ആണ്, പെണ്ണ്, ട്രാന്‍സ് ജന്‍റര്‍ എന്നീ ലിംഗാവസ്ഥകളും ആണത്തം, പെണ്ണത്തം എന്നീ സാമൂഹ്യാവസ്ഥകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആദ്യത്തേത് ശരീരശാസ്‌ത്രപരമായ വ്യത്യാസമാണ്. രണ്ടാമത്തേതാകട്ടെ, സാംസ്‌കാരികവും സാമൂഹ്യവുമായ പുരുഷാധികാരഘടനയുടെ നിര്‍മ്മിതികളാണ്. ആ നിര്‍മ്മിതികളാവട്ടെ, വീട്ടിനകത്തുനിന്ന് കുട്ടിക്കാലംമുതല്‍ കേട്ടുതുടങ്ങുന്ന കഥകളിലും കടങ്കഥകളിലും പഴമൊഴികളിലും വേരുപിടിച്ചുകിടക്കുകയാണ്. എവിടെവെച്ചാണ് എങ്ങനെയാണ് ഈ ആണത്തവും പെണ്ണത്തവും മനുഷ്യരിലേയ്ക്ക് ആവാഹിക്കപ്പെടുന്നത് എന്ന് തിരിച്ചറിയുക പ്രയാസം. ഇലവന്ന് മുള്ളില്‍വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട് എന്ന ഒരു പഴഞ്ചൊല്ല് തലമുറകള്‍ ആവര്‍ത്തിക്കുമ്പോള്‍, പെണ്ണ് ഇലയാണെന്നും ആണ് മുള്ളാണെന്നും ഉള്ള ഒരു ബോധംകൂടി ആണിന്‍റെയും പെണ്ണിന്‍റെയും മനസ്സിലേയ്ക്ക് അറിയാതെ സന്നിവേശിക്കപ്പെടുന്നുണ്ട്.

പെണ്ണിനെ മാനിനോടും മയിലിനോടും കുയിലിനോടും ഒക്കെ ഉപമിക്കുമ്പോള്‍ പെണ്ണ് ശക്‌തിഹീനയും വേട്ടയാടപ്പെടുന്നവളും തിരിച്ചുവേട്ടയാടാന്‍ കരുത്തില്ലാത്തവളും ആണ് എന്നൊരു അവബോധംകൂടി തലമുറകളില്‍നിന്നു തലമുറകളിലേയ്ക്കു കൈമാറുന്നുണ്ട്. ആണുങ്ങളായി ജനിച്ചോരെല്ലാം അങ്കംപിടിച്ചവരായിരുന്നു എന്ന വടക്കന്‍പാട്ടിലെ വരികളും ഇങ്ങനെ, തലമുറകളായി മലയാളികള്‍ സ്വന്തം രക്‌തത്തിലേയ്ക്കും സംസ്‌കാരത്തിലേയ്ക്കും കൈമാറിപ്പോരുന്നതാണ്. ആ വരികള്‍ക്കുപിന്നിലെ സ്‌ത്രീവിരുദ്ധമായ ആശയപരിസരത്തെക്കുറിച്ച് അധികമൊന്നും നാം ആലോചിച്ചിട്ടില്ല. പെണ്ണവസ്ഥകളുടെ പുതുവെളിച്ചത്തില്‍ ഈ വരികളെ വേരുമുതല്‍ പറിച്ചെടുത്തു പരിശോധിക്കുകയാണ് ആണുങ്ങളായവര്‍ എന്നപേരില്‍ കലാപൂര്‍ണ്ണ മാസികയില്‍ പ്രസിദ്ധീകരിച്ച, സോമന്‍ കടലൂരിന്‍റെ കവിത.

വീടാണ് കളരി
അച്ഛനാണ് ആശാന്‍
അച്ഛടക്കമാണ് ശീലം
അമ്മാവനാണ് തുണ… എന്നു തുടങ്ങുന്ന കവിത, ഒരു സാധാരണ കുടുംബത്തിലെ ആണ്‍കുട്ടി വീട്ടില്‍ പയറ്റിത്തെളിയുന്ന കളരിയെയാണ് പരിചയപ്പെടുത്തുന്നത്. അഞ്ചാംവയസ്സില്‍ അമ്മയോട് തട്ടും മുട്ടും എട്ടില്‍ ഏച്ചിയോട് വെട്ടും തടവും പത്തില്‍ അനിയത്തിയോട് ചാട്ടവും മറിച്ചിലും. മുപ്പതില്‍ ഭാര്യയോട് കലിയും പോരും. നാവാണ് വാള്. കണ്ണാണ് കഠാര. മെയ്യാണ് ഉറുമി. ആഗ്രഹം, അഭിപ്രായം, ആനന്ദം, അരിഞ്ഞുതള്ളും. അടുക്കളയില്‍ ഒഴിഞ്ഞുമാറി, സങ്കടങ്ങളില്‍ തിരിഞ്ഞുനിന്ന് സംഘര്‍ഷങ്ങളില്‍ നിലത്തമര്‍ന്ന് ഉമ്മറത്തുയര്‍ന്നുപൊങ്ങും. കച്ചകെട്ടി പതിനെട്ടടവും പയറ്റുമ്പോള്‍ പെൺമക്കൾ കണ്‍മിഴിക്കുന്നു. അപ്പോള്‍ റേഡിയോയില്‍ വടക്കന്‍ പാട്ട്. ആണുങ്ങളായി ജനിച്ചോരെല്ലാം അങ്കം ജയിച്ചവരായിരുന്നു.. താനൊരാണാണോ? അവന്‍ ആണ്‍കുട്ടിയാണ്.. ആണും പെണ്ണും കെട്ടവന്‍… ആണായിപ്പിറന്നവന്‍.. തുടങ്ങി നിരവധി ഭാഷാവ്യവഹാരങ്ങളിലൂടെയും പുരാവൃത്തങ്ങളിലൂടെയുമാണ് പുരുഷാധികാരത്തിന്‍റെ സാമ്രാജ്യമായ സമൂഹം നിലനിൽക്കുന്നതും സ്‌ത്രീയെ അടിമയാക്കി നിലനിര്‍ത്തുന്നതും എന്നാണ് കവിതയിലൂടെ സോമന്‍ കടലൂര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ആകാശത്തിനുകീഴിലുള്ള എന്തും പ്രണയത്തിന് ബിംബങ്ങളാവാം. സഹീറാ തങ്ങള്‍, തന്‍റെ പ്രണയകവിതയ്ക്ക് ഊന്നലാക്കുന്നത് ഉതിര്‍മുല്ലയാണ്.

മുറ്റത്തെ ഉതിര്‍മുല്ലയില്‍
പൂക്കള്‍ നിറഞ്ഞു എന്നു പറഞ്ഞ്
അവന്‍ എപ്പോഴും കൊതിപ്പിക്കും..
എനിക്കും വേണം
തൈ നടുകയാണോ അതോ
വിത്തു മുളപ്പിക്കുകയോ?
എന്‍റേത് ഒരു കുഞ്ഞുമുറ്റമാണെന്ന് നീ കണ്ടതല്ലേ?
ആഴത്തില്‍ വേരിറക്കുന്നതാണോ?
പടരാന്‍ ഇതു മതിയാകുമോ?..
വലിയ മരമാകുമെന്നും, വേരുകള്‍ തന്നെപ്പോലെ മണ്ണിനുപോലും മനസ്സിലാവാത്ത തരത്തില്‍ ആഴത്തിലേയ്ക്കു പോകുമെന്നും അവന്‍ പറഞ്ഞപ്പോള്‍ അവള്‍ക്കറിയാമായിരുന്നു തന്‍റെ മുറ്റത്തിന് ആ മുല്ലവള്ളിയെ വളര്‍ത്താനുള്ള വലിപ്പമില്ലെന്ന്. ഉതിര്‍മുല്ല പൂക്കുന്ന ഒരു വലിയ മുറ്റമായി തന്നെ വരച്ചിടാന്‍ ഖേദത്തോടെ അവനോടു പറയുകയല്ലാതെ അവളുടെ പ്രണയത്തിന് മറ്റെന്തുചെയ്യാനാവും?

പുതിയ കാലത്തിന്‍റെ പ്രശ്‌നങ്ങളെ ഉള്‍ക്കൊള്ളാന്‍ പഴയതാളത്തിനും വൃത്തത്തിനും കരുത്തുണ്ട് എന്നു തെളിയിക്കുകയാണ്, സച്ചിദാനന്ദം എന്ന ഗ്രൂപ്പില്‍, മോഹനന്‍ കരനാഥിന്‍റെ കവിതകള്‍.

ഒരുജാഥയൊഴിഞ്ഞതും ജനം
നെടുവീര്‍പ്പിട്ടു മനം മടുക്കവേ,
മറുജാഥവരുന്നിതെന്തു ദുര്‍-
ഗ്ഗതി, ബാധാകുലജാഥയേറെയായ്..
എന്നാണ് ജാഥകള്‍ ബാധകള്‍ എന്ന കവിതയിലെ സാമൂഹ്യവിമര്‍ശനം.

സച്ചിദാനന്ദത്തില്‍ത്തന്നെ വായിച്ച, സി.വി.പി നമ്പൂതിരിയുടെ പൂര്‍ണാഷ്ടകം കാവ്യരൂപത്തിന്‍റെ ചിട്ടയിലും ഭാവദീപ്‌തിയിലും മുന്തിനില്‍ക്കുന്ന മനോഹരമായ രചനയായി അനുഭവപ്പെട്ടു.

പൂര്‍ണേ, പുണ്യപുരാതനസ്മൃതികളാ
ലെന്നുള്ളിലാനന്ദസ-
ന്മന്ദ്രധ്വാനമുണര്‍ത്തിടുന്നൊരു മഹാ
ചൈതന്യകല്ലോലിനീ
മണ്ണിന്‍ മംഗളതീര്‍ത്ഥമേഴുമൊഴുകി
ച്ചേര്‍ന്നൊറ്റയാകുന്നതാ-
മദ്വൈതക്കുളിര്‍ വെണ്ണിലാലഹരിയില്‍
നീന്തിത്തുടിക്കട്ടെ ഞാന്‍…
പുണ്യപുരാണസ്മൃതികളുറങ്ങുന്ന പെരിയാറിനെക്കുറിച്ചാണ് കവിത. സംഘസാഹിത്യത്തിലും അതിനുശേഷമുള്ള നിരവധി സംസ്‌കൃതസാഹിത്യകൃതികളിലും വിദേശസഞ്ചാരികളുടെ ഓര്‍മ്മക്കുറിപ്പുകളിലുമൊക്കെ പെരിയാര്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടല്ലോ.

വാഴ്ത്തീ പണ്ടു പഴന്തമിഴ്പ്പൊലിമയില്‍
യാഴിന്‍റെയീണങ്ങളില്‍-
പാലൈ ഗൗതമനാര്‍, കൊടുംവെയില്‍ നിലാ-
വാക്കുന്ന നിന്നുണ്മയെ-
കൂലംകുത്തിമറിഞ്ഞുവന്നയിരശൈലാഗ്രേ
വിളങ്ങും മഹാ-
കാളിക്കൊപ്പമനുഗ്രഹിച്ചു പെരുകി-
പ്പായും കൃപാധാരയെ
എന്ന് ഈ ഓര്‍മ്മകളെയാകെ കവിത കുറുകിയ വാക്കുകളില്‍ ആവാഹിക്കുന്നുണ്ട്. കൊന്നപ്പൂക്കളണിഞ്ഞ്, ഉഷസ്സ് ഉഴവരെ കൈതൊട്ടുണര്‍ത്തുന്നതും ഉമ്പര്‍ക്കാട്ടിലെ നീലമേഘമൊരുപൊന്‍ദീപം തെളിക്കുന്നതും, കന്നെത്തുന്ന കണക്കുചേര്‍ത്തു പരണര്‍ കാവ്യം രചിക്കുന്നതും സങ്കല്പ്പിച്ചുകൊണ്ട് അലസമായി നിന്‍റെ സൗമ്യതീരങ്ങളിലൂടെ ചരിക്കുന്നതാണ് സുഖം എന്ന് കവി തിരിച്ചറിയുന്നു.

നീയേ ശുംഭുജടാവിഭൂഷകളിലെ പ്പീയൂഷമന്ദാകിനി
നീയേ ഗോപവധൂജനാംഗപുളകം ചൂടും കളിന്ദാത്മജ
നീയാകുന്നു സരസ്വതീനദി, മഹാ കാവ്യപ്രപഞ്ചാത്മിക
നീ ഗോദാവരി, സിന്ധു, നര്‍മ്മദ, ചിദാ നന്ദപ്രവാഹോജ്ജ്വല..
എന്നു വിശേഷിപ്പിക്കുമ്പോള്‍, ലോകത്തിലുള്ള സമസ്‌ത പുണ്യനദികളും ഈ ജലപ്രവാഹത്തിലേയ്ക്ക് ഒഴുകിച്ചേരുകയാണ്.

How Stress Make You Stronger and Sharper എന്നായിരുന്നു, ഈയിടെ വായിച്ച ഒരു പുസ്‌തകത്തിന്‍റെ പേര്. സമ്മര്‍ദ്ദം മനുഷ്യരെ കൂടുതല്‍ കരുത്തരും മൂര്‍ച്ചയുള്ളവരുമാക്കും. മറ്റുള്ളവരുടെ കുത്തുവാക്കുകളും നിഷേധവും എതിര്‍പ്പുകളുമാണ് പലപ്പോഴും മനുഷ്യരെ വളര്‍ത്തുന്നത്.

നിന്‍റെ വാക്കുകളിലെ മുള്‍മുനകൊണ്ട്
ഞാന്‍ എന്നെ ചെത്തിമിനുക്കി.
ഋതുപരിണാമങ്ങളുടെ ഇടവേളകളില്‍
ഇടറുന്ന ഇത്തിരി നേരങ്ങളില്‍
ഒത്തിരി ആശ്വാസമായ്
ശിലയുടെ കാഠിന്യമുള്ള നിന്‍റെ വാക്കുകള്‍,
ചില നേരങ്ങളില്‍ സ്‌നേഹത്തിന് നിറം പകര്‍ന്നത്
നിന്‍റെ വാക്കുകളിലെ രോഷം കടഞ്ഞെടുത്താണ്.
വിരഹത്തിന്‍റെ വേനല്‍ വിരചിക്കുന്നത്
നിന്‍റെ വാക്കുകളിലെ വിദ്വേഷം വീഞ്ഞാക്കിയാണ്.
ഞാന്‍ എന്‍റെ ചരമഗീതത്തിനു ചമല്‍ക്കാരഭംഗി നൽകുന്നത്
നിന്‍റെ അവഗണനയുടെ നൃശംസപുഷ്‌പങ്ങള്‍ കൊണ്ടാണ്.
നീ ഞാന്‍ അറിയാതെ
എന്നില്‍ അന്തര്‍ലീനമായ ആത്മസൗന്ദര്യമാണ്.

വിഷക്കോപ്പയില്‍നിന്ന് അമൃതുചുരത്തുകയാണ് ജീജാ മജീദ് ബുഖാരിയുടെ കവിത.

നീയുണ്‍മ സത്യത്തിലും എന്നു പൂവുകള്‍,
നാനാനിറക്കൊടി നീര്‍ത്തി വാദിക്കുന്നു.
നിന്‍വരവാഘോഷമാക്കുവാന്‍ കാറ്റുകള്‍
ചില്ലയിലൊക്കെയും ഊഞ്ഞാല കെട്ടുന്നു.
മേഘങ്ങളുത്സവം കാണുവാന്‍ പോകുന്ന-
മട്ടില്‍ നിന്‍ ദര്‍ശനമാദ്യം ലഭിക്കുവാന്‍,
പക്ഷികളൊക്കെയും വിശ്വസിച്ചെപ്പൊഴേ
നോക്കൂ തുടങ്ങി നിന്‍ നാമസങ്കീര്‍ത്തനം.
എത്ര ഞാനില്ലെന്നു വാതില്‍ കൊട്ടുമ്പൊഴും
ഉണ്ടെന്നുവിള്ളലൂടൂര്‍ന്നിറങ്ങും വെയില്‍.

കാവ്യകേളിയിലാണ് വി.ടി. ജയദേവന്‍റെ സത്യവാദികള്‍  എന്ന കവിത വായിച്ചത്. ഇതിലെ നീ ടാഗോറിന്‍റെ മിസ്റ്റിക് കവിതകളിലെപ്പോലെ പ്രണയിനിയോ, പ്രകൃതിയോ, ഈശ്വരനോ ആവാം. ഏതാണെന്ന് തീര്‍ച്ചയില്ലാത്ത അഥവാ എല്ലാം ഒരേ സത്തയിലേയ്ക്ക് ആവാഹിക്കുന്നതാണ് വി.ടി ജയദേവന്‍റെ രചനകളിലെ പൊതുരീതി.

ലീന മണിമേഖലൈ എന്ന തമിഴ് കവിയുടെ ആദ്യചുംബനവും വായിച്ചത് കാവ്യകേളിയില്‍ത്തന്നെ.

നീയും ഞാനും തനിമയില്‍ ഉല്ലസിച്ചിരുന്ന കാലം
ഞാനെന്തോ പുലമ്പുമ്പോള്‍
നീ ഉറ്റുനോക്കിയിരുന്ന
എന്‍റെ അവയവ ചലനങ്ങള്‍
എന്‍റെ ചുണ്ടുകളില്‍ പതിഞ്ഞാടി.

മുറിയില്‍ നീയും ഞാനുമല്ലാതെ ഏതോ ഒന്നെ നമ്മെ നിയന്ത്രിച്ചിരുന്നതുപോലെ എങ്ങനെ സംഭവിക്കുന്നു എന്നറിയാത്തവണ്ണം സംഭവിച്ചുകൊണ്ടിരുന്ന ആദ്യചുംബനത്തെ കാവ്യാത്മകമായി ഓര്‍മ്മിക്കുകയാണ് ആദ്യചുംബനം. കൂത്തച്ചികളുടെ റാണി എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്‌തകത്തിലെ കവിതകള്‍ മൊഴിമാറ്റം നടത്തിയിരിക്കുന്നത് എന്‍. രവിശങ്കറാണ്.

താളവാദ്യത്തിന്‍റെ സംസ്‌കാരത്തിലേയ്ക്ക് പകര്‍ന്നാട്ടം നടത്തുന്ന രചനയാണ് സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍ രചിച്ച താളം. കാവ്യകേളിയില്‍ത്തന്നെയാണ് ഈ കവിതയും വായിച്ചത്.

ചെമ്പടയിലാദിയില്‍ തൃപുടയിലടന്തയില്‍
ചെണ്ടയില്‍ മുഴങ്ങുന്നു താളം.
ഇടയിലൊരു ചേങ്ങിലത്തേങ്ങലായ് ചേതന
ഇടറിച്ചിലമ്പുന്ന നാദം,
മലയന്‍റെ ചെണ്ടയില്‍ പെരുകുന്ന പിണരുകള്‍
പൊരിയും വിശപ്പിന്‍ സ്ഫുലിംഗം.
കൂട്ടം പിരിഞ്ഞ കുഞ്ഞാടിന്‍ വിലാപമോ
ഇടയന്‍റെ ചെണ്ടതന്‍ നാദം.
ചര്‍മ്മവാദ്യങ്ങള്‍ തകരാതിരിക്കുവാന്‍
ചര്‍മ്മബലമുണ്ടായിടേണം.
എന്ന്, താളവാദ്യങ്ങള്‍ക്കു പിറകിലെ മനുഷ്യരേയും അവരുടെ പട്ടിണിയേയും അടയാളപ്പെടുത്തുന്നുണ്ട് സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍.

എന്‍റെ പച്ചിലക്കാടുകള്‍ക്കു തീ കൊടുത്ത് കാണാമറയത്തിരുന്നു നീ ചൂടാറ്റുന്നത് മകരമഞ്ഞും ഞാനും കാണുന്നുണ്ട്. ഓര്‍മ്മകളില്‍ മുഖം നോക്കി അവസാന വരിയും വാര്‍ന്നുവീഴുമ്പോഴും എനിക്കൊപ്പം കിതയ്ക്കാന്‍ നീ വരില്ലെന്നറിയാം. കാത്തിരരുന്ന് മെലിഞ്ഞവന്‍റെ പ്രാര്‍ത്ഥന നദിയായി പിറക്കും അതിന്‍റെ ആഴങ്ങളില്‍ പ്രണയംകൊണ്ട് നമുക്ക് പണിയണം ജീവിതമില്ലാതെപോയ സ്വപ്‌നങ്ങളെ എന്ന് പ്രണയനദി. കള്ളിമുള്‍ച്ചെടിയിലും പൂക്കള്‍ വിരിയാറുണ്ട്! എന്ന്, അസി കാഞ്ഞങ്ങാടിന്‍റെ ഹൈക്കു കവിത. നിന്‍റെ ഒരു മിഴിതന്നെ ഒറ്റയ്ക്കൊരു താജ്‌മഹലായിരിക്കെ ഏതൊരു യമുനതന്‍ തീരത്ത് ഏതേത് ശിലാപാളികളില്‍ നിനക്ക് സ്‌മാരകം! എന്ന്, കെ എ ഹാഷിറിന്‍റെ മിഴിമഹല്‍. നിന്‍റെ ഉത്തരക്കടലാസ് എന്‍റെ കയ്യിലിരുന്ന് ചിരിക്കുന്നുണ്ട്. പൊട്ടിച്ചിതറാന്‍ തുടിച്ചുകൊണ്ട് ചുവന്ന മഷി കള്ളക്കുറുമ്പ് കാട്ടുന്നുണ്ട്. പരിഭവത്തിന്‍റെ മുനകനക്കാതെ നിന്‍റെ ശരികളെ ചേര്‍ത്തുപിടിക്കാന്‍ എത്ര ചോദ്യങ്ങള്‍ക്ക് ഞാനുത്തരം പറയണം? എന്‍ സീനയുടെ ഒന്നും ഒന്നും രണ്ടല്ല എന്ന കവിത.

താളമുള്ളതും ഇല്ലാത്തവയും, കവിതയുടെ പാരമ്പര്യത്തെ പിന്തുടരുന്നതും നവീകരിക്കുന്നതും എന്നിങ്ങനെ നിരവധി നീര്‍ച്ചാലുകളില്‍ കവിതയിപ്പോഴും ഉറവവറ്റാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. ഉതിര്‍മുല്ല പൂക്കുന്ന വലിയമുറ്റമായി വരച്ചിടുന്നത് സഹൃദയരുടെ മനസ്സുതന്നെയാണ്.

1 Comment
  1. Anil 3 years ago

    വളരെ നല്ല അവലോകനം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account