ഉരല്
മദ്ദളത്തോട്
പറയുകയായിരുന്നു
വറചട്ടിയിൽ നിന്ന്
എരിതീയിലേക്ക്
വീണകഥ
നിറവെള്ളത്തിൽ
മുങ്ങിത്താഴുമ്പോൾ
പണ്ടു നാം കല്ലെടുപ്പിച്ചതുമ്പികൾ
വന്നു നമ്മളെ വാരിയെടുത്തു
നെഞ്ചോടു ചേർത്തു
വെള്ളമെത്താമാമരക്കൊമ്പിൽ
ഇനിയുമുരുളാമാമലക്കൂട്ടിൽ
കൊണ്ടു വച്ച കഥ
തട്ടിയും മുട്ടിയുമിരുന്ന
ചട്ടിയും കലവും
ഒരു വെള്ളപ്പാച്ചിലിൽ
ഒഴുകിപ്പോയ കഥ
വാഴപ്പോളയിലിരുത്തി
പണ്ടു നാം കടലു കാണിക്കാൻ വിട്ട
ഉറുമ്പുകളത്രയും
തിരിച്ചു വന്ന്
നമ്മളെ കൈ പിടിച്ചു കയറ്റിയത്
മണ്ണാങ്കട്ടകളും
കരിയിലകളും
ചേർന്നു നിന്ന്
ചരിത്രത്തെയത്രയും
തോൽപ്പിച്ച കഥ
കഥ കേട്ടുറങ്ങരുതുണ്ണീ
കഥ കേട്ടുണരണം
പേക്കിനാവ് കഴിഞ്ഞാലാണ്
വിഷ സഞ്ചികൾ ചീർത്ത
സർപ്പങ്ങൾ നാടുകാണാനിറങ്ങുന്നത്
കൊതിക്കുറുക്കന്മാർ
യോഗംചേരുന്നത്
ആട്ടിൻതോലിട്ട് ചെന്നായ്ക്കൾ
ധ്യാനമിരിക്കുന്നത്
കോർത്തു പിടിച്ച കൈകൾ
പ്രളയപ്പശയിൽ
ഒട്ടിപ്പിടിച്ചേയിരിക്കണം…