2017 ഡിസംബർ മാസത്തിന്‍റെ അവസാനം ശ്രദ്ധേയമായ നിരവധി രാഷ്‌ട്രീയ കവിതകള്‍ വായിക്കാന്‍ ലഭിച്ചു. ഇതില്‍ ചിലതൊക്കെ നേരത്തേ എഴുതിക്കഴിഞ്ഞതും കവിയരങ്ങുകളിലും മറ്റും വായനക്കാര്‍ പരിചയ
പ്പെട്ടു കഴിഞ്ഞതുമാവാമെങ്കിലും ഡിസംബർ മാസത്തിന്‍റെ അവസാനം അവയെല്ലാം പ്രസിദ്ധീകരണങ്ങളില്‍ ഇടംപിടിച്ചുകണ്ടു. കൂട്ടത്തില്‍ കവിതയെന്ന നിലയിലോ, കവിതയല്ല എന്ന നിലയിലോ ഏറെ വിവാദം സൃഷ്‌ടിച്ചതും ചര്‍ച്ച ചെയ്യപ്പെട്ടതും, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ‘ഇന്ത്യന്‍’ എന്ന രചനയാണ്. ഇത് കവിതയേ അല്ല എന്നും വൃത്തികേടാണ് എന്നും ഇങ്ങനെയാണോ കവിത എഴുതേണ്ടത് എന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്‍റെ പഴയ സല്‍പ്പേര് കളഞ്ഞുകുളിക്കുകയാണ് എന്നും മറ്റും പരാതിപ്പെട്ടവര്‍ നിരവധി പേരുണ്ട്. ഇതാണ് കവിത എന്നും ഇക്കാലത്ത് ഇങ്ങനെത്തന്നെയാണ് എഴുതേണ്ടത് എന്നും മറ്റൊരു കൂട്ടര്‍ അതിലുമേറെ ഉച്ചത്തില്‍ വാദിച്ചുകൊണ്ടിരിക്കുന്നു.

മലം നക്കിത്തിന്നുക, പോലീസുകാരുടെ ശുക്ലം ഭക്ഷിക്കുക തുടങ്ങിയ ‘ജുഗുപ്‌സാവഹമായ’ പ്രയോഗങ്ങളുടെ പേരിലാണ് ഒരു കൂട്ടര്‍ ചുള്ളിക്കാടിനെ കുറ്റപ്പെടുത്തുന്നെതെങ്കിൽ, ഇക്കാലത്ത് ദാരിദ്ര്യത്തേയും പട്ടിണിയേയും കുറിച്ച് ഇത്രയും ശക്തമായി പറഞ്ഞു എന്നതിന്‍റെ പേരില്‍ത്തന്നെ മറ്റൊരുകൂട്ടര്‍ ചുള്ളിക്കാടിനെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ കോടതിയും കൂട്ടില്‍ കയറിനില്‍ക്കുന്ന പ്രതിയും തമ്മിലുള്ള ഒരു കൊച്ചു സംഭാഷണമാണ് കവിത. ആധാര്‍ കാര്‍ഡ് റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്തതുകാരണം റേഷനരി കിട്ടാതെ നിരാധാരനായ പൗരനാണ് പ്രതി.

കോടതി: ആധാര്‍ കാര്‍ഡ് ഇല്ലേ?
പ്രതി: നിരാധാരനാണ്.
കോടതി: പേര്?
പ്രതി: ഇന്ത്യന്‍
…………………………..
കോടതി: പിതാവിന്‍റെ പേര്?
പ്രതി: മഹാത്മാഗാ ന്ധി
കോടതി: അതു രാഷ്‌ട്രപിതാവല്ലേ?
പ്രതി: വേറെ പിതാവുള്ളതായി അറിയില്ല
കോടതി: മാതാവ് ?
പ്രതി: ഭാരതമാതാവ്..
കോടതി: അനാഥനാണ് അല്ലേ?
പ്രതി: അല്ല. രക്ഷാകര്‍ത്താവുണ്ട്. രാഷ്ട്രപതി.
……………………………
പ്രതി: ഓര്‍മ്മകള്‍ തുടങ്ങുമ്പോള്‍ ഞാന്‍
റെയില്‍പ്പാളത്തിലെ മലം നക്കിത്തിന്നുകയാണ്.

റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സൗജന്യറേഷന്‍ കിട്ടിയിരുന്നില്ല എന്നാണ് പ്രതിയുടെ വിശദീകരണം. വിശപ്പു സഹിക്കാനാവാതെ, ചത്ത മൃഗത്തെയും, നിവൃത്തിയില്ലാതെ ചിലേപ്പാള്‍ മണ്ണും മറ്റുചിലപ്പോള്‍ മനുഷ്യമലവും  തിന്നുപോകുന്ന ഏതൊരു ഇന്ത്യക്കാരനും ഈ കവിതയിലെ പ്രതിയാവാം. പകല്‍ പഴത്തൊലിയും രാത്രി പോലീസുകാരുടെ ശുക്ലവും ഭക്ഷിച്ചിരുന്നുഎന്നു പറയുന്നതുകൊണ്ട് പ്രതി സ്‌ത്രീയാവാനാണ് കൂടുതല്‍ സാധ്യത. ഇങ്ങനെയുള്ള മനുഷ്യര്‍ ഈ ഡിജിറ്റല്‍, മണിലസ് ഇന്ത്യയില്‍ ഇപ്പോഴും ഉണ്ടാകുമോ എന്ന് ഭരണാധികാരികള്‍ക്കു സംശയം തോന്നാം. പക്ഷേ ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ധാരാളമായി സഞ്ചരിച്ച അനുഭവമുള്ളതുകൊണ്ട് , ബാലച ന്ദ്രന്‍ ചുള്ളിക്കാടിന് അത്തരമൊരു സംശയമേ ഉണ്ടാവാന്‍ സാധ്യതയില്ല . റെയില്‍വേസ്റ്റേഷന്‍ മൈതാനിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന മതപ്രഭാഷകനെ കുത്തിക്കൊന്നു എന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു എന്നാണ്, പ്രതിക്കെതിരെ വിധി പറഞ്ഞ, കോടതിയുടെ നിരീക്ഷണം. മതാചാര്യന്മാര്‍ സ്‌ത്രീപീഡകരും ബലാത്സംഗികളുമായി ജ്ഞാനസ്‌നാനം ചെയ്യപ്പെടുന്ന പുതിയ ഇന്ത്യയില്‍, ഏതു മതത്തില്‍പ്പെട്ട സ്‌ത്രീയും, കോടതി പറഞ്ഞ ഈ കുറ്റം ചെയ്‌തുപോവാന്‍ സാധ്യതയുണ്ട്. ഭാരതമാതാവ് എന്നു പറഞ്ഞതുകൊണ്ട് പ്രതി ഹിന്ദുതന്നെ എന്ന് ഉറപ്പിക്കാന്‍ വരട്ടെ. രക്ഷാകര്‍ത്താവ് രാഷ്‌ട്രപതി എന്നു പറയുന്നേടത്തെ ഹാസ്യവും വിരുദ്ധോക്തിയും സൂക്ഷിച്ചു വായിച്ചാല്‍ ഭാരതമാതാവ് എന്ന പ്രയോഗം പോലും, പറഞ്ഞതില്‍നിന്നു പറയാത്ത അര്‍ത്ഥത്തിലേയ്ക്കു നയിക്കും.

ഇത്ര അറയ്ക്കുന്ന രീതിയിലൊക്കെ ഭാഷ ഉപയോഗിച്ചുകൊണ്ട് കവിതയെഴുതാമോ എന്നു ന്യായമായും ചോദിക്കാം. മനോഹരമായി വൃത്തവും താളവും പാലിച്ചുകൊണ്ട്, ബിംബഭാഷയുടെ മുറുക്കം ഒട്ടും
ചോര്‍ന്നുേപോകാതെ നിരവധി കവിതകള്‍ മലയാളത്തിനു സമ്മാനിച്ച ചുള്ളിക്കാട് എന്തുെകൊണ്ട് ഒട്ടും കാവ്യാത്മകമല്ലാത്ത പരുക്കന്‍ ഭാഷയില്‍ ഒന്നും ഒളിച്ചുവയ്ക്കാതെ നേരിട്ട് കാര്യം വിളിച്ചുപറയുന്നു എന്നും നമുക്ക് ന്യായമായും സംശയിക്കാം. പക്ഷേ, എഴുതിയതിന്‍റെയും വരച്ചതിന്റെയും പറഞ്ഞതിന്റെയും ചിന്തിച്ചതിന്റെയും ഭക്ഷിച്ചതിന്‍റെയുമൊക്കെ പേരില്‍ മനുഷ്യര്‍ ദിവസേന കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്തോട് ധീരമായി പ്രതികരിക്കാന്‍ ഭരണാധികാരികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന ഭാഷതന്നെയാണ് ആയുധമാക്കേണ്ടത് എന്നു കരുതിയാലും തെറ്റില്ല. കാരണം, ഓരോ കാവ്യബിംബവും കവിക്ക് അല്‍പ്പനേരത്തേയ്ക്ക്, അഥവാ അല്‍പ്പകാലത്തേയ്ക്ക്, ഒളിച്ചിരിക്കാനുള്ള ഇടമായി മാറും. അങ്ങനെയിരിക്കെ, ആ സൗജന്യം വേണ്ടെന്നുവെക്കാനുള്ള ധീരതപോലും ഒരു കലാപമാണ്. ഭരണകൂടത്തിനെതിരെയുള്ള വിപ്ലവപ്രവര്‍ത്തനംതന്നെയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ‘അന്നം’ എന്നൊരു കവിത ചുള്ളിക്കാട് എഴുതിയിട്ടുണ്ടല്ലോ. അതും മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ത്തന്നെയാണ് പ്രസിദ്ധീകരിച്ചത് എന്നു തോന്നുന്നു. ഒട്ടിയ വയറുമായി ഒരു ഉച്ചനേരം, തൃശ്ശിവപേരൂര്‍ പൂരപ്പറമ്പും കടന്ന് ചുള്ളിക്കാട് വൈലോപ്പിള്ളിയുടെ വീട്ടിലേയ്ക്കു കടന്നു ചെല്ലുകയാണ്. ഇത്തിരി ചോറും മോരും ഉപ്പിലിട്ടതും മഹാകവി ആ വിശന്നു കണ്ണുകാണാത്ത യുവകവിക്കു വിളമ്പിക്കൊടുത്തു. ആര്‍ത്തിപിടിച്ച് ആ യുവാവ് ഉണ്ണുന്നതും നോക്കി നില്‍ക്കുമ്പോള്‍ വൈലോപ്പിള്ളി അറിയാതെ പറഞ്ഞുപോകുന്നു,

ആരുപെറ്റതാണാവോ പാവമിച്ചെറുക്കനെ
ആരാകിലെന്ത്? അപ്പെണ്ണിന്‍ ജാതകം മഹാ കഷ്‌ടം!

എന്ന്. ‘ബാഹുകജന്മം ഉന്തിക്കഴിക്കും അവിടുത്തെ ജാതകം മഹാകേമം!’ എന്ന് ഉരുളയ്ക്കുപ്പേരിപോലെ മനസ്സില്‍ മറുപടി പറയുന്നുണ്ട്, ചോറുവാരിത്തിന്നുന്നതിന്നിടയ്ക്ക് ആ പട്ടിണിക്കോലം. പക്ഷേ അത് മനസ്സിലാണ്, പുറത്തേയ്ക്കു പറയുന്നില്ല.

കൂടല്‍മാണിക്യത്തിലെസ്സദ്യ നീയുണ്ടിട്ടുണ്ടോ?
പാടിഞാന്‍ പുകഴ്ത്താം കെങ്കേമമപ്പുളിങ്കറി..

എന്നായി വൈലോപ്പിള്ളി. അപ്പോള്‍ ആ ചെറുപ്പക്കാരന്റെ മുന്നില്‍നിന്ന് വൈലോപ്പിള്ളി മാഞ്ഞുപോയി. മറ്റൊരു രംഗം മുന്നില്‍നിന്നു. അതോര്‍ത്തുകൊണ്ട് അയാള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

വംഗസാഗരത്തിന്‍റെ കരയില്‍, ശ്‌മശാനത്തില്‍
അന്തിതന്‍ ചുടല വെന്തെടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍, മരിച്ചവര്‍ക്കന്തിമാന്നമായ് വെച്ച
മണ്‍കലത്തിലെച്ചോറുതിന്നതു ഞാനോര്‍ക്കുന്നു
മിണ്ടിയില്ലൊന്നും ചെന്നു തന്‍ ചാരുകസാലയില്‍
ചിന്തപൂവിടുന്നു കിടന്നൂ, കുറച്ചിട
ഇന്നെനിക്കറിയാം അക്കിടപ്പിലുണര്‍ന്നില്ലേ
അങ്ങതന്നുള്ളില്‍ജ്ജഗദ്ഭക്ഷകനാകും കാലം!

എന്നാണ് ‘അന്നം’ അവസാനിക്കുന്നത്. കൂടല്‍മാണിക്യത്തിലെ സദ്യയുടേയും, അവിടത്തെ പുളിങ്കറിയുടേയും കേമത്തം പറയുന്ന വൈലോപ്പിള്ളിയോട്, കാശിയുടെ കരയില്‍, മരിച്ചവര്‍ക്ക് ബലിയിട്ടതിന്‍റെ ബാക്കിയായി മണ്‍കലത്തില്‍ അവശേഷിച്ച ചോറുതിന്നതാണ് താന്‍ ഓര്‍ക്കുന്നത് എന്നു പറയുന്നതിലെ ധിക്കാരം ചുള്ളിക്കാടിന്‍റെ മുഖമുദ്രയാണ്. അതിലേറെ, അപ്പറഞ്ഞത് സത്യവുമാണ്. എല്ലാനേരവും കൃത്യമായി ഭക്ഷണംകഴിക്കാന്‍ കോപ്പുള്ള ഭക്തന്മാര്‍ക്ക് കൂടല്‍മാണിക്യത്തില്‍നിന്നു കിട്ടുന്ന സദ്യ എത്രമാത്രം സ്വാദിഷ്ഠമായി അനുഭവപ്പെടുമോ, അതിനേക്കാള്‍ സ്വാദോടുകൂടിത്തന്നെയാകും ദിവസങ്ങളോളം പട്ടിണികിടക്കുന്ന മനുഷ്യന്‍ കാശിയിലെ ചുടലപ്പറമ്പില്‍ ബലിച്ചോറിന്‍റെ ബാക്കി വാരിത്തിന്നിട്ടുണ്ടാവുക. ആ സത്യം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാവും വൈലോപ്പിള്ളി ഒന്നും മിണ്ടാതെ തന്‍റെ ചാരുകസാലയില്‍ കിടന്നുപോയിട്ടുണ്ടാവുക. ആ കിടപ്പില്‍ മഹാകവിയുടെ ഉള്ളില്‍ ജഗദ്ഭക്ഷകനാകും കാലം ഉണര്‍ന്നിട്ടുണ്ടാകും എന്ന് ‘അന്ന’ത്തിന്‍റെ കവിക്കറിയാം. ഇവിടെ, ചുടുകാട്ടില്‍ തന്‍റെ ജടയും മുടിയും ചിതറിത്തെറിക്കുന്ന തരത്തില്‍ താണ്ഡവനൃത്തംചെയ്യുന്ന ശിവരൂപം തെളിഞ്ഞുവരുന്നുണ്ടല്ലോ. പട്ടിണി കിടക്കുന്നവന്‍തന്നെയാണ് പരമശിവനായി ഉയിര്‍ത്തെഴുന്നേറ്റ് ‘അന്ന’ത്തില്‍ താണ്ഡവനൃത്തമാടുന്നത്.

‘അന്ന’ത്തില്‍ വൈലോപ്പിള്ളിയും ചുള്ളിക്കാടും മുഖത്തോടുമുഖം നില്‍ക്കുന്നതുപോലെയാണ് ‘ഇന്ത്യന്‍’ എന്ന കവിതയില്‍ കോടതിയും പ്രതിയും നില്‍ക്കുന്നത്. വരേണ്യശീലങ്ങൾ അയവിറക്കിയിരിക്കുന്ന
മഹാകവിയുടെ സ്വപ്‌നങ്ങളുടെ ചില്ലുകൊട്ടാരത്തിലേയ്ക്ക് കല്ലെടുത്തെറിയാനും വൈലോപ്പിള്ളിയെ ഉണര്‍ത്താനും ബലിച്ചോറിന്‍റെ ബാക്കിതിന്ന ഓര്‍മ്മകള്‍ മതിയായിരുന്നു. പക്ഷേ, അത്രവേഗം ഉണരുന്നവരല്ല, ഇന്ന് പ്രതിയുടെ മുന്നില്‍നില്‍ക്കുന്ന കോടതിയും ഭരണകൂടവും. വൈലോപ്പിള്ളിയുടെ സര്‍ഗ്ഗാത്മകഹൃദയം അവരില്‍നിന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.. അതുകൊണ്ട് കാശിയിലെ ശ്‌മശാനത്തില്‍, ബന്ധുക്കള്‍ മരിച്ചവര്‍ക്ക് അന്തിമാന്നമായി വെച്ച ബലിച്ചോറിനുപകരം മലവും ശുക്ലവും വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ഭരണകൂടത്തേയും നീതിന്യായ വ്യവസ്ഥയേയും ഉണര്‍ത്താന്‍ തന്നെയാണ് ‘ഇന്ത്യന്‍’ എന്ന കവിതയിലും ചുള്ളിക്കാട് ശ്രമിക്കുന്നത്. പക്ഷേ, ജഗദ്ഭക്ഷകനാകുന്ന കാലത്തെക്കുറിച്ച് അവരെ ഓര്‍മ്മിപ്പിക്കാന്‍ ഈ മലത്തിനും ശുക്ലത്തിനുമൊന്നും കഴിയില്ല എന്നതാകുന്നു പുതിയ കാലത്തെ ധര്‍മ്മസങ്കടം.

അമൃത കേളകം, മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിതയാണ്, ‘തിരിച്ച് ചില അറിവുകള്‍’. വെയിലും മഴയും ഒരുമിച്ചുവന്നാല്‍ കുറുക്കന്‍റെ കല്യാണം എന്നൊരു സങ്കൽപ്പമുണ്ടല്ലോ നമുക്ക്. കുറസോവയുടെ ഒരു സിനിമയിലും ഇതേ സങ്കൽപ്പം ആവര്‍ത്തിക്കുന്നതു കണ്ടു. അമൃതയുടെ കവിതയില്‍ പ്രണയത്തിനൊടുവില്‍ വെയിലും മഴയും കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയാണ്. വീടില്ല, നാടില്ല, വീട്ടുകാരില്ല, നാട്ടുകാരില്ല, വെയിലു വെയിലായും മഴ മഴയായും തന്നെയാണ് കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നത്. പക്ഷേ, വെയില് എന്നും വെയിലാണെന്നും മഴ എന്നും മഴയാണെന്നും, കുറുക്കന്‍ കുറുക്കനേ ആകൂ എന്നും, അവര്‍ ഒരുമിച്ചുചേരാൻ ആഗ്രഹിച്ചുകൊണ്ടുള്ള സ്വപ്‌നങ്ങള്‍ക്ക് ആയുസ്സില്ല എന്നും തിരിച്ചറിയുകയാണ് കവിതയില്‍. ഇത് പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള കവിതയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും ഇതൊരു രാഷ്‌ട്രീയകവിതതന്നെ.

സാലിം സാലി എഴുതിയ ‘ഗോഡ്‌സെ നഗരം’ എന്ന കവിത ഒരേ ആഴ്ച്ച രണ്ടു  വാരികകളിലാണ് അച്ചടിച്ചുവന്നത്. ചന്ദ്രികയിലും മാധ്യമത്തിലും.

സ്വാതന്ത്ര്യത്തിനുശേഷം
ഒരു വെടിയൊച്ച കേട്ടു.
സംശയിക്കേണ്ട
ഗാന്ധി സ്റ്റേഷനില്‍നിന്നൊരു തീവണ്ടി
ഗോഡ്‌സെ നഗരത്തിലേയ്ക്കു പുറപ്പെടുകയാണ്.
അസ്ഥികള്‍ വിളയുന്ന വയലിലൂടെ
തുളവീണ ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ
ഗുജറാത്തിന്‍റെ മേനിയിലൂടെ
ചൂളംവിളിച്ചുകൊണ്ട് അത് കടന്നുപോവുന്നു.
ഇന്നോളം ഒരു തീവണ്ടിയും
ഇതുപോലെ കുതികൊണ്ടിട്ടില്ല.

ഇടയ്ക്കിടെ തീവണ്ടി ഉള്‍ക്കാടുകളില്‍ അപ്രത്യക്ഷമാകുകയും, പിന്നീട് ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങളോടെ ഗുഹാമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ബോഗികളിലേറെയും രാജ്യദ്രോഹികളാണ് എന്ന് കവിത സാക്ഷ്യപ്പെടുത്തുന്നു. കര്‍ഷകര്‍, ദളിതര്‍, എഴുത്തുകാര്‍, പ്രഭാഷകര്‍ തുടങ്ങിയവരെല്ലാം പുതിയ കാലത്ത് രാജ്യദ്രോഹികളാകുന്നതിനെ സാലിം സലിം കവിതയിലേയ്ക്ക് ആവാഹിക്കുന്നുണ്ട്. ബോഗികളിലും അടുക്കളയിലുമൊക്കെ നിരന്തരം ടി.ടി.ആര്‍. കയറിയിറങ്ങി പരിശോധന നടത്തുകയാണ്. യൂണിഫോം  ധരിക്കാത്തവരെയാണ് തീവണ്ടിയില്‍നിന്ന് ഇറക്കിവിടുന്നത്. ഇറക്കിവിടുന്നത് പാക്കിസ്ഥാനിലേയ്ക്കാവാം എന്ന് കവിത പറയുന്നില്ല. എങ്കിലും പറയാതെ പറയുന്നു. ഒടുവില്‍ തീവണ്ടി ഗോഡ്‌സെ നഗരത്തില്‍ എത്തിത്തുടങ്ങിയിരിക്കുന്നു എന്ന് കവിത വിളംബരം ചെയ്യുന്നു.

പാളം തെറ്റിപ്പോവുമോ എന്നു പേടിച്ച് വഴിയോരത്തു പിടിച്ചിടുകയും, തമ്മില്‍ കൂട്ടിമുട്ടുമോ എന്നു കരുതി വൈകി എത്തുകയും ചെയ്യുന്ന സബര്‍മതി എക്‌സ്‌പ്രസ്സിനെയും കാത്ത് ഇനി നമ്മള്‍ മുഷിഞ്ഞിരിക്കേണ്ടതില്ല എന്നു പറഞ്ഞ് കവിത അവസാനിക്കുമ്പോള്‍, സബര്‍മതി എക്‌സ്‌പ്രസ് എന്ന ആ പേര് നമ്മുടെ സ്വാതന്ത്ര്യസമരത്തിലേയ്ക്കും മഹാത്മാഗാന്ധിയിലേയ്ക്കും ഇന്ത്യയുടെ മതനിരപേക്ഷതയിലേയ്ക്കുമൊക്കെ വേരുകള്‍ നീട്ടുന്ന വടവൃക്ഷമായി വളരുന്നു.

ഇന്ത്യയുടെ വര്‍ത്തമാന രാഷ്‌ട്രീയത്തിലേയ്ക്ക് വേരിറക്കുന്ന കവിതയാണ് വീരാന്‍കുട്ടി മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച ‘പരിശീലന’ വും.

പാമ്പിന്‍റെ ഇഴച്ചിലിനെ മാതൃകയാക്കൂ,
അതിന്‍റെ പടംവിരിക്കലിനെ അവഗണിക്കൂ.
തോട്ടി ചാരിയശേഷമുള്ള
ആനയുടെ ക്ഷമയില്‍നിന്നു പഠിക്കൂ.
അതിന്‍റെ മദപ്പാടിനുനേരെ കണ്ണടയ്ക്കൂ.
വാലാട്ടിയുള്ള നായയുടെ വണക്കം കാണൂ,
അതിന്‍റെ കുരയെ ഓര്‍ക്കാതിരിക്കൂ.
കഴുതയുടെ മുന്നിലെ വഴിമാത്രം കാണൂ.
ചുമടിനെ മറക്കൂ.

എന്നൊക്കെ വായിക്കുമ്പോള്‍ കുട്ടികളുടെ സ്വഭാവരൂപീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒരു സാധാരണ രചന എന്നേ തോന്നു…

അങ്ങനെ പടിപടിയായി പരിശീലിക്കൂ,
നേരെ നില്‍ക്കേണ്ടപ്പോൾ കുനിയൂ,
കുനിയാന്‍ പറഞ്ഞാല്‍ വീഴൂ..
വീണശേഷം ഇഴയൂ.
അനുസരണയുള്ള പൗരനായി മാറാനുള്ള യജ്ഞത്തില്‍
ഒരുമിച്ചു പങ്കാളിയാകൂ.

എന്ന് കവിത അവസാനഭാഗത്തെത്തുമ്പോള്‍, ‘ പരിശീലന’ ത്തോടൊപ്പം വാരികയില്‍ ചേര്‍ത്ത അമ്പിന്‍റെ ചിത്രംപോലെ ഏകാഗ്രവും ലക്ഷ്യവേധിയുമായ മൂര്‍ച്ചയാകുന്നു വീരാന്‍കുട്ടിയുടെ കവിത. അഭിപ്രായം പറയുമെന്ന് നാം പ്രതീക്ഷിച്ചിരുന്നവര്‍, ഒരുപക്ഷേ, ഒരുവരി പ്രസ്‌താവനകൊണ്ട് വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിയുമായിരുന്നവര്‍, മൗനം പാലിക്കുന്നതിന്‍റെയും, നേരെ നില്‍ക്കും എന്നും നാം പ്രതീക്ഷിച്ച പല വലിയ ബിംബങ്ങളും കുനിഞ്ഞുകിടക്കുന്നതിന്‍റെയും അനുഭവത്തില്‍നിന്നുകൊണ്ടാണ് വീരാന്‍കുട്ടിയുടെ ‘ പരിശീലനം’ ആരംഭിക്കുന്നത്.

4 Comments
 1. Vishnu 3 years ago

  മനോഹരം… ഈ കുറിപ്പ്

 2. Sudhakaran 3 years ago

  wonderful note…

 3. Baburaj 3 years ago

  സത്യസന്ധമായ എഴുത്തിനും തുറന്നു പറച്ചിലിനും അഭിവാദ്യങ്ങൾ

 4. രാജൻ കൈലാസ് 3 years ago

  നല്ല അവലോകനം.
  ..ശക്തമായ കവിതകളെ അവയുടെ ആത്മാവിൽ തൊട്ട് എഴുതിയിരിക്കുന്നു..!!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account