സുഹൃത്തുക്കൾ ജോലി ചെയ്യുന്ന ഒരു വലിയ ഓഫീസിൽ മാടമ്പിസ്വഭാവമുള്ള ഒരു ഗുമസ്ഥനുണ്ടായിരുന്നു.  തല്ലുകൊള്ളിത്തരം മാത്രമേ കയ്യിലുള്ളുവെങ്കിലും ഇടയ്ക്കു തല്ലു കിട്ടാറുണ്ടെങ്കിലും സോപ്പും മാപ്പുമൊക്കെ രാഷ്‌ട്രീയ സ്വാധീനത്തിനൊപ്പം കൂട്ടിക്കുഴച്ച് തടി കേടാകാതെയും പണി പോകാതെയും വളർന്ന അയാളിപ്പോൾ രണ്ടോ മൂന്നോ പ്രൊമോഷൻ കഴിഞ്ഞ് കുറെ ഉദ്യോഗസ്ഥരുടെ മേലധികാരിയാണ്. പത്തിരുപത്തഞ്ചു വർഷങ്ങൾക്കിടയിൽ  പലപ്പോഴും സ്‌ത്രീ ജീവനക്കാരായ പലരും അയാളുടെ ശല്യങ്ങൾക്കെതിരെ പരാതി പറഞ്ഞെങ്കിലും. ‘അവന്റെ സ്വഭാവം അങ്ങനെയാണെന്നറിയൂലേ, നീ അതിനനുസരിച്ചു അഡ്‌ജസ്‌റ് ചെയ്‌തു നിന്നാൽ പോരേ..’ എന്ന് പെണ്ണുങ്ങളടക്കമുള്ള സഹപ്രവർത്തകർ പരാതിക്കാരെ ഒറ്റപ്പെടുത്തി. മനസ്സ് മടുത്ത പലർക്കും കുന്നംകുളത്തിന്റെ മാപ്പ് സ്വീകരിച്ച് പരാതി ഒത്തുതീർപ്പാക്കേണ്ടി വന്നു.

എന്നാൽ മാടമ്പി പിന്നീടും ഈ പെണ്ണുങ്ങൾക്കെതിരെയൊക്കെ അപവാദം പറഞ്ഞും തൊഴിൽ പരമായി പറ്റാവുന്നത്ര പാരകളൊപ്പിച്ചും അർമാദിച്ചു നടന്നു. 2018 ൽ പക്ഷെ പുതുതലമുറയിലെ പെൺകുട്ടിയോട് അധികാരം ദുരുപയോഗിച്ച് ഇടപെടാൻ നോക്കിയപ്പോൾ മാടമ്പിക്ക് അടിതെറ്റി. സോപ്പും മാപ്പും ഭീഷണിയുമൊന്നും വകവെക്കാതെ  അവൾ  പരാതിയുമായി മുന്നോട്ടു പോകുന്നു. അവൾക്കു പിന്തുണയുമായി കുറെ സഹപ്രവർത്തകർ മുന്നോട്ടു വന്നെങ്കിലും വലിയൊരു വിഭാഗം ‘ഇതൊക്കെ പണ്ടുതൊട്ടേയുള്ളതല്ലേ, അയാൾക്ക്‌ ഇനി അധികം സർവീസില്ലാത്തതല്ലേ, ഒന്ന് കണ്ണടച്ചൂടേ..’ എന്നൊക്കെ പറഞ്ഞ്   ആചാരസംരക്ഷകരായി നിലകൊള്ളുന്നുമുണ്ട്.

ഈ വിവരങ്ങളൊക്കെ അറിഞ്ഞ്,  കാലം എത്ര മുന്നോട്ടു പോയാലും മാറാത്ത അധികാര ധാർഷ്‌ട്യത്തെയും അതിനു കുഴലൂതി മെയ്യനങ്ങാതെ സ്വന്തം തടി വീർപ്പിക്കുന്ന ശിങ്കിടികൂട്ടങ്ങളെയും പറ്റി  ആലോചിച്ചു കൊണ്ടാണ്  ഹാൻഡോവർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച  ‘ഖരം’ എന്ന സിനിമക്ക് കയറുന്നത്.

ആയിരത്തിതൊള്ളായിരത്തി എഴുപതുകളിലെ കേരളമാണ് ‘ഖരം’ എന്ന  സിനിമയുടെ പശ്ചാത്തലം. 2018 ഡിസംബറിൽ സിനിമ കാണുമ്പോൾ  ഓരോ സീനും  2018 നവംബർ-ഡിസംബർ മാസങ്ങളിലെ കേരളത്തിന്റെ നേർദൃശ്യങ്ങളാകുന്നു. ലളിതമായി  കഥ പറഞ്ഞു പോവുകയാണെങ്കിലും  സിനിമ അപാരമായഒരു സറ്റയർ ആയി മാറുന്നു! നാൽപ്പതു വർഷങ്ങൾകൊണ്ട്  മലയാളിയുടെ ബാഹ്യപ്രകൃതിയേ  മാറിയിട്ടുള്ളുവെന്നും മനസ്സും ചിന്തകളും പഴയതു തന്നെയാണെന്നും  സിനിമ തെളിയിക്കുന്നു!

കോഴിക്കോട്ടെ തിയേറ്ററുകളിൽ ഒടിയൻ മാണിക്യനും പ്രഭയും വന്ന അതേ ദിവസം തന്നെയാണ് കണ്ണകിയും കണവനും വന്നത്. പത്തിരുപത്തഞ്ച് ഷോയുമായി ഒടിയനും കൈരളിയിൽ ഉച്ചപ്പടമായി അനുവദിച്ചു കിട്ടിയ ഒറ്റ ഷോയുമായി ഖരവും! ആഗ്രഹിച്ചാൽ പോലും പതിനൊന്നു മണിക്ക്  തിയേറ്ററിലെത്തുക വളരെ പ്രയാസമാണ്. ഒന്നോ രണ്ടോ ഷോയുമായി കൈരളിയിലോ ശ്രീയിലോ നിശ്ശബ്‌ദമായി വന്നു പോകുന്ന ചിത്രങ്ങൾ കാണാൻ ശ്രമിക്കാറുണ്ട്. എന്തൊക്കെ പരിമിതികളിൽ ചിത്രീകരിച്ചതായാലും, എത്രത്തോളം കുറവുകൾ കണ്ടെത്താനാവുമെന്നാലും സമീപകാലത്തിറങ്ങിയ ഏത് ബ്രഹ്മാണ്ഡചിത്രത്തിൽ നിന്ന് കിട്ടിയതിനേക്കാൾ കൂടിയ മൂല്യമുള്ള ചിലത് ആ സിനിമകൾ നമുക്ക് തരും. പക്ഷേ, സിനിമയെന്നാൽ ഒരുപാടു പേരുടെ അധ്വാനമാണെന്നും ടിക്കറ്റെടുത്ത് കണ്ട ശേഷം  അഭിപ്രായം പറഞ്ഞോളൂ എന്നും പറഞ്ഞ് ഒടിയനും രാമലീലക്കും വേണ്ടി കണ്ണീരൊഴുക്കിയവരൊന്നും ഈ സിനിമകളുടെ പരിസരത്തു പോലും എത്തിനോക്കാറില്ല.

ഇതുവരെ കേട്ടിട്ടില്ലാത്ത ആളാണ് രചയിതാവും സംവിധായകനുമായ   ഡോ. ജോസ് പി.വി! പോസ്റ്ററിലാണെങ്കിൽ എല്ലാം  അപരിചിത മുഖങ്ങൾ. (സിനിമ കാണുമ്പോഴാണ് പോസ്റ്ററിൽ കണ്ടതിൽ   രണ്ടു പേര് സന്തോഷ് കീഴാറ്റൂരും മഞ്ജുളനുമാണെന്നു മനസ്സിലായത്). കൈരളിയിൽ കാണികളായി  ഒൻപതു പേർ!  അങ്ങനെയാണ് സിനിമ തുടങ്ങുന്നത്. (പത്താളുണ്ടെങ്കിലേ  ഷോ നടത്തൂ എന്ന് തിയേറ്ററുകാർ പറയാഞ്ഞത് ഭാഗ്യം!)

വിശ്വജിത്തിൻ്റെ നാടൻ ശീലോടെയാണ് സിനിമ തുടങ്ങുന്നത്. വിശ്വജിത്തിൻ്റെ നാടൻപാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയെ ജീവസ്സുറ്റതാക്കുന്നതിൽ  ടൈറ്റിൽ സോങ് മുതൽ  തന്നെ പ്രധാന പങ്കു വഹിക്കുന്നു. ഫൗസിയ അബൂബക്കറാണ് പാട്ടെഴുത്തുകാരി. കവിതയെഴുതുകയും പാടുകയും ചെയ്യുന്ന ആയിരക്കണക്കിന് സ്‌ത്രീകളുണ്ടെങ്കിലും സിനിമയിൽ പാട്ടെഴുതാൻ സ്‌ത്രീകൾക്ക്  അവസരം ലഭിക്കുന്നത് വിരളമാണ്. അതുകൊണ്ട് തന്നെ ഫൗസിയയുടെ പേര് പ്രത്യേകം പരാമർശിക്കാതെ വയ്യ.

ടൈറ്റിൽ  സോങ് കഴിയുന്നതോടെ രണ്ടാം ഭാര്യയും മകനും കഴുതയുമൊത്തുള്ള കണവന്റെ കുടുംബ ജീവിതം ആരംഭിക്കുന്നു. കണവൻ എന്ന മുഴുക്കുടിയനും ഊളയുമായ കണവനെ ഉജ്വലമായി അവതരിപ്പിച്ചിരിക്കുന്നു പ്രകാശ് ചെങ്ങൽ എന്ന നാടകക്കാരൻ. നിസ്സഹായയും, ആലംബഹീനയുമായ ഒരു സ്‌ത്രീയായി തുടങ്ങി പ്രതികൂല സാഹചര്യങ്ങളിൽ നിന്നും വായനയിൽ നിന്നും കരുത്തുൾക്കൊണ്ട് വളരെ സ്വാഭാവികമായി അസാമാന്യമായൊരു  തലത്തിലേക്ക് മാറിയെത്തുന്ന കണ്ണകിയെന്ന നായികയെ  തികഞ്ഞ കയ്യടക്കത്തോടെ പ്രവീണ സുജേഷ് കൈകാര്യം ചെയ്‌തിരിക്കുന്നു.  മഞ്ജുളൻ കുടിലനായ വില്ലൻ കഥാപാത്രത്തെ സൗമ്യനും സുന്ദരനുമായി അവതരിപ്പിക്കുന്നത് അതിമനോഹരമായാണ്. ശ്രീധിൽ എന്ന കുട്ടി പൊടിയനായി മികച്ച പ്രകടനം. സഖാവ് മുരളിയായി സന്തോഷ് കിഴാറ്റൂരിന്റെ മികച്ച വേഷം. പുതുമുഖങ്ങളായിരുന്നിട്ടും ഒരൊറ്റയാളുടെയും മോശം പ്രകടനം കണ്ടില്ല എന്നത് സിനിമയുടെ  ഭദ്രതയ്ക്കുദാഹരണമായി എടുത്തു പറയാവുന്നതാണ്.  ഷാപ്പ് ചെക്കനായി ശരത്, വടിവേലുവായി ബൈജു സി. ബാലൻ, ബേബി ആദിത്യ എന്നിങ്ങനെ എത്രയെത്ര പേർ! രമാദേവിയും ജ്യോതി കണ്ണൂരും അക്കാലത്തെ  കുലസ്‌ത്രീകളെ അവതരിപ്പിച്ചപ്പോൾ അവർ എല്ലാ കാലത്തെയും കുലസ്‌ത്രീകളായി. അതിൽ ജ്യോതി കണ്ണൂർ അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ മാനങ്ങളുണ്ട്. അഹന്ത, ഭയം, ഭീരുത്വം, നിസ്സഹായത, ‘കുലമഹിമ’ എന്നിങ്ങനെ പലതും ആ ഒരു കൊച്ചു കഥാപാത്രത്തിലൂടെയും ജ്യോതിഎന്ന നടിയിലൂടെയും കടത്തിവിട്ടത് വിസ്‌മയകരമാണ്. കഴുത സിനിമയിൽ പ്രധാന കഥാപാത്രമാവുകയും മറ്റു പല കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്നതും കൗതുകകരമാണ്.

പെണ്ണെന്നാൽ ലൈംഗിക വസ്‌തു മാത്രമാണെന്ന് കരുതുന്ന പുരുഷന്മാരാണ് സിനിമയിലുടനീളം. അധികാരത്തോടും  മുതലാളിയോടും അങ്ങേയറ്റം വിധേയനായിരിക്കുന്ന, മടിയനും ഭീരുവുമായ പുരുഷൻ പെണ്ണിൻ്റെ മുൻപിൽ തുള്ളിയാടുന്ന വിവിധ തരം ആട്ടങ്ങൾ  സിനിമയിൽ ലളിതവും തീവ്രവുമായി ആവിഷ്‌കരിച്ചിരിക്കുന്നു. മദ്യലഹരിയിൽ മാത്രമുണരുന്ന ചിലരുടെ ആണത്തവും ഉണർച്ചയില്ലാത്ത പൗരുഷത്തിന്റെ അപകർഷതയിൽ പലരും കാട്ടുന്ന  കപട ഹീറോയിസവും സിനിമ നന്നായി സംവദിക്കുന്നു. തങ്ങളുടെ കള്ളുകുടിയും കോഴിക്കാലും  മുടങ്ങാതിരിക്കാനും അധികാരികളെ പ്രീതിപ്പെടുത്താനും സ്വന്തം പെണ്ണുങ്ങളെ കൂട്ടിക്കൊടുക്കുന്ന, ‘ഒന്ന് കണ്ണടച്ചാൽ പോരെ’ എന്ന് ചോദിക്കുന്ന മനുഷ്യർ 2018 ലും മുൻപിൽ നിന്ന് പുളയ്ക്കുമ്പോൾ കാലഭേദമില്ലാത്ത സമൂഹജീവിതത്തിന്റെ നേർക്കാഴ്‌ചകളാകുന്നു  ‘ഖരം’.

വ്യാജ ഏറ്റുമുട്ടൽ കൊലകൾ, ശബരിമലയിലെ സ്‌ത്രീ വിരുദ്ധത, സവർണ്ണ ധാർഷ്‌ട്യവും അതിനോടുള്ള വിധേയത്വവും, കുലമഹിമയുടെ പേക്കൂത്തുകൾ, ചോദ്യം ചോദിക്കുന്നവരെയും പ്രതികരിക്കുന്നവരെയും തീവ്രവാദികളാക്കി കൈകാര്യം ചെയ്യൽ, വീടകങ്ങളിൽ പോലും  പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീകളും കുട്ടികളും, സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പെണ്ണുങ്ങളുടെ ഇൻ ബോക്‌സ് തുടങ്ങിയവ മുതൽ കിത്താബ് വരെയുള്ള സമകാലിക സംഭവങ്ങളും  പ്രതികരിക്കേണ്ടതിന്റെയും പോരാടേണ്ടതിന്റെയും അനിവാര്യതയും എഴുപതുകളിലെ കഥ മാത്രം പഴയ ശൈലിയിൽ തന്നെ പറയുന്ന ഒരു സിനിമയിൽ നിന്ന് തിരിച്ചറിയാൻ കഴിയുമ്പോൾ അതൊരു കിടിലൻ സിനിമയാണെന്ന് പറയാതെ വയ്യ. ഒടുവിലിപ്പോൾ സിനിമ കണ്ടശേഷമുണ്ടായ കിളിനക്കോട് സംഭവം  പോലും ഈ സിനിമയിൽ വായിച്ചെടുക്കാമെന്നു വരുമ്പോൾ ‘ഖരം’ എന്തൊരു സിനിമയാണപ്പാ!!  സൂപ്പർ താരങ്ങളുടെ കോൾഷീറ്റും ശതകോടികളും തരികിട തള്ളുകളുമല്ല, ക്രീയേറ്റിവിറ്റിയാണ് ഒരു സംവിധായകൻ്റെ കൈമുതലെന്ന് ഈ സിനിമ കാണുമ്പോൾ  മനസ്സിലാകും. ഒടിയന്മാർക്കു സംവദിക്കാൻ  സാധിക്കാത്ത രാഷ്‌ട്രീയം കണ്ണകിക്കും കഴുതയ്ക്കും അസ്സലായിട്ട് സാധിക്കുന്നത് അതുകൊണ്ടാണ്.

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച ചിലരെക്കൂടി പരാമർശിച്ചില്ലെങ്കിൽ ഈ എഴുത്ത് അപൂർണ്ണമാകും. പഴയ കാലത്തെയും ഗ്രാമത്തെയും ഗ്രാമീണരെയും അനുഭവിപ്പിക്കുന്നതിൽ സത്യൻ കാനൂലിന്റെ കലാസംവിധാനവും   സജിന രതീഷിന്റെ വസ്‌ത്രങ്ങളും ബിനീഷ് ഭാസ്‌കറിന്റെ ചമയവും ഒത്തൊരുമിച്ച് സംവിധായകന് മികച്ച സംഭാവന നൽകി.  ബി. രാജീവ് കുമാറിന്റെ ക്യാമറ ഗ്രാമ സൗന്ദര്യം ചെറുതായും ഗ്രാമ്യവന്യത വലുതായും നിറഞ്ഞ് സിനിമാക്കൊരു ദൃശ്യഭാഷയുണ്ടാകുന്നു.   അതുൽ ജനാർദ്ദനൻ എഡിറ്ററും രഘുരാമൻ കളറിസ്റ്റും. ഹൃദ്യമായ ശബ്‌ദലേഖനം ആനന്ദ് ബാബുവും ഷൈൻ ബി ജോണും  നിർവഹിച്ചിരിക്കുന്നു.

– ഉമേഷ് വള്ളിക്കുന്ന്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account