എല്ലാവരും എന്തോ മറച്ചുവെയ്ക്കുന്നുണ്ട്. അവനത് തോന്നിത്തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ആ ജ്യോത്സ്യൻ വന്നതു മുതൽക്ക് അങ്ങനെയാണ്.
അമ്മയും വലിയമ്മയും അമ്മായിമാരും അടുക്കളയിൽ പതിഞ്ഞ ശബ്ദത്തിൽ എന്തൊക്കെയൊ സംസാരിക്കുന്നത് കേട്ട് അവൻ അവിടേക്ക് ചെല്ലും. ഉടനെ അവർ നിർത്തും.
എപ്പോഴും അവനോട് വാതോരാതെ സംസാരിക്കുന്ന അമ്മമ്മ പോലും അവനോട് ഒന്നും പറയുന്നില്ല.
മാധവേട്ടനിൽ നിന്നാണ് അവനത് ആദ്യം മനസ്സിലാക്കിയത്, അവൻ ഒരു പാപിയാണെന്ന്.
ഊണ് കഴിഞ്ഞ് മുകളിലത്തെ മുറിയിൽ മാധവേട്ടന്റെ കൂടെ പാമ്പും ഏണിയും കളിക്കുകയായിരുന്നു. മാധവേട്ടൻ തോറ്റിട്ടും സമ്മതിക്കാത്തപ്പോൾ അവൻ മാധവേട്ടനെ കള്ളനെന്ന് വിളിച്ചു. ഇനി ഒരിക്കലും കൂടെ കളിയ്ക്കാൻ വരില്ലെന്ന് പറഞ്ഞു. അപ്പോൾ മാധവേട്ടൻ അവനെ നിലത്ത് തള്ളിയിട്ടു. എന്നിട്ടവനെ പാപി എന്ന് വിളിച്ചു.
പാപി. ഒരു പാപിയാകാൻ മാത്രമുള്ള തെറ്റൊന്നും അവൻ ചെയ്തിട്ടില്ലല്ലൊ! പക്ഷെ മാധവേട്ടൻ പറഞ്ഞു, അവൻ ശരിക്കും പാപിയാണെന്നും അതിന് എന്തൊക്കയോ ചെയ്യാൻ പോകുന്നുണ്ട് എന്നും. കുറെ പ്രാവശ്യം ആ വിളി കേട്ടപ്പോൾ അവൻ ഓടിപ്പോയി. അല്ലെങ്കിൽ കരയുന്നത് മാധവേട്ടൻ കാണും. ഇപ്പോൾ വലിയ കുട്ടിയാണ്, തൊട്ടതിനും പിടിച്ചതിനും കരയരുതെന്ന് വല്യച്ഛൻ പറഞ്ഞിട്ടുള്ളതാണ്.
അപ്പോൾ അതാണ് അവരെല്ലാവരും രഹസ്യം പറയുന്നത്. അവനെ വീട്ടിൽ നിന്ന് പറഞ്ഞയയ്ക്കോ? അമ്മ അതിന് സമ്മതിയ്ക്കോ? അമ്മയില്ലാതെ ജീവിക്കുന്നതിനെ പറ്റി അവന് ആലോചിയ്ക്കാൻ പോലും വയ്യ. അമ്മിണി ചേച്ചിയില്ലെങ്കിലും സാരമില്ല. പക്ഷെ അമ്മ…
അന്ന് രാത്രി അവനൊരു സ്വപ്നം കണ്ടു. അവൻ വീട്ടുമുറ്റത്ത് നിൽക്കുകയാണ്. അമ്മ വന്ന് ചിരിയ്ക്കപോലും ചെയ്യാതെ അവൻ നീട്ടിയ പാത്രത്തിലേക്ക് ഒരു നാണയമിട്ട് തിരിച്ച് ഉള്ളിലേക്ക് പോയി. അമ്മയെ ഉറക്കെ വിളിയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൻ ഉണർന്നു. അമ്മ തൊട്ടടുത്തു തന്നെ കിടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അമ്മയെ കെട്ടി പിടിച്ച് അവൻ വീണ്ടും ഉറങ്ങി.
അടുത്ത ദിവസം രാവിലെ ചാരുപടിയിൽ ഇരുന്ന് മുറ്റത്തെ പവിഴമല്ലിയിലെ പൂക്കൾ കാറ്റത്ത് തിരിഞ്ഞ് തിരിഞ്ഞ് മെല്ലെ വീഴുന്നത് നോക്കിയിരിക്കുമ്പോൾ അലക്കാനുള്ള തുണികളുമായി ശോഭന ചേച്ചി പോകുന്നത് കണ്ടു. അവൻ എഴുന്നേറ്റ് പിന്നാലെ ചെന്നു.
പാവം ശോഭന ചേച്ചി. അവന് ഓർമ്മയുള്ള കാലം മുതൽക്കെ ശോഭന ചേച്ചി വീട്ടിലുണ്ട്. ചേച്ചിയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയതാണെന്ന് അമ്മ പറഞ്ഞ് അവനറിഞ്ഞിട്ടുണ്ട്. ചേച്ചിയുടെ അച്ഛൻ വല്യച്ഛന്റെ സുഹൃത്തായിരുന്നുവെത്രെ. വല്യച്ഛനാണ് ചേച്ചിയെ പിന്നീട് വളർത്തിയത്.
അലക്കു കല്ലിന്മെൽ ശോഭന ചേച്ചി ഒരു നനഞ്ഞ സാരി താളത്തിൽ അടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ ചോദിച്ചു, ‘ഞാനെന്താ ചെയ്തത് ചേച്ചി? എന്തിനാ എന്നെ പറഞ്ഞയയ്ക്കുന്നത്?’
അന്തം വിട്ട് ശോഭനചേച്ചി എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോൾ ശബ്ദമിടറിക്കൊണ്ട് അവൻ എല്ലാം തുറന്ന് പറഞ്ഞു.
‘നീ പാപിയല്ല, മോനു’. കൈയിലെ സോപ്പുപത അവന്റെ മൂക്കിൻതുമ്പത്ത് സ്നേഹത്തോടെ ചാലിച്ചുകൊണ്ട് ചേച്ചി പറഞ്ഞു. ‘നിന്റെ പൂർവ്വജന്മത്തിൽ കുറെ പാപങ്ങൾ ഉണ്ടായിരുന്നത്രെ. അതിനൊക്കെ പ്രായശ്ചിത്തം ചെയ്യാൻ ഒരു കർമ്മം വേണമെന്നാണ് ജ്യോത്സ്യൻ പറഞ്ഞത്. ഒരാൾ വന്ന് നിന്റെ പാപമൊക്കെ കൊണ്ടു പോകും. അത്രയെ ഉള്ളൂ’
വേറെയാരോടും ഒന്നും ഇതിനെപ്പറ്റി ചോദിക്കരുത് എന്ന് ശട്ടംകെട്ടി ചേച്ചി ജോലി തുടർന്നു.
എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല. മുൻ ജന്മത്തിൽ അവൻ ആരായിരുന്നു? എന്താണിത്ര വലിയ പാപം ചെയ്തത്? അതെങ്ങനെയാണ് ആരെങ്കിലും കൊണ്ടു പോവുക?
എന്തെങ്കിലും ആയിക്കോട്ടെ. അവനെ പുറത്താക്കുന്നില്ലല്ലൊ. അത് മതി.
‘അജി, മോനെ, എണീക്ക്’, അമ്മ വിളിക്കുകയാണ്. അവൻ എഴുന്നേറ്റിരുന്ന് കണ്ണ് തിരുമ്മി. വെളിച്ചമായിട്ടില്ലല്ലൊ! പക്ഷെ അമ്മയെ കാണാൻ എന്തൊരു ഭംഗിയാണ്! അമ്മയ്ക്ക് എപ്പൊഴും ഇങ്ങനെ ഉടുത്തൊരുങ്ങി നടന്നുകൂടെ? നളിനി അമ്മായിയെപ്പോലെ നെറ്റിയിലെ മുടിയ്ക്കിടയിൽ കുങ്കുമം തേച്ചു നടന്നാൽ എന്ത് ചന്തമുണ്ടാവും അമ്മയെ കാണാൻ. പക്ഷെ എത്ര പറഞ്ഞാലും അമ്മ അത് ചെയ്യില്ല.
പെട്ടെന്നാണ് അവനതാലോചിച്ചു പോയത്. ശോഭനചേച്ചി കളവു പറഞ്ഞതാണൊ? അവനെ പറഞ്ഞയയ്ക്കാൻ പോകുകയാണൊ?
അമ്മ കുളിക്കാൻ പറഞ്ഞപ്പോൾ അവൻ എതിരുപറയാതെ അനുസരിച്ചു. അമ്മിണിചേച്ചി എപ്പോഴും കട്ടെടുക്കാറുള്ള, അവന് ഏറ്റവും ഇഷ്ടമുള്ള ചുവന്ന കരയുള്ള തോർത്ത് കൊണ്ട് തലയും ശരീരവും തോർത്തി. അമ്മ എടുത്തുവെച്ചിരുന്ന കടും പച്ച കളസമെടുത്തിട്ടു.
പുറത്ത് വരാന്തയിൽ എല്ലാവരും ഉണ്ടായിരുന്നു. എറ്റവും പിന്നിൽ അമ്മിണിചേച്ചിയും സംഘവും പുതിയ ധാവണികളും പാവാടകളും ധരിച്ച് സ്ഥലം പിടിച്ചിരുന്നു.
വലിയച്ഛൻ ഇരുന്നിരുന്ന ചാരുകസേരയ്ക്കരികിൽ അവൻ ഓടിച്ചെന്ന് നിലത്തിരുന്നു. വലിയച്ഛൻ അവന്റെ മുടിയിലൂടെ കൈയ്യോടിച്ചു. അവന് സമാധാനമായി. വലിയച്ഛനുണ്ടെങ്കിൽ അവനെ ആരും ഒന്നും ചെയ്യില്ല.
ചുറ്റും കത്തുന്ന നിലവിളക്കുകൾ. ചന്ദനത്തിരികളുടെയും, ചൂടാക്കിയ വെളിച്ചെണ്ണയുടെയും, ചെമ്പരത്തിപൂവിന്റെയും മണം. നടുവിൽ ഇഷ്ടികകൾ കൊണ്ടുണ്ടാക്കിയ ഒരു ചതുരത്തിൽ തീ എരിയുന്നുണ്ട്. അതിനു മുമ്പിൽ മുണ്ടു ധരിച്ച ഒരാൾ ചമ്രം പടിഞ്ഞിരിക്കുന്നു. അയാൾ തോളിലൂടെ ധരിച്ചിരുന്ന വെള്ള നൂല് പിടിച്ച് വിടുകയും എന്തൊക്കെയൊ പിറുപിറുക്കുകയും ഇടക്കിടെ തീയിലേക്ക് അരിയും പൂവും ഇടുകയും ചെയ്യുന്നുണ്ട്.
തീയാളുന്നതിന് ഇടത് വശം ഒരു കറുത്ത വിഗ്രഹം അവൻ അപ്പോഴാണ് ശ്രദ്ധിച്ചത്. അത്തരത്തിലൊരു വിഗ്രഹം അവനതിനുമുമ്പ് ഒരിയ്ക്കലും കണ്ടിട്ടില്ല. പൂജാമുറിയിലെ ചുമരിലെ ചിത്രങ്ങളിലുള്ള ദേവീ ദേവന്മാരുമായൊ അമ്പലത്തിൽ എപ്പൊഴും കാണുന്ന വിഗ്രഹവുമായൊ അതിന് ഒരു സാമ്യവുമുണ്ടായിരുന്നില്ല. കുടവയറും തുറന്നു വെച്ച വലിയ വായയും. കണ്ടാൽ പേടിയാവും. അവൻ വച്ചിയച്ഛന്റെ കസേരയോടൊന്നുകൂടി ചേർന്നിരുന്നു.
തീയിനടുത്തിരുന്ന ആൾ പെട്ടെന്ന് ഉച്ചത്തിൽ ശബ്ദിക്കാൻ തുടങ്ങി. കൈകൾ വൃത്താകൃതിയിൽ ചലിപ്പിച്ച് മുമ്പിലുണ്ടായിരുന്ന എണ്ണ നിറച്ച ചീനച്ചട്ടിയിലേക്ക് കുറെ ഭസ്മം അയാൾ എറിഞ്ഞു. എന്നിട്ട് ഉറക്കെ അലറി ‘കുട്ടിയെ കൊണ്ടു വരൂ!’
ഓടി രക്ഷപ്പെടുവാൻ സാധിക്കും മുമ്പെ അവനെ കുറെ കൈകൾ അയാളുടെ മുമ്പിലേക്കുന്തി. അവൻ കുതറിനോക്കിയെങ്കിലും അയാൾ അവന്റെ തല ചട്ടിയുടെ മുകളിലേക്ക് മുറുകെ പിടിച്ച് അതിലേക്ക് നോക്കാൻ നിർബന്ധിച്ചു.
എള്ളെണ്ണയുടെ മനംമടുപ്പിക്കുന്ന ഗന്ധം അവന്റെ മൂക്കിലേക്ക് ഇരച്ചുകയറി. പെട്ടെന്ന് പൊങ്ങിവന്ന കണ്ണൂനീരിനിടയിലൂടെ അവന്റെ മുഖം എണ്ണയിൽ അവൻ കണ്ടു.
പിന്നെ… ഒരു നിമിഷം മാത്രം… എണ്ണയിൽ മറ്റൊരു മുഖവും അവൻ വ്യക്തമായി കണ്ടു. ക്ഷീണിച്ച കണ്ണുകൾ. ചുളിഞ്ഞ തൊലി. അവിടവിടെ നരച്ച താടി രോമങ്ങൾ. അപ്പോഴേക്കും ആരോ ചട്ടി എടുത്തു കൊണ്ടുപോയി. അവനെ തല പൊന്തിക്കാൻ കുറച്ചു സമയംകൂടി അനുവദിച്ചില്ലെങ്കിലും രണ്ടു കാലുകൾ അകന്നുപോകുന്നത് അവന് കാണാൻ സാധിച്ചു. അവയിൽ ചളി പുരണ്ടിരുന്നു. ഉപ്പൂറ്റികളിൽ വലിയ വിള്ളലുകളുണ്ടായിരുന്നു.
അമ്മ വേഗം അവനെ വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി.
നെയ്യും പഞ്ചസാരയും കൂട്ടി ഇഡ്ഡലി കഴിപ്പിക്കുന്നതിനിടയിൽ അമ്മ അവനോട് പറഞ്ഞു ‘മോന്റെ പാപങ്ങളൊക്കെ തീർന്നു. അതെല്ലാം കൊണ്ടു പോയി. ഇനി എന്റെ അജിമോന് ഒരു പ്രശ്നവും ഉണ്ടാവില്ലട്ടോ!’
അവൻ ഒന്നും മിണ്ടിയില്ല.
മാധവേട്ടൻ തൊടിയിൽ നിന്ന് അവനെ ഒളിച്ചുകളിക്കാൻ വിളിക്കുന്നുണ്ട്. അവൻ പോയില്ല.
അയാൾ ആരായിരിക്കും? അവന്റെ പാപം അയാൾ എന്തിനാണ് ഏറ്റെടുത്തത്? അയാൾക്ക് അവയെ താങ്ങാൻ സാധിക്കുമൊ?
അവൻ തേങ്ങി തേങ്ങി കരയാൻ തുടങ്ങി. അപ്പോഴാണവനാദ്യമായി തോന്നിയത്, അവൻ ഒരു പാപി ആണെന്ന്.