വയലുമാറി കരകേറിയ തൊടിയിലെ പുതിയ പാർപ്പിടക്കാരെന്ന നിലയിൽ
ഞാൻ
കൂരിയാറ്റ
തുന്നാരൻ
പിന്നൊരു ചേക്കാലി
വീടുപണി ഏതാണ്ടു തീർന്ന തുന്നാരൻ ഇണയുമൊത്ത് സല്ലപിക്കവേ ചെമ്പരത്തിക്കൊമ്പുലഞ്ഞു,
കുടുങ്ങിപ്പോയ നാലഞ്ചു വാകപ്പൂക്കൾ നിലത്തു വീണു
‘ആറ്റക്കുരുവീ, നിൻ്റെ പ്ലാൻ പറ
പണി എപ്പോ തീരും?കുടികൂടലെന്നേക്ക്?’
കുരുവി തേനുണ്ടു കൂർത്ത കൊക്കു കോട്ടി
‘പെണ്ണുകിട്ടണ്ടെയിഷ്ട!’
‘പണിതീർക്ക് , പെണ്ണു വരും’
‘ഞങ്ങക്കങ്ങനല്ല, ബാക്കി പെണ്ണിന്റെ പണിയാടോ… ‘
മൂന്നാലിടത്ത് ബാക്കിവച്ച കൂടോർമ്മയിൽ തൂക്കണാംകുരുവി തെങ്ങോലയിൽ തൂങ്ങിയിരുന്നു. പാതിതീർന്ന കൂടിന്റെ വായ വലിയ ഗർത്തമാർന്ന് തന്നെ വിഴുങ്ങാനാഞ്ഞെന്നതുപോലെ അത് നീങ്ങിയിരുന്നു. തലകീഴായി തൂങ്ങുന്ന കൂടിനു കീഴെ തുറന്നിരിക്കുന്ന കുഞ്ഞുവായിലേക്ക് ചേക്കാലി ചരിഞ്ഞു നോക്കി.
‘മഴയ്ക്കും മുന്നെ തീർന്നാ എല്ലാർക്കും കൊള്ളാം. ഇല്ലാച്ചാ നനഞ്ഞ് തൂങ്ങും’
ഉരുണ്ടൊരു മൺപാത്രം ചരിച്ചുവച്ചതുപോലുള്ള അവളുടെ വീടിന്റെ നിർമ്മിതിയിൽ എനിക്ക് കൊതികേറി.
‘മഴയാച്ചാൽ നീ പെടും’
എന്റെ പണി തീരാത്ത വീടിന്റെ വാതിൽപ്പടിക്കിടയിലുള്ള അവളുടെ അധിനിവേശത്തിൽ ഉള്ളാലെ കുശുമ്പുള്ള ഞാനിളകി.
‘എനിക്കിത് ഏതാനും നാളെക്കുള്ള പേറ്റുകാലത്തേക്ക്. ഇപ്പണിക്ക് ഒരാളും കൂട്ടുവേണ്ട. പുറത്തുവരുന്ന കുഞ്ഞിനിത്തിരി ഭക്ഷണം കരുതണം, കുഞ്ഞുങ്ങൾ വളർന്ന് അവരുടെ വഴിക്കു പോകും, അതിനു മുന്നേ ഞാനും…’
‘ഹൗ… ഒരു പെണ്ണ് കിട്ടീരുന്നേൽ ഞാനും..’ ആറ്റക്കുരുവി നെടുതായി നിശ്വസിച്ചു.
പോവേ…പെണ്ണു കിട്ടിയാ ഇവിടെ ജീവിച്ചൂടെ, എനിക്കൊപ്പം?
‘മുട്ട വിരിയും വരെ അവൾ കൂട്ടിൽ ഉണ്ടാകും. പിന്നെ വേറെ കൂട്,
വേറെ പെണ്ണ്…’
ബാങ്ക് ലോണിൻ്റെ കാശ് വാങ്ങേണ്ട അപേക്ഷയിൽ മഴക്കു മുന്നേ ഒപ്പിടണം
ഞാനെണീറ്റു.
-സിന്ധു കെ വി
കവിത വന്ന കഥ: കുട്ടിക്കാലം നിറയെ പാടത്തും പറമ്പിലുമായിരുന്നു. പല പല ജീവജാലങ്ങൾക്കൊപ്പം. നെല്ലു കുത്താനും പാലു വാങ്ങാനുമായി പോകുന്ന യാത്രകൾക്കിടയിൽ എത്രയോ കിളികളുടെ കൂടുകൾ ചെന്ന് നോക്കും. കുഴിയാനകൾ , പലതരം ചെറു പ്രാണികൾ , ഉറുമ്പുകൾ തേനീച്ചകൾ എന്നിങ്ങനെ സകലരും വീടുകൾ കൊണ്ട് അതിശയിപ്പിച്ചിട്ടുണ്ട്. വലുതായപ്പോ സ്വന്തമായൊരു വീട് പണി ആയപ്പോ പിന്നെയും ചിലരെ കൂടെ കണ്ടു. എനിക്കൊപ്പം പറമ്പിൽ വീടു പണിയുന്നവരെ . ഒരു സഹജീവിതം ഇവർക്കൊപ്പമാവുന്നല്ലോ എന്ന സ്നേഹത്താലെ അവരോട് മിണ്ടി നോക്കി. അപ്പോഴാണ് , വീടെന്നത് , ഒരു കൂടെന്നത് മറ്റു പലതുമാണവർക്ക് . എന്തെല്ലാം ജീവിതങ്ങൾ!
കൂരിയാറ്റ (ആറ്റക്കുരുവി ) നാരുകൾ കൊണ്ട് തലകീഴായി ഓലകളിലും മറ്റുമാണ് കൂട് പണിയുക. ആൺകുരുവിയാണ് തുടക്കമിടുന്നത്. പാതി തീർത്ത കൂടുമായവന് പാട്ടു പാടി പെണ്ണിനെ കൂട്ടിലാക്കേണ്ടതുണ്ട്. അവൾ വന്ന് കൂടു കണ്ട് കല്യാണമുറപ്പിക്കും. കൂടിഷ്ടമായാലേ ഉള്ളു കൂട്ടുജീവിതം. പിന്നീട് രണ്ടു പേരും ചേർന്ന് കൂടുപണി തീർക്കും. മുട്ട വിരിയിക്കും.
തുന്നാരൻ്റെ കൂടുപണി ഇലയിലാണ്. ഇലകൾ കൂട്ടിത്തുന്നി ഉറ രൂപത്തിൽ. പരുത്തിയും ചിലന്തിവലയും വേണം . ഇലയുടെ വക്കുകളിൽ കൊക്കു കൊണ്ടു തുളകുത്തി പരുത്തി കൊണ്ട് ഇളയിൽ കോർത്തു വലിക്കും. സഞ്ചിയുടെ ആകൃതിയിൽ നിർമ്മിച്ചെടുക്കുന്ന ആ കൂടിലാണ് അവ മുട്ടയിടുന്നത്.
ചേക്കാലിക്ക് മുട്ട വിരിയിക്കാൻ മാത്രമുള്ള ഗർഭഗൃഹമാണ് കൂട്. മഴയും വെയിലും ഏൽക്കാത്ത മറയുള്ള ഇടം വേണം. വീട്ടുമച്ചോ മര ഉരുപ്പടിയോ ആവാം .കുഴച്ച മൺതരികളും ഉമിനീരും വെള്ളവും ഉപയോഗിച്ച് അകം പൊള്ളയായതോ ചിലപ്പോൾ അറകളുള്ളതോ ആയ കൂട്. ഇണ ചേർന്നു കഴിഞ്ഞ പെണ്ണിൻ്റെ ഉത്തരവാദിത്വമാണ് ഈ കൂടുപണി. കൂടൊരുക്കി മുട്ടയിടും മുന്നെ പെണ്ണിന് പല ജോലികളുമുണ്ട്. മുട്ട വിരിഞ്ഞ് വരാൻ പോവുന്ന ലാർവക്കുഞ്ഞിന് കഴിക്കാൻ ഭക്ഷണം മുൻകൂറായി ശേഖരിച്ച് വെക്കണം. പിന്നീട് മണ്ണു കൊണ്ട് കൂടിൻ്റെ വാ മൂടി സീൽ ചെയ്ത് അടുത്ത കൂടുണ്ടാക്കാനായി പോകും. മുട്ടയേയോ കുഞ്ഞിനേയോ അന്വേഷിച്ച് ഒരു തിരിച്ചുവരവില്ല.
എനിക്കൊപ്പം ഞങ്ങടെ പറമ്പത്ത് പണി തുടങ്ങിയവരാണ്. ഒരു പ്രജനനകാലത്തേക്കു മാത്രമായി മഴയ്ക്കു മുന്നെ വിറകൊരുക്കും പോലൊരു കരുതൽ. ഞാനോ.. വീടെന്നത് നമുക്കെന്താണ് എന്ന് ഇവരെന്നോട് ചോദിക്കാത്തതെന്ത് ?