പ്രളയത്തോടനുബന്ധിച്ച് മാതൃഭൂമിയും മലയാളം വാരികയും പ്രത്യേക പതിപ്പുകൾ ഇറക്കിയപ്പോൾ കലാകൗമുദി പ്രളയ കവിതകൾ കൊണ്ട് പേജ് നിറച്ചു. PK ഗോപിയുടെ കവിത ‘കച്ചിത്തുരുമ്പുകളുടെ കപ്പൽ’ വിഷയവുമായി ഏറെ അടുത്തു നിൽക്കുന്നു. കച്ചിത്തുരുമ്പെന്ന് ആക്ഷേപിക്കുന്നവ ‘അക്കരെ കടക്കാനുള്ള കപ്പലായി’ പരിവർത്തനം ചെയ്യപ്പെടുന്ന മാന്ത്രികതയെ തെല്ലു ബഹുമാനത്തോടെ കവി സമീപിച്ചിരിക്കുന്നു. എല്ലാ മേഖലകളിലേക്കും കടന്നുചെന്ന പ്രളയജലത്തിന്റെ സഞ്ചാരത്തെ

‘മലയിടിച്ച്
ചുരമിടിച്ച്‌
രഹസ്യങ്ങളുടെ മതിലുപൊളിച്ച്
വാളിരിക്കും മാളിക തകർത്തെറിഞ്ഞ്’
എന്നീ വരികളിലൂടെ ഏറെക്കുറെ പ്രകടമാണ്. നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവരെ ‘കൂട് തകർന്നുപോയ കട്ടുറു’മ്പെന്നും പ്രകൃതിക്കു നേരെ വാളെടുക്കുന്ന വരേണ്യതയെ ‘ഉടയവന്റെ തിരുമുൻപിൽ ഉടമ്പടി തെറ്റിച്ചവരെന്നും’ കവി സംബോധന ചെയ്‌തിരിക്കുന്നു. പ്രളയത്തിനൊരു കവിത എന്നതിനേക്കാൾ ചില വിശ്വാസങ്ങളുടെ പ്രതിഫലന കവിത എന്ന് വിശേഷിപ്പിക്കാം.

‘നൊമ്പര ഭൂപടമെന്ന’കവിതയിൽ വിനു ശ്രീലകം പ്രളയത്തെ വിശേഷിപ്പിച്ചത് ‘ആടിത്തിമർത്ത ജലഭൂതം’ എന്നാണ്. ഇരുട്ട്‌ കയറിയ കണ്ണിൽ പ്രകൃതി വെളിച്ചം കൊണ്ട് നടത്തിയ ഓർമ്മപ്പെടുത്തൽ എന്ന് കൂടി കവി പറഞ്ഞിട്ടുണ്ട്.

‘കണ്ണീർ’ എന്ന കവിതയിൽ  ഗോമതി ദിവാകരൻ പ്രളയത്തിൽ നിന്ന് രക്ഷനേടാൻ ദൈവത്തിന്റെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നു. പ്രളയത്തിൽ മുങ്ങിപ്പോയ ദൈവങ്ങളെക്കുറിച്ച് പരാമർശിക്കാത്തിടത്തോളം കവി എന്ന നിലയിൽ നടത്തേണ്ടുന്നതായ  നീതിനിർവഹണത്തിൽ പരാജയപ്പെട്ട കവിത എന്ന് പറയാതെ തരമില്ല.

Dr ജെ ഉഷാകുമാരി രചിച്ച ‘നന്മതൻ ദീപം തെളിച്ചീടേണം’ എന്ന കവിതയും പ്രളയത്തെ വിഷയമാക്കിയിരിക്കുന്നു. പ്രളയമെന്നാൽ ‘പ്രകൃതിയുടെ കണ്ണുനീരെന്നു’ പറഞ്ഞ കവി ഇടി നാദത്തെ ‘പ്രകൃതിയുടെ ഗദ്‌ഗദം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിലെ ഔചിത്യം മനസ്സിലാവുന്നില്ല. ഗദ്‌ഗദം എന്ന വാക്കിന് അലർച്ച എന്നൊരു അർത്ഥം ഉള്ളതായി കേട്ടറിവില്ല. ഉണ്ടാവുമോ? ആരെങ്കിലും ഉത്തരം തന്നേക്കും. മന്ത്രിമാർ ഓടി വന്ന് നടത്തിയ മാധവ സേവയെന്നും  ഒരിടത്ത് പറഞ്ഞിരിക്കുന്നു. അർത്ഥം മനസ്സിലാക്കാൻ കവിയുടെ സാന്നിധ്യം വേണ്ടി വന്നേക്കാം.

ഇവയിൽ നിന്നെല്ലാം വേറിട്ട കവിതയാണ് സ്വപ്‌ന ശ്രീനിവാസൻ രചിച്ച ‘ഇന്ത്യൻ നിർമ്മിത വിദേശ വനിത’. മെലാനിൻ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന ആൽബിനിസം എന്ന രോഗാവസ്ഥയുടെ ഭീകരതയെ ലളിതമായും ശക്‌തമായും അവതരിപ്പിച്ചിരിക്കുന്നു. ‘വാൽഡറെമ പോലെ’ എന്ന വിശേഷണം തീർത്തും അനുയോജ്യം. രോഗിയുടെ അന്ധതയെ വിശേഷിപ്പിച്ചിരുന്ന വരികളും വളരെ നിലവാരം പുലർത്തുന്നു. രോഗിയേക്കാൾ വേദനിക്കുക ഒപ്പമുള്ളവരാകും എന്ന സത്യത്തെ വീണ്ടും ഓർമിപ്പിക്കുന്ന വരികളിലെ അച്ഛൻ വായനക്കാരന്റെ കണ്ണുനനയിക്കുന്നു. Black and white ഫോട്ടോയിൽ  നിഴൽ തെളിയാൻ മകളുടെ മുഖം അണിയിച്ചൊരുക്കുന്ന അച്ഛൻ നൊമ്പരക്കാഴ്‌ച്ചയാവുന്നിടത്ത് കവിത ഹൃദയത്തെ തൊടുന്നു. പോയ ആഴ്ച്ചയിലെ ഏറ്റവും ഹൃദ്യമായ കവിത എന്ന് ഞാൻ കരുതുന്നു.

-മിനി വിനീത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account