2017 നവംബർ 1, കേരളപ്പിറവിദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ  മലയാളിയുടെ ദേശം രൂപീകരിക്കപ്പെട്ടതിന്റെ ഓര്‍മ്മപുതുക്കുന്ന ദിനം. പക്ഷേ, മലയാളഭാഷയും കേരളീയരും തമ്മിലായിരുന്ന ബന്ധം കഴിഞ്ഞ അറുപത്തിയൊന്നുവര്‍ഷങ്ങള്‍ക്കിടയില്‍ കൂടിയോ കുറഞ്ഞോ എന്ന ചോദ്യം ഭാഷാസ്‌നേഹികള്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നതാണ്. ഈ ചോദ്യംതന്നെയാണ് അരിയന്നൂര്‍ ഉണ്ണികൃഷ്‌ണൻ ശ്ലോകരൂപത്തില്‍ ചോദിക്കുന്നത്.

ഇമ്പംതൂവിന പദ്യമാധുരിപകര്‍-
ന്നെത്തുന്ന പക്ഷിക്കുനേര്‍-
ക്കമ്പെയ്യാന്‍ മടികാട്ടിയില്ല ഭരണ-
ക്കാട്ടാളനെന്നോ മുതല്‍,
അമ്പത്താറു നവംബറൊന്നതുനിന-
ച്ചെന്താചരിക്കേണ്ടതുള്‍-
ക്കമ്പം കൊള്ളുകയാണു ജന്മദിനമോ-
ഭാഷേ ഭവച്ഛ്രാദ്ധമോ?

ഭാഷയുടെ ശ്രാദ്ധം ഊട്ടേണ്ട ദിനമാണോ നവംബർ ഒന്ന് എന്ന ചോദ്യം ഓരോ മലയാളിയും നെഞ്ചത്തുകൈവെച്ച് തന്നോടുതന്നെ ചോദിക്കേണ്ടതുതന്നെ.

സ്വന്തം വീടും നാടും കളിക്കൂട്ടുകാരെയും കുടുംബക്കാരെയും വേര്‍പിരിഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടിലേയ്ക്കുപോകുന്ന പെണ്‍കുട്ടിയുടെ കണ്ണുനീര് നമ്മുടെ കുടുംബ പശ്ചാത്തലത്തിലെ നിത്യദുഃഖങ്ങളിലൊന്നാണ്. മകളുടെ കല്യാണം നടക്കാത്തതിനെ ഓര്‍ത്ത് വേവലാതിപ്പെടുന്ന രക്ഷിതാക്കള്‍ക്കുപോലും, വിവാഹശേഷം മകള്‍ പടിയിറങ്ങിപ്പോകുന്നത് കണ്ണുനീരിന്‍റെ സ്‌ഫടികക്കാഴ്‌ച്ചയിലൂടെയല്ലാതെ  കണ്ടുനിൽക്കാനാവില്ല.  നായ്ക്കുട്ടികളെയും പശുക്കുട്ടികളെയും ആട്ടിന്‍കു ട്ടികളെയുമാെക്കെ പണ്ട് നാട്ടിന്‍പുറത്തെ  വീടുകളില്‍നിന്ന്, മറ്റുള്ളവര്‍ക്ക് വളര്‍ത്താന്‍ കൊടുക്കുക പതിവുണ്ടായിരുന്നു. അപ്പോഴും, മൂരിക്കുട്ടന്മാരെ ഇറച്ചിക്കച്ചവടക്കാര്‍ക്കു വില്‍ക്കുമ്പോഴുമൊക്കെ ഈ കണ്ണുനീരനുഭവം പഴയ കുട്ടികള്‍ക്ക് ഓര്‍ക്കാനുാകും. ഈ അനുഭവത്തെ ഒരു കാശിത്തുമ്പയുടെ പറിച്ചുനടലുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് കെ. വി. ഭവ്യ സമകാലിക മലയാളത്തില്‍ എഴുതിയ “കന്യാദാനം” എന്ന കവിത.

കെ. വി. ഭവ്യ

അവള്‍ പരിചയിച്ച മണ്ണിന്‍റെ ഒരു തുണ്ടുകൂടി അവളോടൊപ്പം ഇരിക്കട്ടെ, അങ്ങനെയാകുമ്പോള്‍ അവള്‍ ആദ്യം വേരാഴ്ത്തിയ ഭൂമിയും, പിച്ചവെച്ച നിലവും, ആദ്യം നൃത്തംചെയ്‌ത കാറ്റും അവളോടുചേര്‍ന്നിരിക്കും എന്ന് സ്‌നേഹനിധിയായ ഒരു അമ്മയുടെ പ്രാര്‍ത്ഥനകൂടി ‘കന്യാദാന’ത്തില്‍ വായിക്കാം.

എന്‍റെ മുറ്റത്തെ കാശിത്തുമ്പ
യൗവനയുക്തയായിരിക്കുന്നു.
ഇവളെ നീ
നിന്‍റെ മുറ്റത്തേയ്ക്കു പറിച്ചു നടൂ.
ശ്രദ്ധിക്കൂ
പറിച്ചെടുക്കുമ്പോള്‍
വേരുകള്‍ പൊട്ടരുത്.
അല്‍പ്പം മണ്ണോടുകൂടി പറിക്കുക.
പുതിയമണ്ണ് അവള്‍ക്കപരിചിതം.
മരുഭൂമിയിലെത്തിയ പുഴയായി
വളര്‍ച്ച വലിഞ്ഞു വറ്റിയേക്കാം.
വിത്തിനുള്ളില്‍നിന്ന് അവള്‍ കണ്ടലോകം,
ആദ്യം വേരാഴ്ത്തിയ ഭൂമി, ആദ്യം പിച്ചവെച്ച നിലം,
ആദ്യം നൃത്തംചെയ്‌ത കാറ്റ്,
എല്ലാമടങ്ങിയ മണ്ണ് അവളോടു ചേര്‍ന്നിരിക്കട്ടെ…

ദേശാഭിമാനി വാരികയിലാണ് ‘ആണ്‍വായന’ എന്ന കവിത അച്ചടിച്ചുവന്നത്. പക്ഷേ,  നവമാധ്യമങ്ങളില്‍ പിന്നീട് പലരും ആ കവിത ആഘോഷിച്ചുകണ്ടു. ‘പെണ്ണിന്‍റെ മീന്‍മണമുള്ള കവിതകളില്‍ എനിക്കു പ്രതീക്ഷയുണ്ട് .വരാനിരിക്കുന്ന കാലത്തും അവള്‍ മീന്‍വെട്ടാന്‍ മറക്കില്ല. എന്‍റെ ചോറൂണ് ഭദ്രം’.. എന്നുതുടങ്ങുന്ന വളരെ പ്രൊസൈക് ആയ രചനയില്‍, ‘അതുകൊണ്ട് പെണ്ണേ , നിമ്‌നോന്നതങ്ങള്‍ നിറഞ്ഞ നിന്‍റെ എഴുത്തിനെ എന്‍റെ വായനകൊണ്ട് ഞാന്‍ ആലിംഗനം ചെയ്യും’, എന്ന അവസാനഭാഗത്തുമാത്രമാണ് ഒതുക്കിപ്പറയുക എന്ന കാവ്യഗുണം അല്‍പ്പമെങ്കിലും കാണുന്നത്.

ആര്‍. ശ്രീലതാ വര്‍മ്മ

പ്രണയത്തിന്‍റെയും സ്‌നേഹത്തിന്‍റെയുമൊക്കെ കാല്‍പ്പനിക നിലാവിനെ ഒരിക്കല്‍ക്കൂടി തിരിച്ചുതരാന്‍ ശ്രമിക്കുന്ന രചനയാണ് ആര്‍. ശ്രീലതാ വര്‍മ്മയുടെ ‘വിരല്‍ത്തുമ്പ്’.

വിരല്‍ത്തുമ്പിലേറ്റം തണുപ്പുണ്ട്, പൊള്ളും-
ശിരസ്സില്‍ പതുക്കെത്തലോടുന്ന നേരം
ജ്വരമാര്‍ന്നുവിങ്ങും പരമാണുതോറും
പനിനീര്‍ക്കണങ്ങള്‍ തളിക്കുന്നപോലെ
പുഴവന്നുതൊട്ടാല്‍ ഇതുപോലെ, നിന്‍റെ
വിരലിന്‍റെ തുമ്പോ, പുഴതന്‍ മനസ്സോ
ഒഴുകുന്നുമെല്ലെ പകരുന്നു തീര്‍ത്ഥം..

ശിരസ്സില്‍ പ്രണയാര്‍ദ്രമായി വളരെ പതുക്കെ തലോടുന്ന വിരല്‍ത്തുമ്പ്, പൊള്ളുന്ന ശിരസ്സിലേയ്ക്ക് പുഴപോലെ ഒഴുകിവരുന്ന തണുപ്പായി അനുഭവിക്കുകയാണ് കവിതയില്‍. ‘സങ്കൽപ്പമൊന്നില്‍ വനചാരി ചേര്‍ക്കും കടലിന്‍റെ ഗീതം’ എന്നത്, കല്ലുകടിയായി അനുഭവപ്പെട്ടു. കടലിന്‍റെ ഗീതം  കള്‍ക്കാന്‍ വനത്തിലല്ലല്ലോ സഞ്ചരിക്കേണ്ടത്. ‘സിരതോറുമേതോ പ്രണയ  പ്രവാഹം’ എന്നു പറഞ്ഞ് കവിത അവസാനിപ്പിക്കുകയായിരുന്നു നല്ലത്. അതിനുശേഷം തുടരുന്ന എട്ടുവരികള്‍ പ്രത്യേകിച്ച് ഒരാവശ്യവും ഇല്ലാതെ കവിതയുടെ നീളംകൂട്ടാന്‍വേണ്ടി ചേര്‍ത്തതുപോലെയാണ് അനുഭവപ്പെട്ടത്.

ആദില കബീർ

ആദില കബീറിന്‍റെ ‘തിരക്ക്’ എന്ന കവിത നവമാധ്യമങ്ങളില്‍ത്തന്നെ മുമ്പു വായിച്ചതാണ്. ചെടിച്ചുപോയ തന്നെത്തന്നെ മാന്തിപ്പൊളിച്ചു പുറത്തെടുത്തിട്ട് കഴുകി വൃത്തിയാക്കുന്നതിനെക്കുറിച്ചാണ് ആദില ആലോചിക്കുന്നത്.

തൊണ്ടക്കുഴിയില്‍നിന്ന്
നാക്ക് കൊളുത്തൂരിയെടുത്ത്
രുണ്ടുദിവസം വെള്ളത്തിലിട്ടുവെച്ച്
ഒരാഴ്ച്ചത്തെ വൃത്തികേടുകള്‍ ഉരച്ചുകഴുകണം.
മുനയുള്ള പേനയൊരെണ്ണം മൂര്‍ച്ചനോക്കി
തലമണ്ടയൊന്ന് കീറിനോക്കണം.
അകത്തിരുന്നിരുന്ന് തലച്ചോറടിക്കുപിടിച്ചുകാണും.

കണ്ടില്ലെന്നു നടിച്ച് ട്രാഷിലിട്ട നിരവധി ആസുരക്കാഴ്ച്ചകളുണ്ട് കണ്ണില്‍. കണ്ടില്ല എന്നതൊരു നാട്യം മാത്രമായിരുന്നല്ലോ. കണ്ടകാര്യങ്ങള്‍ അവിടെക്കിടന്ന് വൃത്തികെട്ട് നാറാന്‍ തുടങ്ങിക്കാണും. കണ്ണുരണ്ടും ഊരിയെടുത്ത് ആസുരക്കാഴ്ച്ചകളെ ക്ലോസറ്റിലിട്ട് ഫ്ളഷടിക്കണം, തുടങ്ങി, ഭ്രാന്തമായ സ്വപ്‌നങ്ങളാണ് ആദിലയുടെ ചിന്തകളില്‍ കൂടുകൂട്ടുന്നത്.

‘അടിച്ചാരും തെറിപ്പിക്കാതിരിക്കാന്‍ മാത്രം അടച്ചുവെച്ച് വായയില്‍ മോണ പൊട്ടിച്ച് ഒട്ടിപ്പോയ പല്ലിന്‍പൊറ്റകള്‍ വലിച്ചിളക്കണം’. എന്നു പറയുന്ന വരികളെ എങ്ങനെയാണ് അന്വയിക്കുക? അടിച്ചാരും തെറിപ്പിക്കാതിരിക്കാന്‍ മാത്രം അടച്ചുവെച്ചതാണ് വായ. ശരി സമ്മതിച്ചു. ആ വായയില്‍ മോണ പൊട്ടിച്ച് ഒട്ടിപ്പോയ പല്ലിന്‍പൊറ്റകളോ? മോണപൊട്ടിച്ചപ്പോഴാണോ ഒട്ടിപ്പോയത് ? വ്യാകരണത്തെക്കുറിച്ച് മിണ്ടാൻ പാടില്ലല്ലോ, അല്ലേ? ക്ഷമിക്കണം അറിയാതെ പറഞ്ഞുപോയതാണ്.

സിവിപി

‘വരവ്’ എന്നൊരു കവിത സച്ചിദാനന്ദത്തില്‍ വായിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാര ലബ്‌ധിയില്‍ സച്ചിദാനന്ദനെ അനുമോദിച്ചുകൊണ്ട് സിവിപി എഴുതിയ കവിത.

ഊരുചുറ്റുന്ന കാറ്റായി നീവരും,
നേരുചൊല്ലുന്ന വാക്കായി നീ വരും,
ആലിലയുമൊരു നെല്‍ക്കതിരുമായ്,
നീലരാവായ് നിലാവായി നീ വരും,
ഇമ്പമുള്ള വെയിലായി നീ വരും,
തുമ്പിതുള്ളും കിനാവേറി നീ വരും,
വാതില്‍ ചാരിയിട്ടില്ലിങ്ങു, കൂരിരുള്‍,
വീഴുമെങ്കിലും നീ വെളിച്ചം തരും,
വാക്കുമര്‍ത്ഥവും ചേരും പ്രണയമായ്,
മേഘസംഗീതമായ് വേഗമെത്തുക,
ദേശദേശാന്തരപ്രയാണങ്ങള്‍തന്‍,
വേദനയും മധുരവും നൽകുക…

സച്ചിദാനന്ദനിലേയ്ക്കും അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ചില കവിതകളിലേയ്ക്കും മനസ്സിനെ ആവാഹിക്കാന്‍ സിവിപിയുടെ ‘വരവി’നു കഴിയുന്നുണ്ട്. ഭാഷയുടെ താളവും വഴക്കവും തന്‍റെ കവിതാരീതിക്കു നന്നായി വഴങ്ങും എന്ന് നിരവധി രചനകളിലൂടെഅദ്ദേഹം തെളിയിക്കുകയും ചെയ്യുന്നുണ്ട്.

എം. ജീവേഷ്

‘നക്ഷത്രങ്ങള്‍ ജനിക്കുന്നത്’ എന്ന പേരില്‍ എം. ജീവേഷ് എഴുതിയ കവിത ജ്വലനത്തില്‍ത്തന്നെയാണ് വായിച്ചത്. വിരലുകള്‍ ചേര്‍ത്തുപിടിച്ച് കണ്ണടയാക്കി അതിനുള്ളിലൂടെ ആകാശത്തെയും ഇരുട്ടിനെയും ആഴങ്ങളെയും നോക്കുമ്പോള്‍ നക്ഷത്രങ്ങള്‍ ജനിക്കും എന്നും അങ്ങനെ നോക്കിനോക്കിയിരിക്കുമ്പോള്‍ ഇളനീര്‍ക്കുഴമ്പിറ്റിച്ച ശേഷം തെളിയുന്നതുപോലെ കണ്ണുകള്‍ തെളിഞ്ഞ് ആകാശമാകുമെന്നും തിളക്കംകൊണ്ട്  നീയൊരു നക്ഷത്രമാകുമെന്നും പറഞ്ഞുകൊണ്ട്, നക്ഷത്രങ്ങള്‍ ജനിക്കുന്നത് എങ്ങനെയെന്ന് ഒരു കടങ്കഥപപോലെ പറഞ്ഞുതരികയാണ് ജീവേഷ്.

പുരസ്‌കാര ലബ്‌ധി യുടെ അവസരം ആയതുകൊണ്ട് കൂടിയാവാം സച്ചിദാനന്ദന്‍റെ ‘കോഴിപ്പങ്ക്’ എന്ന രചന വീണ്ടും സച്ചിദാനന്ദത്തില്‍ പ്രസിദ്ധീകരിച്ചുകണ്ടു. 1972ലാണല്ലോ ഈ കവിതയുടെ ജനനകാലം. ലോകത്തിന്‍റെ ചെറുപ്പവും കേരളത്തിന്‍റെ ചെറുപ്പവും വിപ്ലവം സ്വപ്‌നം കണ്ടിരുന്നകാലം. ഞങ്ങള്‍ക്കുള്ളതെല്ലാം പാര്‍ട്ടിക്കും വിപ്ലവത്തിനും വിട്ടുതരാം, എന്നാലും വേണ്ടില്ല നാട്ടില്‍ വിപ്ലവം നടക്കട്ടെ, പാവപ്പെട്ടവനും, പണക്കാരനും, ഉള്ളവനും ഇല്ലാത്തവനും എന്നീ ഭേദചിന്തകള്‍ ഇല്ലാതെയാകട്ടെ എന്ന് സമ്പന്നരായ ജന്മിത്വംപോലും ചുവപ്പണിഞ്ഞ കാലം. പക്ഷേ അക്കാലത്തും സമ്പന്നന്‍റെ ആ വിട്ടുവീഴ്ച്ചയെ സംശയദൃഷ്‌ടിയോടെ  കണ്ടവരുണ്ടായിരുന്നു.  ഇതിലും വലിയതെന്തോ വരാനിരുന്നതാണ് എന്ന്  അവര്‍ ഒളിഞ്ഞും തെളിഞ്ഞും സംശയം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഈ സംശയത്തിന് വളരെ വ്യക്തമായ പ്രത്യയശാസ്ത്രഭൂമിക നൽകുകയാണ് സച്ചിദാനന്ദന്‍റെ ‘കോഴിപ്പങ്ക്’ എന്ന കവിത.

എന്‍റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍
പക്ഷേ, കൂര്‍മ്പന്‍ കൊക്കെനിക്കുതരിന്‍..

എന്ന് വളരെ പരിമിതമായ ആവശ്യമാണ് ഉടമസ്ഥന്‍ ആദ്യം ഉന്നയിക്കുന്നത്. ആര്‍ക്കും വേണ്ടാത്ത കൂര്‍മ്പന്‍കൊക്ക് ഉടമസ്ഥന് വിട്ടുകൊടുക്കുന്നതില്‍ എന്താണ് തെറ്റ് എന്നേ പെട്ടെന്ന് ആര്‍ക്കും തോന്നൂ. എന്‍റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍ എന്ന പ്രഖ്യാപനത്തിനു പിറകിലെ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചെമ്പിന്‍ പൂവും, പൊന്നിന്‍ കാലും, എള്ളിന്‍ പൂവിരലും, കരിമ്പിന്‍ നഖവും, തുടിയുടലും, ശംഖിന്‍ കുരലും അടക്കം എല്ലാം തനിക്കു വിട്ടു തരണമെന്നും, ഇല്ലാത്ത കോഴിമുലയും പൂവന്‍കോഴിയുടെ മുട്ടയും കോഴിയുടെ കൊമ്പുമൊക്കെ എല്ലാവര്‍ക്കുമായി പകുക്കാന്‍ വിട്ടുതരാം എന്നു പറയുമ്പോള്‍ ഒരു സമൂഹത്തിന്‍റെ സോഷ്യലിസ്റ്റ് സ്വപ്‌നങ്ങളാണ് പുല്ലില്‍ ചിന്തിയ തവിടുപോലെ ചിതറിപ്പോകുന്നത്. എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ച ഈ അവസരത്തില്‍ സച്ചിദാനന്ദന്‍ എന്ന കവിയുടെ ആ കണ്ണാഴത്തിനും മൂര്‍ച്ചയ്ക്കും മുമ്പില്‍ കൈകൂപ്പുന്നു, ജ്വലനത്തോടൊപ്പം ഞാനും.

-എം എം സചീന്ദ്രന്‍

1 Comment
  1. Babu Raj 3 years ago

    A very true review..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account