-രഘുനാഥന് പറളി
സുഹൃത്ത് എന്‍. പ്രദീപ്കുമാറിന്റെ മിക്ക കഥകളും വരമൊഴിയായല്ല, മറിച്ച് വാമൊഴിയായാണ് ആദ്യം എന്നില്‍ എത്തിയിട്ടുളളത് എന്നു പറയുമ്പോള്‍ നിങ്ങളില്‍ ഉണരുന്ന കൗതുകം അറിയാനാകുന്നുണ്ട്. രണ്ടു എഴുത്തു വ്യക്തിത്വങ്ങള്‍ എന്നതാണ് ആദ്യ പരിചയത്തിന് നിദാനമായതെങ്കിലും, പിന്നീട് അതിനുമേറെ അപ്പുറത്തേക്കു നീങ്ങിയ വ്യക്തി സൗഹൃദത്തിന്റെ ഊഷ്മളതയിൽ, എന്നും പ്രദീപ് കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. പറയുന്നതുമുഴുവന്‍ എഴുതുകയില്ലെന്നറിയാമായിരുന്നിട്ടും, അടുത്ത സുഹൃത്തുക്കള്‍ അയാളെ കേട്ടുകൊണ്ടേയിരുന്നു. ദക്ഷിണ ഭാരതത്തിലെ കഥപറച്ചില്‍ പാരമ്പര്യത്തിന്റെ ഏതു തന്തുവാണ് ഈ മിത്രത്തില്‍ സജീവമാകുന്നതെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്. പുരാണങ്ങള്‍ മാത്രമല്ല, ചെറുകഥയും പറയാം എന്ന സത്യം (കഥയരങ്ങ് പോലുളള വായിച്ചു നശിപ്പിക്കല്‍ പരിപാടികള്‍ അല്ല..) അങ്ങനെ ബോധ്യപ്പെടാനും ആയിട്ടുണ്ട്. ചുരുക്കത്തില്‍ കഥാകര്ത്താവും കാഥികനും ഒന്നായിത്തീരുന്ന ഒരു മുഹൂര്‍ത്തം കൂടി ഇവിടെ സമാഗതമാകുന്നുവെന്ന് സാരം. അതുപോലെ, പ്രദീപിന്റെ മറ്റൊരു ഊര്‍ജ്ജിത ശ്രോതാവും വായനക്കാരനും പ്രസാധകനുമായ അജിത് (ലോഗോസ് ബുക്സ്) തന്നെയാണ് ഈ സമാഹാരത്തിലേക്കുളള കഥകള്‍ തെരഞ്ഞെടുത്തിട്ടുളളത് എന്നതില്‍ തീര്‍ച്ചയായും ഒരു കാവ്യനീതയുണ്ടെന്ന് നിസ്സന്ദേഹം പറയാം.
ഇനി എന്‍ പ്രദീപ്കുമാർ എന്ന, സുഹൃത്ത് പ്രദീപിന്റെ എഴുത്തിലേക്കു വരാം. പൊതുവില്‍ ഭാഷയുടെയോ ആഖ്യാനത്തിന്റെയോ ആവേഗങ്ങളില്‍ മുഴുകുന്നവയല്ല പ്രദീപിന്റെ കഥകള്‍. മറിച്ച് അവ അനുഭവങ്ങളുടെയും ആത്മബോധ്യങ്ങളുടെയും അനുധ്യാനമായിട്ടാണ് മിക്കപ്പോഴും നിലകൊള്ളുന്നത്. ആത്മനിഷ്ഠാപരമായ അഭിരുചിയുമായി ബന്ധിപ്പിച്ചു പറഞ്ഞാല്‍, എഴുത്തില്‍ എന്നെ കഠിനമായി അമ്പരപ്പിക്കുകയോ എന്റെ പൂര്‍ണ്ണ കഥാകൃത്താകുകയോ ചെയ്തിട്ടുളള ആളല്ല തീര്‍ച്ചയായും എഴുത്തുകാരനായ പ്രദീപ് കുമാര്‍. പക്ഷേ ഇയാളുടെ കഥാ സാന്നിധ്യത്തില്‍ ഞാന്‍ എപ്പോഴും സന്തുഷ്ടനാണ് എന്ന സത്യവും അതോടൊപ്പം നിലനില്ക്കുന്നു. ആത്മാര്‍ത്ഥതയിലും നിലപാടിലും, രചയിതാവിന്റെ സുഹൃത്ത് എന്ന നിലയില്‍ മാത്രമല്ല, അനുവാചകന് എന്ന നിലയിലും സംശയത്തിന്റെ ഒരു കണികപോലും പ്രദീപ് എന്നില്‍ അവശേഷിക്കുന്നില്ലെന്നത്, വാസ്തവത്തില്‍ ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍കൂടി വലിയ ഊര്ജ്ജമാകുന്നുണ്ടെന്നു തുറന്നു പറയട്ടെ.
ശ്രദ്ധിച്ചാല്‍, ആധുനികാനന്തരതയുടെ ഓരം ചേര്‍ന്ന് എന്‍. പ്രദീപ്കുമാറും എഴുതി വന്നിരുന്നു എന്നു നമുക്ക് കാണാന്‍ കഴിയും. ആഖ്യാന തന്ത്രങ്ങളുടെയും അതികഥാ തന്ത്രങ്ങളുടെയും “നവകഥാ വാസ്തുവിദ്യ”യില്‍ അധികമൊന്നും ഈ എഴുത്തുകാരന് ആമഗ്നനാകുന്നില്ലെന്നതും പ്രത്യേകതയാണ്. മാത്രമല്ല, ടി പത്മനാഭന്റെയും പത്മരാജന്റെയും എല്ലാം എഴുത്തു വേരുകള്‍ – എഴുത്തിലെ സൗമ്യതയും ആഖ്യാനസൂക്ഷ്മതയും ഉള്‍പ്പെടെയുളളത് – എവിടെയൊക്കെയോ പ്രദീപ് കുമാറിനെ ഗാഢമായി സ്പർശിച്ചിരിക്കണം. കഴിഞ്ഞ രണ്ടു ദശക കാലയളവില്‍ എഴുതിയ കഥകളില്‍ നിന്നും, തെരഞ്ഞടുത്ത കഥകള്‍ ചേര്‍ത്തുവെക്കുമ്പോള്‍, അതില്‍ നമുക്ക് എഴുത്തിന്റെ ഭാവുകത്വപരമായ ഒരു സമയമാപിനി കൂടി വേണമെങ്കില്‍ കണ്ടെത്താവുന്നതാണ് – ഇവിടെ ലക്ഷ്യം അതല്ലെങ്കിലും. ആത്മകഥാപരമായ അനുഭവങ്ങളുടെ കഥാവല്ക്കരണം, ദൈന്യഫലിതത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും അടിയൊഴുക്ക്, ഭ്രമാത്മകതയുടെ സ്വാഭാവിക സന്നിവേശം, അവതരണത്തിലെയും ആഖ്യാനത്തിലെയും വസ്തുതാപരമായ സൂക്ഷ്മത (സംഭവങ്ങള്‍, ഭാഷ, പരാമര്‍ശിക്കപ്പെടുന്ന സാഹിത്യ രചനകള്‍ എന്നീ ഘടകങ്ങള്‍ ശ്രദ്ധിക്കുക), തോല്‍ക്കുന്നവന്റെ നിസ്സഹായതയും വേദനയും ഒപ്പിയെടുക്കാനായുന്ന ഒരു കഥാമനസ്സ്, ഘനീഭവിച്ചു നില്ക്കുന്ന ധ്വന്യാത്മകത, ഇഴുകിച്ചേര്‍ന്ന ഒരു വിഷാദ നൊമ്പരം എന്നിവ ചേര്‍ന്നാല്‍ പൊതുവില്‍ പ്രദീപിന്റെ കഥാ ചേരുവകളാകും. അതോടൊപ്പം, ഇത്രയും വേണമായിരുന്നോ എന്നു തോന്നിപ്പിക്കും വിധം അല്പം ദീര്‍ഘമാകുന്ന ആഖ്യാനം, ആ എഴുത്തിന്റെ പൊതു ശൈലിയായി നിലകൊള്ളുന്നുമുണ്ട്. ഓര്‍മകള്‍, അനുഭവങ്ങള്‍, ആശങ്കകള്‍ എന്നിവയുടെ ഒരു സങ്കലനത്തുകയാണ് പ്രദീപ്കുമാർ കഥകള്‍ എന്ന് ഏറ്റവും ഋജുവായി പറയാനും ഈ കഥകള്‍ അവസരം നല്‍കുന്നുണ്ട്.
“ദൈവത്തിന്റെ സമ്മാനം” ആണ് ഈ സമാഹാരത്തിലെ ആദ്യ കഥ. റാഹേല്‍ വല്യമ്മച്ചിയും അവര്‍ക്കൊപ്പം താമസിക്കുന്ന അകന്ന ബന്ധത്തിലെ പെണ്‍കുട്ടിയുമാണ് കഥയിലെ മുഖ്യ കഥാപാത്രങ്ങള്‍. അവളെ ഇങ്ങോട്ട് അമ്മയുടെ അകന്ന ബന്ധുവായ അപ്പാപ്പന് കൂട്ടിക്കൊണ്ടുവന്നത്, ക്വാറിയിലെ ജോലിക്കിടയില്‍ അവളുടെ മാതാപിതാക്കള്‍ അപകടമൃത്യുവിന് ഇരയാകുമ്പോളത്രേ! റോമന്‍ കാത്തലിക്കായ അമ്മയും ഹരിജന്‍ ക്രിസ്ത്യാനിയായ അപ്പനും ചേരുമ്പോള്‍ രൂപപ്പെടുന്ന സാമൂഹികാസമത്വത്തിന്റെ ഒരു ദുര്‍ബല പ്രതീകം കൂടിയാകുന്നുണ്ട്, സൂക്ഷ്മ വായനയില്‍, കഥയിലെ പെണ്‍കുട്ടി. അവളെ നിത്യം കാണുന്ന കടത്തു വഞ്ചിയിലെ കുഞ്ഞുക്കുട്ടനുള്പ്പെടെയുളള ചെറുപ്പക്കാരെല്ലാം അവളെ കാമിച്ചുതുടങ്ങുന്ന ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ്, വല്യമ്മച്ചിയുടെ മൂത്ത മകളുടെ മകന് ജോണിക്കുട്ടി അവള്‍ക്കുനേരേ നടത്തുന്ന ശാരീരിക പരാക്രമത്തിന് സാക്ഷ്യം വഹിക്കുമ്പോഴാണ്, അവളെ കന്യാസത്രീയാക്കാന് -മഠത്തില്‍ ചേര്‍ക്കാന്‍ – വല്യമ്മച്ചി കൊണ്ടുപോകുന്നത്. വ്യാഖ്യാനത്തിന്റെ സവിശേഷ സ്വാതന്ത്ര്യത്തില്‍, ഗീവറീസച്ചന് നേരത്തേ പള്ളിയില്‍വെച്ച്, പെണ്‍കുട്ടിയുടെ സ്വപ്നങ്ങളെ കൂട്ടുപിടിച്ച് നീ കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ മനസ്സിനെ ഒരുക്കിക്കഴിഞ്ഞോ എന്നു ചോദിക്കുമ്പോള്‍, “എനിക്ക് സമ്മതമാണച്ചോ..” എന്ന് അവള് പറയുന്നത് ഉളളിലേക്കു കരഞ്ഞുകൊണ്ടാണെന്ന് നമ്മള് കഥയില്‍ അറിയുന്നുണ്ട്. ടൗണിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാന്‍ ഇടയാകുന്ന അവളോട് സഹാനുഭൂതിയോടെ പെരുമാറുന്ന ചെറുപ്പക്കാരനെത്തന്നെ കഥാന്ത്യത്തിലും അവള് ഓര്‍ക്കുന്നത് ശ്രദ്ധേയമാണ്. വല്യമ്മച്ചി ആരെയാടീ നീ നോക്കി നില്‍ക്കുന്നത് എന്ന് തുടര്‍ച്ചയായി ശകാരിക്കുമ്പോള്‍, “അദ്ദേഹത്തെ” എന്ന തുടര്‍ച്ചയായ ഏക മറുപടിയാണ് അവളില്‍ നിന്നുണ്ടാകുന്നത്. വളരെ സൗമ്യമായാണ് ഒടുവില്‍ അതോട് ചേര്‍ത്ത് “കര്‍ത്താവിനെ” എന്ന് അവള് വല്യമ്മച്ചിയോട്, അവരെ പാടെ അന്തിപ്പിക്കും വിധം മന്ത്രിക്കുന്നത്. ചെറുപ്പക്കാരന് സഹായത്തിനായി നല്കിയ കര്‍ച്ചീഫ്, കഥാന്ത്യത്തിലും അവള് മുറുകെ പിടിക്കുകയാണ്. ഈ കഥയുടെ മുഴുവന്‍ ശക്തിയും ആവാഹിക്കുന്ന ഒരു മാന്ത്രിക തൂവാല പോലെ വാസ്തവത്തില്‍ അത് നമ്മെ പൊതിയുന്നത്, തീര്‍ത്തും അന്യമായിപ്പോകുന്ന ജീവിത സ്വപ്നങ്ങളുടെയും ഒരിക്കലും സഫലമാകാത്ത പ്രണയമോഹങ്ങളുടെയും, മൗന നൊമ്പരം മുഴുവന്‍ എഴുത്തുകാരന് ആ കര്‍ച്ചീഫിലേക്ക് കേന്ദ്രീകരിക്കുന്നതിനാലാണ്. അഥവാ അത് “കര്‍ത്താവിന്റെ കര്ച്ചീഫായി” തന്നെ മാറുകയും പല തലങ്ങളില്‍ കഥയെ വീണ്ടെടുക്കുകയുമാണ്.
നാട്ടില്‍ നിന്നു വിട്ട് രാജസ്ഥാന് തെര്‍മ്മല്‍ പ്ലാന്റില്‍ ജോലിചെയ്യുന്ന മഹേഷ് ചന്ദ്രന്റെയും മുകുന്ദന്റെയും ആന്ദോളനങ്ങള്‍ – ഗൃഹാതുരത്വത്തിന്റെയും പ്രണയത്തിന്റെയും മദ്യപാനത്തിന്റെയും എല്ലാം-ലളിതമായി ആവിഷ്ക്കരിക്കുന്ന കഥയാണ് ” ഒറ്റപ്പാലത്തെ മഴ”, എങ്കിലും, ആഖ്യാന നൈപുണിയുടെ സുന്ദര രൂപമായാണ് ഈ കഥ നിലനില്‍ക്കുന്നത്. തന്റെ ആന്തരികമായ ആന്തലുകളും ഗൃഹാതുരത്വവും മദ്യലഹരിയും മുകുന്ദനില്‍ ഒന്നായി നിറയുന്നത് നാട്ടിലെ – ഒറ്റപ്പാലത്തെ – മഴയായിട്ടാണ്. മഹേഷ് ചന്ദ്രന്റെ ചുമലിലൂടെ പെയ്തൊഴിയുന്ന ആ വമനേച്ഛയില്‍ – ഭ്രമവര്ഷത്തില് – ഈ കഥ അതിന്റെ ഹൃദയം ഒളിപ്പിച്ചിരിക്കുന്നു. കഥയില്‍ പരന്നുകിടക്കുന്ന, വേദനയുടെ ഒരു നേര്‍ത്ത പാളി തന്നെയാണ് അപ്പോഴും കഥയുടെ ഒരു ആഖ്യാനമികവായി നമ്മളില്‍ സജീവമാകുന്നത്. തന്റെ ചര്ദ്ദിയ്ക്കു നിദാനമായി മുകുന്ദന് സ്വയം കണ്ടെത്തുന്ന “ഡബിള്‍ ബ്രാൻഡ്” എന്നത് പെട്ടെന്ന് സങ്കര സംസ്കാരത്തിന്റെയും സങ്കര ജീവിതത്തിന്റെയും എല്ലാം കയ്പ്പുള്ള ഒരു സൂചനയിലേക്കു കടക്കുന്നതു കാണാം! ചുരുക്കത്തില്‍ ജീവിതത്തന്റെ കോക്ടെയ്ൽ എല്ലാവരിലും ഒരുപോലെയല്ല പ്രവര്‍ത്തിക്കുന്നത് എന്നുകൂടി വെളിപ്പെടുത്താന്‍ ഈ കഥ മുതിരുന്നുണ്ട്.
ഈ സമാഹാരത്തിലെ തന്നെ ശക്തമായ കഥകളിലൊന്നാണ് “തികച്ചും വികസനോമുഖമായ ഒരു സമ്പ്രദായം” എന്ന രചന. കഥയെഴുത്തില്‍ കാലത്തിന്റെ എഴുത്തുകൂടി – കാലത്തിന്റെ വിചാരണകൂടി – ശക്തമായി ഇഴചേരുന്ന ഒരു സന്ദര്‍ഭം ഇവിടെയുണ്ട്. ശിവാനന്ദനിലും നിലീന കുര്യാക്കോസിലും സജീവമാകുന്ന പ്രണയത്തോടടുത്ത സൗഹൃദത്തിന്റെയും ജീവിത ചിന്തകളുടെയും കൂട്ടായ ചര്‍ച്ചകളുടെയും ഊഷ്മളാന്തരീക്ഷത്തില്‍ മുന്നോട്ടു നീങ്ങുന്ന കഥ, എത്രപെട്ടെന്നാണ് പുതിയ ഒരു വഴിയിലേക്ക് നമ്മെ വിസ്മയിപ്പിച്ചു കൊണ്ടും ആഘാതമേല്പ്പിച്ചുകൊണ്ടും തിരിയുന്നത്?! “വ്യാഴവട്ടമായി ശിശിരം ഉറഞ്ഞുകിടക്കുന്ന മലകളില്‍ നീലക്കുറിഞ്ഞി വിരിയിക്കുന്ന അത്ഭുതപ്രതിഭാസം പോലെയാണ് നല്ല സൗഹൃദം” എന്നു ഉറച്ചു വിശ്വസിക്കുന്ന കഥാപാത്രമാണ് ശിവാനന്ദന്. ബർഗ്മാനെയും സാരമാഗുവിനെയും വായിച്ച് ജോലികള്‍ തന്നെ നഷ്ടമാകുന്ന, ഇരുപത്തിയെട്ടുകാരനായ അയാള്‍, തുറസ്സുകളിലേക്കു വലിച്ചെറിയപ്പെട്ട അനാവശ്യ ജൻമമാണ് താനും നിലീനയുമെല്ലാം എന്ന തിരിച്ചറിവിലേക്ക് അവളുടെ കൂടി സഹായത്താല്‍ എത്തിപ്പെടുന്നത് ശ്രദ്ധേയമാണ്. “സമാന്തരമായി ചരിക്കുന്ന രണ്ട് അന്യൂന ദുരിത ജൻമങ്ങള്” എന്ന സ്വയം വിശേഷണത്തില്‍ നിന്ന് ആത്മഹത്യാ തീരുമാനത്തിലേക്ക് സ്വാഭാവികമായും കഥയില്‍ ഏറെ ദൂരം നാം കാണുന്നില്ല. സ്വന്തം ദൃഢ നിശ്ചയം പലകുറി ആവര്‍ത്തിച്ചാണ് നിലീന ശിവാനന്ദനെ മരണക്കയത്തില്‍ എത്തിക്കുന്നത് എന്ന സത്യം വലിയ ഊര്‍ജ്ജത്തോടെയാണ് ഈ കഥ നമ്മളിലെത്തിക്കുന്നത്. തൊഴില്‍ രഹിതരായ ആളുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സെല്ലില്‍ (സെല്‍ ഫോര്‍ ഇറാഡിക്കേഷന്‍ ഓഫ് അണ്‍എംപ്ലോയ്ഡ് യൂത്ത്) ശിവാനന്ദനെ കൂടി ആത്മഹത്യ ചെയ്യിക്കുന്നതില്‍ അനായാസം വിജയിക്കുകയാണല്ലോ നിലീന! തന്റെ ആറുമാസത്തെ പ്രൊബേഷന്‍ കാലാവധിയില്‍ പൂര്‍ത്തിയാക്കേണ്ട ടാര്‍ഗറ്റ് അഭിനന്ദനീയമായ രീതിയില്‍ നാലുമാസം കൊണ്ട് പൂര്‍ത്തിയാക്കുന്ന നിലീനയെ നോക്കി, നിസ്സഹായനായി ആഴങ്ങളിലേക്ക് കൈകാലിട്ടടിച്ച് ആഴുന്ന ഒരു ദാരുണ കാഴ്ച്ച മാത്രമായിത്തീരുകയാണ് പിന്നീട് ശിവാനന്ദന്.. മരണത്തില്‍പ്പോലും താന്‍ വഞ്ചിക്കപ്പെട്ടു എന്നു തിരിച്ചറിയുന്നിടത്ത് ഉറഞ്ഞുകൂടുന്ന കറുത്ത ഹാസ്യം, പക്ഷേ പുകഞ്ഞുകൊണ്ടിരിക്കുന്നത് കഥയില്‍ മാത്രമല്ല നമ്മുടെ കാലത്തിലും കൂടിയാണ് എന്നതാണ് ഈ കഥയുടെ വലിയ സാമൂഹിക പ്രസക്തിയായിത്തീരുന്നത്. ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണ് ദരിദ്രരെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് എന്ന ക്രൂരനീതിയും ഫലിതവും നിറയുമ്പോള്‍, അത് ഏത് കാലത്തും ഏത് ഭരണകൂടത്തെയും ചോദ്യം ചെയ്യാന്‍ ശക്തിയാര്‍ജ്ജിക്കുന്ന ഒരു കഥകൂടി ആകുകയാണല്ലോ! “രോഗം” എന്ന കഥയില്‍, മനോരോഗ ഡോക്ടറുടെ അടുക്കല്‍ എത്തുന്ന നമശ്ശിവായനിലൂടെ ചില സാംസ്ക്കാരിക കാപട്യങ്ങളെയും ബോധ്യങ്ങളെയും നെടുകെ പിളർക്കാൻ ആണ് കഥാകൃത്ത് ശ്രമിക്കുന്നത്. ഭ്രാന്തിന്റെ നാനാവിധമുളള നിര്‍വ്വചനങ്ങളെ ഈ കഥ അതിന്റെ ആന്തരികയുക്തികൊണ്ട് സംബോധന ചെയ്യുകയും യഥാര്‍ത്ഥ ഭ്രാന്ത് ആര്‍ക്കാണ് അഥവാ യഥാര്‍ത്ഥത്തില്‍ ഭ്രാന്ത് ആര്‍ക്കാണ് എന്നീ മര്‍മ്മഭേദിയായ ചോദ്യങ്ങളിലേക്ക് അനുവാചകനെ തള്ളിയിടുകയും ചെയ്യുന്നു.
അമ്പരപ്പിക്കുന്ന ആഖ്യാന തന്ത്രങ്ങളില്ലാതെ, എന്നാല്‍ ഒരേസമയം ജീവിത ഗന്ധിയും വായനാ ഗന്ധിയുമായ എഴുത്ത് എന്നത്, കഥാകൃത്തിന് ആഭിമുഖ്യമുളള ഒരു രചനാ സങ്കേതവും മാര്‍ഗവുമാണ്. “കുന്ദേരയെ വായിക്കുമ്പോള്‍ മാര്‍ക്കേസിന്റെ ഒരു കഥാപാത്രം”, “ലോട്ടസ് ലാന്‍ഡ്”, “ഭയം” തുടങ്ങിയ കഥകള്‍ ആ ഗണത്തില്‍ എടുത്തു പറയേണ്ട രചനകളാണെന്നു തോന്നുന്നു! ഇതില്‍, “കുന്ദേരയെ വായിക്കുമ്പോള്‍ മാര്‍ക്കേസിന്റെ ഒരു കഥാപാത്രം” എന്ന കഥയില്‍, ഗോവിന്ദന് എന്ന അധ്യാപകന്റെ നവവായനാ ലോകത്തേക്ക് (സഹപ്രവര്‍ത്തക രാജലക്ഷ്മിയുടെ പ്രേരണയാല്‍ സൃഷ്ടിക്കപ്പെടുന്ന വിശ്വസാഹിത്യലോകത്തേക്ക്) – പ്രത്യേകിച്ചും കുന്ദേരയുടെ കഥയിലേക്ക് ബാഹ്യജീവിത സത്യങ്ങള്‍ കയറിവരുന്നത്, ശക്തമായാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. കഥയേക്കാള്‍ കഥാത്മകമാകുന്ന ജീവിതഗതികളെ കഥയോടുതന്നെ ചേര്‍ത്തുവായിക്കുന്ന ഈ ആഖ്യാനത്തിന് അതുകൊണ്ടുതന്നെ, വാക്കുകളുടെയും ദൃശ്യങ്ങളുടെയും അനുഭവലോകം ഒരുമിച്ച് നമ്മളില്‍ നിറക്കാന്‍ കഴിയുന്നു. അതുപോലെ “ലോട്ടസ് ലാന്‍ഡ്” എന്ന കഥയില്‍ പാരലല്‍ കോളേജ് അധ്യാപകനായിരുന്ന ഘട്ടം കഴിഞ്ഞ് സര്‍ക്കാര്‍ ഗുമസ്തനായ സുശീലന്, വീണ്ടും തികച്ചും ആകസ്മികമായിട്ടാണ് വിശ്വപ്രസിദ്ധ കവി ടെന്നിസന്റെ “ലോട്ടസ് ഈറ്റെർസ്” എന്ന കൃതിയില്‍ എത്തുന്നത്. നിഷ്ക്രിയത്വത്തിന്റെയും സുഖലോലുപതയുടെയും വിസ്മൃതിയുടെയും സംഘഗാനമായി നിലകൊള്ളുന്ന (ലോട്ടസ് ലാൻഡിലെ, ലോട്ടസ് പഴം തിന്നുമ്പോള്‍ സൈനികര്‍ക്കു സംഭവിക്കുന്നത്) ആ പ്രമുഖ രചനയില്‍ നിന്ന്, അനാഥത്വത്തിനു സമാനമായ അവസ്ഥയില്‍ കടന്നുപോകുന്ന കാര്ത്തുവമ്മായിയുടെ നിസ്സഹായ ജീവിത/മരണാവസ്ഥയിലേക്കുളള ദു:ഖഭരിതമായ ഒരു ദൈന്യ ദൂരമാണ് വാസ്തവത്തിൽ ലോട്ടസ് ലാന്‍ഡ് എന്ന കഥ അളക്കുന്നത് എന്നു പറയാം. പ്രായോഗികത, ഉപയോഗത എന്നിങ്ങനയുളള ഭൗതിക കേവലതകളിലേക്ക് ഊളിയിട്ടുകഴിഞ്ഞ നമ്മുടെ വര്‍ത്തമാനസന്ദര്‍ഭത്തില്‍ ലോകം ആകെത്തന്നെ ഒരു ലോട്ടസ് ലാന്‍ഡായി പരിണമിക്കുന്നതും അങ്ങനെ ഈ കഥ കാണിച്ചുതരുന്നു. അതുപോലെ, കാര്‍ലോസ് ഫുവന്റസിന്റെ ഓറ എന്ന വിഖ്യാത കൃതിയില്‍ പ്രത്യേക സാഹചര്യത്തില്‍ നിമഗ്നനാകുന്ന ഗോവിന്ദന്‍കുട്ടിയുടെ ആഖ്യാനം, കാഴ്ച്ച, അനുഭവം, വായന എന്നിവ ചേര്‍ന്നാണ് ഭയം എന്ന കഥ രൂപപ്പെടുന്നത്. ഫുവന്റസിന്റെ നോവലും ജീവിത യാഥാര്‍ത്ഥ്യവും ഈ കഥയിലും കുഴമറിയുന്നത് നമുക്കു കാണാം. ആറു പതിറ്റാണ്ടു മുമ്പ് അന്തരിച്ച പ്രഭുവിന്റെ ഓര്മക്കുറിപ്പുകള്ക്ക് പുസ്തകരൂപം നല്കാന് എത്തുന്ന ഫെലിപ്പെ മോണ്ടിറോ, ഓറ, വൃദ്ധയായ പ്രഭ്വി എന്നിവര്‍ ചേര്‍ന്ന കഥയ്ക്കകത്തെ “ഫുവന്റസ് കഥ”യില്‍ നിന്ന്, പിന്നീട് ബാബുരാജിന്റെയും സഫിയയുടെയും കഥയിലേക്കു വായനക്കാര്‍ പ്രവേശിക്കുന്നു. ഭയം എന്ന വികാരത്തിന്റെ പ്രത്യക്ഷകേളിയായി ഈ കഥയെ പ്രതിഷ്ഠിക്കാനുളള എഴുത്തുകാരന്റെ ഉദ്യമം ആ അര്‍ത്ഥത്തില്‍ വിജയിക്കുകയാണെന്നു തന്നെ പറയാം. ഒപ്പം ഹിംസയും ഭയവും എങ്ങനെ പരസ്പ്പരപൂരകമാകുന്നുവെന്ന ഒരു ദാര്‍ശനികാന്വേഷണം കൂടി ഈ കഥയില്‍ സജീവമാകുന്നതിനാലാണ് കഥ പുതിയ മാനങ്ങളിലെത്തുന്നത്. അതേസമയം, “ഒറ്റക്കൊരു കന്യക” എന്ന കഥയിലെ കന്യക, ഭയം എന്നത് ആത്മഭയം തന്നെയാണെന്നു കണ്ടെത്തുന്ന കഥാപാത്രമാണ്. അഥവാ എഴുത്തുകാരന്റെ “ഭയാന്വേഷണ”ത്തിന് ഈ കഥയില്‍ ഒരു തുടര്‍ച്ചയുണ്ടെന്നു ചുരുക്കം.
സ്വയമറിയാതെ ഒരു പൂച്ചയുറക്കത്തില്‍ ആയിപ്പോകുന്ന വ്യക്തി സ്വത്വത്തിന്റെ – സത്രീ സ്വത്വത്തിന്റെ – ഒരു ഞെട്ടിയുണരല്‍ എന്ന നിലയിലാണ് പൂച്ച എന്ന കഥ അതിന്റെ അസ്തിത്വം കാംക്ഷിക്കുന്നത്. ഈ കഥയ്ക്കിടെ, പ്രമുഖ അമേരിക്കന്‍ കവി എഡ്വേഡ് ഫീല്‍ഡിന്റെ “കേഴ്സ് ഓഫ് ദി കാറ്റ് വുമണ്‍” പോലുളള ചില കവിതകള്‍ നമ്മുടെ മനസ്സിലേക്കു കയറി വരിക സ്വാഭാവികം മാത്രം. പൂച്ച=സ്ത്രീ എന്ന സമവാക്യത്തില്‍ മുന്നോട്ടുപോകുന്ന കഥയിലെ, പൂച്ച വിരുദ്ധ/സത്രീ വിരുദ്ധ ചര്‍ച്ചകളെല്ലാം, സ്വാഭാവികമായും വിചാരണ ചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണ് കഥാന്ത്യത്തില്‍. “പൂച്ച” എന്ന രചനയെ ഒരു ഭ്രമാത്മക തലത്തില്‍ എത്തിച്ചുകൊണ്ടും, തന്റെ ലക്ഷ്യം കൈവരിക്കുന്ന കഥാകൃത്തിനെ ഇവിടെ കാണാം. അതേസമയം, ജീവിതത്തില്‍, വിജയം പരാജയത്തിന് മുന്നോടിയാണെന്ന ഒരു മറുചിന്തയുടെ അനുഭവ വിസ്താരമായി മാറുന്ന കഥയാണ് “കൊങ്കണ്‍ കന്യാ എക്സ്പ്രസ്”. കഥയിലെ റെയില്‍വേ ട്രാക്ക് എന്നത് ജീവിതത്തിന്റെ തന്നെ ട്രാക്കായി നമുക്കു മുന്നിലൂടെ നീങ്ങുകയാണ് ഒരര്‍ത്ഥത്തില്‍. ജീവന്റെ അസാധാരാണമായ പിടച്ചിലുകളും സംത്രാസങ്ങളും ക്ലോസപ്പ് ദൃശ്യങ്ങളായി തെളിയുന്ന ഒരു ഘട്ടത്തില്‍ തന്നെയാണ് വിജയപരാജയങ്ങളെ കഥ പുതിയ രീതിയില്‍ നിര്‍വ്വചിക്കുന്നതും.
“അത്രമേല്‍ സ്വാഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്” എന്ന അല്പം ദീര്‍ഘമായ കഥാശീര്‍ഷകം സ്വമേധയാ തന്നെ, അത് അത്രമേല്‍ സ്വാഭാവികമാണെന്നുകൂടി പറഞ്ഞുവെയ്ക്കുകയാണല്ലോ..! ദാമ്പത്യപ്രശ്നങ്ങളിലെ ആ സ്വാഭാവികത ഏതളവുവരെ എന്നറിയാന്‍ കൂടിയാണ് തുടര്‍ന്ന് നമ്മള് കഥയിലെ സീതാരാമന് എമ്പ്രാന്തിരിയെയും അയാളിലൂട പത്നി അഭിരാമിയേയും പിന്തുടരുന്നതെന്നു പറയാം. ദാമ്പത്യമെന്നത് സാധ്യതകളുടെകൂടി ഒരു കലയും കളിയും ആണെന്ന് ഈ കഥ ഒട്ടും ബഹളമില്ലാതെയാണ് പറയുന്നത്.
അതുപോലെ, “ഞണുങ്ങിയ ഒരു പാത്രം” എന്ന കഥ അതിന്റെ അമിത പ്രതിപാദനത്തിലും, എന്റെ വായനയില്‍ ഞണുങ്ങാതെ നില്‍ക്കുന്നത്, നാട്ടില്‍ ലിംഗ സമത്വ, സ്വവര്‍ഗ പ്രണയ ചര്‍ച്ചകളെല്ലാം സജീവമാകുന്നതിനും ഏറെ മുമ്പുതന്നെ – ഈ ശതകത്തിന്റെ ആദ്യത്തില്‍ തന്നെ – ഗേ പ്രണയം പ്രമേയമാകുന്ന ഒരു കഥ പ്രദീപ് കുമാര്‍ എഴുതി എന്ന നിലയ്ക്കാണ്. (കഥ പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരികയുടെ അന്നത്തെ പത്രാധിപര്‍ സിദ്ധാര്ഥന് പരുത്തിക്കാടിനെ ന്യായമായും ഓര്‍ക്കുന്നു. കാരണം, സദൃശ പ്രമേയം കടന്നു വരുന്ന “മുംബൈ പോലീസ്” പോലുളള ഒരു മുഖ്യധാരാ – റോഷന് ആന്‍ഡ്രൂസ്-പൃഥ്വിരാജ് -ചിത്രം പോലും ഈ അടുത്തകാലത്താണല്ലോ ഉണ്ടായിട്ടുളളത്). രാഷ്ട്രീയം (വ്യക്തി/സമഷ്ടി) അതിന്റെ സൂക്ഷ്മാര്‍ത്ഥത്തില്‍ ഇവ്വിധം നമ്മള് കാണുന്നത്, ഈ കഥയില്‍ മാത്രമല്ല എന്നു വേണം പറയാന്‍. ഈ സമാഹാരത്തില്‍ ഇല്ലാതെപോയ, “സമകാലികം” എന്ന കഥയില്‍, “ഞാന്‍, എനിക്കും എന്റെ പിണിയാളുകള്‍ക്കും വേണ്ടി, പൊതുജനത്തെ വിഡ്ഢിയാക്കിക്കൊണ്ട്” എന്ന് ജനാധിപത്യത്തിന്റെ വിഖ്യാത നിര്‍വ്വചനത്തിന്, എഴുത്തുകാരന് നല്കിപ്പോയ എതിര് നിര്‍വ്വചനം അത്രയും ശക്തിയോടെ മറ്റെവിടെയും വായിക്കാന്‍ ആയിട്ടില്ലെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. പ്രമേയപരമായി സ്പോടനാത്മക ശേഷിയുളള “സമകാലികം” പോലൊരു രചന സാധ്യമായപ്പോള്‍ തന്നെ, “മടക്കം” പോലൊരു സരള രചനയും കഥാകൃത്തിനു കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്. “മടക്കം” ഒരേ സമയം ആന്തരികവും ബാഹ്യവുമായ ഒരു യാത്രയായിട്ടാണ് നമ്മളില്‍ നിറയുന്നത്. എന്നാല്‍ ആ കഥ അന്തര്‍വഹിക്കുന്ന സ്വച്ഛതയുടെ വ്യാപ്തി നിലകൊള്ളുന്നത്, ഭാരരഹിതമായ അതിന്റ ആഖ്യാന ലാവണ്യത്തിലത്രേ!
ഇപ്രകാരം പറഞ്ഞു വരുമ്പോള്‍, (സമാഹാരത്തിലെ മറ്റുകഥകളുള്പ്പെടെ) എല്ലാ കഥകളും, ആദ്യത്തില്‍ സൂചിപ്പിച്ചതുപോലെ, തന്റെ കാലം പകര്‍ന്നു നല്കിയ ആശങ്കയുടെയും നിസ്സഹായതയുടെയും അമര്‍ഷത്തിന്റെയും രോഷത്തിന്റെയും ആത്മപരിഹാസത്തിന്റെയും വാത്മീകത്തിലിരുന്ന് കഥാകൃത്ത് ആവിഷ്ക്കരിക്കുന്ന ഗാഥകളായി പരിണമിക്കുകയാണ്. പക്ഷേ അപ്പോഴും വായനയില്‍ എവിടെയോ വെച്ച് ആ രചനകള്‍ക്ക് ഒരു ഉണര്‍ത്തുപാട്ടിന്റെ സാംസ്ക്കാരികമായ ഒരു ഊറ്റം – നമ്മുടെ ജാഗ്രതയെ സ്പർശിക്കുന്ന ഒന്ന് – കൈവരുന്നതായി തോന്നും. അത് അര്‍ത്ഥപൂര്‍ണ്ണമായി തുടരട്ടെ എന്നു മാത്രമേ വായനക്കാരനായ ഒരു സുഹൃത്തെന്ന നിലയില്‍ എനിക്കും അഭിലഷിക്കാനുള്ളൂ..! നന്ദി.