കവിതയുടെ കരുക്കൾ അഥവാ പദാർത്ഥങ്ങളാണ് കവിതാപദാർത്ഥം. ഈ പദാർത്ഥങ്ങൾ കവിത എന്ന പേരർഹിക്കുന്നത് ആസ്വാദക ചേതസ്സിനെ തൊട്ടുണർത്തും വിധം രസാത്‌മകമോ ഭാവാത്‌മകമോ ആവുമ്പോളാണ് (എം.ലീലാവതി).

ഇത്തരത്തിൽ, ആസ്വാദക മനസ്സിൽ അനുഭൂത്യാനന്ദങ്ങളുടെ ‘ഇരട്ടത്തരിപ്പ്’ സൃഷ്‌ടിച്ച ചില കവിതകൾ പോയ ആഴ്ച്ചയിൽ വായിക്കാൻ കഴിഞ്ഞു.

കാമുകന്റെ കയ്യിലെ കറുത്ത മറുകിൽ ചിത്രം വരയ്ക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ചിത്രശലഭം, ഉദയ സൂര്യൻ, ചിലപ്പോളൊക്കെ ഒരുസൂര്യകാന്തി. അവനൊരു ക്യാൻവാസായി മാറും. VT ജയദേവന്റെ കവിത ‘പച്ചകുത്ത്’ (മാധ്യമം) വായിച്ചപ്പോൾ ആ പെൺകുട്ടിയെ ഓർമിച്ചു. കവിതയെ ഹൃദയത്തിൽ പച്ചകുത്തിയിരിക്കുന്ന ജയദേവന്റെ ആത്മാംശം ഈ കവിതയിലുണ്ടെന്നു ഞാൻ കരുതുന്നു. പ്രണയവും കലഹവും രതിയും എല്ലാം കവിതയ്ക്കു സമർപ്പിച്ച ഒരാൾ അതുമായി എത്രത്തോളം ഇഴുകിച്ചേർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കവിത. അല്ലെങ്കിൽ തന്നെ ഇഴുകിച്ചേരൽ എന്നതിനെ വിളിക്കാമോ! ചുട്ടുപഴുത്ത ലോഹത്തിൽ ജലം വീണില്ലാതാകും പോലെ കവിതയുടെ ‘അദൃശ്യ ജലനീലിമയിൽ’ വീണുമറയുമ്പോഴുള്ള ആത്മസാക്ഷാത്ക്കാരം ഈ കവിതയിൽ ദൃശ്യമാണ്. റൂമിയുടെ കവിതകൾ പോലെ പ്രണയവും രതിയും ആത്മീയതയുടെ അപരവും, അദൃശ്യവുമായ ഭാവങ്ങളായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. കവിതയുടെ പ്രണയപ്പനിപിടിച്ച ഒരുവന്റെ ആത്മസഞ്ചാരം എന്നുതന്നെ ഈ കവിതയെ വിശേഷിപ്പിക്കാം. ‘കുനുകുനാ അക്ഷരങ്ങൾ കൊണ്ട്’ എഴുതുന്നത്  മാത്രമല്ല ‘തവിട്ടു മൺചുണ്ടുകൊണ്ടും’ കവിതയെഴുതാമെന്നു പറയുന്ന വരിയിൽ, കവിതയല്ലാത്തതായും ഇല്ലാത്തതായും ഈ പ്രപഞ്ചത്തിൽ ഒന്നുമില്ലെന്ന്‌ ചിന്തിക്കുന്ന കവിമനസ്സിനെ നമുക്ക് കാണാം.

‘ഉളിക്കുത്തേറ്റ ശിലയെന്ന് കടലാസ്സ് വിറയ്ക്കുന്നു’, ഹാ; എത്ര സുന്ദരമായ ബിംബാവതരണം. ഇവിടെ കടലാസ്സിനെ പ്രണയിനിയായി സങ്കൽപ്പിച്ചാൽ കവിയുടെ പ്രണയമാകുന്ന കവിത ഏറ്റുവാങ്ങാൻ അവൾ കാത്തിരിക്കുന്നു. തുടർന്ന് വരുന്ന വരികളിലെ ‘വിത്തുപൂഴ്ത്തിയ നനമണ്ണ്’, ‘പാൽനിലാവു നിറച്ച കടലാസ്സു കപ്പൽ’, ‘ചുഴലിക്കാറ്റിൽപ്പെട്ട ഒറ്റത്തെങ്ങ്’ തുടങ്ങിയവയെല്ലാം പ്രണയമഷി ചാലിച്ചെഴുതിയ മനോഹര രതി ബിംബങ്ങളാണ്. പ്രണയത്തിന്റെ ഉച്ചാവസ്ഥയെ ‘കവിത കൊണ്ട് കത്തുന്ന കടലാസ്സ്’ എന്ന പ്രയോഗം കൊണ്ട് കവി സൂചിപ്പിക്കുന്നു. നിർവൃതി വായനയുടെ ഉത്തുംഗത്തിൽ നിന്ന് വായനക്കാരനെ തള്ളിയിടും പോലെയുള്ള വരികളോടെയാണ് കവിത അവസാനിക്കുന്നത്.’പച്ചവെള്ളം നിറച്ച എഴുത്തുപേനയിൽ മഴവില്ലു വിരിഞ്ഞു എന്നല്ലാതെ, സ്വരൂപം പറയാനൊരാഖ്യാനമോ, ലോകോപകാരപ്രദമായൊരു ഗുണപാഠമോ ബാക്കിയായില്ല’ എന്ന വരി കവിയുടെ/കാമുകന്റെ  ഉള്ളിലെ അപകർഷതാ ബോധത്തിന്റെ പ്രതിഫലനമെന്നു തെറ്റിദ്ധരിക്കപ്പെടാം. ജീവിതത്തിന്റെയും പ്രണയത്തിന്റെയും നൈമിഷികതയെ പ്രതിഫലിപ്പിക്കാൻ മഴവില്ലിനോളം പാകമായ മറ്റെന്തുണ്ട്! ആഴ്ച്ചവായനയിലെ ഏറ്റം ഹൃദ്യമായ കവിത.

വെള്ളം ഒന്നാഞ്ഞൊഴുകിയപ്പോഴേക്കും തകർന്നടിഞ്ഞു പോയ അഹംഭാവങ്ങളുടെ സമകാലിക കാഴ്ച്ചയാണ് സെബാസ്റ്റ്യൻ രചിച്ച ‘അരിയിട്ടു വാഴ്ച്ച’. സ്വയം രാജാക്കന്മാരെന്നു നടിച്ചുനടന്നിരുന്ന നമ്മളെ സ്വപ്‌നത്തിൽ നിന്നുണർത്താൻ വലിയൊരു ദുരന്തം വേണ്ടി വന്നു. തകർന്നടിഞ്ഞുപോയവയ്ക്കിടയിൽ കുടുങ്ങിപ്പോയ ജീവിതത്തിന്റെ നിസ്സഹായത നന്നായി അവതരിപ്പിച്ചിരിക്കുന്ന കവിത. ജീവിതം എത്രയോ നിസ്സാരവും മനുഷ്യൻ എത്രയോ നിസ്സഹായനുമാണെന്ന സത്യത്തെ ‘ശ്‌മശാന ഭിത്തിപോലെ നീണ്ടുപോകുന്ന മാലിന്യ സാമ്രാജ്യത്തിലെ രാജാവായി ഞാൻ അഭിഷിക്തനായി’ എന്നിങ്ങനെ പറഞ്ഞിരിക്കുന്നു. ‘ഭാഷ രക്ഷതി’ എന്ന കവിത സ്റ്റാലിൻ രചിച്ചിരിക്കുന്നു. നെൽവയൽ സംരക്ഷണം, വികസനം എന്നിങ്ങനെ പരസ്‌പരം ചേരാത്ത രണ്ടു സമസ്യകളെകുറിച്ച് കവിത സംസാരിക്കുന്നു. ‘നാലുവരിപ്പാതയ്ക്കരികിൽ പഴയ പാടവരമ്പിനോരം തിരഞ്ഞ് തളർന്നുറങ്ങുന്ന കാറ്റ്’ തുടങ്ങിയ ഹൃദ്യ പ്രയോഗങ്ങൾ കവിതയിലുണ്ട്.

നടനും സംഗീതജ്ഞനുമായിരുന്ന ഹരിനാരായണൻ, പ്രശസ്‌ത തുമ് രി ഗായിക ഗിരിജാദേവിക്ക്‌ സമർപ്പിച്ചിരിക്കുന്ന കവിതയാണ് ‘തുമ് രി’. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഈ കവിത മരണത്തിനു ദിവസങ്ങൾ മുൻപ് ഹരിനാരായണൻ എഴുതിയതാണ്.ഗിരിജാദേവിയുടെ ഏറ്റവും പ്രശസ്‌ത ഗാനം കവിതയിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.

കെ.രാജഗോപാലിന്റെ കവിത ‘നോൺവെജ്’ ചില ഗൃഹാതുരതകളിലേക്കു വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.

‘കാളമൂട്ടിലെക്കഞ്ഞി-
ക്കോണാട്ടുകാരമണൽ
കാലുപൊള്ളിക്കെ പാള-
ചുറ്റിലേക്കിലതാഴ്ത്തി
പ്ലാവിലകോട്ടി കോരിക്കുടിച്ചു
പൊള്ളിപ്പോയനാവെ’ന്നു വായിക്കേ കവിതയിൽ നിന്നും ഇറങ്ങിവന്ന ആ ചൂട് വായനക്കാരന്റെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്നു. ONV കവിതകളുടെ വിദൂരഛായ ചിലയിടങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.

ദേശാഭിമാനി വാരികയിൽ ‘കരിങ്കൽ ചീളുകൾ’ KV രാമകൃഷ്‌ണൻ രചിച്ചിരിക്കുന്നു. അധികാരഗർവുകൾക്കു നേരെ ലക്ഷ്യവേധിയാകാനുള്ള സാധാരണക്കാരന്റെ ആഗ്രഹചിത്രീകരണം എന്ന് ഈ കവിതയെ വിശേഷിപ്പിക്കാം. അധികാരത്തിന്റെ കൈകൾ വട്ടംചുറ്റിപ്പിടിച്ച് വലംകൈ പിരിച്ചെടുക്കുമ്പോഴും ‘ഞാനിടം കൈയനാണല്ലോ’ എന്ന വിഫല പ്രതീക്ഷയും ഇതിൽ പങ്കുവയ്ക്കപ്പെടുന്നു.

മേഴ്‌സി TK യുടെ കവിത ‘അവൾ’ പതിവ് സ്‌ത്രീ ബിംബങ്ങളുടെ പുനരാവിഷ്‌കരണം മാത്രം. ‘വാക്കിനകത്തൂടെ’ എന്ന കവിത ആദിൽ മഠത്തിൽ രചിച്ചിരിക്കുന്നു. ഗൃഹാതുരതയുടെ പരിചിത ബിംബങ്ങളിലൂടെയുള്ള യാത്രയാണ് ഈ കവിത. ഇരുട്ട് നിറഞ്ഞ മുറി, അടുക്കളപ്പുറത്ത് ചോറ് വാരിത്തരുന്ന ഉമ്മ, അട്ടിവച്ച ചാക്കുകൾക്കിടയിലെ ഒളിച്ചുകളി, പഴുത്തമാങ്ങയുടെ മണം, മരപ്പടികൾ, തട്ടിൻപുറം തുടങ്ങിയവയെല്ലാം ഈ കവിതയിലും ഉണ്ട്. ഇത്തരം നഷ്‌ടസ്വപ്‌നങ്ങളിൽ തളച്ചിടപ്പെട്ട കവിമനസ്സിനെ ‘താഴേക്കിറങ്ങാനാവുന്നില്ലല്ലോ’ എന്ന വരിയിലൂടെ ഗംഭീരമായി വരച്ചിട്ടിരിക്കുന്നു.

വരാനിരിക്കുന്നതിതിനേക്കാൾ മധുരതരം എന്ന പ്രതീക്ഷയോടെ അടുത്ത ആഴ്ച്ചയിലേക്ക്…

-മിനി വിനീത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account