കസ്‌തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള ESA കൾ അംഗീകരിക്കാനാവില്ല എന്നും വില്ലേജുകൾ അടിസ്ഥാനമാക്കിയുള്ള ESA നിർണയം വേണ്ടെന്നുമുള്ള കേരളത്തിന്റെ നിലപാടുകൾ കേന്ദ്ര ഗവൺമെന്റ് നിരാകരിച്ചിരിക്കുന്നു. മാധവ് ഗാഡ്‌ഗിൽ കമ്മീഷൻ കണ്ടെത്തിയ പരിസ്ഥിതി ലോല മേഖലകളിലെ കയ്യേറ്റങ്ങളെ സാധൂകരിക്കാനും ഹൈറേഞ്ച് രാഷ്‌ട്രീയയത്തിന്റെ നിലനിൽപ്പിനും വേണ്ടിയാണ് കസ്‌തൂരിരംഗനെ നിയമിച്ചത്. അതും അട്ടിമറിക്കാൻ ഉമ്മൻ.വി.ഉമ്മനെ കൊണ്ടുവന്നു. എന്നിട്ടും പോരാഞ്ഞ് ഇപ്പോഴിതാ അത്രയൊന്നും പാരിസ്ഥിതിക ലോല പ്രദേശങ്ങൾ കേരളത്തിലില്ലെന്ന് സർക്കാർ വാദിക്കുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നടപടികളിൽ വെള്ളം ചേർക്കുന്നതും ഹ്രസ്വകാലത്തേക്കുള്ള രാഷ്‌ട്രീയ നേട്ടങ്ങൾക്കു വേണ്ടി പരിസ്ഥിതിയെ കൊലക്കു കൊടുക്കുന്നതും നമ്മെ കൊണ്ടെത്തിക്കുക സർവനാശത്തിന്റെ പടുകുഴിയിലാണ്. കുടിവെള്ളത്തിനുവേണ്ടി നട്ടം തിരിയുന്ന, വർഷാവർഷം തകിടം മറിയുന്ന കാലാവസ്ഥയുള്ള നമുക്ക് ഇത് മനസിലാവാഞ്ഞിട്ടല്ല എന്നതാണ് ഏറെ പ്രതിഷേധാർഹം.

പാരിസ്ഥിതിക വെല്ലുവിളികളോടുള്ള കേരള ഗവൺമെന്റിന്റെ പ്രതിലോമകരമായ നിലപാടുകൾക്ക് ഏറ്റവും അവസാനത്തെ ഉദാഹരണം എന്ന നിലക്ക് ESA വിഷയം ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. കീഴാറ്റൂരിലും മുക്കത്തും വളാഞ്ചേരിയിലും കുറ്റിപ്പുറത്തും പുതുവൈപ്പിലും മൂന്നാറിലും നാം നേരിട്ടു കാണുന്ന ഒട്ടേറെ യഥാർഥ്യങ്ങളിൽ ഒന്നു മാത്രമാണത്. ഒരു കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണകാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നതുകൊണ്ടു മാത്രമാണ് ഇത് ചർച്ച ചെയ്യപ്പെടുന്നത് എന്നും മറക്കുന്നില്ല.

ഭരണകൂടങ്ങൾക്ക് മൂലധന താൽപ്പര്യങ്ങളെ നിഷേധിക്കുക അത്ര എളുപ്പമല്ല. മിക്കപ്പോഴും പ്രത്യയശാസ്‌ത്രങ്ങളോടുള്ള പ്രതിബദ്ധതയേക്കാൾ മൂലധനത്തോട് പ്രതിബദ്ധത പുലർത്തേണ്ടിവന്നെന്നും വരാം. കീഴാറ്റൂരിൽ പാടം നികത്തിയേ റോഡുണ്ടാക്കൂ എന്ന് വാശി പിടിക്കുന്നവർ തന്നെയാണ് മലപ്പുറത്തെത്തുമ്പോൾ പാടം നികത്തുന്നതിനേക്കാൾ നല്ലത് വീടുകൾ കുടിയൊഴിപ്പിക്കുന്നതാണെന്ന് വാദിക്കുന്നത്. അവർ തന്നെയാണ് വർഷങ്ങൾക്കുമുമ്പേ കുടിയേറിയ കർഷകരെ കയ്യേറ്റക്കാരായി കാണരുത് എന്നും അവരുടെ കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിന് ഗാഡ്‌ഗിലിനെ നിരാകരിക്കണമെന്നും ശഠിക്കുന്നത്.  എന്തുകൊണ്ടിങ്ങനെ എന്ന ആശയക്കുഴപ്പത്തിൽ പെട്ടിരിക്കുന്ന ഒട്ടനവധി സാധാരണ മനുഷ്യരുണ്ട് കേരളത്തിൽ. ഇതല്ല ഇടതുപക്ഷ നിലപാടുകൾ എന്ന് രോഷം കൊള്ളുന്ന നിരവധി പേർക്ക് മുതലാളിത്തത്തോട് സമരസപ്പെടുന്ന കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയം മനസിലാവുന്നതേയില്ല താനും.

പാർലമെൻററി വ്യവസ്ഥയിൽ അധികാരത്തിന്റെ ഉപാസകരാകുന്ന ഒരു കക്ഷിക്ക് വേറെ എങ്ങനെയാണ് പ്രവർത്തിക്കാനാവുക? അധികാരം ഒരു വ്യവസ്ഥയാണ്. അത് സമ്പത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അനുസ്യൂതമായ ഒരു പ്രവാഹമാണ്. അതു കൊണ്ടു തന്നെ അധികാരത്തെ നിയന്ത്രിക്കുക എന്നത് പ്രത്യയശാസ്‌ത്രങ്ങൾക്ക് അസാധ്യവും രാഷ്‌ട്രീയ നിലപാടുകളെ ചൊൽപ്പടിക്കു നിർത്തുക അധികാരത്തിനു സാധ്യവുമാണ്. ഈ  നിലപാടിൽനിന്നു വേണം അധികാരം കൈയാളുന്നവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തേണ്ടത്. ചുരുക്കിപ്പറയാം. ഇടതുപക്ഷം എന്നാൽ അത് രാഷ്‌ട്രീയ കമ്യൂണിസ്റ്റ് പാർട്ടിയല്ല. കമ്യൂണിസ്റ്റ് പാർട്ടി എന്നാൽ അത് ഇടതുപക്ഷവുമല്ല. മറ്റൊരർഥത്തിൽ ഭരണകൂടങ്ങൾക്ക് ഒരിക്കലും പൂർണമായി ഇടതുപക്ഷത്താവാൻ സാധ്യമേയല്ല. അതിനാൽ തന്നെ ഇടതുപക്ഷത്തായിരിക്കുക എന്നത് അധികാര കേന്ദ്രങ്ങളോടുള്ള നിരന്തര സമരമായിത്തീരുന്നു.  ഭരണകൂട ഇടതുപക്ഷം ഒരേ സമയം പ്രതിരോധ ഇടതുപക്ഷത്തെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യും എന്നതാണ് ഇതിലെ സങ്കീർണത. പൊരുതുന്നവരെ സ്വന്തം പക്ഷത്ത് നിർത്താൻ അധികാര കേന്ദ്രങ്ങൾക്ക് പലതരം അടവുകളുണ്ട്. അത്തരം പ്രലോഭനങ്ങളെ അതിജീവിക്കുന്ന പ്രതീക്ഷയുടെ തുരുത്തുകൾ ഇപ്പോഴും ബാക്കിയുണ്ട് എന്നതാണ് നമ്മുടെ ഏക ആശ്വാസം.

-മനോജ് വീട്ടിക്കാട്

2 Comments
  1. Vijay 2 years ago

    ഇന്ന് ഇടതുപക്ഷമെവിടെ? പ്രസംഗത്തിലും എഴുത്തിലുമല്ലാതെ?

  2. Rajiv 2 years ago

    അതിജീവിക്കുന്ന പ്രതീക്ഷയുടെ തുരുത്തുകൾ ഇപ്പോഴും ബാക്കിയുണ്ട് എന്നതാണ് നമ്മുടെ ഏക ആശ്വാസം. സംശയമാണ് ….

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account