പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് കവിയായ ആർതർ റിo ബൗഡ് കവികളെ വിശേഷിപ്പിച്ചത് ‘The thief of ഫയർ’ എന്നാണ്. കവിക്ക് ഈ പ്രപഞ്ചത്തോടു സംവേദിക്കുവാനുള്ള ആത്‌മ ഭാഷയാണ് ആ അഗ്‌നി. തന്റെ ഉള്ളെരിക്കുന്ന അഗ്‌നിയെ അവൻ തൂലികയാക്കുന്നു. ഈ അവസ്ഥയിൽകവിത കവിയിലൂടെ സൃഷ്‌ടിക്കപ്പെടുകയല്ല, മറിച്ച് കവിയിൽ നിന്നും മുക്‌തി നേടുകയാണ്. ഇത്തരം കവിതകളാണ് ‘ഏകാകികളുടെ ചരിത്രപുസ്‌തകമായി’ എന്നും നിലനിൽക്കുക. അല്ലാത്തപക്ഷം കവിത അത്ര സ്വീകാര്യമല്ലാത്ത വിനോദോപാധി മാത്രമാവും. കവിതയുടെ ജനകീയതയ്ക്ക് കുറവ് വന്നതെന്തുകൊണ്ടെന്ന ചർച്ചകളിൽ സമാന്തര മാസികകളുടെ ഇടപെടൽ കൂടി ചർച്ചയാവേണ്ടതുണ്ട്. കഴിഞ്ഞ ആഴ്ച്ച പ്രസിദ്ധീകരിക്കപ്പെട്ട കവിതകൾ കവിതയോട് എത്രമാത്രം നീതി പുലർത്തി എന്ന് നോക്കാം.

മലയാളം വാരികയിലെ കവിതകളിൽ പോളി വർഗീസ് രചിച്ച ‘മരണത്തെ നിർവചിക്കേണ്ടത്’ ബിംബ പ്രയോഗ സമൃദ്ധമെങ്കിലും ആത്യന്തികമായി കവിത സംസാരിച്ചു വന്ന വിഷയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള സഞ്ചാരം പലയിടത്തും കാണാം. സുജിത് കുമാറിന്റെ കവിതകളിൽ ‘കാമം’ എന്ന കവിത ഒരുവർത്തമാനകാല പ്രതിസന്ധിയുടെ ചർച്ചയാണ്. ഒരാണും പെണ്ണുമൊത്തുള്ള ആനന്ദത്തെ അസഹിഷ്‌ണുതയോടെ കാണുന്ന സമൂഹത്തെ ചില ചോദ്യങ്ങളിലൂടെ നേരിടുകയാണ് കവി. ആനന്ദിക്കുവാനും കാമിക്കുവാനും ഈ ഉടലല്ലാതെ എന്തുണ്ട് എന്ന് ചോദിക്കുകയും ആസക്‌തിയും പ്രണയവും ശുദ്ധമാണെങ്കിൽ ഒരാൾ മറ്റൊരാളെ ബലാൽ കീഴ്പ്പെടുത്തുകയില്ല എന്ന് ന്യായീകരിക്കുകയും ചെയ്യുന്ന കവി ഉടലനുഭൂതിക്കുള്ള ഉപാധി മാത്രമായി പ്രണയത്തെ ചുരുക്കുകയാണ് കവിതയിൽ. ശുദ്ധമായ കാമവും ആസക്‌തിയും സാദ്ധ്യമാവാത്തിടങ്ങളിൽ  പ്രണയം ശക്‌തമായി ജീവിക്കുന്നു. അത്തരം ഇടങ്ങളിലെ കവിതയെ കണ്ടെത്താൻ കവിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. അന്യതയിലേക്ക് നയിക്കപ്പെടുന്ന സ്വയങ്ങളുടെ ആകുലതകളെ ചിത്രീകരിക്കുന്ന ‘കഠിനം’ നല്ല വായന നൽകുന്നു

എഴുത്തു മാസികയിലെ കവിതകളിൽ ഇടക്കുളങ്ങര ഗോപൻ രചിച്ച ‘പരസ്‌പരം’ പ്രയോഗ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. ‘ജീവന്റെയുപ്പു തടാകങ്ങളിൽ നീർകാക്കയായ് മുങ്ങി നിവർന്ന് ചിറകുണക്കുന്നവൾ’, ‘ചിറകില്ലാതെയായ കാറ്റ് വഴികളന്വേഷിക്കുന്നിടത്ത് ഒരു കരിയില ഭാരമന്വേഷിക്കുന്നു’ തുടങ്ങിയ വരികൾ, വിളക്കിന്റെ പ്രകാശത്തിലേക്ക് പടി കടക്കുന്ന പാവനാടകമായ ജീവിതത്തിന്റെ വൈവശ്യതകളെ ക്യത്യമായി പറയുന്നു.

ജെനി ആൻഡ്രൂസിന്റെ കവിത ‘അഹംഭാവ പോളയ്ക്കുള്ളിൽ’  പ്രത്യേകത ഒന്നും അവകാശപ്പെടാനില്ലാതെ കടന്നുപോകുന്നു.

തന്നോട് ചേർന്നു നിൽക്കുന്ന സ്‌ത്രീ, പുരുഷന് ലോകത്തിലേക്ക് തുറക്കുന്ന കണ്ണുകളാണ്. വേറിട്ട കാലങ്ങളിലെ ഒരുവന്റെ കാഴ്ച്ചയുടെ വൈവിധ്യങ്ങളെ മനാഹരമായി പറയുന്ന കവിതയാണ് സ്‌മിത ഗിരീഷ് രചിച്ച ‘നിങ്ങൾ’. നല്ല വായനാനുഭവം നൽകുന്ന കവിതയാണിത്.

ദേശാഭിമാനി വാരികയിൽ ‘പാലം കുരുവി എന്നിവർ മഴയിൽ’ എന്ന കവിത രഗില സജി രചിച്ചിരിക്കുന്നു. ബലിയുപങ്ങളിലേക്കുള്ള യാത്രയാണ് ഈ ജീവിതം. ഭൂമിയിൽ തനിച്ചല്ലെന്ന തോന്നൽ ഉണ്ടാവാൻ രണ്ടു പേർ ബാക്കി നിർത്തേണ്ടതെന്താണ്. പ്രണയം, പ്രണയത്തിനു മാത്രമേ അത്തരം തോന്നൽ സൃഷ്‌ടിക്കാൻ കഴിയൂ. വേറിട്ട പ്രണയ കാഴ്ച്ചയാണ് രഗില സജിയുടെ കവിത. പ്രണയമെന്ന പാലത്തിന്റെ ‘നീണ്ടു നിവർന്ന കൈവരിയിലിരുന്ന് ഞാൻ നിന്നിലേക്കൊഴുക്കിയ മഴ’ തുടങ്ങിയ വരികൾ കവിതയെ സുന്ദരമാക്കുന്നു. മഴയെല്ലാം പെയ്‌തൊഴിഞ്ഞിട്ടും ഇലയിൽ നിന്നടരാത്ത ഒറ്റത്തുള്ളി പോലെ ഉള്ളിൽ ബാക്കിനിൽക്കുന്ന പ്രണയ പ്രതീക്ഷയെ ‘ഒലിച്ചുപോയിട്ടും ഒലിച്ചു പോകാതെ കരയ്ക്കടിഞ്ഞ അവശിഷ്‌ടം’ എന്ന വരിയിൽ കാണാം. കാവ്യരചനയിലെ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുമ്പോഴും കവിതയെ ഒരു നിഴലിനു പിന്നിൽ നിർത്തുന്ന രീതി കവിയിൽ കാണാം.

ഗോപിനാഥ് കോങ്ങാട്ടിൽ രചിച്ച ‘നിറം ഒരു അതിർത്തിയാണ്’ വർണവിവേചനങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

മാതൃഭൂമി വാരികയിൽ ‘അൽപ്പനേരം’ കുരീപ്പുഴ ശ്രീകുമാർ രചിച്ചിരിക്കുന്നു. കവിയുടെ തനതു ശൈലിയിലുള്ള ഈ കവിത നമുക്ക് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന നൻമകളെ കുറിച്ചുള്ള ആകുലതകൾ പങ്കു വയ്ക്കുന്നു. കൽപ്പറ്റ നാരായണൻ രചിച്ച ‘ചൂണ്ടൽ’ അന്തരങ്ങളുടെ അസ്വസ്‌തതകളെ വരച്ചിടുന്നു. ജീവിതാനുഭവങ്ങൾ എന്ന ചൂണ്ടൽ കൈയിലുള്ള ഒരാൾ ക്ഷമയുടെ പര്യായമായി മാറുമെന്ന് പറയുന്ന അവസാന വരികൾ ഏറെ ഹൃദ്യം.

മാധ്യമം വാരികയിൽ മാധവൻ പുറംച്ചരി രചിച്ച ‘വാക്ക് വാക്ക് ‘ കുരീപ്പുഴയുടെ വാക്കുകളിലെ ‘അമ്മ മലയാളം’, ‘തെറി മലയാളം’ എന്നീ പ്രയോഗങ്ങളുടെ വിവരണമായി തോന്നി. ഭേദപ്പെട്ട കവിത.

ട രമേശൻ രചിച്ച ‘ഉടഞ്ഞ ശംഖുകൾ പെറുക്കി വിൽക്കുമ്പോൾ’, സുധീഷ് കോട്ടമ്പ്രം രചിച്ച ‘ഒഴിഞ്ഞില്ല പ്രേതഭാവന’, മൊയ്‌തു മായിച്ചാൻകുന്ന് രചിച്ച ‘വിവരാവകാശം’ എന്നീ കവിതകൾ വായനയിൽ തന്നെ അവസാനിക്കുന്നു.

വേറിട്ട ചില രചനകൾ വായനയെ തൃപ്‌തിപ്പെടുത്തിയ ആഴ്ച്ച എന്നു കരുതാവുന്നതാണ്.

-മിനി വിനീത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account