1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകൃതമാകുന്നത്. 57 ൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുകയും ഇഎംഎസ് നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. 65 വർഷം കഴിയുന്നു മലയാളികൾ പൂർണ്ണമായ രാഷ്ട്രീയ സ്വത്വമുള്ളവരായിട്ട്, രാഷ്ട്രീയം പറയുന്നവരും, ചിന്തിക്കുന്നവരും, രാഷ്ട്രീയത്തിൽ സജീവമായും അല്ലാതെയും പ്രവർത്തിക്കുന്നവരുമായിട്ട്. എന്നിട്ടും പക്ഷെ രാഷ്ട്രീയ കേരളത്തിന്റെ ഒരധ്യായത്തിലും ഒരു വനിതാ മുഖ്യമന്ത്രിയും ഉണ്ടായില്ല എന്നത് നമ്മളെ അത്ഭുതപ്പെടുത്തിന്നില്ലേ. ഓരോ മന്ത്രി സഭയിലും മുപ്പത് ശതമാനത്തിൽ താഴെ മാത്രം വനിതാ പ്രാതിനിധ്യമാണ് ഇപ്പോഴും നിലവിലുള്ളത്. പറഞ്ഞു വരുമ്പോൾ മാത്രം അമ്പത് ശതമാനം സംവരണത്തിന്റെ കണക്ക് നിരത്തും ഇടതു പക്ഷം ഉൾപ്പെടുന്ന കേരളത്തിലെ പ്രമുഖ പാർട്ടികൾ. പ്രാബല്യത്തിൽ വരുമ്പോൾ അത് നൂറ്റിനാൽപ്പത് പേരിൽ പന്ത്രണ്ടോ, പതിനാലോ ഒക്കെ ആയി നിൽക്കും.

അതെന്തുകൊണ്ടാണ് അങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന, സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന, സമത്വത്തെ കുറിച്ചു വാചാലരാകുന്ന വിദ്യാ സമ്പന്നരായ കേരളീയ ജനത ഇനി അതേ കുറിച്ച് കൂടി ചിന്തിക്കേണ്ടിയും, സംസാരിക്കേണ്ടിയുമിരിക്കുന്നു. സ്ത്രീകൾ രാഷ്ട്രീയം പറയേണ്ടവര് മാത്രമാണെന്ന ധാരണ നിലനിൽക്കുന്നത് കൊണ്ടോ? അവർക്ക് ഭരിക്കാൻ അറിയില്ലെന്നുള്ള തോന്നൽ കൊണ്ടോ? അതോ അധികാരവും ഭരണവും ആണിനുള്ളതാണെന്നും, പെണ്ണ് ഭരിക്കപ്പെടാൻ മാത്രമുള്ളവളാണെന്നുമുള്ള കുടുംബത്തിനകത്തെ വ്യവസ്ഥിതി സമൂഹത്തിലും, രാഷ്ട്രീയത്തിലും അതേ പടി തുടരുന്നത് കൊണ്ടോ സ്ത്രീകൾ നമ്മുടെ ഭരണ സംവിധാനത്തിന് പുറത്താകുന്നത് എന്ന് നമ്മൾ ഇപ്പോഴെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.

കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ന് വരെയുള്ള ചരിത്രം പരിശോധിച്ചാൽ പാർട്ടിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും മുന്നേറ്റത്തിനും സഹായിച്ച, പ്രവർത്തിച്ച നിരവധി വനിതകളെ കാണാം. എന്നാൽ അധികാര പദവിയിലേക്ക് നോക്കുമ്പോൾ ഈ സ്ത്രീകൾ എല്ലാം തിരശീലയ്ക്ക് പിന്നിൽ ആണ്. അധികാര പദത്തിലിരിക്കുന്ന, ഇരിന്നിട്ടുള്ള വൃന്ദ കാരാട്ട്, കെ ആർ ഗൗരിയമ്മ, ശൈലജ ടീച്ചർ, ശ്രീമതി ടീച്ചർ, മേഴ്‌സി കുട്ടി,  തുടങ്ങിയവരുടെ പ്രകടനമാവട്ടെ മുൻ കാലങ്ങളിൽ ഇതേ പദവികളിൽ ഇരിന്നിട്ടുള്ള പുരുഷന്മാരെക്കാൾ എത്രയോ മികച്ചതും.

സ്ത്രീകളും രാഷ്ട്രീയത്തിന്റെ ഭാഗമാണ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ള, ബോധ്യമുള്ള, അഭിപ്രായമുള്ളവരാണ് ഇന്നത്തെ സ്ത്രീകൾ.  സ്ഥാനാർഥി ആകാൻ ജയിക്കാൻ ഭരണത്തിൽ എത്താൻ അവർക്ക് ആണിനോളം, ചിലപ്പോഴെല്ലാം അതിൽ കൂടുതൽ കഴിവുണ്ട്.  അതിനെ നമ്മൾ വിലയിരുത്തേണ്ടത് ലതിക സുഭാഷ് എന്ന കോണ്ഗ്രസ് നേതാവിന്റെ തല മുണ്ഡനം ചെയ്യൽ പ്രതിഷേധത്തോട് കൂട്ടി ചേർത്തു കൊണ്ടാണ്. കാരണം എത്രയോ വർഷത്തെ പാർട്ടി പ്രവർത്തന പാരമ്പര്യവും, അറിവും, വിദ്യാഭ്യാസവും കഴിവും ഉണ്ടായിട്ടും  സ്ത്രീ ആണെന്ന ഒറ്റ കാരണം കൊണ്ട് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ആളാണ് ലതിക സുഭാഷ്. അവിടെ ആണ് രാഷ്ട്രീയത്തിൽ നിരന്തരം ഇടപെടുന്ന സ്ത്രീകൾക്ക് സ്വന്തം പാർട്ടിക്കെതിരെ രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടി വരുന്നത്.

മറ്റ് സംസ്ഥാനങ്ങളിലേക്ക് നോക്കുമ്പോൾ, ജയലളിതയേയും മമതാ ബാനർജിയേയും പോലുള്ള നിരവധി സ്ത്രീകൾ സംസ്ഥാനങ്ങളുടെ ഭരണ നിർവ്വഹണ വിഭാഗത്തിന്റെ പ്രധാന ഘടകങ്ങൾ ആയി നിലകൊണ്ട കാഴ്ച നമുക്ക് കാണാൻ സാധിക്കും. കേരളത്തോളം വികസനമോ, വിദ്യാഭ്യാസ ഗുണനിലവാരമോ ഇല്ലാത്ത സംസ്ഥാനങ്ങൾ പോലും മികച്ച രീതിയിൽ സ്ത്രീകളുടെ രാഷ്ട്രീയ ബോധ്യത്തെ ഉപയോഗപ്പെടുത്തുമ്പോൾ എന്ത് കൊണ്ട് കേരളത്തിൽ വ്യത്യസ്ത പാർട്ടികളിൽ വ്യത്യസ്ത രീതിയിൽ സ്ത്രീകൾ ഒഴിച്ചു നിർത്തപ്പെടുന്നു എന്നത് ഗൗരവമേറിയ വിഷയമാണ്.

ഇനി കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കാലങ്ങളായി സ്ത്രീകളുടെ കാര്യത്തിൽ സ്വീകരിക്കുന്ന സമീപനത്തെ നിരീക്ഷിച്ചാൽ, മറ്റ്‌ പാർട്ടികളിൽ നിന്നും കുറച്ചെങ്കിലും വ്യത്യസ്തമെന്നെ പറയാൻ സാധിക്കു. മറ്റ് പാർട്ടികൾ സ്ത്രീകളെ പരിഗണിക്കുന്ന രീതിയിൽ നിന്നാണ് ലതികമാർ ഉണ്ടാകുന്നത് എന്നിരിക്കെ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് നോക്കുമ്പോൾ തിരഞ്ഞെടുപ്പുകളിൽ പതിനാലിൽ പരം സ്ത്രീകൾ ഉണ്ടെന്നത് ഒരു പ്രതീക്ഷയാണ്. ഇതിന് പുറമേ, താഴെ തട്ടിൽ തുടങ്ങുന്ന പാർട്ടി സംവിധാനങ്ങളിൽ കൂടി സ്ത്രീകൾ ഉൾപ്പെടുന്നതും പദവികളിൽ ഇരിക്കുന്നതും പ്രചോദനമാണ്, മാറ്റമാണ്.

കേരളത്തിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണ കാലയളവിൽ മുഖ്യമന്ത്രിയോളമോ അതിൽ കൂടുതലോ പ്രവർത്തിക്കാൻ, കഴിവ് തെളിയിക്കാൻ ഒരു സ്ത്രീ കൂടിയായ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് പോലെ കഴിവുള്ള ആയിരം സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ടാകുമെന്ന് മറന്ന് പോകരുത്. അവസരം കിട്ടാത്തതോ, കൊടുക്കാത്തതോ ആകാം കഴിവുള്ള സ്ത്രീകളെ ലോകമറിയാത്തതിന് കാരണം.

വളർന്ന് വരുന്ന ഓരോ പെണ്ണിലും പ്രതീക്ഷയും പ്രത്യാശയും നൽകാൻ സാധിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. സമൂഹത്തിൽ കുടുംബത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ തന്റെതായ ഇടങ്ങൾ ഉണ്ടാക്കാൻ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ ഓരോ സ്ത്രീക്കും കഴിയുന്നുണ്ട് എന്നത് വലിയ മുന്നേറ്റമാണ്. ആ ഇടത്തിൽ നിന്ന് വേണം നമ്മൾ രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിത്യത്തെ വീക്ഷിക്കാൻ. വളർന്ന് വരുന്ന ഓരോ പെണ്ണിലും മറ്റെല്ലാ മേഖലയിലും ഉള്ളത് പോലെ തന്നെ മികച്ച കഴിവുകൾ രാഷ്ട്രീയത്തിലും ഉണ്ട്. അത് തെളിയിക്കാൻ സ്ത്രീക്ക് ലഭിക്കേണ്ടത് അവസരങ്ങൾ ആണ്. അത് കൊടുക്കേണ്ടത് വ്യത്യസ്ത രാഷ്ട്രീയ പാർട്ടിക്കാരും. ഈ തിരഞ്ഞെടുപ്പിലും സ്ത്രീ പ്രാതിനിത്യം വിരലിൽ എണ്ണാവുന്നത്രയും മാത്രമാണെന്നത് ഒരു വലിയ ഞെട്ടലാണ്. മാറ്റം അനിവാര്യമാണ്. എല്ലാ മേഖലയിലും. കാത്തിരിക്കാം കേരളം ഭരിക്കുന്ന ഒരു വനിതാ മുഖ്യമന്ത്രിക്ക് വേണ്ടി. അമ്പത് ശതമാനം സ്ത്രീകളുള്ള ഒരു മന്ത്രിസഭയ്ക്ക് വേണ്ടി.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account