വർഷങ്ങൾക്കു മുൻപ് ക്രൗൺ തിയറ്ററിൽ മഞ്ചാടിക്കുരു എന്ന സിനിമയാണ് അഞ്ജലി മേനോൻ എന്ന സംവിധായികയെ പരിചയപ്പെടുത്തിയത്. പിന്നീട് ആറ് കിടിലൻ യുവതാരങ്ങളെ അതീവ വൈദഗ്ദ്യത്തോടെ ഉപയോഗിച്ച് ഒരുക്കിയ ‘ബാംഗ്ലൂർ ഡേയ്സ്’ മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സൂപ്പർ ഹിറ്റ് സംവിധായികയെ അടയാളപ്പെടുത്തി. ബഹുഭൂരിപക്ഷം പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏക സംവിധായിക എന്ന അംഗീകാരവും അഞ്ജലി മേനോൻ സ്വന്തമാക്കി. ”കൂടെ” എന്ന സിനിമയുടെ തുടക്കത്തിൽ അഞ്ജലി മേനോൻ എന്ന പേരെഴുതിക്കാണിക്കുമ്പോൾ തിയേറ്ററിൽ ഉയരുന്ന കയ്യടികൾ സ്വപ്നതുല്യമാണ്.
മഞ്ചാടിക്കുരുവും ബാംഗ്ലൂർ ഡേയ്സും രണ്ടു തരത്തിലുള്ള സിനിമകളാണ്. പുതിയ ചിത്രം ഇതിലേതു ഗണത്തിൽ പെടുമെന്ന് യാതൊരാശങ്കയുമില്ലാതെയാണ് പ്രേക്ഷർ തിയേറ്ററിലേക്ക് ഇടിച്ചു കയറുന്നതും തിയേറ്റർ നിറഞ്ഞു കവിയുന്നതും. സംവിധായികയാണ് ഇവിടെ താരം! (ഇതേ അഭിനേതാക്കളുടെ കഴിഞ്ഞ പടത്തിന് ആളില്ലാത്തത് ഓർക്കുക). സന്തോഷം പകരുന്ന കാഴ്ച്ചകൾ.
മഞ്ചാടിക്കുരുവിനും ബാംഗ്ലൂർ ഡേയ്സിനും ഇടയ്ക്കുള്ള മറ്റൊരു വഴിയാണ് കൂടെയുടേത്. തുടക്കത്തിൽ പതിഞ്ഞ താളത്തിൽ ഏറെക്കു നിശ്ശബ്ദരായ കഥാപാത്രങ്ങളിലൂടെ നീങ്ങുന്ന സിനിമ മഞ്ചാടിക്കുരുവിനെ ഓർമ്മിപ്പിക്കുന്നു. നസ്രിയയുടെ ജെന്നിഫർ എത്തുന്നതോടുകൂടി സിനിമ മാറുന്നു, ‘നീലഗിരി ഡേയ്സ്’ ആകുന്നു. അത് തന്നെയാണ് സിനിമയുടെ പ്രമേയവും. (‘ഞാനും കൂടെ മിണ്ടാതിരുന്നാൽ ഇത് അവാർഡ് പടമായിപ്പോകൂലെ’ എന്ന് നസ്രിയയുടെ കഥാപാത്രം പറയുന്നത് ഈ സിനിമയേക്കുറിച്ചു കൂടിയാണ്.) മൂന്ന് നായകന്മാരും മൂന്ന് നായികമാരും ചേർന്നാണ് ബാംഗ്ലൂർ ഡേയ്സ് ഉത്സവമാക്കിയത്. എന്നാൽ ഇവിടെ നസ്രിയ ഒറ്റയ്ക്ക് സിനിമയെ ഉല്ലാസഭരിതമാക്കുന്നു. മറ്റൊരു നടിയെ സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധത്തിൽ ജെന്നിഫറിനെ അനശ്വരമാക്കുന്നു നസ്രിയ മാജിക്! പൃഥ്വിരാജിന്റെ ജോഷ്വാ കൃത്യമായ അസ്തിത്വമുള്ള കഥാപത്രമാണ്. കുടുംബഭാരം ചുമലിലായതോടെ സ്കൂൾ കാലത്തുതന്നെ സ്വപ്നങ്ങളിൽ ഇരുട്ട് കയറിയ, പതിനഞ്ചാം വയസ്സിൽ ഒറ്റയ്ക്ക് നാടുകടത്തപ്പെട്ട, ലൈംഗിക ചൂഷണത്തിനിരയായ ജോഷ്വായുടെ നര കയറിത്തുടങ്ങിയ പ്രായം പൃഥ്വിരാജ് ഭദ്രമായി കൈകാര്യം ചെയ്തു. പാർവതി വിഷാദനായികയെ ഹൃദയസ്പർശിയാക്കി. അച്ഛനായി രൺജിത്തും അമ്മയായി മാലാ പാർവതിയുമുണ്ട്. കോളേജിലെ കൂട്ടുകാർ ക്രിഷും ആനിയുമായി റോഷനും ദർശനയും ഓർമ്മയിൽ നിൽക്കുന്ന പ്രകടനം നടത്തി. അതുൽ കുൽക്കർണിയുടെ കോച്ചിനും വിനോദ് കോവൂരിന്റെ ചായക്കടക്കാരനും സ്വാഭാവികത തോന്നിയില്ല. പോളി വൽസൻ, നിലമ്പൂർ ആയിഷ, ജോളി ചിറയത്ത് തുടങ്ങിയവർക്കും ചെറിയ വേഷങ്ങളുണ്ട്.
നീലഗിരിയുടെ മനോഹരമായ പശ്ചാത്തലവും അതിനോടിണങ്ങി നിൽക്കുന്ന, അടുത്ത കാലത്തൊന്നും കേൾക്കാത്തവിധം ശാന്തവും ഹൃദ്യവുമായ പശ്ചാത്തല സംഗീതവും നല്ല അനുഭവം സമ്മാനിക്കുന്നു. ‘പറവ’യ്ക്കു ശേഷമുള്ള ”ലിറ്റിൽ സ്വയാമ്പ് ഛായാഗ്രഹണം”. രഘു ദീക്ഷിതാണ് പാട്ടുകളും പശ്ചാത്തല സംഗീതവും. രണ്ടു പാട്ടുകൾ എം ജയചന്ദ്രന്റേതാണ്. റഫീഖ് അഹമ്മദിന്റെ വരികൾ.
നിത്യരോഗിയായ ഒരു കുട്ടിയുടെ വരവോടെ താളം തെറ്റുന്ന ഒരു കുടുംബത്തിന്റെ കഥയാണ് അഞ്ജലി മേനോൻ പറയുന്നത്. താൻ കാരണം ജീവിതവും സ്വപ്നങ്ങളും ഇല്ലാതായ ജോഷ്വായെ പിന്നീട് ജെന്നിഫർ കൈപിടിച്ച് നടത്തുന്നതാണ് സിനിമ. ജെന്നിഫറും ജോഷ്വായും ചേർന്നുള്ള രംഗങ്ങൾ അസാധാരണ മിഴിവോടെ ഒരുക്കിയിരിക്കുന്നു. ചിരിപ്പിച്ചും ഇടയ്ക്കിടെ കണ്ണുകൾ നനയിച്ചും സിനിമ മുന്നോട്ടു പോകുന്നു. നായകന്റെ കണ്ണ് നിറയുന്നതിന് ഒരു നിമിഷമെങ്കിലും മുൻപ് പ്രേക്ഷകന്റെ കണ്ണ് നിറയുന്ന അനുഭവം. പക്ഷേ, സിനിമ അവസാനിപ്പിക്കാൻ ഇത്രത്തോളം പോകേണ്ടതുണ്ടോ എന്നും തോന്നുന്നു. നിർത്തേണ്ടിടത്തു നിർത്തി, ബാക്കി പ്രേക്ഷകർക്ക് വിട്ടുകൊടുക്കുകയായിരുന്നുവെങ്കിൽ കുറേക്കൂടി നന്നാകുമായിരുന്നു. വിസ്മയിപ്പിക്കുന്ന നസ്രിയ മാജിക് സമ്മാനിക്കുന്നു എന്നത് മാത്രം മതി ഈ സിനിമയെ മികച്ച അനുഭവമാക്കാൻ. ചെറിയ പോരായ്മകൾ അതുകൊണ്ടു തന്നെ അവഗണിക്കാവുന്നതേയുള്ളു.
പിൻകുറിപ്പ്: നീലഗിരിയിലായിരുന്നു ജനിച്ചതും കുറേക്കാലം ജീവിച്ചതും. ഇപ്പോഴങ്ങോട്ടു പോയിട്ട് രണ്ടു വർഷത്തോളമായി. അവിടത്തെ കോടമഞ്ഞൊഴുകുന്ന കുന്നിൻ ചെരിവുകൾ, പച്ചപ്പുൽപ്പടവുകൾ, തേയിലത്തോട്ടങ്ങൾ, ജലാശയങ്ങൾ, ആശുപത്രി, സ്കൂൾ, കൂട്ടുകാർ, തമിഴ്…. നൊസ്റ്റാൾജിയ ഉരുൾപൊട്ടിവരുന്നത് ഈ സിനിമ സമ്മാനിച്ച വ്യക്തിപരമായ അനുഭവം. ഡയറക്ടറമ്മാവുക്ക് റൊമ്പ നൻട്രിങ്ക.
– ഉമേഷ് വള്ളിക്കുന്ന്