സംസ്‌കാരത്തിന്‍റെ നിയന്ത്രണങ്ങള്‍ക്കകത്തുള്ള തുറവുകളാണ് തെറിപ്പാട്ടുകള്‍ എന്നു പറയാറുണ്ട്. സംസ്‌കാരത്തിന്‍റെ നിയന്ത്രണങ്ങള്‍ മാനിക്കുേമ്പാള്‍ത്തന്നെ അടക്കിനിർത്താനാവാത്ത വികാരങ്ങള്‍ കെട്ടുപൊട്ടിച്ചു പുറത്തുചാടാനും, വീണ്ടും സംസ്‌കാരത്തിലേയ്ക്കുതന്നെ തിരിച്ചുനടന്ന് ചിട്ടപ്പടികള്‍ക്കു വഴങ്ങിക്കഴിയാനും, ഇത്തരംചില വാല്‍വുകള്‍ ആവശ്യമാണ്. മനുഷ്യന്‍റെ സ്വാതന്ത്ര്യദാഹത്തെപ്പോലെ അടിമയാക്കപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കും ആവശ്യമാകുമല്ലോ ഇത്തരം ചില വാല്‍വുകള്‍. ഒരു വീട്ടിലെ വളര്‍ത്തുപശു ഇടയ്ക്ക് കെട്ടുപൊട്ടിച്ച്, അതിന്‍റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കുന്തിരിയെടുത്ത് ഓടിപ്പോകുന്നതും, സംസ്‌കാരത്തിന്‍റെ കയറുമായി ഉടമസ്ഥ പിറകെ ഓടിച്ചെന്ന് അതിനെ കെട്ടിക്കൊണ്ടു തിരിച്ചുവരുന്നതുമാണ് വിഷ്‌ണുപ്രസാദിന്‍റെ “പശു” എന്ന കവിതയുടെ പ്രതിപാദ്യവിഷയം.

“ഒരു ദിവസമെങ്കിലും കെട്ടുപൊട്ടിച്ച്
ഓടിയില്ലെങ്കില്‍
സ്വാതന്ത്ര്യത്തെക്കുറിച്ച് തനിക്കൊരു സ്വപ്‌നവുമില്ലെന്ന്
കരുതുമല്ലോ എന്നു കരുതിയാവണം
ഇടയ്ക്ക് കയറുപൊട്ടിച്ച് ഓടുമായിരുന്നു അമ്മായീടെ പയ്യ്…”

പയ്യ് മുമ്പേയും അമ്മായി പിന്‍പേയുമായുള്ള ആ ഓട്ടം മനോഹരമായ ഒരു ദൃശ്യാനുഭവമായി കവിതയിലുണ്ട്. മുന്നില ള്ള തിനെ മുഴുവന്‍ കോര്‍ത്തുകളയും എന്ന മട്ടിലാണ് പയ്യ് ഓടുന്നത്. പേടിച്ച് ആരും മാറിനീല്‍ക്കും. പിടിക്കണം, തടുക്കണേ എന്നൊക്കെ അമ്മായി വിളിച്ചുപറയുന്നുണ്ടാകും. എന്താണ് കേട്ടത് എന്ന് തിരിച്ചറിയുമ്പോഴേയ്ക്കും, അമ്മായിയും പയ്യും കടന്നുപോയിട്ടുണ്ടാകും. രണ്ടുകിലോമീറ്റര്‍ ഓടിയാല്‍ പയ്യിന് ആവശ്യത്തിന് സ്വാതന്ത്ര്യമായി. അണച്ചണച്ച് അതൊരിടത്ത് നില്‍ക്കും. പണ്ടാരപ്പയ്യ് എന്ന് അതിന്‍റെ നടുപ്പുറത്ത് ഒരടിവീഴും. പിന്നെ രണ്ടാളും സാവകാശം വീട്ടിലേയ്ക്ക്. ഇത്ര സൗമ്യരായ രണ്ടു ജീവികളാണോ കുറച്ചുമുമ്പ് അങ്ങോട്ടു പോയതെന്ന് അച്ചുവേട്ടന്‍റെ കടയില്‍ ചായ കുടിക്കുന്നവര്‍ മൂക്കത്ത് വിരല്‍ വെക്കും… കയറുപൊട്ടിച്ചോടിയ ആ രണ്ടു കിലോമീറ്ററാവണം പശു പിന്നീടെപ്പോഴും അയവിറക്കുന്നത് എന്ന് വിഷ്‌ണുപ്രസാദ് അടിവരയിടുന്നുണ്ട്. തിരിച്ചുവരാന്‍ വേണ്ടിയാണെങ്കിലും, കയറുപൊട്ടിച്ച് രണ്ടു മണിക്കൂറെങ്കിലും ഓടി തന്‍റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ കഴിയുന്ന പയ്യിനോടൊപ്പം, രണ്ടു മിനിട്ടുപോലും സ്‌ത്രീയെന്ന സാമൂഹ്യമായ അടിമത്തത്തിന്‍റെ കയറുപൊട്ടിച്ച് ഓടിനോക്കാന്‍ ധൈര്യമില്ലാത്ത അമ്മായിയും ഈ കവിതയിലുണ്ട് എന്നതാണ് വിഷ്‌ണുപ്രസാദിന്‍റെ “പശു”വിനെ വെറുമൊരു മൃഗമല്ലാതെയാക്കുന്നത്.

ചൈനീസ് കവി ചാന്‍ഗു ചിയാന്‍റെ,”നന്ദിയുണ്ട്” എന്ന കവിത, വിവര്‍ത്തനം ചെയ്‌തിരിക്കുന്നത് വിശ്വനാഥ് ഗോപാല്‍ ആണ്.

“മഴയെ ഞാന്‍ ശപിച്ചു
എന്‍റെ പുരപ്പുറത്ത്
ചറുപിറെ ചറുപിറെ ശബ്‌ദം ഉണ്ടാക്കി
ഉറക്കം കെടുത്തിയതിന്
കാറ്റിനെയും ഞാന്‍ ശപിച്ചു
എന്‍റെ തോട്ടത്തില്‍ നാശം വിതച്ചതിന്…
അപ്പോഴാണ് നീ വന്നത്
മഴയ്ക്ക് ഞാന്‍ നന്ദി പറയണം
നിനക്ക് നനഞ്ഞ വസ്‌ത്രങ്ങള്‍
മാറ്റിയേ പറ്റുവല്ലോ..
കാറ്റിനും ഞാന്‍ നന്ദി പറയണം
ഓടിവന്ന് അത് എന്‍റെ വിളക്കണച്ചുവല്ലോ…”

“എല്ലാമെല്ലാം പൊക്കിയെടുത്തു
പറന്നകലുന്ന കൊടുങ്കാറ്റേ നീ
ഫുല്ലമലര്‍ക്കുലകള്‍ക്കു സുരാഗ-
പരാഗമണച്ചെന്നാരോര്‍ത്തു..”

എന്ന്, സര്‍വനാശം വിതയ്ക്കുന്ന കൊടുങ്കാറ്റില്‍പ്പോലും പരാഗണത്തിന്‍റെ സദുദ്ദേശ്യം കണ്ടെത്താന്‍ ഇടശ്ശേരിയിലെ കവിക്കാവുന്നുണ്ടല്ലോ.

നമ്മുടെ കണ്ണുകള്‍ക്ക് ഇന്നുള്ളതിലും കൂടുതല്‍ ശക്തിയുണ്ടായിരുന്നെങ്കില്‍ സിനിമ എന്ന കലാരൂപം സാധ്യമാവില്ലായിരുന്നു എന്നു പറയാറുണ്ട്. കണ്ണിനെ വഞ്ചിക്കുന്ന തന്ത്രമാണ് ചലച്ചിത്രത്തിലെ കല. വേറിട്ട സ്ഥിരചിത്രങ്ങളെ ഒരു പ്രത്യേകവേഗതയില്‍ മാറിമാറി കണ്ണിനുമുന്നില്‍ കാണിക്കുമ്പോള്‍ അവ ചലിക്കുന്നതായി തോന്നും. കത്തിച്ചുപിടിച്ച ഒരു ചൂട്ട് രാത്രിയില്‍ അന്തരീക്ഷത്തില്‍ വീശുമ്പോള്‍, അത് തീവരയായി തോന്നുന്നതുപോലെ. തലച്ചോറിന്‍റെ ഈ വിഭ്രാന്തിയാണ് സിനിമയുടെ പിറകിലെ സാങ്കേതികത. ഒരു പുഴയുടെ ഒഴുക്കിനെ നിരീക്ഷിച്ചുകൊണ്ട്, ഈ ആശയത്തെ മറ്റൊരു തരത്തില്‍ അവതരിപ്പിക്കുകയാണ് “ചലച്ചിത്രം” എന്ന കവിതയില്‍ ശങ്കരന്‍ നമ്പൂതിരി. വേഗത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ കാണുന്ന ഒറ്റപ്പെട്ട ദൃശ്യങ്ങള്‍ക്ക് ചലച്ചിത്ര ചാരുത ലഭിക്കുകയാണ് ഈ കവിതയില്‍. ഈ പുഴയാകട്ടെ, അവസാനം, മരണം എന്ന സമുദ്രത്തില്‍ ഒഴുകിയെത്താനുള്ള ജീവിതപ്പുഴതന്നെയാണ്. ജീവിതം നായികയും മരണം നായകനും ആയ ഒരു ചലച്ചിത്രമാണ് കവിതയില്‍ നാം വായിക്കുന്നത്.

“ജീവിതപ്പുഴയാണു നായിക, മൃതിയാണു
സാഗരോപമം പ്രതിനായകന്‍, ഒരായിരം
തിരക്കൈകളില്‍ പിടഞ്ഞൊടുങ്ങും നദിയുടെ
കഥ ദുഃഖാന്തംതന്നെയെങ്കിലും ചലച്ചിത്രം
രസമാണല്ലീ കണ്ടിരിക്കുവാന്‍? വഴിയോര-
ക്കാഴ്ചകളാകാംക്ഷതന്‍ മുള്‍മുനകളില്‍ നിര്‍ത്തും
സംഭവവൈചിത്ര്യങ്ങള്‍, പ്രണയം, പൊട്ടിച്ചിരി-
യുണര്‍ത്തും നിമിഷങ്ങളുണ്ട്, മല്‍പ്പിടുത്തങ്ങള്‍!
ഇടവേളയാണിപ്പോള്‍, ഓര്‍മ്മകളുടെ ചോള-
പ്പൊരിയും കൊറിച്ചുകൊണ്ടിരിപ്പൂ നീയും ഞാനും!”

നമുക്കറിയാം. കുട്ടിക്കാലത്ത് കാഴ്ച്ചകളല്ല, മുതിര്‍ച്ചയില്‍ കാണുന്നത്. കുട്ടിക്കാലത്ത് കണ്ടുപേടിച്ച ഇടവഴികള്‍ക്ക് ആ ആഴം നഷ്‌ടപ്പെടുന്നു. കളിച്ചുനടന്ന വിശാലമായ പറമ്പുകള്‍ക്ക് വലുപ്പം നഷ്‌ടപ്പെടുന്നു, കയറിക്കീഴടക്കിയ മരങ്ങള്‍ക്ക് ഉയരം കുറയുന്നു. ഇത്തരം ഒരനുഭവത്തെ ഇഴ വേര്‍പെടുത്തി പരിശോധിക്കുകയാണ് അരുണ്‍ ഗാന്ധിഗ്രാം സച്ചിദാനന്ദത്തില്‍ പ്രസിദ്ധീകരിച്ച, “ഓട്ടോ ഫോക്കസ് ക്യാമറ” എന്ന കവിത.

“ചുവരിലെ നിറങ്ങളല്ല
കുഞ്ഞുങ്ങള്‍ കാണുക.
മുറിയുടെ
നമുക്കൊന്നും നോട്ടമെത്താത്ത മൂലയിലെ
ചിലന്തിവലയിലെ
ഇരയനക്കങ്ങളാണ്.
ചെടികളുടെ തരമോ ഗുണമോ അല്ല
അവരെയത്ഭുതപ്പെടുത്തുക
താഴെയൊരിലത്തുമ്പിലെ
ചുവപ്പും തവിട്ടും കലര്‍ന്ന
ചെറുപ്രാണിയുടെ
കാര്‍ട്ടൂണ്‍ ചലനങ്ങളാണ്.”

അവര്‍ കാണുക, കസേരക്കാലിന്നടിയിലെ അരിമണിയും പെറുക്കിയെടുത്ത് നിഗൂഢമായ ഒരു പാതാളഗേഹത്തിലേയ്ക്ക് വരിവരിയായിപ്പോകുന്ന കുഞ്ഞുറുമ്പുകളെയാണ് എന്നു പറഞ്ഞുകൊണ്ട്, ഈ നീണ്ടവഴിയുടെ ഏതുവളവിലാണ് ആ ഓട്ടോ ഫോക്കസ് ക്യാമറ നമുക്കെല്ലാം കളഞ്ഞുപോയത്, എന്നാണ് ഈ കവിത ഉണര്‍ത്തുന്ന പ്രധാന പ്രശ്‍നം. ഇരയനക്കവും, ചെറുപ്രാണിയുടെ ചലനങ്ങളും, വരിവരിയായിപ്പോകുന്ന കുഞ്ഞുറുമ്പുകളുമടക്കം കുട്ടികള്‍ കാണുന്ന കാഴ്ച്ചകളിലെല്ലാം ജീവന്‍റെ തുടിപ്പു് എന്നതും മുതിര്‍ന്നവരുടെ കാഴ്ച്ചകള്‍ അജൈവവസ്‌തുക്കളില്‍ തട്ടി തടയപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

“ബുദ്ധന്‍റെ ചൂണ്ട” എന്ന കവിത രവിശങ്കറിന്‍റെ തര്‍ജ്ജമയാണ്. തുടക്കവും ഒടുക്കവും ഇല്ലാത്ത വൃത്തം അനന്തമാണല്ലോ. കടലാസില്‍ വരച്ച രേഖയ്ക്കുപകരം എല്ലാ അരികുകളും ഉള്ളിലേയ്ക്കു വളഞ്ഞ ത്രിമാനസ്വഭാവമാകുമോ, ഈ പ്രപഞ്ചത്തിന്‍റെ അനന്തതയ്ക്കുകാര ണം? അനന്തത യെ ആഴത്തില്‍ അന്വേഷിച്ചു ചെന്ന് വായനക്കാരെ അത്ഭുതപ്പെടുത്തുന്ന കവിതയാണ് “ബുദ്ധന്‍റെ ചൂണ്ട”.

“തുടക്കത്തിലോ ഒടുക്കത്തിലോ
ബുദ്ധന്‍ സൃഷ്‌ടിക്കുകയോ,അല്ലാതിരിക്കുകയോ ആയ
ഒരേയൊരു പ്രപഞ്ചം.
ഒരേയൊരു സൂര്യന്‍ ഉള്ളത്.
ഒരു ഗ്രഹംമാത്രമുള്ളത്.
ഒരൊറ്റമത്സ്യം നീന്തിയ ഒറ്റ ജലാശയമുള്ളത്…
ഒരുനാള്‍ പകല്‍
രാത്രി
വെളുപ്പാങ്കാലം
വൈകുന്നേരം…
മത്സ്യം ബുദ്ധനെ വിഴുങ്ങി..
മൂപ്പര്‍ വയറ്റില്‍ കണ്ടത് മറ്റൊരു ബുദ്ധനെ.”

സൂര്യനുള്ള.. ഭൂമിയുള്ള.. തടാകമുള്ള മീനുള്ള ഒന്നിനെ… അങ്ങനെയങ്ങനെ അനന്തമായി നീണ്ടുനീണ്ടുപോകുന്ന ബുദ്ധപരമ്പര… ഇപ്പോള്‍ പിന്നെയും തുടക്കമോ ഒടുക്കമോ ആയ സമയത്ത് ഒരു നീലത്തടാകത്തിന്‍റെ കരയില്‍ കുന്തിച്ചിരിക്കുന്നു..കൊളുത്തില്‍ ഇര കോര്‍ത്ത് വീശിയെറിയുകയാണ്, കവിയെന്ന ശിഷ്യന്‍. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ മത്സ്യത്തെ വലിച്ചെടുക്കുന്നു. കോര്‍മ്പയില്‍ മത്സ്യം തടാകം ഭൂമി സൂര്യന്‍ ബുദ്ധനും… അനന്തവും അതേസമയം പ്രാപഞ്ചികവും ആയ ഒരു ലോകെത്തയാണ് “ബുദ്ധന്‍റെ ചൂണ്ട” എന്ന കവിത സാക്ഷ്യപ്പെടുത്തുന്നത്.

മനുഷ്യര്‍ അവന്‍റെ ശാസ്‌ത്രജ്ഞാനംകൊണ്ട് പ്രപഞ്ചത്തെ കീഴടക്കാന്‍ ശ്രമിക്കുകയാണല്ലോ. ജനിതക മാറ്റം വരുത്തിയ പച്ചക്കറിയും ധാന്യങ്ങളും, ജീവികളേയുംവരെ കൃത്രിമമായി സൃഷ്‌ടിക്കാന്‍ മനുഷ്യര്‍ക്കാവും. പക്ഷേ, ശാസ്‌ത്രജ്ഞാനത്തിലൂടെ എല്ലാം സൃഷ്‌ടിക്കാന്‍ കഴിയുമോ? കടല്‍? കാറ്റ്? ജയദേവ് നായനാരുടെ “പലശിഷ്‌ടം” ഉന്നയിക്കുന്ന പ്രശ്‌നം അതാണ്. പച്ചക്കറി വില്‍ക്കാനുണ്ട് എന്നു പറയുന്ന ശീലത്തില്‍നിന്നുമാറി  പച്ചക്കറിയുണ്ടാക്കിത്തരാമെന്ന് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. തക്കാളി എങ്ങനെയാണുണ്ടാക്കുന്നത്? ചോപ്പുതേച്ചുരുട്ടി, മധുരം വേണോ പുളി വേണോ  എന്നു തീരുമാനിക്കാവുന്നതാണെന്നോ? ചതുരത്തില്‍ ഒരു ചക്ക, ചക്കപ്പശയധികമാവാതെ, ഉണ്ടാക്കിയെടുക്കാനാവുമോ? അങ്ങനെയെങ്കില്‍-

“കടലും ഉണ്ടാക്കാാമെന്നോ..
കായലും പറവയും പുഴുവും
കരിമീനും നേരത്തേ ഉണ്ടായതാണല്ലോ.
ഉദാഹരണത്തിന് കാറ്റ്..
അതുണ്ടാക്കാമെന്നോ.
മഴ തണുപ്പ് ചോര്‍ച്ച
വെള്ളക്കെട്ട് കൊതുക് പനി
എല്ലാം ആവശ്യത്തിനനുസരിച്ച്
ഉണ്ടാക്കമെന്നാണെങ്കില്‍
ഉണ്ടാക്കിനോക്ക്..
എന്നിട്ട് സമയം ബാക്കി കിട്ടുന്നെങ്കില്‍
കുറച്ച്..
കുറച്ചുമാത്രം വെളിച്ചമുണ്ടാക്ക്
ഇരുട്ടാണ് ചുറ്റും..”

എന്ന് പലശിഷ്‌ടം. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേയ്ക്ക് നയിക്കേണമേ എന്നാണല്ലോ പഴയ പ്രാര്‍ത്ഥന . എന്നാല്‍ ഇരുട്ടുനിറഞ്ഞകാലത്ത് വെളിച്ചം ഉണ്ടാക്കാാന്‍ കഴിയുമോ എന്നാണ് പലശിഷ്‌ടം അന്വേഷിക്കുന്നത്, അഥവാ വെല്ലുവിളിക്കുന്നത്.

കാവ്യകേളി എന്ന ഫേസ്ബുക് ഗ്രൂപ്പിലാണ്, മാധവി മേനോന്‍റെ “ആഴിക്കും ആകാശത്തിനുമിടയില്‍” എന്ന കവിത വായിച്ചത്. പ്രണയത്തിന്‍റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ എന്തൊക്കെ വൈരുദ്ധ്യങ്ങളാണ് രണ്ടുപേര്‍ തമ്മിലുള്ള വ്യവഹാരങ്ങളില്‍ ഇലവിരിഞ്ഞുവരുന്നത് എന്നതിന്‍റെ സൗന്ദര്യപക്ഷമായണ് മാധവിമേനോന്‍ തന്‍റെ കവിതയില്‍ ചര്‍ച്ചചെയ്യുന്നത്.

“ആദ്യം സംശയിച്ച്,
പിന്നെയും സംശയിച്ച്
ഒരു പുഴയിലേയ്ക്കിറങ്ങിച്ചെല്ലുന്നതുപോലെ
ഉറച്ച മനസ്സോടെ
ഒട്ടും വേഗതയില്ലാതെ
ഒരു വിശ്വാസത്തിലിറങ്ങിച്ചെല്ലുന്നതുപോലെ
അങ്ങനെയാണ്
കാലത്തേയും പ്രായത്തേയും തള്ളിനീക്കി
ഞാന്‍ നിന്നിലേയ്ക്കൊഴുകിവന്നത്.
ഒരിക്കലും വറ്റാത്ത സ്‌നേഹമായ്..”

നീയാകട്ടെ, ഇടയ്ക്കിടെ കരയാവുകയും എന്നിലേയ്ക്കിറങ്ങിവരികയും ഇടയ്ക്കിടെ കാറ്റാവുകയും എന്നെ തഴുകി കടന്നുപോവുകയും എപ്പോഴും ഒപ്പം നില്‍ക്കുകയുമാണ്. അങ്ങനെ, നമ്മള്‍ ആഴിയും ആകാശവും പോലെ പരസ്പ്പരം പ്രതിഫലിപ്പിക്കുന്നു. പ്രണയകാലത്തിലേയ്ക്കാണ് കവിത വായനക്കാരെ ഒഴുക്കിവിടുന്നത്.

“എന്‍റെ വേരിലാണ് നീ പ്രണയ ത്തിന്‍റെ വിഷം വെച്ചത്. ഇളം തണ്ടിലാണ്  കോടാലിയുടെ  മൂര്‍ച്ച നോക്കിയത്. സുഷുമ്‌നയിലാണ് വാര്‍ദ്ധക്യത്തിന്‍റെ ഊന്നുവടി ചാരിയത്. ശ്വേതധമനിയിലാണ് വിവശതയുടെ മഞ്ചലോടിച്ചത്. പടുചില്ലയിലാണ്  അന്ത്യവിധിയുടെ  തൂക്കുമരം തീര്‍ത്തത്. മഞ്ഞ ഇലകളിലാണ് അവസാന അത്താഴം വിളമ്പിയത്. എന്നിട്ടും നീ പറയുന്നു നിന്നെ കടലോളം സ്നേഹിച്ചില്ലെന്ന്..” എന്ന് മനുശങ്കറിന്‍റെ “പരിഭവം” വായിക്കുമ്പോള്‍ ലോകത്തുള്ള മുഴുവന്‍ മരങ്ങളും ഊറിക്കൂടിയ ഒരു മുത്തച്ഛന്‍മരം, വിഷ്‌ണു നാരായണന്‍ നമ്പൂതിരിയുടെ “കാലിേഫാര്‍ണിയയിലെ മരമുത്തച്ഛന്മാ”രെപ്പോലെ, മുന്നില്‍ വഴിതടഞ്ഞുനിൽക്കുന്നു. തൊണ്ടയില്‍ അതിന്‍റെ ചോദ്യം വേരിറക്കുന്നു.. എനിക്ക് ശ്വാസംമുട്ടുന്നു…

“ശ്രദ്ധ! ഹാ തുളുമ്പിവീണാലൊറ്റഞൊടിക്കുള്ളില്‍
ചുറ്റിലും വസന്തങ്ങള്‍ പൂവനം വിരിച്ചെത്തും
സഹസ്രായുതസ്‌നേഹസങ്കൽപ്പനദീജാലം
ഒഴുക്കാം ഞരമ്പുകളുന്മത്തമഹാവേഗം
ജ്വലിക്കുമുദിപ്പത്രേ തേജസമഹാകാന്തി
പ്രണയം കുറുക്കുമിക്കടല്‍വെള്ളത്തിന്‍ ഗാഢം”

എന്ന് ഇന്ദിരാ അശോകിന്‍റെ “പരാവര്‍ത്തം” എന്ന കവിതയും സ്‌നേഹത്തിന് പുതിയ നിര്‍വചനം കണ്ടെത്തുകയാണ്. ദേശീയതയും, ദേശ സ്‌നേഹവും, ദേശദ്രോഹവുമൊക്കെ മേല്‍പ്പാളിയിലേയ്ക്കു ചര്‍ച്ചയ്ക്കെത്തിയിരിക്കുന്ന പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ രാജേഷ് നന്ദിയംകോടിന്‍റെ “വര” എന്ന കവിതയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

“വെറുതേ പേപ്പറില്‍
ഒരു വരവരച്ചതാണ്.
അതുപിന്നെ വരമ്പായ്
അതിരായ്
ഇരു രാജ്യമായ് ഭാഷയായ്
സംസ്‌കാരമായ്
ഞങ്ങളെ നീയും ഞാനും
എന്ന് വേര്‍തിരിച്ചുവെയ്ക്കുന്നു…”

എന്നു വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് അറിയാതെ വടക്കോട്ടു സഞ്ചരിക്കും. ഇന്ത്യാ-പാക്കിസ്ഥാൻ അതിര്‍ത്തിയിലെ മുള്ളുവേലിയില്‍ തറഞ്ഞ് ചോരയൊലിച്ചേ അത് നില്‍ക്കൂ..

“മുഷിഞ്ഞതും രക്തം പുരണ്ടതുമായ ഒരു താക്കോല്‍ നിനക്കുവേണ്ടി ഞാന്‍ കരുതിവെയ്ക്കുന്നു. പ്രിയസുഹൃത്തേ നിനക്കെന്‍റെ ശവകുടീരം തുറന്നുകാണുവാന്‍ മാത്രം! അതിന്‍മുകളിലെഴുതിവെച്ചതൊന്നും നീ വായിക്കരുതേ.. അകത്തേയ്ക്കു നോക്കുക. അവിടെ അസ്ഥിയായും ആത്മാവായും അനേകം അവസ്ഥകള്‍ കാണും. അതില്‍നിന്ന് നീ നിന്‍റെ ആയുധങ്ങള്‍ കണ്ടെടുക്കുക.”എന്ന്, “മരണത്തിന്‍റെ താക്കോല്‍” എന്ന കവിതയില്‍, സി എസ് ജയചന്ദ്രന്‍, ശവകുടീരത്തിന്‍റെ അകംതുറന്നു കാണിക്കുന്നു.

പുനത്തില്‍ കുഞ്ഞബ്‌ദുള്ളയെ അനുസ്‌മരിക്കുന്ന നിരവധി ലേഖനങ്ങളും പഠനങ്ങളുമായാണ് ഈ ആഴ്ച്ച  മാധ്യമം വാരിക പുറത്തുവന്നത്. അതില്‍ പി. രാമന്‍ എഴുതിയ, “ശയനം” എന്ന കവിത ആ ഓര്‍മ്മപ്പതിപ്പിന്‍റെ കനം വര്‍ദ്ധിപ്പിക്കുന്നു. പുനത്തിലിന് കവിതകൊണ്ടുള്ള തിലോദകമായി, രാമന്‍റെ “ശയനം”

“എഴുതുവാന്‍ പേന ഖബറില്‍ വെച്ചുവോ?
കടലാസുകെട്ടും അടുക്കിവെച്ചുവോ?
അനന്തകാലത്തേയ്ക്കെഴുതുവാനുള്ള
കഥയുമായൊരാളതില്‍ കിടപ്പല്ലോ..
ശിരസ്സുതാഴ്ത്തി നാം മടങ്ങിയാലുടന്‍
വപുസ്സഴിയുവാന്‍ തുടങ്ങിയാലുടന്‍
ഇരു കൈകള്‍കൊണ്ടുമെഴുതിടുമിവന്‍
കഥകള്‍ പിന്നെയും കഥകള്‍ ഗാഥകള്‍..”

അതിനാല്‍, ഇവന്‍റെ ശരീരം ഹിമത്താല്‍ മൂടേണ്ട, മരവിക്കുമൊക്കെ. ദഹിപ്പിച്ചീടേ, ഭസിതമായ്ത്തീരും. എഴുതുവാന്‍ കാത്തു തരിക്കുന്നൂ ഭൂമി അവസാനിക്കാത്ത രുചികളെപ്പറ്റി. കബറിലാവട്ടേ കിടപ്പടക്കിയോ കടലാസുകെട്ടും അരികില്‍ പേനയും?

ഇസ്‌ലാം മതം അനുശാസിക്കുന്ന ജീവിതവും, ശ്രീ പുനത്തലിന്‍റെ ജീവിത ദര്‍ശനവുമായി, കണ്ണിചേര്‍ത്ത് ചിന്തിക്കുന്നവര്‍ ഉന്നയിച്ച പ്രധാന സംശയം, എന്തിന് പുനത്തില്‍ കുഞ്ഞബ്‌ദുള്ള എന്ന മഹാനായ എഴുത്തുകാരന്‍റെ മരണശേഷംമാത്രം മതവും പള്ളിയും കബറും കടന്നുവന്നു എന്നായിരുന്നുവല്ലോ. കബറില്‍ത്തന്നെയാണ് കഥാകാരനെ യാത്രയാക്കേണ്ടത് എന്ന് അടിവരയിടുകയാണ് രാമന്‍റെ “ശയനം”. കൂടെ കടലാസുകെട്ടും അരികില്‍ പേനയും വെക്കാന്‍ മറന്നുകാണുമോ?

1 Comment
  1. ശ്രീകുമാരന്‍ നായര്‍ വി പി 4 years ago

    നല്ല കുറിപ്പ്…ആസ്വാദ്യകരം…നന്ദി…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account