മഴ പോലെയാണ് കവിതയും. നിനച്ചിരിക്കാതെ പെയ്ത് ആകെ നനച്ചു കടന്നുപോകും. ചിലപ്പോൾ പെയ്ത് പെയ്ത് പിരിയാൻ മടിച്ചു അങ്ങിനെ നിൽക്കും. പോകൂ എന്ന് പറഞ്ഞാലും നനഞ്ഞൊട്ടി ചേർന്ന് നിൽക്കും. ചിലപ്പോളൊക്കെ പെയ്തൊഴിഞ്ഞാലും ഓർമ്മത്തുമ്പിൽ ഇപ്പോൾ അടരും എന്ന മട്ടിൽ ഉണ്ടാവും. പോവുകേ ഇല്ല. വെയിലിൽ തിളങ്ങി, നിറഭേദങ്ങളിൽ മോഹിപ്പിച്ച് ഏറെ നിൽക്കും. ഞാൻ ഇവിടെ ഉണ്ടായിരുന്നു എന്ന് ഇടയ്ക്കൊക്കെ ഓർമിപ്പിക്കുന്ന ഇത്തരം സൃഷ്ടികളെ ആണ് ജീവിതഗന്ധികൾ എന്ന് വിശേഷിപ്പിക്കുക. അവയെ ആണ് ‘വഴി വായനയ്ക്കായ്’ നാം കരുതി വയ്ക്കുക.
കവിതയെ ഏറെക്കുറെ ഉപേക്ഷിച്ച മാതൃഭൂമിയും കവിതയോടു നീതി പുലർത്താൻ ജാഗ്രത കാട്ടാറുള്ള ദേശാഭിമാനിയും മാത്രമാണ് ഈ ആഴ്ച്ചത്തെ വായന. ദേശാഭിമാനിയിലെ കവിതകളിൽ ശ്രീജിത്ത് അരിയല്ലൂരിന്റെ കവിത ‘പഴയ കവിത പൊളിച്ചു വിൽക്കാനുണ്ട്’ ഏറെ വ്യത്യസ്തമാണ്. ജീവിതവുമായി ഏറെ ചേര്ന്നിരിക്കുന്ന കാൽപ്പനികത ഇതിൽ കാണാം. ‘ആളുകൾ വെറുതെ വായിച്ചു വലുതാക്കിയ വരികളെ കോലായ ആക്കാം, എത്ര വായിച്ചിട്ടും മതിവരാത്തവ ഓഫീസ് റൂം’ തുടങ്ങി ഹൃദ്യമായ ബിംബങ്ങൾ കവിതയിലുണ്ട്. ‘കോരിത്തരിച്ചവയെ എടുത്ത് കോണിക്കൂട്’ എന്ന വരി കോണിപ്പടിക്കടിയിലെ ചില കൗമാര കുസൃതികളെ കുറിച്ച് ആരോ എഴുതിയതിനെ ഓർമിപ്പിച്ചു. കവിതയുടെ തലക്കെട്ട് പൊളിച്ചു വിൽപ്പനയെ കുറിച്ചാണെങ്കിലും കവിത സംസാരിക്കുന്നത് നവനിർമ്മിതിയെ കുറിച്ചാണ്. ‘തച്ചുടയ്ക്കല്ലേ ഓർമ്മകൾ അവകൊണ്ടുഞാനെന്റെ കൊച്ചു നൊമ്പര കൂടൊരുക്കട്ടെ’ എന്ന് തന്നെയാണ് ഈ കവിത പറയുന്നത്.
പ്രദീപ് രാമനാട്ടുകാരയുടെ കവിത ‘തത്സമയം’ ഏറെ പരിചിതവും പ്രചാരമുള്ളതുമായ ഒരു കാഴ്ച്ചയെ കുറിച്ചാണ്. തീവണ്ടിയാത്രയിലെ കേട്ടും പ്രയോഗിച്ചും പഴകിയ ബിംബങ്ങൾ (തൊണ്ട കീറിയെത്തുന്ന പാട്ട്, കണ്ണാടിയിൽ മുഖം നോക്കുന്ന യാത്രക്കാരി) കവിതയിൽ കാണാം. ജനാലയിലൂടെ പുറത്തേക്കുള്ള കാഴ്ച്ചമുതൽ കവിത യാഥാർഥ്യം സംസാരിക്കുന്നു. ‘അറ്റുപോയ ശരീരം കൊണ്ട് മരണം ആഘോഷിക്കുന്ന’ മൊബൈലുകൾ അവസാനത്തെ പിടച്ചിലും ഒപ്പിയെടുക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ആധുനികതയുടെ വികൃത മുഖത്തെ വരച്ചിടുകയാണ് കവി. ലൈക്കുകളും ഷെയറുകളും നിറയാൻ മാത്രം രുചിയുള്ള വിഷയമായ് മരണം പോലും മാറിയിരിക്കുന്നു എന്നും കവി പറയുന്നു. തൃപ്തികരമായ വായന നൽകിയ ഈ രണ്ടു കവിതകൾ മാത്രമാണ് ഈ ആഴ്ച്ചയിലെ വായന.
മഴയും വെള്ളപ്പൊക്കവും വായനയേയും ബാധിച്ചിരിക്കുന്നു എന്ന് സാരം.