ഉറക്കം വരുന്നു, വരുന്നില്ല, ഉറക്കം പോയി എന്നൊക്കെ പറയുമ്പോള്‍ ഉറക്കത്തിന്‍റെ യാത്രയാണ് ഓര്‍മ്മയിലെത്തുക. ഇരുട്ടിന്‍റെ വാഹനത്തില്‍, നാട്ടുവഴിയിലൂടെ യാത്രചെയ്‌ത്‌ ഒരു കുട്ടിയുടെ കണ്ണിലേയ്ക്ക് ഉറക്കം വരുന്ന അനുഭവമാണ് രാജഗോപാല്‍ നാട്ടുകല്ലിന്‍റെ “കൂട്ട്” എന്ന കവിത വായനക്കാര്‍ക്കു നൽകുന്നത്. യൂറിക്കയിലാണ് കവിത വായി ച്ചത്.

മുളങ്കൂട്ടത്തില്‍നിന്നൂര്‍ന്നിറങ്ങി,
കൈതവരമ്പിലൂടെ ഒഴുകി നീങ്ങി,
വാഴത്തോട്ടത്തില്‍ പതുങ്ങി നീങ്ങി,
പൂച്ചെടികള്‍ക്കിടയിലൂടെ ഏന്തിവലിഞ്ഞ്,
കുട്ടിയുടെ കണ്ണിലേയ്ക്ക് ഇരുട്ട് വന്നെത്തി..

എന്നു പറയുമ്പോള്‍ ഇരുട്ട് കുട്ടിയോടൊപ്പം ഒളിച്ചുകളിക്കുന്ന മറ്റൊരു കുട്ടിയായി മാറുകയാണ്.

ഓന്തിനെപ്പോലെ നിറം മാറാന്‍, പല്ലിയെപ്പോലെ സ്വന്തം വാലു മുറിച്ചിട്ട് ഓടിപ്പോകാന്‍, ചിലന്തിയെപ്പോലെ തന്‍റെ ഇണയെ പച്ചജീവനോടെ തിന്നൊടുക്കാന്‍… കഴിഞ്ഞിരുന്നെങ്കില്‍ നീതിക്കുമുമ്പില്‍ കരുണതേടി ഇങ്ങനെ അലയേണ്ടിവരില്ലായിരുന്നു എന്ന പെണ്ണവസ്ഥയെ ആഴത്തില്‍ കീറി മുറിച്ച് അടയാളപ്പെടുത്തുന്ന കവിതയാണ് രേഖ മാതമംഗലത്തിന്‍റെ “ഉടല്‍ജീവനം”.

ശത്രുവിനു മുന്നില്‍ ഉടല്‍മുറിച്ചിട്ട്
പല്ലിയെപ്പോലെ ഓടിപ്പോകാന്‍ കഴിഞ്ഞെങ്കില്‍
ആത്മാഭിമാനത്തോടെ
സത്യത്തിന്‍റെ പ്രവാചകയാകാമായിരുന്നു.
നിറം മാറുകയെന്ന ജൈവപ്രതിരോധം
ഓന്തിനെപ്പോലെ
ഉടലിനറിയാമായിരുന്നെങ്കില്‍
ക്ഷമയുടെ കരിമ്പാറപ്പുറത്ത്
പതുങ്ങിയിരുന്നേനേ..
ഉടലധികാരത്തെ തകര്‍ത്തവനെ
പച്ചയോടെ ചിലന്തി ചെയ്യുമ്പോലെ
തിന്നൊടുക്കാന്‍ കഴിഞ്ഞെ ങ്കില്‍
കരുണകാത്തുനില്‍ക്കില്ലായിരുന്നു
ഒരു നീതിക്കുമുമ്പിലും.
ഒന്നുമില്ലെങ്കിലും ദൈവമേ..
അരണയെപ്പോലെ
മറവിയെ ഒരു ഉടല്‍ദൂരത്ത്
ചേര്‍ത്തുവെയ്ക്കുകയെങ്കിലും ആകാമായിരുന്നു..

ശത്രുക്കളില്‍നിന്നു രക്ഷനേടാനും ഇരതേടാനും പ്രകൃതി മറ്റുജീവികള്‍ക്കു നൽകിയ കരുത്തുപോലും മനുഷ്യരിലെ പെണ്ണിന് ഇല്ല എന്ന അവസ്ഥയിലേയ്ക്കാണ് ” ഉടല്‍ജീവനം”  വെളിച്ചം കാണിക്കുന്നത്. പറയുന്ന കാര്യങ്ങള്‍ നേരിട്ട് യാതൊരു വളവും തിരിവും ഇല്ലാതെ വായനക്കാരില്‍ എത്തുന്നു എന്നതാണ് “ഉടല്‍ജീവന”ത്തിന്‍റെ ഗുണം. അത്രയേറെ മൂര്‍ച്ചയാണ് പറയാനുള്ള ആശയങ്ങള്‍ക്ക് എന്നതുകൊണ്ടുകൂടിയാവാം ജൈവഘടനയില്‍നിന്നുള്ള ബിംബങ്ങള്‍ നേരിട്ട് കവിതയില്‍ വന്നുനിറയുന്നത്. ഈ സുതാര്യതയുടെ മറുപുറമാണ് സരിത മോഹനവര്‍മ്മയുടെ ഏഴു പൊടിക്കവി തകള്‍.

1.
പുളിയിലവിറച്ചുപോയ്
തുമ്പിക്കൈവണ്ണത്തിലതില്‍
വീഴുന്നു നതോന്നത.

2.
കണ്ടൂ കടലമ്മ, കടല്‍ക്കുതിര
യെല്ലുകളില്‍ തീര്‍ത്തു നീ
അണിഞ്ഞ പതക്കം.

3.
ഭ്രാന്തനച്ചന്‍ വെഞ്ചരിച്ചതേയില
ക്കെറ്റിലില്‍, പൊന്തീ കൃപയായ്
പാതിരാക്കള്ള്…

തുടങ്ങി, ഏഴു പൊടിക്കവിതകളാണ് സരിതാ മോഹനവര്‍മ്മയുടേത്. ഇതില്‍, “പാലുമായി പായുന്ന സൈക്കിള്‍ക്കാരി വഴി നീളെത്തൂവി പായസച്ചിരി” എന്ന ആറാമത്തെ പൊടിയോടു മാത്രമേ എനിക്ക് അല്‍പ്പമെങ്കിലും ഇഷ്‌ടം തോന്നിയുള്ളൂ. ഭാഷയുടെ ബാഹ്യമായ താളം പോകട്ടെ, ആന്തരികതാളം പോലും സരിതാ മോഹനവര്‍മ്മയ്ക്ക് വഴങ്ങിയിട്ടില്ല എന്നുള്ളതിന്‍റെ നിദര്‍ശനങ്ങളാണ് ഈ രചനകളുടെ വിന്യാസം. രണ്ടാമതായി മുകളില്‍ കൊടുത്ത രചനയില്‍, “കണ്ടൂ കടലമ്മ കടല്‍ക്കുതിര” എന്ന് ആദ്യത്തെ വരിയിലും “യെല്ലുകളില്‍ തീര്‍ത്തു നീ” എന്ന് രണ്ടാമത്തെ വരിയിലും ചേര്‍ത്തതിന്‍റെ യുക്‌തിയെന്താണ്? അവിടെയല്ലല്ലോ ഭാഷയുടെ ആന്തരികതാളം മുറിയുന്നത്.

കണ്ടൂ കടലമ്മ
കടല്‍ക്കുതിരയെല്ലുകളില്‍ തീര്‍ത്തു
നീ അണിഞ്ഞ പതക്കം

എന്ന രീതിയില്‍ വിന്യസിച്ചാല്‍ കുറച്ചുകൂടി എളുപ്പത്തില്‍ സംവദിക്കുമായിരുന്നില്ലേ?

പാലുമായി പായുന്ന സൈക്കിള്
കാരി വഴിനീളെ തൂവി,
പായസച്ചിരി.

എന്ന് വരി മുറിച്ചതിന്‍റെ യുക്‌തിയെന്താവാം? പാലുമായി പായുന്നത് സൈക്കി ളാണോ അതോ സൈക്കിള്‍ക്കാരിയോ? വൃത്തത്തില്‍ കവിതയെഴുതുന്നവര്‍ താളം പാലിച്ചുകൊണ്ട് വാക്കുകളെ ഇടയ്ക്കു മുറിച്ച് ബാക്കി ഭാഗം അടുത്ത വരിയിലേയ്ക്ക് കൊണ്ടുപോകുന്നത് മനസ്സിലാക്കാം. എന്നാല്‍, താളവും വൃത്തവുമൊന്നും പാലിക്കാത്ത സ്വതന്ത്രരചനകളില്‍ എന്തിനാണ് ഇങ്ങനെ ആവശ്യമില്ലാത്തേടത്തൊക്കെ മുറിച്ച് സംവേദനത്തിലും ആസ്വാദനത്തിലും തടസ്സം സൃഷ്‌ടിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളൊന്നും ഇക്കാലത്ത് ചോദിച്ചുകൂടാത്തതാണല്ലോ!

മുകളില്‍ പറഞ്ഞ രചനകളൊക്കെ വായിച്ച് ആശ്വാസത്തിനുവേണ്ടി കോരിക്കുടിക്കാവുന്ന കവിതയാണ് ദിവാകരന്‍ വിഷ്‌ണുമംഗലത്തിന്‍റെ “പ്രണയരാഗം”.

പ്രണയമെന്നാല്‍ മറവിയിലെപ്പൊഴോ
കരുതിവെച്ചത് കണ്ടെടുക്കുന്നതാം.
മരണജാലകം മെല്ലെത്തുറന്നു, വിണ്‍-
ശലഭമൊന്നായ് പറന്നുപോകുന്നതാം.

എന്നിങ്ങനെ അതിമനോഹരമായി പ്രണയത്തെ നിര്‍വചിക്കുന്ന രചന,

“പ്രണയമെന്നത് മൃത്യുവില്‍നിന്നു നാം
പതിയെ ജീവനെ വീണ്ടെടുക്കുന്നതാം”. എന്ന് അവസാനിപ്പിക്കുന്നതുപോലും നാടകത്തിന്‍ തീര്‍പ്പുപോലെ അങ്ങേയറ്റം മൂര്‍ച്ചയുള്ള ഒരു നിര്‍വണസന്ധിയി ലാണ്.

“മലകേറിയ വെളുത്ത തെയ്‌വങ്ങള്‍” എന്ന പേരില്‍ ഗണേഷ് പുത്തൂര്‍, കലാപൂര്‍ണ മാസികയില്‍ പ്രസിദ്ധീകരിച്ച കവിത ഫേസ് ബുക്കില്‍ എടുത്തു ചേര്‍ത്തിരിക്കുന്നു. നാട്ടില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന കറുത്ത ദൈവങ്ങള്‍, തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി മാറിനില്‍ക്കേണ്ടിവരികയും പകരം വെളുത്ത ദൈവങ്ങള്‍ അരങ്ങു കയ്യടക്കുകയും ചെയ്‌ത  കഥയാണ്, അഥവാ കേരളത്തില്‍ ജാതിവ്യവസ്ഥയും ബ്രാഹ്മണമേധാവിത്വവും വേരുപിടിച്ചതിന്‍റെ ചരി ത്രമാണ് “മലകേറിയ വെളുത്ത തെയ്‌വങ്ങള്‍” വിശദീകരിക്കുന്നത്.

“കാടുക യറുന്ന തെയ്‌വങ്ങള്‍ക്കു കൊടുക്കാന്‍ ഒരു കുടം കള്ളുമായ് മൂപ്പന്‍ മലയിറങ്ങി. പുലിത്തോലായിരുന്നു ഉടുത്തത്. കഴുത്തിലൊരു ചരടില്‍ കരടി നഖം. അരയിലൊരു കിഴി, അതില്‍ വേവിച്ച പോത്തിറച്ചി. മലമ്പനി ബാധിച്ചു വിറച്ച ഊരുകളിലൂടെ മൂപ്പന്‍ നടന്നു. കണ്ടോണ്ട് നില്‍ക്കാന്‍ എല്ലുന്തി വിളര്‍ത്ത പെണ്ണുങ്ങള്‍..” എന്നു തുടങ്ങുന്ന കവി ത, “ഭൂഖണ്ഡങ്ങള്‍ കടന്നുവന്ന വര്‍ണവിശുദ്ധര്‍ അരയാലില്‍ വലിച്ചുകെട്ടി ആണിയടിച്ചു തറച്ച തന്‍റെ കറുത്ത  തെയ്‌വങ്ങളെ മൂപ്പനും പിന്‍മുറക്കാരും ഇപ്പോ മറന്നുകാണും അല്ലേ?” എന്ന ചോദ്യത്തിലാണ് അവസാനിപ്പിക്കുന്നത്. വായിച്ചു കഴിയുമ്പോള്‍ മനസ്സിലാകായ്‌മയൊന്നുമില്ല. വല്ലാതെ മനസ്സിലായിപ്പോകുന്നു എന്നു മാത്രമേ പറയാനുള്ളൂ. ലേഖനം, കഥ, നോവല്‍ തുടങ്ങിയ ഇതര ഭാഷാരൂപങ്ങളില്‍നിന്ന് കവിതയെ വേര്‍തിരിക്കുന്ന ഘടകം എന്താണ്? താളം, വൃത്തം എന്നിവയൊക്കെ മാറ്റിവെച്ചാലും ചില പ്രത്യേകതകള്‍ ഉണ്ടാവില്ലേ? അഥവാ ഉണ്ടാവേണ്ടതല്ലേ? ഇല്ലെങ്കില്‍പ്പിന്നെ കവിതയെ കഥയെന്നും ലേഖനമെന്നും വിളിക്കാമല്ലോ. അച്ചടിക്കുന്ന പത്രാധിപരോ, ഓണ്‍ലൈനായി പോസ്റ്റുചെയ്യുന്ന എഴുത്തുകാരനോ എഴുത്തുകാരിയോ തലവാചകത്തിനുമുകളില്‍ കവിത എന്ന് എഴുതുന്നതുമാത്രമാകുമോ കവിതയെ കവിതയാക്കുന്ന മാനദണ്ഡം? അല്ല എന്നുണ്ടെങ്കില്‍, സാധാരണവ്യവഹാരത്തിന്‍റെ ഭാഷയില്‍നിന്ന് വിശേഷവ്യവഹാരത്തിന്‍റെ ഭാഷയിലേയ്ക്ക്, അഥവാ ബിംബഭാഷയിലേയ്ക്കുള്ള മൊഴിമാറ്റമാണ് കവിതയുടെ മുദ്ര എന്നു പറയേണ്ടിവരും. ആ വളര്‍ച്ച രചനകള്‍ക്കും കൈവരുത്തുവാന്‍ ആവശ്യ മായ മുന്നൊരുക്കമാണ് രചനയിലെ തപസ്സ്.

അമ്പലങ്ങളും പള്ളിയും അതിലിടപെടുന്ന മനുഷ്യരും പരസ്പ്പരം തമ്മില്‍ത്തല്ലി വെവ്വേറെ രാഷ്‌ട്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ അവസ്ഥയില്‍, പൊയ്‌കയില്‍ അപ്പച്ചന്‍റെ “പള്ളിയോടു പള്ളി” എന്ന

രചന ഏറെ പ്രസക്‌തം എന്നു കണ്ടതുകൊണ്ടുതന്നെയാവാം, ആ കവിത വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു, സാമൂഹ്യമാധ്യമത്തില്‍.

പറയനൊരു പള്ളി, പുലയനൊരു പള്ളി,
മീന്‍പിടുത്തക്കാരന്‍ മരയ്ക്കാനൊരു പള്ളി,
അപ്പനൊരു പള്ളി, മകനൊരു പള്ളി,
വീട്ടുകാര്‍ക്കൊക്കെയും വെവ്വേറെ പള്ളി.
തമ്പുരാനൊരു പള്ളി, അടിയാനൊരു പള്ളി,
അക്കൂറ്റും ഇക്കൂറ്റും വെവ്വേറെ പള്ളി.
പള്ളിയോടു പള്ളി നിരന്നിങ്ങു വന്നിട്ടും
വ്യത്യാസം മാറി ഞാന്‍ കാണുന്നില്ല കേട്ടോ..
……………………………………………………………….
ക്രിസ്‌തുവിന്‍ രക്‌തത്തില്‍ മുങ്ങിയതുമൂലമെന്‍
തീരാക്കുറവങ്ങു തീര്‍ന്നുപോയ് കേട്ടോ,
പിന്നെ കുറവനെന്നെന്നെ വിളിച്ചാല്‍
ആ പള്ളീലെങ്ങും വരുന്നില്ല കെട്ടോ..

മതം മാറിയിട്ടും മാറാതെ, പോയിട്ടും പോകാതെ, ചോരയിലും എല്ലിലും വേരുപിടിച്ചുനില്‍ക്കുന്ന ജാതിവ്യവസ്ഥയെത്തന്നെയാണ് പൊയ്‌കയില്‍ അപ്പച്ചന്‍ ഈ കവിതയില്‍ വിമര്‍ശനവിധേയമാക്കുന്നത്.

കൃത്യം പത്തു മുപ്പതിന് വടക്കോട്ടേക്ക് പായുന്ന
പാസ്സഞ്ചര്‍ തീവണ്ടിക്കാണ്,
പിള്ളേര്‍ അമ്മേ എന്നു വിളിക്കുന്ന,
കെട്ട്യോന്‍ കൂത്തിച്ചിയെന്നു വിളിക്കുന്ന
അമ്മായിയമ്മ പെഴച്ചോളെന്നു വിളിക്കുന്ന
നാട്ടുകാര്‍ വെടിജാനുവെന്നു വിളിക്കുന്ന
നാലാം ക്ലാസില്‍ ഓണപ്പരീക്ഷകഴിഞ്ഞ്
പഠിപ്പു നിര്‍ത്തിപ്പോയ
പി പി ജാനകി തലവെച്ചു മരിച്ചത്…

എന്ന് വളരെ നാടകീയമായിട്ടാണ് ടി ജി അജിതയുടെ “പി പി ജാനകിയുടെ ജിമിക്കി” എന്ന കവിത ആരംഭിക്കുന്നത്. കവിതയ്ക്കുവേണ്ടി മാത്രമായുള്ള, കവിയരങ്ങ് എന്ന ഡിജിറ്റല്‍ മാസികയുടെ ആദ്യലക്കത്തിലാണ് ഈ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. മക്കള്‍, ഭര്‍ത്താവ്, അമ്മായിയമ്മ, നാട്ടുകാര്‍ എന്നിവരുടെ മനസ്സില്‍ ജാനകി എങ്ങനെ അടയാളപ്പെടുന്നു എന്ന  കാര്യം സൂക്ഷ്‌മമായി നിരീക്ഷിച്ചു എന്നതാണ് ഈ കവിതയില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയ കാര്യം. മഹസ്സര്‍ തയാറാക്കാന്‍ പോലീസുകാരെത്തിയപ്പോള്‍, ജാനകിയെ തിരിച്ചറിയാനുള്ള അടയാള വാക്യങ്ങളാണ് ഓരോരുത്തരും പറയുന്നത്. അമ്മയുടെ അമ്മിഞ്ഞയിലൊരു മറുകുണ്ടെന്ന് പിള്ളേരും കല്ലുവെച്ച രണ്ടു സ്വര്‍ണ ജിംക്കികളുണ്ടെന്ന് കെട്ടിയോനും രണ്ടു കാലിലെ പെരുവിരലിലും കുഴിനഖമുണ്ടെന്ന് അമ്മായിയമ്മയും ഉത്തരമായി  എറിഞ്ഞുകൊടുത്തു. ആ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജാനകിയുടെ ശരീരം പോലീസിനു പിടികൊടുത്ത്  കീഴടങ്ങി. പറഞ്ഞു തുലയ്ക്കെടീ ഒരുമ്പെ ട്ടോളേ നിന്‍റെ മറ്റവനെവിടെ? എന്നായിരുന്നു അപ്പോഴും കെട്ടിയോന്‍റെ അടങ്ങാത്ത കലി, ശവത്തിന്‍റെ കാതില്‍ മന്ത്രിച്ചത്…

-എം എം സചീന്ദ്രന്‍

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account