കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട എസ് എസ് എൽ സി, വി എച്ച് എസ് ഇ പരീക്ഷകൾ ഇന്നലെ മുതൽ തുടങ്ങി. ഇന്ന് ഹയർ സെക്കൻഡറി പരീക്ഷകൾ തുടങ്ങും.
ഈ മാസം മുപ്പതോട് കൂടി എല്ലാ പരീക്ഷകളും പൂർത്തിയാകും.
പരീക്ഷകൾ നടത്തുന്നതിനുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്തു നൽകിയ പൊതുതാത്പ്പര്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
രാവിലെയും വൈകിട്ടുമായാണ് പരീക്ഷകൾ നടക്കുന്നത്.
ഈ അവസരത്തിൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് എല്ലാത്തരത്തിലുമുള്ള പിന്തുണയും കരുതലും വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്നുണ്ട്.
വിദ്യാർത്ഥികൾക്കുള്ള മാസ്ക്കുകൾ വീട്ടിലെത്തിക്കുകയും സ്കൂളുകളിൽ ഐ ആർ തെർമോമീറ്റർ, ഗ്ലൗസുകൾ എന്നിവയും വിതരണം ചെയ്തു.
പരീക്ഷാ ചുമതലയുള്ള അദ്ധ്യാപകർക്കും എല്ലാ മുൻകരുതലുകളും ഉറപ്പാക്കിയിട്ടുണ്ട്.
ഓരോ പരീക്ഷയ്ക്കു ശേഷവും ക്ലാസ് മുറികൾ അണുവിമുക്തമാക്കുകയും തെർമൽ സ്കാനർ ഉപയോഗിച്ച് കുട്ടികൾക്ക് പനിയില്ലന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ക്വാറന്റീനിൽ കഴിയുന്ന വിദ്യാർത്ഥികൾക്കു പ്രത്യേകം കേന്ദ്രങ്ങളും ഹാളുമാണ് ഒരുക്കിയിരിക്കുന്നത്. അവർക്ക് ഹാളിലേക്ക് കയറാനും തിരികെ പോവാനും ‘റെഡ് ചാനൽ’ എന്ന വേറെ വഴിയുമുണ്ട്.
രോഗലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾക്കു പ്രത്യേക ടോയ്ലെറ്റുകളും ഒരുക്കിയിരിക്കുന്നു.
നിയന്ത്രണ മേഖലകളിൽ പരീക്ഷാ കേന്ദങ്ങളുണ്ടായിരുന്നില്ല.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉടനെ വിദ്യാർത്ഥികൾ സോപ്പ് തേച്ച് കുളിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
പതിമൂന്ന് ലക്ഷത്തോളം കുട്ടികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്.
വിദ്യാർത്ഥികൾക്ക് പകുതി നിരക്ക് അനുവദിച്ചുകൊണ്ട് 343 അധിക സർവ്വീസുകളുമായി കെ എസ് ആർ ടി സിയും രംഗത്തുണ്ട്.
ഇന്നലെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും മുഖത്ത് ആശ്വാസ ഭാവമായിരുന്നു. അനിശ്ചിതത്വത്തിൽ തുടർന്നിരുന്ന ഒന്നിന് തിരശ്ശീല വീണതിന്റെയാശ്വാസം.
ഈ പരീക്ഷ എഴുതാൻ കഴിയാതെ പോയ കുട്ടികൾക്ക് ‘സേ’ പരീക്ഷയ്ക്കൊപ്പം അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഉറപ്പു നൽകിയിട്ടുണ്ട്.
ദിനംപ്രതി കൊറോണ ബാധിതരുടെ എണ്ണവും മരണവും വർദ്ധിക്കുന്നു. അസാധാരണമായ ഈ പ്രതിസന്ധി നമുക്ക് മറികടന്നേ പറ്റു.
ലോക്ക് ഡൗൺ ഇളവുകൾ ആഘോഷമാക്കാതെ അതീവ ജാഗ്രതയോടെ ഉപയോഗിക്കുക.