ഓരോ ആഴ്ച്ചയും ജ്വലനത്തിൽ കോളമെഴുതുക എന്നത് മനസ്സിനെ ചിന്തകളുടെ പൂരപ്പറമ്പ് ആക്കാറുണ്ട്. എത്ര ചിന്തിച്ചിട്ടും ഒരു വിഷയവും കിട്ടാതെ, ചില ആഴ്ച്ചകളിൽ എഴുത്ത് നിന്നുപോയിട്ടു പോലും ഉണ്ട്. വിഷയമില്ലായ്‌മ തന്നെ ഒരു വലിയ വിഷയമാവുന്നുവെന്ന് തോന്നാറുമുണ്ട്.

പലപ്പോഴും ചില പ്രധാന വിഷയങ്ങൾ ചിക്കിച്ചികഞ്ഞ്, അതിൽ നിന്ന് ഒരു ഉപവിഷയം എങ്ങനെയെങ്കിലും ഉണ്ടാക്കിയെടുക്കണം. അതിലേക്ക് ചേർക്കാനാവശ്യമായ വിവരങ്ങളുടെ സ്രോതസ്സ് ഗൂഗിളും, നമ്മുടെ സ്വന്തം പുസ്‌തകങ്ങളുമൊക്കെയാണ്. ചില ആഴ്ച്ചകളിൽ വിഷയങ്ങൾ കടന്നു വരുന്നത് ആർത്തലച്ചെത്തുന്ന ഒരു കടൽത്തിര പോലെയാണ്. അത് വിഷയവും അതിനോടു ചേർക്കേണ്ടതുമെല്ലാം ഒരു പ്രവാഹം പോലെ ഒഴുകിയെത്തും. അത്തരം സമയത്ത് എഴുത്ത് വളരെ എളുപ്പമാണ്. പക്ഷേ ചില ആഴ്ച്ചകളിൽ ആശയങ്ങളും, ചിന്തകളും വന്ന് നിറയേണ്ട മനസ്സ് എന്ന നദി വറ്റിവരണ്ടു പോകും. അത്തരം സമയങ്ങളിൽ വിഷയ ദാരിദ്യമാണെന്റെ മുഖ്യ പ്രശ്‌നം.

ചിലപ്പോൾ അൽപ്പം ഗൗരവത്തോടും, മറ്റുചിലപ്പോൾ രസകരമായും എഴുതാൻ സാധിക്കാറുണ്ട്. ഇതിന് കാരണം തെരഞ്ഞെടുത്ത  വിഷയത്തിന്റെ സ്വഭാവമാണ്.രചനാശൈലിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് വിഷയം.

വിഷയങ്ങളുടെ മറ്റൊരുപ്രത്യേകതയാണ് അതിന്റെ ഗണം. അത് സാഹിത്യമാവാം, സിനിമയാകാം, സമകാലിക സംഭവങ്ങളുമാകാം. ഏതൊരു വിഷയത്തേക്കുറിച്ചും എഴുതുമ്പോൾ അവയെക്കുറിച്ച് വ്യക്‌തമായൊരു പഠനം ആവശ്യമാണ്. എഴുത്ത് എപ്പോഴും സത്യസന്ധമായിരിക്കണം. എഴുത്തിലെ വിവരങ്ങൾ എപ്പോഴും യാഥാർത്ഥ്യമായിരിക്കണം. അതിനാവശ്യമായ ഒരേ ഒരു ഘടകം വിവരശേഖരണമാണ്. അതിനു വേണ്ടി നമ്മൾ ക്ലേശിക്കാതെ തരമില്ല.

വിഷയങ്ങൾ കിട്ടിയാലും എഴുതാൻ ആദ്യമാവശ്യം മൂഡാണ്. ഒരു നിശ്ചിത സമയം, നല്ല പോലെ ചിന്തിച്ച് എഴുതാൻ പ്രത്യേകമായ് മാറ്റി വെക്കണം.  ഒരു പരിധി വരെ മൂഡും നമ്മുടെ എഴുത്തിനെ സ്വാധീനിക്കുന്നു. പിന്നീട് താൻ എഴുതിയതിനെക്കുറിച്ച് വിലയിരുത്തുമ്പോൾ അത് എഴുത്തുകാരന്   മനസ്സിലാകും.

Writers Block പോലെയുള്ള പ്രതിസന്ധികളും എഴുത്തിനെ കുഴപ്പത്തിലാക്കാറുണ്ട്.  പെട്ടന്നൊരു നിമിഷത്തിൽ തന്റെ ചിന്താശേഷിയും, എഴുതാനുള്ള കഴിവും ഉത്‌സാഹവും നഷ്‌ടപ്പെടുന്ന ഒരു അവസ്ഥയാണിത്. വലിയ എഴുത്തുകാർക്ക് നേരിടുന്ന ഈ ബ്ലോക്ക് ചെറിയ തോതിലെങ്കിലും എല്ലാവർക്കും ഉണ്ടാകാനിടയുണ്ട്.

വിഷയമില്ലായ്‌മയെക്കുറിച്ചായിരുന്നു ഞാൻ എഴുതിത്തുടങ്ങിയത്. നമ്മുടെ പ്രശസ്‌തരായ ധാരാളം കോളമിസ്റ്റുകൾ വർഷങ്ങളായി കോളങ്ങൾ എഴുതുന്നു. ശശി തരൂർ, ശോഭ ഡേ തുടങ്ങി എത്രയോ പേർ. മലയാളത്തിലും ധാരാളം കോളം റൈറ്റേഴ്‌സ് ഉണ്ട്. പ്രത്യേക വിഷയങ്ങളെക്കുറിച്ച് എഴുതുന്നവർ, പൊതുവായ കാര്യങ്ങളെക്കുറിച്ച് എഴുതുന്നവർ… അങ്ങനെയങ്ങനെ. എൻ.എസ്. മാധവന്റെ തൽസമയം എന്ന കോളം ഞാൻ വായിക്കാറുണ്ട്. നല്ല രസമാണത്. സമകാലികമായ ഒത്തിരി കാര്യങ്ങളെക്കുറിച്ച് അറിവു കിട്ടും.

ഇവരൊക്കെ വലിയ എഴുത്തുകാരാണ്. പക്ഷേ എല്ലാ ആഴ്ച്ചയും എഴുതേണ്ടി വരുമ്പോൾ വിഷയമില്ലായ്‌മ ഉണ്ടാവില്ലേ? ഒന്നാലോചിച്ചാൽ കണ്ണും കാതും തുറന്നു വെച്ച് ചുറ്റും നോക്കിയാൽ നമുക്ക് വിഷയങ്ങൾ കിട്ടാതെ വരില്ല. എല്ലായിടത്തും വിഷയങ്ങളുണ്ട്, നമ്മൾ എങ്ങനെ അതു സ്വീകരിക്കുന്നു, എഴുതുന്നു എന്നതൊക്കെയാണ് പ്രധാനം. അതുമല്ലെങ്കിൽ വിഷയമില്ലായ്‌മയിൽ നിന്നു പോലും വിഷയങ്ങളുണ്ടാക്കാം.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account