പ്രായപൂര്‍ത്തിയായ വ്യക്തികളുടെ വിവാഹ കാര്യത്തില്‍ വീട്ടുകാരടക്കം മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് സുപ്രീംകോടതി. ഖാപ്പ് പഞ്ചാത്തുകള്‍ നേതൃത്വം നല്കുന്ന ദുരഭിമാന കൊലകള്‍ ഇല്ലാതാക്കുന്നതിനായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
ഖാപ്പ് പഞ്ചായത്തുകളെ കുറിച്ചല്ല, പകരം മിശ്രവിവാഹം ചെയ്യുന്ന യുവതീയുവാക്കളെ ശിക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനെതിരയാണ് കോടതിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രണ്ട് പേര് തമ്മിലുള്ള വിവാഹത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു.
സന്നദ്ധ സംഘടനയായ ശക്തിവാഹിനിയാണ് വടക്കേ ഇന്ത്യയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ദുരഭിമാനകൊലപാതകങ്ങള്‍ നിയമം മൂലം ഇല്ലാതാക്കാന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ആ കഴിഞ്ഞ ദിവസം ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിന് മുസ്ലിം യുവാവിനെ കുത്തിക്കൊന്ന സംഭവം ദാരുണവും ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.