്വാദനത്തിന്റെയും നല്ലൊരാഴ്ച്ചയിലൂടെയാണ് കടന്നുപോയത് എന്ന് തന്നെ പറയാം.

 

1 Comment
  1. ഡോ.പി കെ. ജനാർദ്ദന കുറുപ്പ് 3 years ago

    പ്രഭാവർമയുടെ കവിതയെ കുറിച്ചു പറഞ്ഞത് അല്പം കൂടി പോയില്ലേ? ഒരു സാധാരണ വിചാരലാളനയല്ലാതെ അതിൽ ഇത്രയുമൊക്കെ പുതുമ കണ്ടെത്താനുള്ള വകയുണ്ടോ? പിന്നെ “കവികൾ മനുഷ്യകഥാനുഗായികൾ” എന്നൊക്കെ ഓർത്തു സമാധാനിക്കാമായിരിക്കാം.ആ കവിതയോടു ചേർത്തു വച്ച്‌ അതേ ലക്കത്തിലെ മുകുന്ദന്റെ “അപ്പന്റെ ബ്രാണ്ടിക്കുപ്പി”എന്ന കഥ വായിക്കുന്നത് കൗതുകകരമായിരിക്കും.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account