ഡൽഹിയിലും തെലങ്കാനയിലും ജയ്പ്പൂരിലുമായി മൂന്ന് പേർക്കു കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇറ്റലിയിൽ നിന്നു തിരിച്ചെത്തിയ ഒരാൾക്കും ദുബയ് സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയ മറ്റൊരാൾക്കും, ഒരു ഇറ്റാലിയൻ വിനോദ സഞ്ചാരിക്കുമാണ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ അറിയിച്ചത്.
ഇന്ത്യയിൽ കേരളത്തിനു വെളിയിൽ ആദ്യമായാണ് കോവിഡ് – 19 സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും മൂന്നുപേരും പൂർണ്ണമായും രോഗവിമുക്തരായി.
യു എ ഇ, ഒമാൻ, ബഹറിൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും കോവിഡ് – 19 സ്ഥിരീകരിച്ചു.
ചൈനയ്ക്ക് പുറമെ ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി, യു എസ്, സിംഗപ്പൂർ, ബ്രിട്ടൻ, ഇന്തോന്വേഷ്യ, ഐസ്ലാൻഡ്, ഈജിപ്ത്, പോർച്ചുഗൽ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.
രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോളമാവുകയും മരണസംഖ്യ വർദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണ്.
ചൈനയിലെ വുഹാൻ സന്ദർശിക്കുകയും ദക്ഷിണകൊറിയയിൽ മടങ്ങിയെത്തി കൊറോണ മുൻകരുതലുകൾ അനുസരിക്കാതെ രാജ്യത്ത് പ്രാർത്ഥന യോഗം നടത്തുകയും, രോഗം ബാധിച്ച സഭാംഗങ്ങളുടെ പേര് മറച്ചുവയ്ക്കുകയും ചെയ്തതു വഴി വൈറസ് പടരാൻ വഴിവച്ച ഷിൻ ചിയോൻജി ക്രൈസ്തവ സഭയുടെ അധ്യക്ഷൻ ലീമാൻഹിക്കെതിരെ കേസ് എടുത്തേക്കും. ദക്ഷണ കൊറിയയിലെ രോഗബാധിതരിൽ അറുപതു ശതമാനവും ഈ സഭാംഗങ്ങളാണ്.
ഇന്ത്യയിൽ അതീവ ജാഗ്രത നിർദ്ദേശമാണുള്ളത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരുടെ വരവും പോക്കും ആരോഗ്യ പരിശോധനയും കർശനമാക്കിയിരിക്കുന്നു.
ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഉംറ വിസക്കാരെയും വിലക്കിയിരുന്നു. കൂടുതൽ രാജ്യങ്ങളിലേക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയേക്കാം.
ഇറാനിലെ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് അവിടെ ഒറ്റ മുറിയിൽ കുടുങ്ങിപ്പോയ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം നോർക്ക തുടങ്ങിക്കഴിഞ്ഞു.
കോവിഡ് – 19 പൂർണ്ണമായും നിയന്ത്രണ വിധേയമായില്ലങ്കിൽ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചേക്കുമെന്ന് ആഗോള ഏജൻസിയായ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് അറിയിച്ചു.
ടോക്കിയോ ഒളിംപിക്സ്, പാരാലിംപിക്സ് എന്നിവയും പ്രതിസന്ധിയിലാണ്.
പ്രളയത്തിനും നിപ്പയ്ക്കുമെതിരെ ഒരുമിച്ച് പോരാടിയതുപോലെ നമുക്ക് കോവിഡ് -19 നെതിരെയും അതീവ ജാഗ്രതയോടെ പോരാടേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുക.