പര്‍ദ്ദയെന്നപേരില്‍, പവിത്രന്‍ തീക്കുനി എഴുതി പ്രസിദ്ധീകരിച്ച ചില വരികള്‍ പിന്‍വലിച്ചതിനെക്കുറിച്ചാണല്ലോ ഈയടുത്തദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളേറെയും.

പര്‍ദ്ദ
ഒരു
ആഫ്രിക്കന്‍ രാജ്യമാണ്.
ഖനികള്‍ക്കുള്ളില്‍
കുടുങ്ങിപ്പോയ
സ്വപ്‌നങ്ങളുടെ…
സ്വാതന്ത്ര്യം
അറുത്തുമാറ്റിയ
നാവുകളുടെ..
ഇരുട്ടിലേയ്ക്ക്
മൊഴിമാറ്റിയ
ഉടലുകളുടെ
ഞരമ്പുകളില്‍
അടക്കംചെയ്‌ത
സ്‌ഫോടനങ്ങളുടെ…

സുഹൃത്തുക്കളില്‍ ചിലരെ വേദനിപ്പിച്ചതുകൊാണ് കവിത പിന്‍വലിക്കുന്നത് എന്ന കുറിപ്പോടെയായിരുന്നു പവിത്രന്‍ തീക്കുനിയുടെ പിന്‍വലിയല്‍. പ്രസിദ്ധീകരിച്ച കവിത പിന്‍വലിക്കാന്‍ കഴിയുമോ? അഥവാ പിന്‍വലിച്ചു എന്ന് കവി പറഞ്ഞാല്‍ത്തന്നെ ആ നിമിഷംതൊട്ട് വായിച്ചവര്‍ അതു മറന്നുപോകുമോ, തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിനില്‍ക്കും. അതിനപ്പുറം, എന്തിനാണ് പവിത്രന്‍ കവിത പിന്‍വലിച്ചത് എന്നതിനെക്കുറിച്ച് ലോകത്ത് മലയാളം കൂട്ടിവായിക്കാനറിയുന്ന സകലമാനപേരും അഭിപ്രായം പറഞ്ഞുകഴിഞ്ഞിരിക്കുന്നു. പിന്‍വലിക്കാനുള്ള കാരണത്തെക്കുറിച്ച് പവിത്രന്‍ നൽകുന്ന വിശദീകരണം വിശ്വസിക്കാന്‍ മിക്കപേര്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല.

വലിയൊരു വിഭാഗം പറയുന്നത്, ഇസ്‌ലാം മത-തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതിന്‍റെ പേരിലാണ് പവിത്രന്‍ തീക്കുനി തന്‍റെ ‘പര്‍ദ്ദ’ പിന്‍വലിച്ചത് എന്നാണ്. ആ പ്രചരണംകൊണ്ട് വലിയൊരു ഗുണമുണ്ടായിട്ടുണ്ട്. സഹൃദയരുടെ മനസ്സില്‍, ഗൗരി ലങ്കേഷിനൊപ്പമല്ലെങ്കിലും പെരുമാള്‍മുരുകന്‍റെ തൊട്ടടുത്തെങ്കിലും കവിക്ക് ഒരു ഇരിപ്പിടം കിട്ടിയേക്കാനിടയുണ്ട്. പക്ഷേ അപ്പോഴും തീരുന്നില്ലല്ലോ പ്രശ്‌നം! എന്നാലും എന്തിനാവും പവിത്രന്‍ തന്‍റെ കവിത പിന്‍വലിക്കുന്നു എന്ന് പ്രസ്‌താവനയിറക്കിയത്? ഇസ്‌ലാം തീവ്രവാദികള്‍ പേടിപ്പിച്ചിട്ടുതന്നെയാകുമോ? അങ്ങനെ കണ്ണുരുട്ടിയാല്‍ പേടിക്കുന്നവരാണോ വലിയവായില്‍ വിപ്ലവകവിതകളെഴുതി സാമാന്യജനങ്ങളെ ആഹ്വാനിക്കുന്നവര്‍?

‘പര്‍ദ്ദ ഒരു ആഫ്രിക്ക ന്‍ രാജ്യമാണ്..’ എന്നാണല്ലോ കവിതയുടെ ആരംഭം. ആഫ്രിക്കയ്ക്കും പര്‍ദ്ദയ്ക്കും സാമ്യം കണ്ടെത്തുക എന്ന പണിയാണ് പിന്നീട് കവിക്ക് ചെയ്യാനുള്ളത്. ഖനികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ സ്വപ്‌നങ്ങളും, സ്വാതന്ത്ര്യം അറുത്തുമാറ്റിയ നാവുകളും, ഇരുട്ടിലേയ്ക്ക് മൊഴിമാറ്റിയ ഉടലുകളും, ഞരമ്പുകളില്‍ അടക്കംചെയ്‌ത സ്‌ഫോടനങ്ങളും പര്‍ദ്ദയെപ്പോലെ ആഫ്രിക്കയ്ക്കും ബാധകം എന്നു സാരം. രണ്ട് കണ്ണുകള്‍മാത്രം ചിലപ്പോള്‍ വലക്കണ്ണികള്‍ക്കിടയിലൂടെ പുറത്ത് കാണാനും കാണിക്കാനും അനുവദിച്ചുകൊണ്ട്, മനുഷ്യര്‍ ജീവിക്കുന്ന സമൂഹത്തില്‍നിന്ന് സ്‌ത്രീയെ ഒളിപ്പിച്ചുവെയ്ക്കുന്ന പര്‍ദ്ദയോടും അതിന്‍റെ വിശ്വാസപ്രമാണങ്ങളോടും തീര്‍ച്ചയായും ചേര്‍ത്തുവെയ്ക്കാവുന്നവയാണ്, ഖനികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ സ്വപ്‌നം മുതല്‍ ഞരമ്പുകളില്‍ അടക്കംചെയ്‌ത സ്‌ഫോടനം വരെയുള്ള ബിംബങ്ങള്‍. ഇസ്‌ലാം മതത്തിലെ തീവ്രവിശ്വാസികള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ടാകും എന്നു തോന്നുന്നില്ല. എം. എന്‍. കാരശ്ശേരിയെപ്പോലെയുള്ള ജനാധിപത്യവിശ്വാസികളായ നിരവധി മുസ്ളീങ്ങൾ പര്‍ദ്ദയ്ക്കെതിരായ തങ്ങളുടെ നിലപാടുകള്‍ മുമ്പുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷേ, എന്‍റെ സംശയം മറ്റൊന്നാണ്. പര്‍ദ്ദയോടു ചേര്‍ത്തുെവച്ച് പവിത്രന്‍ അവതരിപ്പിച്ച ആഫ്രിക്കയുണ്ടല്ലോ, ഖനികള്‍ക്കുള്ളിൽ കുടുങ്ങിപ്പോയ സ്വപ്‌നങ്ങളും സ്വാതന്ത്ര്യം അറുത്തുമാറ്റിയ നാവുകളും ഇരുട്ടിലേയ്ക്ക് മൊഴിമാറ്റിയ ഉടലുകളും ഞരമ്പുകളില്‍ അടക്കംചെയ്‌ത സ്‌ഫോടനങ്ങളുമായുള്ള ആഫ്രിക്ക, അത് പവിത്രന്‍ തീക്കുനി പഠിച്ചകാലത്തെ പാഠപുസ്‌തകങ്ങളിലൂടെ പാശ്ചാത്യലോകബോധം പ്രചരിപ്പിച്ച “ഇരുണ്ട ഭൂഖണ്ഡ”മായിരിക്കണം. അത് യഥാര്‍ത്ഥത്തില്‍ ആഫ്രിക്കയെ വെളിപ്പെടുത്തിയ വിശേഷണമല്ല, ഇരുളിലാഴ്ത്തിയ വിശേഷണമാണ്. ഇരുട്ടിലേയ്ക്ക് മൊഴിമാറ്റിയ  ഉടലുകള്‍ എന്ന ബിംബം പര്‍ദ്ദയെക്കുറിച്ചാകുമ്പോള്‍ കുഴപ്പമില്ല. ഇരുട്ടിനകത്തേയ്ക്ക് മതവും വിശ്വാസവും മൊഴിമാറ്റിയെടുത്ത ഉടലുകള്‍തന്നെയാണല്ലോ പര്‍ദ്ദയ്ക്കകത്ത്. എന്നാല്‍ ആഫ്രിക്കയിലാകുമ്പോള്‍ കഥമാറും. വര്‍ണവിവേചനം പ്രചരിപ്പിക്കുന്നു എന്ന പേരില്‍ കവിയ്ക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ട്. ഇരുട്ടിലേയ്ക്ക് മൊഴിമാറ്റിയ ഉടലുകളാണല്ലോ താങ്കളുടേത് എന്ന് കറുത്ത നിറമുള്ള ഒരു ജനതയോടുപറയുന്നത് അവരുടെ നിറത്തിന്‍റെ പേരില്‍ അവരെ അപമാനിക്കുന്നതിനു തുല്യമാണ്. കറുപ്പോ വെളിപ്പോ ആയ നിറത്തിന്‍റെ പേരിലല്ല, മനുഷ്യരെ അളക്കേണ്ടത് അവരുടെ ഗുണത്തിന്‍റെയും പ്രവൃത്തിയുടെയും പേരിലാണ് എന്ന് പവിത്രന്‍ തീക്കുനിയ്ക്ക് അറിയാതെയാവില്ല. പക്ഷേ ചിലപ്പോള്‍ അറിയാതെ ഭാഷാബിംബങ്ങൾ എഴുത്തുകാരെ വഴിതെറ്റിക്കും. പടുകുഴിയില്‍ വീഴ്ത്തും.

“ചെറ്റയാം വിടന്‍ ഞാനിനിമേലില്‍ കഷ്‌ടമെങ്ങനെ കണ്ണാടിനോക്കും!” എന്ന് : കുടിയൊഴിക്ക”ലില്‍ വൈലോപ്പിള്ളി ആത്മരോഷംകൊള്ളുന്നുണ്ടല്ലോ. വെറും വിടനായിരുന്നെങ്കില്‍ കുഴപ്പമില്ല, ചെറ്റയായ വിടന്‍ ആയതിലാണ് പ്രശ്‌നം എന്നുതോന്നും അതുകേട്ടാല്‍. ചെറ്റ എന്നു പറഞ്ഞാല്‍ ഏതോ ഒരു തെറിവാക്ക് എന്നേ സ്വാഭാവികമായും കുടിയൊഴിക്കലിലെ മധ്യവര്‍ഗ്ഗവിഭാഗത്തില്‍പ്പെടുന്ന ജന്മി കരുതിക്കാണൂ. ജന്മി അത്രയും ധരിച്ചാലും മതി. പക്ഷേ ചെറ്റ എന്നു പറഞ്ഞാല്‍ ചെറ്റക്കുടിലില്‍ കഴിയുന്നവന്‍ എന്നാണ് അര്‍ത്ഥമെന്നും, ദരിദ്രനെ അപമാനിക്കാന്‍ വരേണ്യരായ സമ്പന്നവിഭാഗം ഉപയോഗിക്കുന്ന വാക്കാണ് ചെറ്റ എന്നും വൈലോപ്പിള്ളി അറിയേണ്ടതാണ്. ചെറ്റയില്‍ കഴിയുന്നവരൊക്കെ മോശക്കാരാണ് എന്ന സാമാന്യബോധം കവിയും വെച്ചുപുലര്‍ത്തിയിരുന്നോ എന്ന സംശയം സ്വാഭാവികമായും ഉയര്‍ന്നുവരും.

നരിവന്നാല്‍- വന്നോട്ടെ, സുപരീക്ഷിതങ്ങളെന്‍
ചരണങ്ങള്‍, ഞാനൊരു പെണ്ണല്ലല്ലോ

എന്ന്, “ബുദ്ധനും ഞാനും നരിയും” എന്ന കവിതയില്‍, തന്‍റെ ആണത്തത്തിന്‍റെ പേരില്‍ ഇടശ്ശേരി അഭിമാനംകൊള്ളുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. തന്‍റെ പാരമ്പര്യത്തില്‍ വേരൂന്നിയ, പുരുഷന്‍റെ ശക്തിയുടെയും അധികാരത്തിന്റേയും തന്റേടത്തിന്റേയും വേരുകള്‍ ഇടശ്ശേരിയില്‍ മുളപൊട്ടിവിരിയുമ്പോൾ, അത് സ്‌ത്രീവിരുദ്ധമാണ് എന്ന വിമര്‍ശനം ഉയര്‍ന്നുവരിക സ്വാഭാവികം. “ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍” എന്നു തിരിച്ചറിഞ്ഞ കവിയാകുമ്പോള്‍ സ്‌ത്രീവിരുദ്ധതയുടെ ലക്ഷണം ഒന്നുകൂടി വ്യക്തമാകും. കാരണം, തനിക്ക് ഇഷ്‌ടപ്പെടാനാവാത്ത തറവാടിത്ത ഘോഷണങ്ങളെ കുടഞ്ഞുകളയാന്‍ കവിക്കാവുന്നുണ്ടല്ലോ.

ഭാഷ നിഷ്‌കളങ്കമല്ലാത്തതുകൊണ്ടുതന്നെ ഭാഷയില്‍നിന്ന് ഒരു വാക്ക് നാം സ്വീകരിക്കുമ്പാള്‍ തികച്ചും കണ്ണും മനസ്സും തുറന്നിരുന്നിട്ടില്ലെങ്കില്‍ വാക്കിനോടൊപ്പം, നമുക്കിഷ്‌ടപ്പെടാത്ത, അഥവാ നാം നിരാകരിക്കാന്‍ പ്രയത്‌നിക്കുന്ന ആശയലോകംകൂടി, നമ്മുടെ സമ്മതമില്ലാതെ രചനയിലേയ്ക്കു കടന്നിരുന്നു എന്നുവരാം. ഇക്കാര്യം സ്വയം ബോധ്യപ്പെട്ടതുകൊണ്ടാവാം പവിത്രന്‍ തീക്കുനി തന്‍റെ “പര്‍ദ്ദ”യെന്ന രചന പിന്‍വലിച്ചത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇനി അതല്ല, മറിച്ചാണ് സത്യം എന്നുണ്ടെങ്കില്‍, ഇസ്‌ലാം തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതാണ് കവിത പിന്‍വലിക്കാന്‍ കാരണം എന്നുണ്ടെങ്കില്‍, ഇപ്പോള്‍ എടുത്തണിഞ്ഞിരിക്കുന്ന വിപ്‌ളവത്തിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പുരോഗമനത്തിന്‍റെയും മേലങ്കികളൊന്നും പവിത്രന്‍ തീക്കുനി എന്ന കവിയോടു ചേര്‍ത്തുവെയ്ക്കാന്‍ സാധിക്കാതെയും വരും.

പവിത്രന്‍റെ “പര്‍ദ്ദ”യോടും പലതരത്തില്‍ പ്രതികരിച്ചുകൊണ്ടുള്ള നിരവധി കുറിപ്പുകളും കവിതകളുമൊക്കെ നവമാധ്യമങ്ങളില്‍ ഒഴുകിനടക്കുന്നുണ്ട്.  “പിന്‍വലിച്ച കവിത ഒരു പരസ്യം. അതിലെ വാക്കുകളുടെ നെറ്റിയില്‍ കവിയുടെ പൂര്‍ണചിത്രം..” എന്നാണ്, മുനീര്‍ അഗ്രഗാമി “ഫ്ളാഷ് പോയട്രി” എന്ന പേരില്‍ എഴുതിയിരിക്കുന്നത്.

“പര്‍ദ്ദയിട്ട പെണ്ണിന് സ്‌കൂളില്‍ പോകാം, പരീക്ഷയെഴുതാം അധ്യാപികയാവാം, ഡോക്റ്റേറാകാം പോലീസാകാം വക്കീലാകാം, പിന്നെ മൂടിവെക്കപ്പെട്ട ഏതു സ്വപ്‌നത്തെക്കുറിച്ചാണ് നിങ്ങള്‍ വ്യാകുലപ്പെടുന്നത്?” എന്നാണ്, ഫൈസല്‍, സച്ചിദാനന്ദം എന്ന ഗ്രൂപ്പില്‍ എഴുതിയിരിക്കുന്നത്. “ആഫ്രിക്ക ഒരു ഭൂഖണ്ഡമാണ്. എല്ലാ നിറങ്ങളും ഉള്‍ക്കൊള്ളുന്ന നിറമാണ് കറുപ്പ്” എന്ന് ഫൈസലിന്‍റെ “ആഫ്രിക്ക”. ഇതിന്‍റെ മറുപക്ഷമായി, സ്വാതന്ത്ര്യം എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ കമറുദ്ദീന്‍ ആമയം പ്രസിദ്ധീകരിച്ച ഒരു കവിത വീണ്ടും പ്രചരിക്കുന്നുണ്ട്.

നിനക്കു സര്‍വസ്വാതന്ത്ര്യവുമുണ്ട്.
റൊട്ടിയുടെ ഏതുഭാഗത്തും വെണ്ണ പുരട്ടാം.
മുന്തിരി കറുപ്പോ വെളുപ്പോ
ഇഷ്‌ടമുള്ളതു വാങ്ങിക്കഴിക്കാം.
മെഴുക്കിളക്കിക്കളയാന്‍
താളിയോ ഷാംബുവോ ഉപയോഗിക്കാം.
മാസത്തിലൊരാഴ്ച്ച
നിന്‍റെ വീട്ടില്‍പോയി താമസിക്കാം.
(ഏത് ആഴ്ച്ചയാണെന്ന്
പ്രത്യേകം പറയേണ്ടതില്ലല്ലോ)
ഊണിനുശേഷം മയങ്ങാം,
അല്ലെങ്കില്‍ ഞാന്‍ വാങ്ങിക്കൊണ്ടുവരും
പുസ്‌തകങ്ങളുടെ, വാരികകളുടെ,
ഗുണപരമായ വായനയാവാം.
പുതുപുത്തന്‍ ഫാഷന്‍ വസ്‌ത്രങ്ങള്‍ ധരിക്കാം.
അതിന്‍റെമേല്‍
ഏതുവര്‍ണത്തിലുള്ള പര്‍ദ്ദയും…

എന്ന്, കമറുദ്ദീന്‍ ആമയത്തിന്‍റെ കവിത, മുസ്‌ലിം സ്‌ത്രീക്ക് പുരുഷന്‍ അനുവദിച്ചുകൊടുക്കുന്ന സ്വാതന്ത്ര്യം നിർവചിക്കുന്നു. പവിത്രന്‍ തീക്കുനി പര്‍ദ്ദയെ ആഫ്രിക്കയോടുപമിച്ചാൽ താന്‍ ജെട്ടിയെ ഇന്ത്യയോടുപമിക്കും എന്നാണ് ഡോ. ജമീല്‍ അഹമ്മദിന്‍റെ “അടിയുറപ്പ്”.

ജെട്ടി
ഒരു ഇന്ത്യന്‍ സംസ്ഥാനമാണ്.
തലയെഴുത്തിലെ അവകാശവാദങ്ങളൊന്നും
താഴത്തു കാണില്ല.
ഏച്ചുകെട്ടിയ ആദര്‍ശങ്ങളാല്‍
മുഴച്ചിരിക്കും.
ഒന്നലക്കിയാല്‍ മതി
ഏതു കടുംചുവപ്പും
കാവിയായി തെളിഞ്ഞുവരും.
എത്ര അലക്കിയാലും മായാത്ത
സദാചാരക്കറ
വക്കുകളില്‍ വഴുക്കും.
ഏതു പൊതുബോധത്തിലും
ഉദ്ധരിക്കാനുള്ള ഒരാശയത്തെ
ഉള്ളില്‍ ഉറക്കിക്കിടത്തും.
മുഖംമൂടിയില്ലാത്ത
മതനിലപാടുകളെ
ഓരോ ഇളക്കത്തിലും
അലോസരപ്പെടുത്തും.
കൊഴുത്ത അശ്‌ളീല രാഷ്‌ട്രീയം
ചൊറിഞ്ഞുകീറിയ ഓട്ടകളെ
മറയ്ക്കാന്‍,
ലിബറലായി തേച്ചുവെടിപ്പാക്കിയ
ജീന്‍സ് മാത്രം മതി…

എന്നാണ് ജമീല്‍ അഹമ്മദിന്‍റെ ജെട്ടികലാപം. “ആഹാ..! കൊടുക്കുമ്പം പള്ളനിറച്ച് കൊടുക്കണം…മാഷേ”, “പൊളിച്ചുപണ്ടാറമടക്കി”, “മുള്ളെടുക്കാന്‍ മുള്ളുപോരേ? ഇതുപോലെ തൂമ്പ പ്രയോഗിക്കണോ”, “അടി, അടിയുടുപ്പ് നോക്കിയടി..” എന്നുതുടങ്ങി ഫാന്‍സ് അസോസിയേഷന്‍കാരുടെ പ്രോത്സാഹനം ജമീല്‍ അഹമ്മദിന്‍റെ കമെന്റ് ബോക്‌സില്‍ വന്നുനിറഞ്ഞിട്ടുമുണ്ട്. മനോഹരമായ ബിംബഭാഷയില്‍ തെറിപറയാനുള്ള കവിയുടെ സിദ്ധിക്ക് നമസ്ക്കരിക്കാതെ വയ്യ. “ഒന്നലക്കിയാല്‍ മതി. ഏത് കടുംചുവപ്പും കാവിയായി തെളിഞ്ഞുവരും…” എന്നവരികളിലെ ധ്വനി അര്‍ത്ഥസാന്ദ്രം എന്നു പറയാതെവയ്യ. ഹിന്ദുപേരുള്ള ആരെങ്കിലും ഇസ്‌ലാം മതത്തിലെ അനാചാരത്തെക്കുറിച്ചു പറഞ്ഞാല്‍ പറഞ്ഞവനെ/പറഞ്ഞവളെ കാവിയാക്കാനാണല്ലോ എളുപ്പം. മറിച്ച്, മുസ്‌ലിം പേരുള്ള വല്ലവരും ഹിന്ദു മതത്തിലെ അനാചാരങ്ങളെക്കുറിച്ചു പറഞ്ഞാല്‍ അവരെ ഐഎസ് തീവ്രവാദിയോ സുഡാപ്പിയോ ആക്കി കാര്യം കഴിക്കുകയും ചെയ്യാം.

എനിക്കിനിയും മനസ്സിലാകാത്ത കാര്യം, പവിത്രന്‍ തീക്കുനി പര്‍ദ്ദയെക്കുറിച്ചു കവിതയെഴുതിയത് തെറ്റായിപ്പോയെങ്കില്‍, ആ പര്‍ദ്ദയെ ആഫ്രിക്കയോട് ഉപമിച്ചത് മഹാ മോശമായെങ്കില്‍, പവിത്രന്‍ തീക്കുനിയെ ശിക്ഷിച്ചാല്‍ പോരേ? അതിനുപക്ഷേ, ഇന്ത്യയെന്തു പിഴച്ചു! പര്‍ദ്ദയെ ആഫ്രിക്കയോടുപമിച്ചാല്‍ ഉടനെ ഇന്ത്യയെ ജെട്ടിയോടുപമിക്കണമായിരിക്കും! ആര്‍ക്കറിയാം!!

-എം എം സചീന്ദ്രന്‍

4 Comments
 1. ബി.ജി.എൻ വർക്കല 4 years ago

  പർദ്ദ ഒരാഫ്രിക്കൻ രാജ്യമാകുന്നത് അർത്ഥവത്താണ്. കാരണം ലോകത്തിന് മുന്നിൽ മനുഷ്യൻ ഉത്പത്തി കൊണ്ട ആ ഇരുണ്ട ലോകം ഇന്നും അതേ ഇരുളിൽ തന്നെയാണ് നിലനില്കുന്നത്. ലോകം ആഫ്രിക്കയെ ഇന്നും കാണുന്നത് വിശപ്പ് ദാരിദ്യം എന്നീ രണ്ടു കണ്ണുകൾ മാത്രമാണ്.. ആ സംസ്കാര മോ അവരുടെ സ്വാതന്ത്ര്യമോ ലോകത്തിനാവശ്യമില്ല. സ്വാതന്ത്ര്യമുണ്ടെന്നു പറയുമ്പോഴും പൊതിഞ്ഞു വയ്ക്കപ്പെടുന്ന പെണ്ണുടലിനും പറയാനുള്ളത് അതു തന്നെയാണ്. മറ്റൊരു സാദൃശ്യം വരുന്നത് മതവും അതിന്റെ ഉത്ഭവവും ജനതയുമാണ്. അത് ചരിത്രമായി നില്കുമ്പോൾ അസഹിഷ്ണുത ഉണ്ടാകുക സ്വാഭാവികം. എന്നെപ്പറഞ്ഞാ നിന്നേം പറയും എന്ന തത്വം ഉൾക്കൊണ്ട് ജട്ടി എഴുതുമ്പോൾ അത് അന്ധൻ ആനയെക്കണ്ടതു പോലെയായത് അതിനാൽ മാത്രമാണ്.

 2. Vipin 4 years ago

  പര്‍ദ്ദയെ ആഫ്രിക്കയോടുപമിച്ചാല്‍ ഉടനെ ഇന്ത്യയെ ജെട്ടിയോടുപമിക്കണമായിരിക്കും! ആര്‍ക്കറിയാം!!

  നന്നായി പറഞ്ഞു, സർ. സങ്കുചിത മനസ്ഥിതികളുടെ വിവരക്കേടെന്നല്ലാതെ, എന്തുപറയാൻ. ഒപ്പം, പേരും പെരുമയും നേടാനുള്ള കുതന്ത്രവും.

 3. Jaya 4 years ago

  വളരെ നന്നായി. പിടികിട്ടാത്ത ചോദ്യം ബാക്കി

 4. Vishnu 4 years ago

  ഇന്ത്യയെന്തു പിഴച്ചു! ആര്‍ക്കറിയാം!!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account