നവംബറിലേക്ക് നാം കടക്കുകയാണ്. ഷഷ്ഠിപൂർത്തി കഴിഞ്ഞ ഒരു നാടിൻറെ പിറവിയെ വീണ്ടും ഓർമിപ്പിക്കുന്നു, നവംബർ ഒന്ന്.

അറുപതാണ്ടുകളുടെ നാൾവഴിച്ചരിത്രം മാത്രമല്ല ഇന്നുകാണുന്ന കേരളം എന്ന് നമുക്കറിയാം. എത്രയോ കെെവഴികളായി ഒഴുകിച്ചേർന്ന ഒരു ജീവിതത്തുടർച്ച. ഭാഷയാണ് ഇന്നുകാണുന്ന കേരളത്തിന് അതിരുകളിട്ടത് എന്നുമാത്രം.

മറ്റെല്ലാം പലരീതിയിൽ കെെവിട്ടുപോകുമ്പോഴും മുറുകെപ്പിടിക്കേണ്ടുന്ന ഒന്നായി മാതൃഭാഷ കൂടുതൽ നമ്മോട് ചേർന്നുനിൽക്കുന്നു. വെെവിധ്യങ്ങളുടെ പൂന്തോട്ടത്തിന് ദേശഭാഷകൾ വസന്തമാകുന്നു.

ഓരോകാലത്തും ഭാഷ പുതുതായിത്തീരുന്നുണ്ട്. അതിലേക്ക് ചില വാക്കുകൾ കടന്നുവരുന്നു, ചിലത് കൊഴിയുന്നു, മറ്റുചിലത് പുതിയ അർത്ഥങ്ങളും പ്രയോഗങ്ങളുമാവുന്നു. ‘ചെത്ത്’ അങ്ങനെ പ്രയോഗം മാറിയൊരു വാക്കാണല്ലോ. വിപുലീകരിക്കാവുന്ന ഒരു നല്ല വാക്ക് കൂത്തച്ചി ആയിരുന്നു. അത് ചുരുക്കപ്പെട്ടു.

വിപുലവും മനോഹരവുമായിത്തീർന്ന ഒരു പദം ‘സംസ്‌കാരം’ എന്നതാണ്. അർത്ഥങ്ങളുടെ ആദ്യനിഘണ്ടുവിൽ നിന്ന് ഏറെ പുരോഗമിച്ച ഒന്നായി അത് വളർന്നു. അനാവശ്യമായിത്തീർന്ന ഒന്നിനെ അവശേഷിപ്പിക്കാതെയാക്കുന്നതാണ് ആദ്യത്തെ സംസ്‌കാരം. ശവം ആണ് അങ്ങനെ സംസ്‌കരിച്ചിരുന്ന ഒന്ന്, ശവസംസ്‌കാരം എന്ന വാക്ക്.

ഇപ്പോൾ സംസ്‌കാരത്തിന് ജീവിതം എന്നതാണ് അർത്ഥം. ജീവിക്കുന്നതിന്റെ അടയാളപ്പെടുത്തലാണത്. ജീവിതത്തിനുശേഷവും നിലനിൽക്കുന്നത്. മണ്ണിൽ ഒരു വിത്തുവീണാൽ, അതിൽ മഴകൊണ്ടാൽ മുളയ്ക്കും എന്നതിൽ തുടങ്ങുന്നൊരു ജീവിതരീതിയുടെ വലിയ അർത്ഥമായി സംസ്‌കാരം മാറുന്നു. മലയാളിയുടെ ജീവിത സംസ്‌കാരത്തിൻറെ അടരുകളിലൂടെ വെറുതേ നടന്നാൽ, അതിൽച്ചേർന്നു നിൽക്കുന്ന ചിലതാണ് അദ്വയം.

മണ്ണിനോടും മനസ്സിനോടും ചേർന്ന വിചാരങ്ങളുടെ പങ്കുവെക്കലുകൾ…  (തുടരും) 

-രാജേഷ് മേനോൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account