എന്തുകൊണ്ട് കേരളം ഒരു പുണ്യ ഭൂമി? കേരളം അന്നും ഇന്നും ഒരു പുണ്യഭൂമി തന്നെ. പിന്നെ എന്തുകൊണ്ട് മലയാളികൾ പരസ്‌പരം മതത്തിന്റെ പേരിൽ കലഹിക്കുന്നു? അടുത്തകാലത്തായി ചില അന്തച്ഛിദ്രങ്ങൾ പെരുകുന്നു. രാഷ്‌ട്രീയ അതിപ്രസരം. ദൈവത്തിന്റെ മണ്ണ് തന്നെ ആണ് അന്നും ഇന്നും കേരളം എന്ന് ഉള്ള ചിന്തകൾ മനുഷ്യ മനസ്സിൽ ഇല്ലാതെ ആക്കുന്നതിൽ അധികാര രാഷ്‌ട്രീയത്തിന്റെ വാൾ മുനയുണ്ട്.

ഇസ്‌ലാമും, കൃസ്ത്യനും, ജൂതനും എല്ലാവരും ആദ്യമായി  ഇന്ത്യയിൽ വരുന്നതും പ്രാർത്ഥനാലയങ്ങൾ നിർമ്മിക്കുന്നതും, മറ്റു മതസ്ഥരും ആയി അതിർത്തികൾ പങ്കുവച്ചു സഹവസിക്കുന്നതും, ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതും, പരസ്‌പരം സ്‌നേഹിക്കുന്നതും, കച്ചവടങ്ങളിൽ പങ്കുകാർ ആകുന്നതും  നമ്മുടെ കൊച്ചു കേരളത്തിൽ ആണ്, കേരളം അന്ന് ഭരിച്ചിരുന്ന ഹിന്ദു രാജാക്കന്മാർ ആണ് അവരെ സ്വാഗതം ചെയ്‌തതും, അവർക്കു വേണ്ട സൗകര്യങ്ങൾ ചെയ്‌തു നൽകിയതും, യദാർത്ഥ നവോഥാനം ആരംഭിച്ചതും, പ്രവർത്തിയിൽ വന്നതും അന്ന് തന്നെ.

ഏഴാം നൂറ്റാണ്ടിൽ വടക്കേ മലബാറിൽ ഇന്ത്യയിൽ ആദ്യമായി ഇസ്‌ലാം മതം സ്ഥാപിതമാകുകയും, ആദ്യ മോസ്‌ക് ആയ ചേരമൻ  മസ്‌ജിദ്‌ 629 -ൽ മാലിക് ദിനാർ സ്ഥാപിക്കുകയും ഉണ്ടായി. 52 AD യിൽ സെന്റ് തോമസ് ക്രിസ്‌തുമതം സ്ഥാപിച്ചു. 72 AD യിൽ കൊച്ചിയിൽ ജൂതമതക്കാർ ആഗതർ ആയി.

ഇവയെല്ലാം ഇന്ത്യയും അതിനോടൊപ്പം കേരളവും ജനാധിപത്യത്തിലേക്ക് കുതിയ്ക്കുന്നതിനു മുൻപാണ്. നിരവധി അയിത്ത, പ്രാചീന ചിട്ടകൾക്കു വിധേയമായിരുന്ന, നിലനിർത്തിയിരുന്ന ഇതേ കേരളം തന്നെ ആണ് നവോഥാന സമരങ്ങളിലൂടെ കേരളത്തിൽ ചരിത്രങ്ങൾ സൃഷ്‌ടിച്ചതും. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയിലെ കമ്യൂണിസ്റ്റ് സർക്കാരും കേരളത്തിൽ തന്നെ. സാക്ഷരതയും, പ്രകൃതി രമണീയതയും, പച്ചപ്പും എല്ലാം ഈ കൊച്ചു കേരളത്തിൽ തന്നെ. ഇനി വിദേശ രാജ്യങ്ങളിൽ ഉള്ള ഇന്ത്യക്കാരുടെ എണ്ണം, ജനസംഖ്യാ ആനുപാതികമായി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ആയി തട്ടിച്ചു നോക്കുമ്പോൾ മലയാളികൾ മുന്നിൽ തന്നെ.

ഇന്ത്യയിൽ വർഗ്ഗീയ ലഹളകളിൽ പല സംസ്ഥാനങ്ങൾ കത്തി എരിഞ്ഞപ്പോഴും നിശബ്‌ദത പാലിച്ച കേരളം  അന്നും ഇന്നും വർഗ്ഗീയതയുടെ പേരിൽ രക്‌തം ചൊരിയാറില്ല, ചൊരിഞ്ഞിട്ടില്ല. ലഹളകൾ ഉണ്ടായിട്ടുണ്ട് എങ്കിൽ അത് ഭരണ വർഗ്ഗത്തിനെതിരെയുള്ള അജണ്ടകളുടെ ഭാഗം മാത്രം ആയാണ്.

നവോഥാനം കേരളത്തിലെ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും കുത്തകയല്ല. പരമ്പരാഗതമായി മലയാളിയ്ക്ക് സിദ്ധിച്ചു കിട്ടിയ കഴിവാണ് മറ്റു മതങ്ങളെ, പുരോഗമന പ്രസ്ഥാനങ്ങളെയും, ചിട്ടകളെയും, ഇതര ഭാഷകളെയും  ഉൾക്കൊള്ളുക എന്നത്. അതുകൊണ്ടു തന്നെ ഇന്നും മതമാറ്റവും, മിശ്രവിവാഹവും ചില ചെറിയ തീപ്പൊരികൾ ഉണ്ട് എങ്കിലും നടക്കുന്നു.

അങ്ങിനെ ഉള്ള സംസ്‌കാരത്തെ അധികാര സ്ഥാപനത്തിന് വേണ്ടി, അധികാരം നിലനിർത്തുവാൻ വേണ്ടി, ഇന്നുള്ള എല്ലാ രാഷ്‌ട്രീയ പാർട്ടിയിലും പെട്ട ചിലർ പൊളിച്ചടുക്കി കഴിഞ്ഞിരിയ്ക്കുന്നു. മാധ്യമങ്ങൾ ഈ രാഷ്‌ട്രീയ അജണ്ടകൾ  നടപ്പിൽ വരുത്തുന്നതിനായി നടത്തുന്ന ക്ഷുദ്രകൃയ വളരെ വലുതാണ്. അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളുടെ അവതരണ ശൈലിയിൽ കുടുങ്ങി ദുർബലർ ആയ മലയാളികൾ പലതും വിശ്വസിക്കുന്നു. പല മിഥ്യകളെയും സത്യമെന്നു കരുതി തെറ്റിന്റെ പാതയിലേക്ക് നയിക്കപ്പെടുന്നു. എല്ലാ മതത്തിലും പെട്ട ചുരുക്കം ചില  മത മേധാവികൾക്കും ഇതിൽ പങ്കുണ്ട് താനും. സാധാരണക്കാരന്റെ മനസ്സിന്റെ ഉള്ളിൽ മത വെറി ഉടലെടുക്കുന്നതോടെ അവർ സമൂഹത്തിലെ വൈറസ് ആയി മാറുകയാണ്. ഈ ഒരു അശാന്തലുതിവാസ്ഥ സൃഷ്‌ടിക്കുന്നതിനായി എല്ലാ പ്രമുഖ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും, മതങ്ങളിലെ തീവ്ര അധികാര വർഗ്ഗവും സൈബർ പോരാളികളെ ശമ്പളത്തിൽ നിയമിച്ചിരിയ്ക്കുന്നു.

വിദേശ ശക്‌തികൾ ഇന്ത്യയിലെയും, നമ്മുടെ കൊച്ചു കേരളത്തിലെയും മാധ്യമങ്ങളുടെ മേൽ കോടികൾ കൊണ്ട് പുതപ്പു തീർത്തിരിയ്ക്കുന്നു. ഒരു സാധാരണ വോട്ടർ, മത വിശ്വാസി, ദൈവ വിശ്വാസി, സാധാരണ രാഷ്‌ട്രീയ വിശ്വാസികൾ, കുട്ടി നേതാക്കന്മാർ, ഈ സൈബർ കുരുക്കിനെ, മാധ്യമ കുരുക്കിനെ കുറിച്ച്  അറിവോ, അറിയുവാൻ ഉള്ള സമയമോ ഇല്ലാത്തവർ ആണ്. നമ്മുടെ മാധ്യമങ്ങൾ ഇന്നുവരെയും ജനങ്ങൾക്കുവേണ്ടി അന്തി ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ടോ? ഇല്ല ചില രാഷ്‌ട്രീയക്കാർക്കും, അവരുടെ റേറ്റിങ്ങിനും വേണ്ടി മാത്രം. ജനങ്ങളുടെ ദുർബലതയായ മതങ്ങളെയും വിശ്വാസങ്ങളെയും വച്ച് വോട്ട് രാഷ്‌ട്രീയം. അതിലപ്പുറം എന്താണ് ഇന്നുള്ളത്?

മതവും രാഷ്‌ട്രീയവും വേറിട്ട് നിൽകുന്നില്ലാതിടത്തോളം കാലം  ഈ വികാരം കൂടുകയും, അധികാര വെറിപൂണ്ട രാഷ്‌ട്രീയക്കാർ പല രാഷ്‌ട്രീയ കൂട്ടുകെട്ടുകളിൽ ജനങ്ങളെ അഭിമുഖീകരിയ്ക്കുകയും ചെയ്യുന്നു. അവർ അതിന്നായി മതങ്ങളെ കൂട്ടുകാരും, മറയും ആക്കി തെരഞ്ഞെടുപ്പ് എന്ന നാടകത്തിൽ അരങ്ങു തകർക്കുന്നു. ഒരു മുന്നണികളും മത രാഷ്‌ട്രീയ ചെറു കക്ഷികളുടെ ചങ്ങാത്തം ഇല്ലാത്തവർ അല്ല. ഓരോ മുന്നണികളുടെയും, സീറ്റു നിർണ്ണയത്തെയും വീക്ഷിച്ചാൽ നമുക്കതു മനസ്സിലാകും.

ഒരു ഇതര മതസ്ഥരും ഇന്ത്യയിൽ വ്യാപാരത്തിനോ, മത പ്രചാരണത്തിനോ ആയി വന്നിട്ടുണ്ട് എങ്കിൽ അത് കേരളത്തിൽ ആണ്. അല്ലാതെ സ്വയം പ്രബുദ്ധത നടിയ്ക്കുന്ന കേരളത്തിന് വെളിയിൽ ഉള്ള ഇതര സംസ്ഥാനങ്ങളിലോ കാശ്‌മീരോ ഒന്നും അല്ല. കാരണം നമ്മുടെ സഹിഷ്‌ണുതാ മനോഭാവം, ഏത് മതസ്ഥരെയും, ഭാഷയെയും, ഭക്ഷണങ്ങളെയും, വേഷങ്ങളെയും, കലകളെയും  ഉൾക്കൊള്ളുവാൻ ഉള്ള മനസ്സ്, അത് തന്നെ ആണ് വിദേശത്തും മലയാളികൾ വിവിധമതസ്ഥരും ആയി, ഭാഷകളും ആയി പൊരുത്തപ്പെട്ടു ജീവിയ്ക്കുന്നത്.

ഒരു ബാബരി മസ്‌ജിദ്‌തോ, ശബരിമലയോ, കുരിശടി പ്രശ്‌നങ്ങളോ ഒന്നും നമ്മുടെ മലയാളികളുടെ മനസ്സിൽ ഇന്ന് വരെ ഒരു ചലനവും സൃഷ്‌ടിച്ചിട്ടില്ല. അടുത്ത കാലത്തുകണ്ട തെരുവ് യുദ്ധങ്ങൾ  അമിത ദൈവീക വിശ്വാസത്തിൽ നിന്നുണ്ടായ ഒരു വികാരം മാത്രം ആണ്. അതിനെ കേരളത്തിലെ പല രാഷ്‌ട്രീയ കക്ഷികൾ ഒന്ന് ചേർന്ന് വളർത്തി എന്ന് മാത്രം. ഇനി കേരളം കണ്ട നവോഥാന മതിൽ, അതും വെറും ഒരു പാർട്ടി ശക്‌തി പ്രകടനം മാത്രം. കേരളത്തിൽ നവോഥാനം എന്നെ നടന്നു കഴിഞ്ഞു. ഹിന്ദു നാട്ടുരാജാവ് ചേരമാൻ പള്ളി പണിത കാലത്തെ അത് നടന്നു കഴിഞ്ഞിരിയ്ക്കുന്നു. നാം നിരന്തരം കാണുന്ന മിശ്ര വിവാഹങ്ങൾ, വിവിധ മതസ്ഥർ ഒന്നിച്ചു കൂടുന്ന ഉത്സവങ്ങൾ, പെരുന്നാളുകൾ, ചന്ദനക്കുടമഹോത്സവങ്ങൾ  ഇവയെല്ലാം നവോഥാന കേരളത്തിന്റെ നിത്യ സത്യങ്ങൾ ആണ്.

മറക്കേണ്ട, ഇന്ത്യ അല്ല കേരളം. കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ, അന്നും ഇന്നും.

ഇന്ത്യയിലെ ജനങ്ങൾ  മറന്നാലും കേരളീയർ മറക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. അവർക്കുമാത്രം സ്വന്തമായ ചിലതുകൾ. അവ ചിതലരിയ്ക്കാതെ  ഇരിയ്ക്കട്ടെ. കേരളത്തിന്റെ മാത്രം സ്വന്തമായ ‘ചിലതുകൾ’ ചിതലരിയ്ക്കാതിരിയ്ക്കട്ടെ  എന്ന് അടിവരയിടുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account