കഴിഞ്ഞ ആഴ്ച്ച അച്ചടിമാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമായി ഞാന്‍ വായിച്ച കവിതകളുടെ കൂട്ടത്തില്‍നിന്ന് എന്നെ വായിച്ച ചില കവിതകളെക്കുറിച്ചാണ് കാഴ്ച്ചവെട്ടത്തില്‍ പറയുന്നത്.

മനുഷ്യര്‍ക്ക്   ദൈവത്തെക്കുറിച്ച്‌ നിരവധി പരാതികളുണ്ട്. ദൈവത്തിന്  മനുഷ്യരെക്കുറിച്ചും അതിലേറെ കാണും. അതെന്തൊക്കെയാണെന്ന് നമുക്കുപക്ഷേ അറിയാന്‍ വഴിയൊന്നുമില്ല. ദൈവജ്ഞരെന്ന് അവകാശപ്പെടുന്ന മനുഷ്യര്‍ പറയുന്നത് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. പക്ഷേ ഒരിക്കല്‍ ദൈവവും മനുഷ്യനും നേരില്‍ കണ്ടാലോ? ങ്ങനെയൊരവസ്ഥയെക്കുറിച്ചാണ് ഉറുദു കവി, മുഹമ്മദ് ഇഖ്ബാല്‍ രചിച്ച്, വി രവികുമാര്‍ മൊഴിമാറ്റം നടത്തിയ ‘മനുഷ്യനും ദൈവവും’ എന്ന കവിത. (മൂന്നു മുറിവുകള്‍, ഐറിസ് ബുക്‌സ്).

‘ഒരേ മണ്ണും ജലവും കൊണ്ട് നാം ഈ ലോകം സൃഷ്‌ടിച്ചു. നീയതിനെ ഇറാനും താര്‍ത്താരിയും നുബിയായുമാക്കി, പൊടിയില്‍നിന്നു നാം കറ പുരളാത്ത ഇരുമ്പയിര് സൃഷ്‌ടിച്ചു. നീയതിനെ വാളും വില്ലും തോക്കുമാക്കി, മരത്തെ വീഴ്ത്താന്‍ മഴുവാക്കി, പാടുന്ന കിളിയെ തടവിലാക്കാന്‍ കൂടുമാക്കി’ ‘എന്നൊക്കെ, സമാധാന സ്‌നേഹിയും പ്രകൃതിസ്‌നേഹിയുമായ ഒരു പരിസ്ഥിതിവാദിയുടെ സ്വരത്തിലാണ് ദൈവം മനുഷ്യനെ വിമര്‍ശിക്കുന്നത്. എന്നാല്‍ ദൈവം സൃഷ്‌ടിച്ചതിനെ താന്‍ എത്രമാത്രം മഹത്തരമാക്കി എന്നു തന്‍റെ ഭാഗം സമര്‍ത്ഥിക്കാന്‍ മനുഷ്യന് ദൈവത്തേക്കാള്‍ കൂടുതല്‍ ന്യായീകരണങ്ങള്‍ നിരത്താനുണ്ട്.

‘നീ രാത്രി സൃഷ്‌ടിച്ചു, ഞാനതില്‍ വിളക്കു കൊളുത്തിവെച്ചു. നീ കളിമണ്ണു സൃഷ്‌ടിച്ചു ഞാനതിനെ ചഷകമായി മെനഞ്ഞു. ചതുപ്പുകളും മലകളും കാടുകളും നീ സൃഷ്‌ടിച്ചതില്‍ തോപ്പുകളും പൂത്തടങ്ങളും ഉദ്യാനങ്ങളും ഞാന്‍ വിരിച്ചു. കല്ലുരച്ചു കണ്ണാടിയാക്കിയതു ഞാന്‍. വിഷത്തില്‍നിന്ന് അമൃതെടുത്തതും ഞാന്‍’ എന്ന്, ദൈവത്തേക്കാള്‍ കാവ്യാത്മകമായും യുക്തിഭദ്രമായും തന്‍റെ ഭാഗം ന്യായീകരിക്കാന്‍ മനുഷ്യനു കഴിയുന്നുണ്ട്.

പ്രകൃതിയിലെ അസുരവിത്തായിട്ടാണല്ലോ പരിസ്ഥിതിസ്‌നേഹികളിലെ മൗലികവാദികള്‍ മനുഷ്യചരിത്രത്തേയും അതിലൂടെ സാധ്യമായ ശാസ്‌ത്രീയനേട്ടങ്ങളെയും സാമൂഹ്യവികസനത്തെയുമൊക്കെ പലപ്പോഴും കാണാറുള്ളത്. എന്നാല്‍, മാനവികതയ്ക്ക് സര്‍ഗ്ഗാത്മകമായ മറ്റൊരു നിര്‍വചനം സാധ്യമാണെന്നു കാണിച്ചു തരികയാണ് ‘മനുഷ്യനും ദൈവവും’ എന്ന കവിത. ആ അര്‍ത്ഥത്തില്‍, വയലാര്‍ രാമവര്‍മ്മയുടെ സഹോദരനാണ് മുഹമ്മദ് ഇഖ്ബാല്‍ എന്നു പറയാം.

കാമുകന് കാമുകിയെ കാണുമ്പോള്‍ എന്തൊക്കെ ആഗ്രഹങ്ങളാവും ഉണരുക? പൊന്നേ, കരളേ, എന്ന വിളിയൊക്കെ സുപരിചിതം. കടിച്ചുതിന്നോട്ടേ, കോരിക്കുടിച്ചോട്ടേ, തുടങ്ങി പലതും നമുക്കു പരിചിതമാണ്. ‘നിന്നെ ഞാനെടുത്തങ്ങ് ഉടുക്കട്ടേ…?’ എന്നാണ് ബൃന്ദയുടെ ‘തുണി’ എന്ന കവിതയില്‍, കാമക്രന്ദനത്തോടെ അവന്‍ മുരളുന്നത്. (ദേശിംഗനാട് കവിതകള്‍. എഡിറ്റര്‍ കൊല്ലം മധു. യുവമേള പബ്ലിക്കേഷന്‍സ്) അപ്പോള്‍ അവള്‍ വെറുമൊരു തുണിയായി മാറി എന്നും, അവളുടെ വെളുത്തു മിനുത്ത ശരീരച്ചന്തങ്ങളും ഇളവാര്‍ന്ന ഒടിവുകള്‍ നീണ്ട കേശഭാരവും കുലീനമായ നഗ്‌നതയും പെട്ടെന്നിരുണ്ടു നരച്ചു വെളുത്ത് ജീര്‍ണതബാധിച്ചു ചുളിഞ്ഞുണങ്ങി എന്നും, ഇപ്പോള്‍ അവള്‍ക്കുപകരം ഒരു പഴന്തുണിക്കഷണം എന്നും ബൃന്ദ നിരീക്ഷിക്കുന്നു. കാവ്യകേളി എന്ന ഗ്രൂപ്പില്‍നിന്നാണ് ഈ കവിത വായിച്ചത്. പുരുഷന്‍ എന്താഗ്രഹിക്കുന്നുവോ അതായി മാറുക എന്നതാണല്ലോ പരമ്പരാഗതമായി പെണ്ണിന്‍റെ നിയോഗം. ദൈവം ആഗ്രഹിച്ചപ്പോള്‍ പ്രപഞ്ചവും സൂര്യചന്ദ്രന്മാരും കാറ്റും വെളിച്ചവും വെള്ളവും മനുഷ്യരും പക്ഷിലതാതികളും ഒക്കെ ഉണ്ടായിവന്നു എന്നു പറയുന്നതുപോലെ, ഭൂമിയിലെ ദൈവമായ പുരുഷന്‍ ആഗ്രഹിക്കുന്നതിനനുസരിച്ചാണ് ചരിത്രാതീതകാലം മുതല്‍ക്കേ സ്‌ത്രീ  തന്നത്താന്‍ കഴുകിവൃത്തിയാക്കി, തുടച്ചുമിനുക്കി പാകപ്പെടുന്നതും വിളമ്പിവരുന്നതും. ഭോഗിക്കാനും ഭുജിക്കാനും ഉടുക്കാനും ഉപയോഗിക്കാനുമായി രൂപപ്പെടുത്തിയതെന്തും ചീഞ്ഞുപോവുകയും നിറംമങ്ങുകയും ചുളിവുവീഴുകയും ഉപയോഗശൂന്യമാവുകയും ചെയ്യുക സ്വാഭാവികം. ഇപ്പോഴാകട്ടെ, പെണ്ണിന്‍റെ ഉടല്‍ മിനുപ്പു പരുവപ്പെടുത്താന്‍  പുരുഷമോഹങ്ങളോടൊപ്പം ആഗോളചന്തകളും നിരന്നു നില്‍പ്പാണ്.

‘നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല. അറിഞ്ഞാല്‍ത്തന്നെ ദൂരെയുള്ള നിന്‍റെ വീട്ടിലെത്തണമെന്നില്ല. എത്തിയാല്‍ത്തന്നെ നിന്നെയൊന്ന് തൊടാന്‍ കഴിയണമെന്നില്ല. ഒന്നു തൊട്ടാല്‍ത്തന്നെ പൊട്ടിക്കരയാന്‍ പറ്റണമെന്നില്ല. കരഞ്ഞാല്‍ത്തന്നെ ഒരാള്‍ക്കത് മനസ്സിലാകണമെന്നില്ല. നീ മരിച്ചാല്‍ ഞാനെന്തിന് വരണം? എനിക്കു നീ മരിക്കുന്നില്ലല്ലോ..’ എന്ന് സുഹൃത്തിന്‍റെ മരണത്തെ ഉള്‍പ്പിടച്ചിലോടെ അടയാളപ്പെടുത്തുകയാണ് സോമന്‍ കടലൂരിന്‍റെ പേരില്ലാക്കവിത. പ്രിയപ്പെട്ടവര്‍ മരിച്ച വിവരം നട്ടപ്പാതിരയ്ക്കുതന്നെ തിടുക്കപ്പെട്ട് സുഹൃത്തുക്കള്‍ ഫോണ്‍വിളിച്ച് അറിയിക്കുമ്പോള്‍ ഞാനെപ്പോഴും ആഗ്രഹിച്ചുപോവാറുണ്ട്, നേരം വെളുത്തിട്ടാണ് അറിഞ്ഞതെങ്കില്‍ അതുവരെയെങ്കിലും എന്‍റെ മനസ്സില്‍ അവര്‍ ജീവിച്ചിരുന്നേനേ എന്ന്.

ശ്രീകുമാര്‍ കരിയാടിന്‍റെ ‘ഭ്രാന്തന്‍റെ വയല്‍’ (സച്ചിദാനന്ദം) എന്ന കവിതയില്‍, കണ്ണു പറ്റാതിരിക്കാന്‍ കാലു കുറ്റിച്ചൂലാക്കി വയലില്‍ കോലംകെട്ടി നില്‍ക്കുന്നത് ഭ്രാന്തന്‍തന്നെയാണ്.

‘നെല്‍വയല്‍. കതിരുകളോരോന്നും സ്വയം പൂര്‍ണം,
പൂര്‍ണത്തില്‍നിന്നും പൂര്‍ണം കൊത്തുന്ന കിളിക്കൂട്ടം
സര്‍വതും സാധാരണം ലളിതം പുരാതനം
കല്ലുകളുടെയുള്ളു നിറയെക്കവിതകള്‍….’ എന്ന് കേകയുടെ ഗാംഭീര്യത്തില്‍ പുരാതനലാളിത്യത്തിന്‍റെ കാവ്യഭംഗി തെളിയിക്കാന്‍ ശ്രീകുമാരിനു കഴിയുന്നുണ്ട്.

എലിസബത്ത് ബിഷപ്പിന്‍റെ കവിത ‘മീന്‍’ എന്ന പേരില്‍ മൊഴിമാറ്റിയപ്പോള്‍, മലയാളത്തിന്‍റെ സ്വത്വബോധത്തിലേയ്ക്കുള്ള കടന്നിരിക്കല്‍ കാവ്യാത്മകമാക്കുന്നതില്‍, കവി ഏ.സി. ശ്രീഹരി വിജയിച്ചിട്ടുണ്ട്.

‘പിടിച്ചു ഞാനൊരു കരുത്തന്‍ മീനിനെ
കവിളില്‍ ചൂണ്ടയാല്‍ കൊളുത്തി
വള്ളത്തോടടുപ്പിച്ചു നിര്‍ത്തി,
പകുതി വെള്ളത്തിന്‍ വെളിയില്‍,
പുളഞ്ഞതില്ലവന്‍ ചെറുത്തതുമില്ല…’ എന്നുവായിച്ചുതുടങ്ങുമ്പോള്‍, ചൂണ്ടയില്‍പ്പെട്ട മീനിനോട് സഹൃദയര്‍ക്കു സ്വാഭാവികമായും സഹാനുഭൂതിയാവും തോന്നുക. പക്ഷേ, ‘അവന്‍റെ കീഴ്ച്ചുണ്ടില്‍, അത് ചുണ്ടാണെങ്കില്‍, കിടന്നു തൂങ്ങുന്നു അണച്ചുവെച്ചൊരായുധം കണക്കുഗ്രം പഴയൊരഞ്ചുമീന്‍ പിടിക്കും ചുണ്ടുകള്‍..’ എന്ന് കവിതയുടെ ഒടുവിലെത്തുമ്പോള്‍ ഏതു ചൂണ്ടക്കൊളുത്തുകളെയും പൊട്ടിച്ചുശീലമുള്ള ആ പുരാതനമത്സ്യത്തോട് ആരാധനതോന്നും. ‘വെളിച്ചം കാണുന്നുണ്ട്.

‘വെളിച്ചം കാണുന്നുണ്ട്.
ഇരുട്ടും കാണുന്നുണ്ട്.
നിറങ്ങള്‍ പലതായി
വിരിഞ്ഞു കാണുന്നുണ്ട്.
സ്വരങ്ങള്‍ കാതില്‍ മെല്ലെ
വിരലറ്റം തൊടുന്നതും
മൗനവും അറിയുന്നുണ്ട്.
……………………………………….
ഇത്രയും കൊണ്ടൊക്കെ ഞാന്‍
ദൈവമേ പരമാനന്ദന്‍’
എന്ന് ആശ്വസിക്കുകയാണ് വി.ടി ജയദേവന്‍റെ ‘പരമാനന്ദന്‍’.  ചെത്തിമിനുക്കാതെ പാതിയില്‍ നിറുത്തിയ ഒരു ശില്‍പ്പത്തിന്‍റെ പിടച്ചില്‍പോലെ പൂര്‍ത്തിയാവാത്ത ഒരു കേകയുടെ വിമ്മിഷ്ടം, വരികളില്‍ ആദ്യംമുതല്‍ അവസാനംവരെ എന്‍റെ വായനയെ അലോസരപ്പെടുത്തി.

പ്രണയത്തിന് മധുരമേറും എന്നതും, വിവാഹത്തിനുശേഷം ആ മധുരം മിക്കതും കയ്പ്പായി മാറുമെന്നതും സാക്ഷിമൊഴി ആവശ്യമില്ലാത്ത സത്യങ്ങളാണല്ലോ. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് വി.ടി ജയദേവന്‍റെ ‘പ്രണയനീതി’ കാവ്യാത്മകമായി വിശദീകരിക്കുമ്പോള്‍ ആ വിശദീകരണത്തിന് തത്വചിന്താപരവും മനശ്ശാസ്ത്രപരവുമായ ഔന്നത്യം വന്നുചേരുന്നുണ്ട്.

‘പ്രളയകാലത്തു ജലംകൊണ്ടെന്നപോലെ
പ്രണയകാലത്തു വിടപറയാനാവാത്ത ദുഃഖങ്ങള്‍കൊണ്ടും
സമതലങ്ങളും ആഴങ്ങളും ഉന്നതസ്ഥലങ്ങളും
ഒരേപോലെ മൂടി മറയ്ക്കപ്പെടുകയാണ് ചെയ്യുന്നത്’
എന്ന് ‘പ്രണയനീതി’ സാക്ഷ്യപ്പെടുത്തുന്നു. ശരിയാണ്. പ്രണയിക്കുമ്പോള്‍, പരുക്കന്‍ മുള്ളും വളവും തിരിവും കയറ്റവും ഇറക്കവും പരമാവധി മൂടിവെക്കാനാണല്ലോ ശ്രമിക്കുക. ‘ദൈവത്തേക്കാള്‍ ശക്‌തിയുള്ള ഒരു രോഗംപോലെ മരണത്തേക്കാള്‍ നിശിതമായ ഒരു നീതിനിര്‍വഹണം ഉടയാളനേയും അടിമയേയും വിളക്കിച്ചേര്‍ക്കുന്നു. ജ്ഞാനിയേയും അജ്ഞാനിയേയും ഒരേ നിലത്ത് മുട്ടു കുത്തിക്കുന്നു. വിപ്ലവത്തേക്കാള്‍ ചൂടുള്ള ആ അഗ്‌നി  പഴയകാലപ്രതാപങ്ങളെ നിസ്സഹായമാക്കുന്നു. പക്ഷേ അപ്പോള്‍മാത്രം മനുഷ്യന്‍ തകര്‍ന്നടിയലാലുണ്ടായ ശില്‍പ്പം, വേദനയാല്‍ ആനന്ദന്‍. കൈനിവര്‍ത്തി മരിക്കുംനേരത്തെ അലക്‌സാണ്ടർ. കൊടുത്തതുകള്‍കൊണ്ടുണ്ടായ ധനവാന്‍’ എന്നാണ് കവിയുടെ സാക്ഷ്യപ്പെടുത്തല്‍. പരമാനന്ദനില്‍, കേകയെ പൂര്‍ത്തീകരിക്കാതെ ബോധപൂര്‍വം ഉടച്ചുകളയുമ്പോള്‍, തകര്‍ന്നടിയലാലുണ്ടാകുന്ന ശില്‍പ്പത്തെ തേടിയതാവാം ഒരു പക്ഷേ ജയദേവന്‍.

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്… എന്നാണല്ലോ ഷെക്സ്പിയറിന്റെ പ്രയോഗം. ഏറ്റവും ഇഷ്‌ടപ്പെട്ട കവിത, സുഷമ ബിന്ദുവിന്‍റെ ‘ഇറക്കം’, അതുകൊണ്ടുതന്നെ അവസാനത്തേയ്ക്കു മാറ്റിവെച്ചതാണ്.

‘പേരറിയാത്ത യാത്രക്കാരാ..
വടക്കോട്ടുപോകുന്ന
പാട്ടു നിറച്ച വണ്ടിയില്‍ ഞാനും
കിഴക്കോട്ടുപോകുന്ന
കഥനിറച്ചവണ്ടിയില്‍ നീയും
ഒരേ ജാലകത്തിനരികില്‍
മുഖത്തോടുമുഖമിരിക്കുന്നു.
ഞാന്‍ നിന്‍റെ സ്റ്റേഷനിലും
നീയെന്‍റേതിലും ഇറങ്ങിയേക്കാവുന്ന
മനോഹരമായൊരു വളവില്‍
നമ്മുടെ വണ്ടി പാളംതെറ്റി
പരസ്‌പരം ചുംബിച്ചുനില്‍ക്കുന്നു.
കണ്ണുകള്‍ കോര്‍ത്തുപിടിച്ച്
നീയെന്നില്‍നിന്നും ഞാന്‍ നിന്നില്‍നിന്നും
ഇറങ്ങിപ്പോകുന്നു.
ഞാന്‍ കഥ നിറച്ച് കിഴക്കോട്ടും
നീ പാട്ടുനിറച്ച് വടക്കോട്ടും… ‘

പാളംതെറ്റുമ്പോള്‍മാത്രം മാത്രം ചുംബിച്ചുനില്‍ക്കുന്ന തീവണ്ടികള്‍ക്ക് ഒരു യാത്രയുടെ സ്വപ്‌നങ്ങളെ ഇതിലും മനോഹരമായി എങ്ങനെ ആവിഷ്‌കരിക്കാനാവും! ഇറക്കത്തില്‍നിന്നും ഇറങ്ങിപ്പോകാനാവാതെ കണ്ണുകള്‍ കോര്‍ത്തുപിടിച്ചുനില്‍പ്പാണ് എന്നിലെ കാവ്യാസ്വാദകന്‍.

2 Comments
  1. Sunil 4 years ago

    Good

  2. Haridasan 4 years ago

    Good read..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account