ആരാധകരെ ത്രസിപ്പിച്ച് തിയേറ്ററിനെ പ്രകമ്പനം കൊള്ളിച്ച മോഹൽലാലിൻ്റെ മാസ്സ് പ്രകടനം! നിവിൻ  പോളിക്കു പകരം താനാണ് കൊച്ചുണ്ണിയെങ്കിൽ ഗംഭീരമായേനെ എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിക്കുന്ന സണ്ണി വെയ്ൻ പെർഫോമൻസ്!

ഇത് രണ്ടും മാറ്റി നിർത്തിയാൽ ഒരു  നാലാംകിട തെലുങ്ക്   അടിപ്പടത്തിൻ്റെ  നിലവാരത്തിലുള്ള ഒരു തട്ടിക്കൂട്ട് പടമാണ് കായംകുളം കൊച്ചുണ്ണി.

നാൽപ്പത്തിയഞ്ച് കോടി മുടക്കിയെന്നത് ഒന്നുകിൽ പ്രൊമോഷന് വേണ്ടിയുള്ള തള്ള്, അല്ലെങ്കിൽ ഗോകുലം ഗോപാലനെ പറ്റിച്ചത് എന്ന് സിനിമ കാണുന്ന ആർക്കും തോന്നും. അതിൻറെ പകുതി പണം പോലും വേണ്ടി വരില്ല ഈ പടത്തിനെന്ന് അത്യാവശ്യം സിനിമ കാണുന്ന ആർക്കും മനസ്സിലാവും. പത്തു മാസമെടുത്താണത്രേ ഈ തിരക്കഥയെഴുതിയത്! റിസർച്ച് ടീമുണ്ടാക്കി ഗവേഷണം നടത്തിയത് കൂടാതെ തിരക്കഥാകൃത്തുക്കളും സ്വന്തമായി ഗവേഷണം നടത്തിയെന്ന് പറയുന്നു! അങ്ങനെയാണ്  ഈ സിനിമയുണ്ടാക്കിയതെങ്കിൽ എഴുത്തുകാരേ, സംവിധായകാ, മലയാള സിനിമയിലെ ഏറ്റവും വലിയ തോൽവിയാണു നിങ്ങൾ. മാന്യ നിർമ്മാതാവേ,  മലയാള സിനിമയിലെ കഴിവുള്ള പിള്ളേർക്കും പുതുമുഖങ്ങൾക്കും ഈ നാൽപ്പത്തഞ്ചു കോടി വീതിച്ചു കൊടുത്തിരുന്നെങ്കിൽ ഇതിലും ഭേദപ്പെട്ട പത്ത് സിനിമയെങ്കിലും കിട്ടിയേനെ.

ഐതിഹ്യത്തിൻ്റെ വരികൾക്കിടയിൽ വായിക്കുകയാണെന്ന് സിനിമ തുടങ്ങുമ്പോൾ മോഹൻലാലിൻ്റെ ശബ്‌ദത്തിൽ പറയിക്കുന്നുണ്ട് സംവിധായകൻ. എന്നാൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ  വിവരണം  ഉപരിപ്ലവമായി  വായിച്ച് അതിൽ തലങ്ങും വിലങ്ങും മസാല കുത്തി നിറച്ചതാണ് ഈ സിനിമ. മലയാളി പ്രേക്ഷകരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്‌തതാണ് ‘കാലാപാനി’യിൽ കളറ്  ചേർക്കാൻ കാരണമെന്ന് അക്കാലത്ത് പ്രിയദർശൻ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ്റെയും ബോബി, സഞ്‌ജയ്‌ എന്നീ  എഴുത്തുകാരുടെയും ധാരണ പ്രേക്ഷകർ എക്കാലത്തും നാലാംകിട നിലവാരം മാത്രമുള്ളവരാണെന്നാണ്!  അതുകൊണ്ടാണ് ഇങ്ങനെയൊരു  സിനിമയുടെ തുടക്കത്തിൽ തന്നെ ഐറ്റം ഡാൻസിട്ടു നമ്മുടെ മുഖത്തു തുപ്പുന്നത്. (ഐറ്റം ഡാൻസാടുന്ന പെണ്ണ് പതിവ് പോലെ സിനിമയിലെ നായകനെ തിരിച്ചറിഞ്ഞ് പുള്ളിയെ  മാത്രം വലിച്ചു കൊണ്ടുപോകുന്നത് കൂടെയാവുമ്പോൾ എൺപതുകളിലെ മസാലപടങ്ങൾ ക്ലാസ്സിക്കുകളാണെന്ന് പറയിപ്പിക്കും  കൊച്ചുണ്ണി).

നിവിൻ പൊളി എന്ന നടൻ മുൻപ് ചെയ്‌ത്‌ വിജയിപ്പിച്ച കഥാപാത്ര സവിശേഷതകളിലേക്ക് കൊച്ചുണ്ണിയുടെ സ്വഭാവത്തെ മാറ്റിയെടുക്കുകയാണ് ചെയ്‌തിട്ടുള്ളത്. അങ്ങനെയാണ് പ്രിയ ആനന്ദ് അവതരിപ്പിക്കുന്ന ജാനകി  എന്ന പെണ്ണിനെ മാത്രം പ്രേമിച്ച വിശുദ്ധനായി കൊച്ചുണ്ണി മാറിയത്. നാഴികക്ക് നാൽപ്പതു വട്ടം ‘ശൂദ്ര സ്‌ത്രീ’ എന്ന് പലരാൽ  വിളിക്കപ്പെടുന്ന അവളൊടൊത്തുള്ള പാട്ടു സീനിലെ വരികളും അവളുടെ മോഡേൺ ഉടയാടകളും മുടിയുമൊക്കെ  നല്ല രസാണ്. ഇടയ്ക്കിടെ ജാതിചിന്തക്കെതിരായ വിപ്ലവ ഡയലോഗുകൾ പറയിപ്പിച്ചു കയ്യടി നേടുന്നതിനിടെ കുറെ വെളുത്ത നിറമുള്ള നടിമാരെ മണ്ണും കരിയും പൂശി ദയനീയാവസ്ഥയിലുള്ള ‘ശൂദ്ര’ സ്‌ത്രീകളായി കാണിക്കുന്നുണ്ട്. എന്നാൽ നായികക്ക് മാത്രം ‘വെണ്ണ തോൽക്കുമുടലും’ ഒരു കൺ നോട്ടം കൊണ്ട് ആരെയും വീഴ്ത്താനുള്ള കഴിവുമുണ്ട്. (ഇല്ലേൽ കൊച്ചുണ്ണി വീണാലും നിവിനേട്ടൻ വീഴൂലല്ലോ). ഗവേഷണത്തിന്റെ ഭാഗമായി പഴശ്ശിരാജയൊക്കെ കണ്ട ആവേശത്തിലാവണം ബ്രിട്ടീഷ് സെറ്റപ്പൊക്കെ കൊണ്ടുവന്ന് ആർഭാടമാക്കിയത്. ഐതിഹ്യത്തിലെയും കേട്ടുകേൾവികളിലെയും കൊച്ചുണ്ണി എന്ന മനുഷ്യനെയും അയാളുടെ ജീവിതത്തെയും മരണത്തെയുമൊക്കെ തെലുങ്കു പടത്തിന്റെ തകരഡപ്പയിലിട്ട് അതിമാനുഷിക പരിവേഷമാക്കി നശിപ്പിച്ചു കളയാൻ ഈ സിനിമ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിവിൻ പൊളി എന്ന നടൻ മോശമില്ലാതെ പാരജയപ്പെടുന്നുമുണ്ട് കൊച്ചുണ്ണിയുടെ വേഷം  കെട്ടിയാടിയപ്പോൾ.

പശ്ചാത്തല സംഗീതം (ഗോപീ സുന്ദർ) സിനിമയുടെ പ്രമേയത്തിനു യോജിക്കാത്ത, എന്നാൽ സാധാരണ അടിപ്പടം എന്ന നിലയിൽ ഈ സിനിമയുടെ നിലവാരമുള്ള ബഹളങ്ങളാണ്. സൗണ്ട് എഫക്ടുകളെ, അവയ്ക്ക് പ്രാധാന്യമുള്ള ഇടങ്ങളിൽ പോലും പശ്ചാത്തല സംഗീതം കൊണ്ട് മുക്കിക്കളയുന്ന മിക്‌സിങ്ങും ഗംഭീര പരാജയമാണ്. കോടികൾ മുടക്കിയുണ്ടാക്കിയ സെറ്റുകളാണ് സിനിമയുടെ ഹൈലൈറ്റ്. ഒറ്റനോട്ടത്തിൽ തന്നെ സെറ്റാണെന്നും  തട്ടിക്കൂട്ട് പരിപാടിയാണെന്നും ആർക്കും മനസ്സിലാവും. ഒരു പെർഫെക്ഷനുമില്ലാത്ത കലാസംവിധാനം, യുക്‌തിയില്ലാത്ത വസ്‌ത്രാലങ്കാരം, സർവ്വസാധാരണമായ മേക്ക്‌ അപ്പ് എന്നൊക്കെയല്ലാതെ കോടികൾ വിലയുള്ള പ്രതിഭാ സ്‌പർശങ്ങളൊന്നും ആ മേഖലകളിൽ കാണാനില്ല. ‘ഗവേഷണം നടത്തി’ കണ്ടെത്തിയ ഇത്തിക്കര പക്കിയുടെ കോസ്റ്റ്യൂം എന്തായാലും കടൽക്കൊള്ളക്കാരെ വെല്ലുന്ന ഇന്റർനാഷണൽ  കിടുവാണ്.  കൊച്ചുണ്ണിയുടെ കഥയിൽ  സിനിമയ്ക്കു വേണ്ടി കൂട്ടിച്ചേർത്താണ് ഇത്തിക്കര പക്കിയുടെ  ഭാഗം. മുഴുവനും ഭാവനാ സൃഷ്‌ടി. പക്ഷേ,  ആവേശത്തോടെ സിനിമ കാണാൻ തുടങ്ങി പിന്നീട്  തണുത്തുറഞ്ഞു പോയ ആരാധകരെ  ഉണർത്തി ആവേശത്തിന്റെ കൊടുമുടിയിലേക്കുയർത്തുണ്ട് രംഗങ്ങൾ. മോഹൻലാലിന്റെ കിടിലൻ ഡ്രാമാറ്റിക് പെർഫോമൻസ്! മികച്ച ഷോട്ടുകളുമായി ഛായാഗ്രാഹകനും (ബിനോദ് പ്രധാൻ, നിരവ് ഷാ, സുധീർ പൾസാനെ – മൂന്നു പേരിൽ ആരാണാവോ ആ രംഗങ്ങൾ ചിത്രീകരിച്ചത്..?) രസകരമായി ഫൈറ്റ് മാസ്റ്ററും എഡിറ്ററും അവിടെ തിളങ്ങി നിൽക്കുന്നു. സംവിധായകനും എന്തെങ്കിലും സ്‌കിൽ അവകാശപ്പെടാനുണ്ടെങ്കിൽ അതവിടെ മാത്രം.

സിനിമ കണ്ടപ്പോൾ പോസിറ്റിവായി തോന്നിയ രണ്ടു കാര്യങ്ങളുണ്ട്. മോഹൻ ലാലിന് മലയാള വാണിജ്യ സിനിമയിൽ ഇനിയും പടവുകളുണ്ട്. അതിനുള്ള ഊർജ്ജവുമുണ്ട്. (നീരാളി പോലുള്ള വെറുപ്പിക്കൽസ് വഴി അദ്ദേഹം തന്നെ അത് നശിപ്പിക്കുന്നത് സഹിക്കുമ്പോഴും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.) സണ്ണി വെയ്ൻ എന്ന നടൻ മാർക്കറ്റിൽ മുൻപിലുള്ള മിക്ക യുവതാരങ്ങളെക്കാളുമൊക്കെ മിടുക്കനാണ്. ഈ സിനിമയുടെ ബഡ്‌ജറ്റിന്റെ പത്തിലൊന്നു മുടക്കിയാൽ കൊള്ളാവുന്ന സംവിധായകർക്ക് സണ്ണി വെയ്ൻ നായകനായ ഒറിജിനൽ ‘കായംകുളം കൊച്ചുണ്ണി’ നല്ല രീതിയിൽ ചെയ്യാൻ  പറ്റും.

(സിനിമ കണ്ടശേഷം ഐതിഹ്യമാലയിൽ ‘കായംകുളം  കൊച്ചുണ്ണി’ വായിച്ചു. ഇപ്പോഴും ഏത്ര  രസകരമാണ്! തിയേറ്ററിൽ ബോറടിച്ചിരുന്ന നിമിഷങ്ങളെ ഓർത്ത് സങ്കടപ്പെടുകയല്ലാതെ എന്ത് ചെയ്യാൻ..?)

ഉമേഷ് വള്ളിക്കുന്ന്

5 Comments
 1. Vipin 2 years ago

  soopper review…

 2. Anil 2 years ago

  Fantastic review….

  • Author
   Umesh Vallikkunnu 2 years ago

   Thank you very much❤

 3. Author
  Umesh Vallikkunnu 2 years ago

  Thank you very much❤

 4. James 2 years ago

  Wonderful review..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account