ഒരു കവിത പലതവണ വായിക്കപ്പെടുന്നത് അത് ജീവിതഗന്ധിയാവുമ്പോൾ മാത്രമാണ്. കവിതയുടെ മൗലികഗുണം അറിയാനുള്ള ലിറ്റ്മസ് പരിശോധന എന്ന് Dr M ലീലാവതി വിശേഷിപ്പിച്ച ഈ പുനർവായന സാധ്യമായ കവിതകൾ എത്രത്തോളം ഉണ്ട് എന്നത് ആശങ്കയുണ്ടാക്കുന്ന ചോദ്യമാണ്. കഴിഞ്ഞയാഴ്ച്ച  മാധ്യമങ്ങളിൽ വന്ന ചില കവിതകൾ പുനർവായനയ്ക്കുള്ള സാധ്യത നിലനിർത്തുന്നുണ്ട്.

മലയാളം വാരികയിൽ K ജയകുമാർ രചിച്ച ‘ഭോപ്പാൽ രാത്രി’ അദ്ദേഹത്തിന്റെ മുൻ ആഴ്ച്ച കവിതയെ അപേക്ഷിച്ച് ഏറെ നല്ലത് എന്ന് പറയാം. കെ രാജഗോപാൽ രചിച്ച ‘കഥാസാരം’  ഏറെ വ്യത്യസ്‌തത അവകാശപ്പെടാവുന്ന ഒരു സൃഷ്‌ടിയാണ്. സത്യജിത് റേയുടെ അനശ്വര കഥാപാത്രമായ ദുർഗ്ഗയെയും വർത്തമാനകാലത്തെ S ദുർഗ്ഗയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ കവിത ഈ ആഴ്ച്ചയിലെ ഏറ്റവും നല്ല കവിത എന്ന വിശേഷണം അർഹിക്കുന്നു.

ബിജോയ് ചന്ദ്രന്റെ (മാധ്യമം) ‘പ്രേമിച്ചിരുന്നുവോ’ എന്ന കവിത ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിവർത്തന കവിതയെ ഓർമിപ്പിക്കുന്നു. ‘ഏതോ ബസിലിരുന്നു ലോകത്തിന്റെ ഭാവന ചെന്നു തൊടുന്ന ദൂരം വരെ തമ്മിലലിയണം’ എന്ന വരി സ്വത്വങ്ങളിൽ അല്ലാതെ അന്യതയിൽ ചാരി നിൽക്കുന്നു എന്നതിന്റെ നിദാനമാണ്. ‘വാതിലിൽ തട്ടിയടർന്ന പത്രം പോലെ’ എന്ന വരിയിലെ വാതിൽ ഉരുക്കൊ അതോ വിചിത്രമായ മറ്റെന്തോ വസ്‌തുകൊണ്ട് നിർമിക്കപ്പെട്ടതിനാൽ ആവാം പത്രം അത്തരത്തിൽ അടർന്നുപോയത്. ‘അനാമിയാം പ്രാണി’ എന്ന വാക്ക് പേരില്ലാത്ത ജീവി എന്ന അർത്ഥത്തിൽ ആവാം കവി പ്രയോഗിച്ചത്. അനാമകയാം പ്രാണി എന്നോ അനാമയാം പ്രാണി എന്നോ അല്ലെ പറയേണ്ടത്. അനാമി എന്ന പദത്തിൽ എത്രത്തോളം ശരിയുണ്ട്.

മനുഷ്യന്റെ ചിന്താശൈഥില്യത്തെ വൈദ്യശാസ്‌ത്രം  പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കവികൾ ഇങ്ങനെ ഒരവസ്ഥയെ പ്രണയിക്കുന്നവരാണ്. കാൽപ്പനികത എന്ന പേരിലറിയപ്പെടുന്ന ഈ അവസ്ഥ കാവ്യസൃഷ്‌ടികളുടെ വിളനിലമാണ്. അത്തരം കാൽപ്പനികതയിലൂന്നിയ ഒരു കവിതയാണ് നിഷാ നാരായണൻ രചിച്ച ‘മിറാഷ്’. സ്വപ്‌നാടനങ്ങൾ എന്ന തിരിച്ചറിവിലും അവയെ വേർപിരിയാൻ ഇഷ്‌ടപ്പെടാത്ത കവിമനസ്സ് ‘ഉതിർന്നു വീണ ലൈലാക് പൂവ്’ എന്ന ബിംബത്തിൽ നമുക്കു കാണാം.

കഥയുടെ അതിരുകൾക്കപ്പുറത്തേക്കു പടരാൻ മടിക്കുന്ന ‘താജ് മഹൽ’ എന്ന മാതൃഭൂമി കവിത OP സുരേഷ് രചിച്ചിരിക്കുന്നു. താജ് മഹൽ എന്ന പെട്ടിക്കടയും അതിനെ ചുറ്റിയുള്ള സംഭവങ്ങളും, വലിയവനുവേണ്ടി സൃഷ്‌ടിക്കപ്പെട്ട ഇന്നിന്റെ നീതിക്കിരയാവുന്ന ഒരു സാധാരണ മനുഷ്യന്റെ ദൈന്യത്തെ പൂർണമായി പറഞ്ഞിട്ടുണ്ടെങ്കിലും കവിത എന്ന വിശേഷണത്തിന് ഈ സൃഷ്‌ടി അർഹമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ദേശാഭിമാനി വാരികയിൽ അസിം താന്നിമൂട് രചിച്ച ‘അതുമാത്രം മതി’ പുതുമയൊന്നുമില്ലെങ്കിലും ഭേദപ്പെട്ട വായന നൽകുന്നു. P R രതീഷിന്റെ മഴപ്പാറ്റയും നല്ല കവിത എന്ന ഗണത്തിൽ പെടുന്നു. പറഞ്ഞു പഴകിയ  വിഷയങ്ങളെ പുതുമയോടെ അവതരിപ്പിക്കാൻ ശ്രമിച്ച കവിതകളാണ് ബൈജു മേപ്പയൂരിന്റെ ‘ഗന്ധങ്ങൾ’, അനിലിന്റെ ‘വലയം’ എന്നിവ.

കലാകൗമുദി പ്രസിദ്ധീകരിച്ച ‘തീപ്പൂവ്’ പവിത്രൻ തീക്കുനി രചിച്ചിരിക്കുന്നു. തീക്കുനി ശൈലിയുടെ എല്ലാ ചേരുവകളും കൃത്യമായി ചേർക്കപ്പെട്ട ഈ കവിത ബാലചന്ദ്രൻ ചുള്ളിക്കാടിനു സമർപ്പിച്ചിരിക്കുന്നു. ‘നെടിയ കണ്ണിലെ കൃഷ്‌ണകാന്തത്തിന്റെ കിരണമേറ്റു’ ചില്ലകൾ പൂത്ത കവിയെ ‘കൃഷ്‌ണകാന്തങ്ങളിൽ വൈകിയോടുന്ന പെണ്ണിലെക്കൂർജ്ജം നിറച്ചവൻ’ എന്ന് വിശേപ്പിച്ചതിൽ വൈരുധ്യത പ്രകടമാണെന്നു പറയാതെ തരമില്ല. ‘ഓർമ്മയിൽ വെന്തു മലർന്നവൻ’, ‘നിന്നെ വായിച്ചു ജനിച്ച മുറിവ് ഞാൻ’ തുടങ്ങി ഹൃദ്യമായ ചില പ്രയോഗങ്ങൾ കവിതയിൽ കാണാം. ‘വംശനാശത്തിൻ കരയിൽ കിനാവുകൾ നിന്നെ പൊള്ളിക്കുന്നു’ എന്ന വരിയിൽ പിറക്കാതെ പോകട്ടെ എന്ന കവിതയുടെ സ്‌മരണയാണ്. ജ്യേഷ്ഠ കവിയെ ‘അത്ഭുത കാവ്യപ്രവാഹ പൊരുത്തമേ’ എന്ന് വിശേഷിപ്പിച്ചത് പ്രസ്‌തുത കവിയുമായി തനിക്കു കൽപ്പിച്ചു കിട്ടിയ ആശയാവതരണ സാമ്യതകൾ അംഗീകരിച്ചതിന്റെ തെളിവാണോ? ‘നിന്നെ കടന്നില്ല വാക്കും കവികളും’ എന്ന വരിയിലൂടെ ബാലചന്ദ്രൻ ചുള്ളിക്കാട് മലയാള കവിതയ്‌ക്ക്‌ എന്താണെന്നു കവി വ്യക്തമാക്കുന്നു. ‘എവിടെ ജോൺ’ ജോൺ അബ്രഹാമിന്റെ പൂർണ്ണകായചിത്രം എന്നതുപോലെ ബാലചന്ദ്രൻ ചുള്ളിക്കാടിനെ പൂർണ്ണമായും അവതരിപ്പിക്കുന്നില്ലെങ്കിലും സമർപ്പണം എന്ന നിലയിൽ കവിത നല്ലൊരു വായന നൽകുന്നു.

മലയത്ത് അപ്പുണി രചിച്ച കുടിയേറ്റം ചെറുതെങ്കിലും നല്ല ഒരു കവിതയാണ്. അമൃതയുടെ ‘വസന്തം ചെറി മരങ്ങളോടെന്നപോലെ’ എന്ന കവിത മറ്റു പല കവിതകളിലെയും ബിംബങ്ങളെ ചേർത്തു വച്ചിരിക്കുന്ന ഒരു രചനയാണ്‌. ഒമർഖയ്യാം, ലബനോൻ സുന്ദരി, കാഴ്ച്ചയുടെ അൾത്താര, ചൂണ്ടയിൽ കൊരുത്ത സ്വർണമത്സ്യം, പ്രണയത്തിന്റെ മുന്തിരി ചാറ്, ഗായകൻ, നൃത്തം എന്നിവയെല്ലാം കൂട്ടി വായിക്കുമ്പോൾ K ജയകുമാറിന്റെ സോളമന്റെ ഉത്തമഗീതം വിവർത്തനം വായിച്ച ഒരു പ്രതീതി ഉണ്ടായി. ചെറിമരവും വസന്തവും ചേർന്നാൽ പ്രണയകവിതയാകുമെന്ന ധാരണ കവി തിരുത്തേണ്ടതാണ്. ഇത്തരം രചനകൾ തിരഞ്ഞെടുക്കുന്നവർ സോഷ്യൽ മീഡിയയിൽ വരുന്ന അതിമനോഹര രചനകൾ കണ്ടിട്ടുണ്ടാവില്ല എന്ന് കരുതുന്നു.

ചില്ലറ വിയോജിപ്പുകൾ ഒഴിച്ചാൽ വായനയുടെ നല്ല  അനുഭവo സമ്മാനിച്ച ആഴ്ച്ച എന്ന് തന്നെ പറയാം.

-മിനി വിനീത്

1 Comment
  1. ബി.ജി.എൻ വർക്കല 4 years ago

    നന്നായി വായിച്ചിരിക്കുന്നു. ആശംസകൾ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account