നാടുവിട്ടുപോവുക എന്നത് മരണംപോലെയോ ആത്മഹത്യപോലെയോ പേടിപ്പിക്കുന്ന ഓര്‍മ്മകളായിരുന്നു ഒരു കാലത്ത്. ഇന്നുപക്ഷേ ദൂരയാത്രകള്‍ മുതിര്‍ന്ന മനുഷ്യരെ അധികമൊന്നും ഭയപ്പെടുത്തുന്നില്ല. രാവിലെയും ഉച്ചയ്ക്കും രാത്രിയും വേറെവേറെ രാജ്യങ്ങളില്‍നിന്നു ഭക്ഷണം കഴിക്കാനാവുന്ന അത്ര വേഗത്തില്‍ നമ്മെ നാടുകടത്തി തിരിെച്ചത്തിക്കാന്‍ കഴിയുന്ന വേഗയാനങ്ങളുടെ കാലത്ത് യാത്ര പോയവരെ ഓര്‍ത്ത്  കരയാനുള്ള വിഡ്ഡിത്തം ആരുകാണിക്കും? പക്ഷേ, സ്വപ്‌നങ്ങളുടെ വിഴുപ്പുമേന്തി ഇന്നും കടല്‍ദൂരങ്ങളെ കവച്ചുകടക്കുന്നു, പാവപ്പെട്ടവന്‍റെ ദൂരയാത്രകള്‍. പലപ്പോഴും, കടലാസുതോണികളെ കുട്ടിക്കളികളായി മാത്രമേ വലിയവരുടെ ലോകം മനസ്സിലാക്കുകയുള്ളൂ എങ്കിലും കടലാസുതോണികളും തോണികള്‍തന്നെയാണ്. സ്വപ്‌നങ്ങളുടെ വിഴുപ്പുമേന്തി ഒരു കടല്‍ദൂരം മരുപ്പച്ച തേടിപ്പോകുന്നവയാണ് ഓരോ കടലാസുതോണിയും എന്ന് സഹ്‌ലയുടെ “മരുപ്പക്ഷി”, എന്ന കവിത നമ്മെ, തോണ്ടിവിളിച്ചു കാണിച്ചുതരികയാണ്. മാധ്യമം ആഴ്ച്ചപ്പതിപ്പിലാണ് ഈ കവിത വായിച്ചത്. ഇല്ലായ്‌മയുടെയും വല്ലായ്‌മയുടെയും സ്‌നേഹത്തിന്‍റെയും കണ്ണീരിന്‍റെയും നിരവധി ഓര്‍മ്മകളുമായിട്ടാണ് സഹ്‌ലയുടെ ഓരോ കടലാസുതോണിയും യാത്ര പുറപ്പെടുന്നത്.

“കൂടപ്പിറപ്പിനെ ഓര്‍ത്ത് കൂടുവിട്ടിറങ്ങുമ്പോള്‍
ഉമ്മറക്കോലായില്‍
ഉമ്മാന്‍റെ തട്ടത്തില്‍ കണ്ണീര്‍പെയ്ത്ത്…
ഇല്ലായ്മയുടെ അറുപതിലും
അരമുണ്ടു മുറുക്കി
അന്നം തന്ന
ഉപ്പയുടെ ഉള്ളത്തില്‍
ആധിയുടെ ഓളങ്ങള്‍..
പൂമണം മായാത്ത പുതുമണവറയില്‍
പെണ്ണിന്‍റെ പൂങ്കിനാവില്‍ പുഴുക്കുത്ത്….”

പൊള്ളുന്ന ഉള്ളിനെ ചേര്‍ത്തു മറച്ചുവെച്ച്, പുഞ്ചിരിച്ചുകൊണ്ട്, പ്രവാസലോകത്തേയ്ക്കു യാത്ര തിരിക്കുന്ന ഓരോ കടലാസുതോണിക്കും നിരവധി കഥകളോര്‍മ്മിക്കാനുണ്ട്. സ്വന്തം രക്‌തയോട്ടത്തിന്‍റെ കുടിലില്‍നിന്ന് പടിയിറങ്ങുമ്പോൾ, വഴിയില്‍ ഉപേക്ഷിച്ചു പോകുന്ന കണ്ണുനീരിന്റെ ഉപ്പുകാറ്റിനെ ഒരു പൂര്‍വജന്മസ്‌മൃതിപോലെ വായിക്കാം സഹ്‌ലയുടെ കവിതയില്‍. മോഹഭംഗങ്ങളുടെ ഉമിത്തീയില്‍ വെന്തെരിഞ്ഞവരുടെ സ്‌മാരകങ്ങളായി, വെയില്‍ പെയ്‌തുകൊണ്ട് ഉയര്‍ന്നുനില്‍ക്കുകയാണ്, മരുഭൂവിലെ മണല്‍ക്കൂനകളോരോന്നും. തന്‍റെ  പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട ഒരു പൂര്‍വകാലത്തെ കടലാസുതോണി എന്ന ബിംബത്തിലേയ്ക്ക് ആവാഹിച്ചുകൊണ്ട് തിരിച്ചുവിളിക്കുകയാണ് സഹ്‌ലയുടെ “മരുപ്പക്ഷി”.

വാക്കും അര്‍ത്ഥവും പോലെ യോജിച്ചുനില്‍ക്കുന്ന ജഗത്‌പിതാക്കളായ പാര്‍വതീ പരമേശ്വരന്മാരെ വന്ദിക്കുന്നു എന്ന പ്രാര്‍ത്ഥനയോടെയാണല്ലോ കാളിദാസന്‍ കുമാരസംഭവം ആരംഭിക്കുന്നത്. എന്നാല്‍, വാക്കും അര്‍ത്ഥവും അങ്ങനെ യോജിച്ചുനില്‍ക്കുന്നവരാണോ എന്ന സംശയം പണ്ട് മുതല്‍ക്കേ സഹൃദയലോകം പങ്കുവെച്ചു പോരുന്നതാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ യോജിക്കാന്‍ പ്രയാസമില്ലാത്തതു കൊണ്ടാവാം ആ പ്രാര്‍ത്ഥനപോലും ഒരു മഹാകാവ്യത്തിന്‍റെ രചനാവേളയില്‍ പ്രസക്‌തമാകുന്നത്. വാരിധി തന്നില്‍ തിരമാലകളെന്നപോലെ തന്‍റെ നാവില്‍ പദാവലി വേണ്ടപ്പോള്‍ തോന്നണം എന്ന പ്രാര്‍ത്ഥനയിലും അതേ കാര്യംതന്നെയാണ് മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുന്നത്. മലയാളം വാരികയില്‍ “ജഡം, ജന്മം ഇനി” എന്നേ പരിലുള്ള, ഷാജി ഷണ്‍മുഖത്തിന്‍റെ കവിതയിലും വിഷയം വാക്കും അര്‍ത്ഥവും തമ്മില്‍, അഥവാ കവിതയുടെ രൂപവും ഭാവവും തമ്മില്‍ യോജിക്കാതെ അകന്നുമാറി നില്‍ക്കുന്നതുതന്നെയാണ്.

“ലോകത്തിന്‍ പരപ്പാര്‍ന്ന തൂലികത്തുമ്പാലൊട്ടു
കോറുവാന്‍ കഴിഞ്ഞില്ലീ ഭാവത്തിന്‍ കടലാസ്സില്‍.
ഈ വിശാലമാം ഭൂമീതലത്തില്‍ വിരിക്കുവാന്‍
മാംസത്തിന്‍ ചിറകിങ്ങു പക്ഷിയായ് പറന്നില്ല..
കാടിന്‍റെയനന്തതമാം ആശയങ്ങളിലോടാന്‍
കാലുകള്‍ മൃഗാധീനവേഗമായ് പകര്‍ന്നില്ല.
ചുറ്റിലും സസ്‌നേഹമായ് ചാറുവാനെത്തും
കരിമേഘത്തിന്നുള്‍പ്പൂവിലെ
തുള്ളിയായ് കുതിര്‍ന്നില്ല..
ആടിയില്ലിലകളില്‍,
ആടിമാസത്തില്‍
പുത്തന്‍കോടിയായ് പടരുവാന്‍
വസന്തമണിഞ്ഞില്ല..

എന്ന്, വാത്മീകിയുടേയും വ്യാസന്‍റെയും കാളിദാസന്‍റെയും കാലംമുതല്‍ കവികള്‍ അനുഭവിച്ചുപോരുന്ന ധര്‍മ്മസങ്കടംതന്നെയാണ് വീണ്ടും കാവ്യരൂപമാര്‍ന്നു നില്‍ക്കുന്നത്. ലോകത്തിന്‍റെ പരപ്പാര്‍ന്ന തൂലികത്തുമ്പുകൊണ്ട് ഭാവത്തിന്‍റെ കടലാസില്‍ കോറുക, വിശാലമായ ഭൂമിയില്‍ മാംസത്തിന്‍ ചിറക്, പക്ഷിയായി പറക്കുക, കാടിന്‍റെ അനന്തമായ ആശയങ്ങളില്‍ ഓടാന്‍ കാലുകള്‍ മൃഗാധീനവേഗമാര്‍ജ്ജിക്കുക, ചുറ്റിലും സസ്‌നേഹമായ് ചാറുവാനെത്തുന്ന കരിമേഘത്തിന്‍റെ ഉള്‍പ്പൂവിലെ തുള്ളിയായി കുതിരുക എന്നിങ്ങനെ ഭാവത്തെ പ്രകൃതിപ്രതിഭാസങ്ങളായി തര്‍ജ്ജമചെയ്യുന്ന കാവ്യയുക്‌തി മനോഹരമായിരിക്കുന്നു. താളത്തിന്‍റെ നിയതമായ ഒരു ചട്ടക്കൂടില്‍ അച്ചടക്കം പാലിച്ചുകൊണ്ടാണ് ഭാവതലത്തിലുള്ള ഈ ഉയര്‍ന്നു പറക്കല്‍ സാധ്യമാകുന്നത് എന്നത് ഷാജി ഷണ്‍മുഖത്തിന്‍റെ രചനയെ കൂടുതല്‍ ധ്വനിസാന്ദ്രമാക്കുന്നുണ്ട്.

മഹേന്ദറിന്‍റെ, “കാട് ഒരു സെല്‍ഫിയെടുക്കുന്നു” എന്ന കവിതയും മലയാളം വാരികയില്‍ത്തന്നെയാണ് വായിച്ചത്.

“കാട്ടുപക്ഷികളുടെ കുതറിച്ചയില്‍
ഉലഞ്ഞ മുടിയിഴകള്‍ മാടിയൊതുക്കി
ആനപ്പുറ വിസ്തൃതിയില്‍ മണ്‍നിറം വാരിപ്പൂശി
കാട്ടാറിനടിത്തട്ടിലെ
വെള്ളാരങ്കല്‍ച്ചിലങ്കമണികള്‍
ഇളക്കിത്തിളക്കി
ഗഗനമേ നീലമേ നിന്‍റെ ചിരിയെന്‍റെ
പച്ചമിടിപ്പിനൊരു നല്ല കോൺട്രാസ്റ്
കൊണ്ടുത്തരുമല്ലോ എന്ന്
ആകാശത്തോട് കൊഞ്ചി,
പെരുമ്പാമ്പുമാല മാറിലിറക്കിക്കിടത്തി,
മാറിടമുഴുപ്പ് രണ്ടെന്നു കൃത്യം പകുത്ത്
തുടയകല്‍ച്ചകളിലൊരു
വെള്ളച്ചാട്ടത്തിന്‍റെയലര്‍ച്ച പതച്ചുതെളിച്ച്,

കാടൊരു സെല്‍ഫിയെടുക്കുമ്പോള്‍ കാടിന്‍റെ രൂപത്തിലും ഭാവത്തിലും പ്രപഞ്ചത്തോളം ഉയര്‍ന്നും പടര്‍ന്നും നില്‍ക്കുന്നൊരു പെണ്ണത്തം കാടിനു കല്‍പ്പിച്ചുകൊടുക്കുകയാണ് മഹേന്ദര്‍.

ഇതുകവിതയല്ല, കവിതയേയല്ല എന്നു മുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്ടാണ് അമ്മു ദീപയുടെ “വീട്” എന്ന ഒറ്റവാക്ക് കവിതയിലേയ്ക്കു കുതിച്ചു ചാടുന്നത്. രണ്ട് വീടുകളെക്കുറിച്ചുള്ള കവിതയില്‍, വീട് എന്ന വാക്കിനെത്തന്നെ അമ്മു ഉള്ളുകീറിപ്പൊളിച്ചുവെച്ച് അതിന്‍റെ അര്‍ത്ഥസാധ്യതകളിലൂടെ നമ്മുടെ കാലത്തിലെ രണ്ട് വീടവസ്ഥകളിലേയ്ക്കും അതുവഴി സാമ്പത്തികവും സാമൂഹ്യവുമായ ജീവിതാവസ്ഥകളിലേയ്ക്കും സഞ്ചരിക്കുകയാണ്.

“വീട് 1,
വിടൂ..
വിടൂ..
വിടൂ..
വീടേ..
വീട് 2,
വീടൂ..
വീടൂ..
വീടൂ..
വീടേ..”

ഒന്നാമത്തെ വീട് ആവശ്യത്തില്‍ക്കൂടുതല്‍ അതിലെ വീട്ടുകാരെ തന്നിലേയ്ക്കു ചേര്‍ത്തുപിടിക്കുന്നതാണ്. അതുകൊണ്ട് വിടൂ വിടൂ.. എന്ന് കെഞ്ചിയപേക്ഷിച്ചുമാത്രമേ ഓരോ അകല്‍ച്ചയും യാത്രയും സാധ്യമാകുന്നുള്ളൂ. രണ്ടാമത്തെ വീടാകട്ടെ, കടത്തെക്കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നതാണ്. വീടൂ.. വീടൂ.. എന്ന് നിരന്തരം കെഞ്ചിക്കൊണ്ട് മാത്രമേ അതിനകത്ത് താമസിക്കാന്‍ പറ്റൂ. രണ്ടും രണ്ടു തരത്തില്‍ നിരന്തരം അന്തേവാസികളെ തന്നിലേയ്ക്ക് ചേര്‍ത്തുകെട്ടിയിടുന്നു എന്നും പറയാം.

“ഇരുളിന്നകത്തുമുണ്ടാരാരോ വിതുമ്പുന്നു..
വഴിതെറ്റിയ, കൂട്ടം തെറ്റിയ വെളിച്ചമോ?”

“വെളിച്ചങ്ങള്‍ ഇരുട്ടുകള്‍” എന്ന പേരില്‍ മോഹനകൃഷ്‌ണന്‍ കാലടിയുടെ കവിത, വഴിതെറ്റിപ്പോയ വെളിച്ചങ്ങളെ ഇരുളിന്നകത്തു തിരഞ്ഞു കണ്ടെത്തുകയാണ്. വെളിച്ചം വഴിതെറ്റിപ്പോയാല്‍ ഇരുളിലല്ലാതെ പിന്നെ എവിടേയ്ക്കാണ് പോവുക എന്ന് നമ്മളും അറിയാതെ ചോദിച്ചുപോകും. സ്‌കൂളും കോളേജും അടക്കമുള്ള നമ്മുടെ വിദ്യാലയങ്ങളിലേയ്ക്കു ചേര്‍ത്തുവെച്ചു വായിക്കുമ്പോള്‍ മോഹനകൃഷ്‌ണന്‍റെ വരികള്‍ ഒഴുകിപ്പരന്നു കടലാകുന്നതും പടര്‍ന്നുപടര്‍ന്നു വലുതായി ഇരുളിന്‍റെ സാമ്രാജ്യങ്ങള്‍ കീഴടക്കുന്നതും കാണാം.  ഇരുളിന്നകത്തുപെട്ടുകിടന്ന് വിതുമ്പിക്കരയുന്ന നിരവധി വെളിച്ചങ്ങളെ കണ്ട്
വേദനിച്ച ഒരു കവിമനസ്സും അധ്യാപകമനസ്സും കൂടിയുണ്ടാവാം ആ വിതുമ്പിക്കരച്ചിലില്‍ വെറുങ്ങലിച്ചു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍.

“മായ്ച്ചുകളഞ്ഞ അക്ഷരങ്ങളെ
സ്ളേറ്റ് ഓര്‍മ്മിക്കുന്നതുപോലെ
വീട് ഓര്‍മ്മിക്കുമോ
മാഞ്ഞുപോയ മനുഷ്യരെ,
മണ്ണ് ഓര്‍മ്മിക്കുമോ
മാഞ്ഞുപോയ വീടുകളെ”

എന്ന് ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കമനസ്സോടെ ആശ്ചര്യപ്പെടുന്ന കവിതയാണ് സ്വപ്‌നാ ശ്രീനിവാസന്‍റേതായി മാധ്യമത്തില്‍ വായിച്ചത്. നിരവധി വര്‍ഷങ്ങള്‍ക്കുശേഷമാണ് സ്വപ്‌നാ ശ്രീനിവാസനെ വീണ്ടും വായിക്കാന്‍ കിട്ടുന്നത് എന്നും കൂട്ടത്തില്‍ പറയട്ടെ. കളിവരകളായി മണ്ണിന്‍റെ മനസ്സില്‍ അടയാളപ്പെട്ടുകിടക്കുന്ന നിരവധി സ്‌നേഹരൂപങ്ങളെ ഒരു മിന്നല്‍പ്പിണരിന്‍റെ വെളിച്ചത്തില്‍ ഓര്‍മ്മിച്ചെടുക്കാന്‍ ഈ കവിത വഴിമരുന്നായി.

ബുദ്ധക്ഷേത്രത്തിലെ സന്യാസിയുടെ മട്ടില്‍ ധ്വനിസാന്ദ്രമായ ഭാഷയാണ്, “മറ്റൊരുമട്ടില്‍ ചെമ്പോത്ത്” എന്ന കവിതയില്‍ വിഷ്‌ണുപ്രസാദ് ഉപയോഗിക്കുന്നത്.

“വെളുപ്പാങ്കാലം
വലിച്ചുകെട്ടിയ ചക്രവാളത്തിന്‍റെ തുകല്‍പ്പുറത്ത്
പ്രപഞ്ചമേ ഉണരൂ എന്ന് കൊട്ടുന്നുണ്ട്
ചെമ്പോത്ത്.
ഏതോ ബുദ്ധക്ഷേത്രത്തിലെ സന്യാസിയെപ്പോലെ…
കാണുമ്പോഴെല്ലാം നിശബ്‌ദനും കര്‍മ്മനിരതനുമാണ്.
പൂജയ്ക്കു പൂ പറിക്കാന്‍പോകുന്നത്ര
സൗമ്യമായാണ് മരങ്ങളിലും തൊടികളിലും ചലനം.
ഇടയ്ക്കിടെ ആ ജാപ്പാനീസ് വിശറി വിരിച്ച്
മരങ്ങളെ അനശ്വരതയിലേയ്ക്ക് എടുത്തുവെക്കും… ”

മരങ്ങളെ അനശ്വരതയിലേയ്ക്ക് എടുത്തുവെക്കുകയും നികൃഷ്‌ടരായ ജീവിവര്‍ഗ്ഗം എന്ന നിലയ്ക്ക് മനുഷ്യരെ അവഗണിക്കുകയും ചെയ്യുന്ന സന്യാസിക്ക്, അയാളുടെ ധ്യാനാത്മകത സൂക്ഷിക്കേണ്ടതിനാലാവാം, മരങ്ങള്‍, പൂക്കള്‍, സാവകാശം, നിശബ്‌ദത ഇതിെലാെക്കയേ താൽപ്പര്യമുള്ളു എന്ന് വിഷ്‌ണു പ്രസാദിന്‍റെ കവിത, കിംകി ഡൂക്കിന്‍റെ, സ്‌പ്രിംഗ്‌, സമ്മര്‍, വിന്‍റര്‍… എന്ന സിനിമയെ എന്തുകൊണ്ടോ ഓര്‍മ്മിപ്പിച്ചു.

അവസാനിപ്പിക്കുന്നതിനുമുമ്പ് ഒരു കാര്യംകൂടി. വി ടി ജയദേവന്‍റെ “ജലമുദ്ര” എന്ന കവിതാസമാഹാരം ഈയിെടെയാണ് പ്രകാശനം ചെയ്‌തത്‌. പരപ്പനങാടിയിൽ ഡോ. എം. ഗംഗാധരന്‍റെ വസതിയില്‍ ഒത്തുചേര്‍ന്ന സുഹൃത്വലയത്തെ സാക്ഷിയാക്കിയായിരുന്നു പ്രകാശനം . ഡോ. എം ജി എ സ്, കല്‍പ്പറ്റ നാരായണന്‍, വീരാന്‍കുട്ടി, സിവിക് ചന്ദ്രന്‍, വി ടി ജയദേവന്‍, പ്രസാദ്, ശ്രീജിത് അരിയല്ലൂര്‍, മോളി ആര്‍ എ, തുടങ്ങി കേരളത്തിന്‍റെ വിവിധ ദൂരങ്ങളില്‍നിന്ന് സുഹൃത്തുക്കള്‍ എത്തിയിരുന്നു. നിരന്തരം നവമാധ്യമങ്ങളില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന കവിയാണല്ലോ വി ടി ജയദേവന്‍. അങ്ങേയറ്റം മുറുക്കമുള്ള, ധ്യാനത്തോടടുത്തുനില്‍ക്കുന്ന കവിതകളുടെ മാര്‍ഗ്ഗത്തില്‍ ഒറ്റയാനായി സഞ്ചരിക്കുന്ന ജയദേവന്‍റെ 1001 കവിതകള്‍ അടങ്ങിയ ഈ സമാഹാരത്തിലെ ഓരോ രചനയും ജയദേവന്‍ എന്ന കവിയെ അടയാളപ്പെടുത്തുന്നവയാണ്.

ഉടഞ്ഞൊരു
ബുദ്ധവിഗ്രഹം
പഠിപ്പിച്ച
ധ്യാനമാണെന്‍റെ
എന്നുമാത്രം പറഞ്ഞ് ആദ്യത്തെ കവിത അവസാനിക്കുമ്പോള്‍, ബുദ്ധവിഗ്രഹത്തിന്‍റെ ധ്യാനത്തിന്‍റെ ഏകാഗ്രതയും ഉടയലിന്‍റെ ചിതറലും ഒരേ സമയം അനുഭവിക്കാറാകുന്നുണ്ട്. കവിതകള്‍ക്കൊന്നും പ്രത്യേകം പ്രത്യേകം പേരിട്ടുവിളിക്കുന്നില്ല അദ്ദേഹം. മഞ്ഞു നുണയും പുലര്‍വെയില്‍ എന്ന് നിരവധി കവിത കളടങ്ങിയ ഒരു ഖണ്ഡത്തിന് ഒരുമിച്ചാണ് പേര്.

പ്രണയമേ, നിന്നെ
ഉള്ളില്‍ കൊളുത്തട്ടെ
കണ്ണടയ്ക്കിലും
കാഴ്ചയുണ്ടാകുവാന്‍..

എന്നമട്ടില്‍ നിരന്തരം പ്രണയത്തെക്കുറിച്ചും ജീവിതരതിയെക്കുറിച്ചും നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്ന കിളിയാണ് വി ടി ജയദേവന്‍റെ കവിതയോരോന്നും. ഈ രചനകളില്‍ മുഴുവന്‍ പാലിക്കുന്ന മുറുക്കമുള്ള ആന്തരികതാളം ജയദേവന്‍റെ കവിതയെ മന്ത്രത്തോടു ചേര്‍ത്തുനിര്‍ത്തുന്നുണ്ട്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account