ധാർഷ്‌ട്യം നിരൂപകലക്ഷണമാണെന്ന് ഒരു പൊതു അഭിപ്രായമുണ്ട്. രചയിതാവിനോടൊപ്പമുള്ള യാത്രയാണ് ആസ്വാദനവും നിരൂപണവും. ഈ സഹയാത്രയിൽ വഴിയിലെ കാലിടർച്ചകളെ കണ്ടില്ലെന്നു നടിക്കാനോ അനുമോദനങ്ങളെ തടയാനോ ശ്രമിക്കാത്ത ആസ്വാദനം സത്യസന്ധമായിരിക്കും. ആസ്വാദന രീതിയിലെ വൈവിദ്ധ്യങ്ങളെ അറിയാൻ സമൂഹമാധ്യമങ്ങൾ വലിയ അളവിൽ സഹായകമാണെങ്കിലും പാത്രമറിയാതെയുള്ള വിളമ്പൽ ഇവിടെ സാധാരണമാണ്. ആനയ്ക്ക് തോട്ടിയും ഉറുമ്പിന് ഈർക്കിലിയും എന്ന ചിന്ത  കാലഹരണപ്പെട്ടിരിക്കുമ്പോൾ തന്നെ വിഷയവൈവിധ്യംകൊണ്ട് ശ്രദ്ധേയമായ കവിതകളുടെ ആഴ്ച്ചയാണ് കടന്നുപോയത്. അവയിൽ ചിലതിലേക്ക് ഒരെത്തിനോട്ടം.

ദേശാഭിമാനി കവിതകളിൽ ജലീൽ വേങ്ങേരിയുടെ ‘കുതിര’ അവസാനമില്ലാത്ത ഒരു യുദ്ധത്തിന്റെ കഥ പറയുന്നു. അതിവിദൂരതയിലെ ചതുപ്പുസ്ഥലികൾ അളന്നെടുക്കാൻ മാത്രം ഘ്രാണശക്‌തിയുള്ള കുതിരയാണ് വിജയിയായ ഏക പോരാളി എന്ന കവിയുടെ അന്ധവിശ്വാസത്തെ പൂർണമായും തള്ളിക്കളയുന്നു. കുഞ്ചിരോമങ്ങളിൽ ഒളിപ്പിച്ച ആ കൊടുംകാറ്റിനെ വിരൽ തുമ്പുകൊണ്ട് അടക്കാൻ വിദഗ്ദ്ധനായ തേരാളിക്ക് കഴിയും എന്നത് കവി മറന്നിരിക്കുന്നു. ഏറ്റവും വിൽപ്പനമൂല്യമുള്ള വിഷയത്തെ അതി വിദഗ്‌ധമായി കൈകാര്യം ചെയ്‌തിരിക്കുകയാണ് കവി.

മാതൃഭൂമിയിൽ മനോജ് കുറൂരിന്റെ കവിത ‘ആകയാൽ പ്രിയേ’ പരിചിത വിഷയത്തിന്റെ പുനരാഖ്യാനംമാത്രം. വി അബ്ദുൽ ലത്തീഫിന്റെ കവിത ‘ഓൺ ദി വേ റ്റു പുഷ്‌കിൻ’ റഷ്യൻ പെൺകുട്ടിയോടുള്ള പ്രണയത്തിന്റെ കഥപറയുന്നു. കവിതയെ അലങ്കരിക്കാൻ റഷ്യൻ കഥാപാത്രങ്ങളെ മനഃപൂർമായി കൂട്ടിച്ചേർത്തെങ്കിലും അതത്ര ഭംഗിയായി അനുഭവപ്പെടുന്നില്ല. പ്രണയത്തിൽ ജനിക്കുന്ന പെൺകുഞ്ഞിന് വായിക്കാൻ മലയാളപുസ്‌തകങ്ങൾമൊഴി മാറ്റും. അതിനായി തിരികെ വന്നതിനു ശേഷം റഷ്യൻ ഭാഷ പഠിക്കും. ഒരു സംശയം പങ്കുവയ്ക്കുന്നു. റഷ്യയിൽ നിന്ന് റഷ്യൻ ഭാഷപഠിക്കുന്നതിനേക്കാൾ എളുപ്പമാണോ തിരികെ നാട്ടിൽ വന്നു റഷ്യൻ പഠിക്കുന്നത്. പദ്‌മരാജന്റെ പ്രസിദ്ധകഥയുടെ വിദൂരഛായയും ചെറിയ ചില കല്ലുകടികളും ഒഴിച്ചാൽ വിരസമല്ലാത്ത വായന നൽകുന്ന കവിത.

കലാകൗമുദിയിൽ മധു വാസുദേവന്റെ കവിത ‘രാമായനം’ ദുരിതജീവിതത്തിന്റെ ചിത്രണ ശ്രമമെങ്കിലും നടക്കേണ്ട വഴികളെക്കുറിച്ച് ബോധ്യമില്ലാത്ത വരികൾ എന്ന് വിശേപ്പിക്കാം. ‘ഗാഢവിഷം തീണ്ടിയ പുഴകൾ മണൽത്തടങ്ങളിൽ ചത്തുപൊങ്ങി, കണ്ടുനിന്ന മരങ്ങൾ നിലവിളിച്ചു നിലംപൊത്തി’ തുടങ്ങി ചില വരികൾ ശ്രദ്ധേയമായി തോന്നി. മകുടിയൂതുന്ന മേഘം, തൊഴുതു നിൽക്കുന്ന ആമ്പൽ, പാടുന്ന മഴപ്പക്ഷി, തുടങ്ങിയ ചിരബിംബങ്ങളെ ഇവിടെയും കാണാം.

ഇളം കാറ്റുപോലൊരു കവിത എന്ന് വിശേഷിപ്പിക്കാവുന്ന കവിതയാണ് ഷിറാസ് അലിയുടെ ‘സൊക്കെർ’. പറയേണ്ട കാര്യങ്ങൾ വളച്ചൊടിക്കാതെ, നീട്ടിപറയാതെ അഴകളവുകൾ കൃത്യമായ രചന. ഫ്രാൻസിനോടുള്ള ആരാധനയിൽ പിറന്ന ഈ കവിതയിലെ മനോഹരമായ ഒരു വരിയാണ് ‘ഓ മഹാനഗരമേ, ഇന്നു നീ ലാറൽ പച്ചകൊണ്ട് നിന്റെ കന്യകാവധുവിനെ അലങ്കരിക്കുമെങ്കിൽ’. ലാറൽ ഇലകൾ കേരളത്തിലെ കറിവേപ്പിന് സമാനമായ ഇല എന്ന് കേട്ടിട്ടുണ്ട് (ഉപയോഗ ശേഷം എടുത്തു കളയുക). ഫ്രാൻസ് ആരാധകർ ഇന്ത്യൻ ആരാധകരെപോലെ ആണെങ്കിൽ ലാറൽ പച്ച എന്ന പ്രയോഗം കിറുകൃത്യം. മുൻ പറഞ്ഞ റഷ്യൻ കവിതയിൽ നിന്ന് വ്യത്യസ്‌തമായി ഴാങ്‌ ഷെനെ എന്ന കഥാപാത്രം വരിയോടും കവിതയോടും ഇഴുകിച്ചേർന്നു നിൽക്കുന്നു. ‘ശിരസ്സുയർത്തട്ടെ’ കവിത ഡി ജോസെഫിന്റെ ‘പിങ്ഗള’ പറഞ്ഞു പഴകിയ വിഷയത്തെ വിരസ ബിംബങ്ങൾ ഉപയോഗിച്ച് അവതരിപ്പിച്ചിരിക്കുന്നു. പ്രണയപ്പനിയിൽ വെന്തുപോകുന്നു, പ്രപഞ്ചം നീ തന്നെ, ഇഷ്‌ടനിറം ചുവപ്പ്, എന്നിങ്ങനെ പോകുന്നു കവിത. കാബേജ് എന്ന രണ്ടാം കവിത സാമൂഹിക പ്രസക്‌തമായ വിഷയത്തെ കൈകാര്യം ചെയ്‌തിരിക്കുന്നു. ഒരേ വസ്‌തുകൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം പെട്ടെന്ന് മടുക്കും പോലെയാണ് ഒരേ രീതിയിൽ എഴുതപ്പെടുന്നവയും. ആധുനികം, ആധുനികോത്തരം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നവ ഒറ്റവായനയ്ക്ക് ശേഷം എന്തുകൊണ്ട് ഉപേക്ഷിക്കപ്പെടുന്നു എന്ന വസ്തുത ഏറ്റവും ലളിതമായി പറഞ്ഞിരിക്കുന്നു. നിരത്തിൽ ആൾക്കാർ ഒഴിവാക്കുന്നത് കവിത കാരണമെന്നു അറിഞ്ഞാലും കവി വാദിക്കും തന്റെ കവിത കാലാതിവർത്തിയാണെന്ന്.

നിപ്പാ വൈറസ് ബാധയേറ്റു മരിച്ച നഴ്‌സ്‌ ലിനിക്ക് സമർപ്പിക്കപ്പെട്ട കവിത ‘മരണം കൊണ്ട് മധുരിപ്പിച്ചവൾ’ ആദിനാട് ഗോപി രചിച്ചിരിക്കുന്നു. ത്യാഗത്തെ ഭോഗമാക്കിയവൾ എന്ന പ്രയോഗത്തിൽ ലിനിയുടെ പൂർണ വ്യക്തിത്വമുണ്ട്.

ഭാഷാപോഷിണിയിൽ ജയപ്രകാശ് അങ്കമാലിയുടെ കവിത ‘സുഖം’ റിട്ടയേർഡ് ജീവിതത്തിന്റെ മാധുര്യങ്ങളെകുറിച്ച് പറയുന്നു. ‘പപ്പടംചുട്ടതെരികടുമാങ്ങായുമൊപ്പമെരിശ്ശേരിയും തോരനും’ കൂട്ടി ചോറ് ഉണ്ണാൻ കഴിവുള്ളവന്റെ റിട്ടയേർഡ് ജീവിതത്തെ കുറിച്ചാണ് കവി പറയുന്നത്. അതെക്കുറിച്ച് കവിക്ക് ബോധ്യമുണ്ട് എന്നതിന്റെ തെളിവാണ് ‘പുറത്തുപെയ്യുന്നതു ദുഖമാണെങ്കിലകത്തെനിക്കെന്താണൊരുസുഖം’ എന്ന വരി.

മണമ്പൂർ രാജൻബാബുവിന്റെ കവിത ‘പുറത്തുനിൽക്കുമ്പോൾ’ ആശുപത്രിമുറിക്കു പുറത്തു കാത്തുനിൽക്കുന്ന ഒരാളിന്റെ മാനസിക വ്യാപാരങ്ങളെ കുറിക്കുന്നു. പ്രസവവാർഡിനു പുറത്തു നിൽക്കുമ്പോളും കാൻസർ വാർഡിന് പുറത്തു നിൽക്കുമ്പോളും ഒരേ വികാരമെന്ന മട്ടിലാണ് കവിത എഴുതപ്പെട്ടിരിക്കുന്നത്. ഭേദപ്പെട്ട വായന എന്ന് പറയാം.

സോഫി എഴുതിയ ഒറ്റമുറി(വ്) എന്ന കവിതയിലെ അതെ പ്രയോഗം സമൂഹമാധ്യമങ്ങളിൽ ധാരാളം കണ്ടിട്ടുണ്ട്. ജീവിതമെന്ന ഒറ്റമുറിയിൽ കാലം വരുത്തുന്ന മാറ്റങ്ങളെ കുറിച്ചാണ് കവിത സംസാരിക്കുന്നത്.

വലിയമുൻവിധികളോടെ അവതരിപ്പിച്ചിരിക്കുന്ന ‘സീതായനം’ പങ്കജാക്ഷി കൈപ്പുറം രചിച്ചിരിക്കുന്നു. വൃത്തത്തിൽ എഴുതിയിരിക്കുന്നു എന്നതൊഴിച്ചാൽ ആഖ്യാനത്തിൽ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത കവിത .കവിതയുടെ അവസാന പകുതി കുറേക്കൂടി മെച്ചമാണ്. വിഷയത്തോട്  നീതി പുലർത്താൻ ആഴത്തിൽ ശ്രമിച്ചിരിക്കുന്നു.

സന്ധ്യ ഇ യുടെ കവിത ‘വീണ്ടെടുക്കൽ’ വളരെ നല്ലൊരു വായനാനുഭവം ആണ്. ആൽമരം പോലെ വളർന്ന മകനുറങ്ങി കിടക്കുമ്പോൾ അവന്റെ നെറ്റിയിലുമ്മവെച്ചാൽ അവൻ പഴയ പൈതലായ് മാറുമെന്നു പറയുന്ന കവിത, സന്തോഷമോ നൊമ്പരമോ എന്ന് വേർതിരിച്ചറിയാൻ പറ്റാത്ത ഒരു വികാരം സൃഷ്‌ടിക്കുന്നു. കുറ്റിച്ചെടി, കപ്പലോ യന്ത്രബോട്ടോ കടന്നുപോകുമ്പോൾ ആടിയുലയുന്ന ചെറുവള്ളം, തുടങ്ങി ഉപമകളെല്ലാം ഗംഭീരം തന്നെ. ഉറങ്ങിക്കിടക്കുന്ന മകന് അമ്മയുടെ പദചലനം കേൾക്കാനാവില്ലെങ്കിലും വായനക്കാരൻ അത് കേൾക്കുന്നു. കവിത വായിച്ചുകഴിഞ്ഞപ്പോൾ എന്റെ കൈ ആരുടെയോ കവിളിനടിയിൽ ഇരിക്കുന്ന പോലെ ഒരു തോന്നൽ. കവിത പറയുന്നതുപോൽ ‘ഇനി വാക്കുകൾ ആവശ്യമില്ല’ ഈ കവിതയെക്കുറിച്ചെഴുതാൻ.

മലയാളം വാരികയിൽ ‘കോർപറേറ്റ് സ്‌കൂളുകൾ’ എന്ന കവിതയും ഇ സന്ധ്യ രചിച്ചിരിക്കുന്നു. ഇത്തരം സ്‌കൂളുകൾ റോബോട്ട് തലമുറയെ സൃഷ്‌ടിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് കവിത നന്നായി പറഞ്ഞിരിക്കുന്നു. കാവ്യലോകത്ത് സുനിശ്ചിതമായ സ്ഥാനം ഈ കവിക്കുണ്ടാകുമെന്നു രണ്ടു കവിതകളും തെളിയിക്കുന്നു.

ഭാഷാപോഷിണിയിൽ തന്നെ ശ്രീദേവി എഴുതിയ ‘ചിപ്പിക്കുൾ മുത്ത്’ എവിടൊക്കെയോ കേട്ട വരികളിലെ വാക്കുകൾ അടുക്കിവച്ച് എഴുതിയത് പോലെ ഒരനുഭവം നൽകുന്നു. നിലാക്കമ്പളം, ഹൃത്തിലെ ഓമൽക്കിനാവ്, രാഗമയൂരങ്ങൾ, തുടിച്ചു പതഞ്ഞു പൊങ്ങുന്ന ഹൃദയം, ചന്ദനച്ചാറു പൂശിയ വാക്കുകൾ, കൈതപ്പൂ മണമുള്ള കാറ്റ്, മഞ്ജു മനോജ്ഞം തുടങ്ങി എല്ലാം കവിതയിലുണ്ട്.  ഈ കവിത അച്ചടിച്ച് വന്നത് ഭാഷാപോഷിണിയിൽ ആണെന്നത് വിചിത്രമായി തോന്നി.

മലയാളം വാരികയിൽ ‘താണ്ടയുടെ ഉയിർപ്പ് ‘ എന്ന കവിത ബിജു റോക്കി രചിച്ചിരിക്കുന്നു. ഹൃദ്യങ്ങളായ ചില ബിംബങ്ങളെ നമുക്കിതിൽ കാണാം. കിണറ്റിൽ വീണ് കിടക്കുന്ന ആളിന്റെ കവിളോടൊട്ടി നിൽക്കുന്ന ഒരിലയെകുറിച്ച് കവി പറയുന്നത് ‘മക്കളാരും ഉമ്മവയ്ക്കാത്തതിനാൽ  കവിളിൽ മൊത്തി നിൽക്കുന്നു’ എന്നാണ്. കൈകളിൽ പായൽ മന്ത്രകോടിപോലെ പറ്റിയിരിക്കുന്നു, പിടിമൊന്തയിൽ നിന്ന് ആദ്യം വാർന്ന വെള്ളം തുടങ്ങിയ വരികൾ അവർ വിവാഹിതയായിരുന്നു എന്നതിന്റെയും മക്കളാരും ഉമ്മ വയ്ക്കാനില്ല, ആരോടും മിണ്ടാനില്ലാതെ വിണ്ടിരുന്ന ചുണ്ട് തുടങ്ങിയ പ്രയോഗങ്ങൾ കഥാപാത്രത്തിന്റെ ഏകാന്ത ജീവിതത്തിന്റെയും സൂചകങ്ങളാണ്. മേയ്‌ക്കമോതിരത്തിലെ ക്ലാവും വിങ്ങിവീർത്ത വെന്തിങ്ങയും മരണത്തിന്റെ അടയാളങ്ങളാകുന്നു. വായനയുടെ രസവും നൊമ്പരത്തിന്റെ ചെറുനീറ്റലുമാണ് ഈ കവിതയുടെ പ്രത്യേകത.

ജനയുഗം വാരാന്തത്തിൽ ഷീലാറാണി എഴുതിയ കവിത ‘കവിതയെഴുതുന്നവൾ’ കവിയുടെ മുൻ രചനകളിൽ നിന്നും ഒട്ടും വ്യത്യസ്‌തമല്ലെന്നു കാണാം. സ്ഥിരശൈലിയും വേറിടാത്ത വിഷയ സ്വീകരണവും കവിതയെ തെല്ലു ക്ഷീണിപ്പിക്കുന്നു. അരി വാർക്കുമ്പോൾ കവിതയെക്കുറിച്ചോർക്കുന്ന സ്‌ത്രീ, പച്ചക്കറിയരിയുമ്പോൾ കവിതയെ ചിന്തിച്ചു കൈമുറിക്കുന്ന സ്‌ത്രീ. ഇത്തരം സ്‌ത്രീകൾ സമൂഹ മാധ്യമങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്. ഷൈൻകുമാർ രചിച്ച ‘ലോല നിനക്കായ്’ പദ്‌മരാജൻ കഥയുടെ കടുകിട തെറ്റാത്ത പകർത്തെഴുത്ത് എന്നുപറയാം. കഥ ഒന്നുകൂടെ വായിക്കാൻ തോന്നിപ്പിക്കുന്നു എന്നതൊഴിച്ചാൽ പ്രത്യേകതയൊന്നുമില്ലാത്ത കവിത എന്നുതന്നെ പറയാം.

കവിതകളുടെ ബാഹുല്യം ഉണ്ടായിരുന്നെങ്കിലും, നല്ല  കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ട ആഴ്ച്ച എന്ന് പൊതുവെ കരുതാം.

-മിനി വിനീത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account