അധികമാരും ശ്രദ്ധിക്കാതെ പോയ, അല്ലെങ്കിൽ ശ്രദ്ധിക്കാൻ തക്ക പ്രാധാന്യം ഇല്ലാതെ പോയ ഒരു വാർത്ത ഉണ്ടായിരുന്നു കഴിഞ്ഞ ആഴ്ച്ച. ‘കേരള ശബ്‌ദം’ എന്ന ദ്വൈവാരികയുടെ അച്ചടി അവസാനിപ്പിച്ചു എന്നതായിരുന്നു അത്.

മലയാള മാധ്യമങ്ങൾ വീണ്ടും ഒരു സ്‌ത്രീയുടെ അംഗലാവണ്യത്തിനു പിന്നാലെ നിറം പിടിപ്പിച്ച കഥകളുമായി ഓട്ടപ്പാച്ചിൽ നടത്തുമ്പോൾ തന്നെ കേരള ശബ്‌ദം  പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നത് യാദൃശ്ചികം എങ്കിലും പഴയൊരു കാലഘട്ടത്തെ സ്വാഭാവികമായി ഓർമ്മിപ്പിക്കാൻ അതൊരു കാരണമാണ്.

‘ചാരക്കേസ്’ എന്ന ഇല്ലാ കഥയ്ക്ക് പിന്നിൽ ഇന്ത്യയുടെ അഭിമാനമായ ഐ എസ് ആർ ഓ എന്ന സ്ഥാപനത്തെയും അത് വഴി അതിലെ ഉദ്യോഗസ്ഥരെയും തളച്ചിട്ടപ്പോൾ ഇപ്പോൾ സംഭവിക്കുന്നത് പോലെ തന്നെ മലയാളത്തിലെ പ്രമുഖ അച്ചടി മാധ്യമങ്ങൾ എല്ലാം തന്നെ അതിൽ പേര് ചേർക്കപ്പെട്ട ഒരു സ്‌ത്രീയ്ക്ക് പിന്നാലെ ആയിരുന്നു. അവരുടെ ശരീര വർണ്ണനകൾ ആയിരുന്നു അക്കാലത്ത് അവരുടെ കൂടുതൽ പതിപ്പുകൾ അച്ചടിയ്ക്കാനുള്ള എളുപ്പ വഴി.

അന്ന്, അതിൽ നിന്നും മാറി നടന്ന മാധ്യമം ആണ് ‘കേരള ശബ്‌ദം’. ചാരക്കേസ് കള്ളക്കേസ് ആണെന്നു അടിവരയിട്ട, മറിയം റഷീദയുടെ ശരീരം അല്ല കേസിന് ആസ്‌പദമായ അടിസ്ഥാന വസ്‌തു എന്നു  മനസ്സിലാക്കി, യുക്‌തിയ്ക്ക് നിരക്കുന്ന വാർത്തകൾ അവതരിപ്പിച്ച മാധ്യമം ആയിരുന്നു കേരള ശബ്‌ദം.

ഒരു കേസിൽ, അത് എത്ര ചെറിയ കേസ് ആണെങ്കിലും ഒരു സ്‌ത്രീ ഉൾപ്പെടുപ്പോൾ അതിൽ ഇക്കിളി ഉൾപ്പെടുത്തി മാർക്കറ്റ് വാല്യു ഉയർത്തുന്ന മാധ്യമങ്ങൾ മലയാളികളുടെ പൊതു ബോധങ്ങൾക്ക് നൽകുന്ന വില വളരെ നിസ്സാരമാണ്. അതിനെ യാതൊരു അപമാനവും ഇല്ലാതെ ഉൾക്കൊള്ളാനും മലയാളികൾക്ക് മടിയില്ല.

ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങൾ, അലങ്കാരങ്ങൾ നിറഞ്ഞ ശാരീരിക വർണ്ണനകൾ ഇതെല്ലാം ആൺ-പെൺ വ്യത്യാസം ഇല്ലാതെ നമ്മുടെ സമൂഹം അംഗീകരിക്കും. സ്‌ത്രീ ഏതെങ്കിലും ഉയർന്ന നിലയിൽ എത്തുന്നത് മുതൽ കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നത് വരെ എല്ലാം ചെയ്യുന്നത് അവളുടെ ശരീരത്തിന്റെ സാധ്യതകൾ ഉപയോഗിച്ചാണ് എന്നു ലജ്ജ തീരെ ഇല്ലാതെ ആളുകൾ ധരിക്കും.

പക്ഷെ, കുറ്റകൃത്യങ്ങളുടെ പിന്നാലെയുള്ള അന്വേഷണാത്മക മാധ്യമ പ്രവർത്തനം സ്ഥിരമായി അതിൽ പങ്കുള്ള സ്‌ത്രീകളുടെ ശരീര വർണ്ണനകൾക്കു പിന്നാലെ ആകുന്നത് സ്വാഭാവികം അല്ല എന്ന് ഉറപ്പാണ്.

സ്‌ത്രീയെ വിൽപ്പന ചരക്ക് ആക്കുക എന്ന സ്ഥിരം മാധ്യമ അജണ്ട മാത്രവുമല്ല അതിന്റെ പിന്നിൽ ഉള്ളത്. കുറ്റകൃത്യത്തിന്റെ തീവ്രതയ്ക്ക് മറയിടാൻ ഏറ്റവും നല്ല വഴിയാണ് അതിൽ ഉൾപ്പെട്ട സ്‌ത്രീയുടെ ശരീരത്തിലേക്ക് ഭാവനയുടെ ധാരാളിത്താവുമായി വായനക്കാരനെ ക്ഷണിക്കുന്നത്. വായനക്കാരൻ സ്വയം തീരുമാനിക്കേണ്ട ശരി തെറ്റുകളിൽ നിന്നു അവനെ വിലക്കുന്നതും പതിവ് തെറ്റാതെ പങ്കിട്ടു ശീലിപ്പിക്കുന്ന ഇത്തരം ഇക്കിളി കഥകൾ ആണ് .

ഓരോ കാലഘട്ടത്തിലും ഓരോ അഴിമതി കഥകൾക്കും മുൻപിൽ മാധ്യമങ്ങൾ ഇങ്ങനെ ഉടുപ്പ് ഉരിഞ്ഞു നിർത്തിയ ഓരോ സ്‌ത്രീകൾ ഉണ്ട് . ആ സ്‌ത്രീകളുടെ ശരീരത്തെ കുറിച്ചുള്ള കൊതി കെറുവുകളിൽ നെടുവീർപ്പിട്ടു മലയാളി മടിയില്ലാതെ ആ അഴിമതികൾ മറന്നിട്ടുണ്ട്.

ഇപ്പോൾ രെജിസ്റ്റർ ചെയ്യപ്പെട്ട സ്വർണ്ണ കള്ളക്കടത്ത് കേസിലും ഒന്നാം പ്രതിക്കും മുൻപേ രണ്ടാം പ്രതി ചർച്ചയായതും മാധ്യമങ്ങൾ അവരുടെ താമസ സ്ഥലം തേടി തമ്പടിച്ചതും അവർ സ്‌ത്രീ ആയത് കൊണ്ടാണ്.

അവർക്ക് ഒപ്പം അറസ്റ്റിൽ ആകുന്ന അവരുടെ ഭർത്താവ് ചർച്ചയാകാതെ പോകുന്നത് അയാളുടെ പുരുഷൻ എന്ന പദവി കൊണ്ടാണ്.

ചർച്ചകൾ ഇങ്ങനെ വഴിമാറുമ്പോൾ തങ്ങൾ കബളിപ്പിക്കപ്പെടുകയാണ് എന്നു നമ്മൾ ഇനി എന്നു മനസ്സിലാക്കും? കുറ്റകൃത്യങ്ങൾ അതിന്റെ ആഴത്തിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാൻ നമ്മൾ എന്നു തയ്യാറാവും?

ഇതുവരെ  കണ്ടുവരുന്ന രീതികളിൽ അതിനുള്ള വിദൂര സാധ്യത പോലുമില്ല എന്നതാണ് സത്യം.

രണ്ട് പുരുഷന്മാർ ഒന്നിച്ചു കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ അവർ ചെയ്‌ത കുറ്റം ചർച്ചയാകുകയും, ഒരു പുരുഷനും ഒരു സ്‌ത്രീയും ചേർന്ന് അത് ചെയ്യുമ്പോൾ പുരുഷൻ മാഞ്ഞു പോവുകയും സ്‌ത്രീയുടെ ശരീരം മാത്രം ചർച്ചയാവുകയും ചെയ്യുന്ന അത്ഭുത ബോധങ്ങളുടെ ഉടമകളായി മലയാളികൾ മാറുമ്പോൾ അത് തിരുത്തുന്ന ശബ്‌ദമാകാൻ ഇനി അവശേഷിക്കുന്ന ഏതെങ്കിലും മാധ്യമ നാമം ഉണ്ടെങ്കിൽ നിങ്ങൾ പേര് പറയൂ, പൂർണ്ണമായും ഇല്ലാതാകാത്ത നേരിന്റെ വെളിച്ചത്തെ നോക്കി സമാധാനിക്കാൻ ആണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account