തന്നെക്കാൾ പതിനാറോളം വസന്തങ്ങൾ കുറച്ചുമാത്രം കണ്ടിട്ടുള്ള സോഫിയയെയാണ് ടോൾസ്റ്റോയ് വിവാഹം കഴിച്ചത്. മറ്റൊരു ഋതുവിൽ വിരിഞ്ഞ പുഷ്‌പത്തെയെന്നപോലെ.

റഷ്യൻ പ്രഭുത്വത്തിൻ്റെ അലിഖിത സദാചാര നിയമങ്ങൾ പുരുഷന് സ്വാതന്ത്ര്യവും സ്‌ത്രീക്ക് അദൃശ്യ വിലക്കുകളും കൽപ്പിച്ചു നൽകിയിരുന്ന കാലത്തായിരുന്നു അത്‌.

കാലത്തിനൊപ്പം നിന്നുകൊണ്ട് ടോൾസ്റ്റോയ് കുടുംബത്തിൻ്റെ ഭരണം, എസ്റ്റേറ്റുകളുടെ നടത്തിപ്പ് എന്നിങ്ങനെ നല്ലൊരു പ്രഭ്വിയുടെ നയപാടവം വേണ്ടിടത്തൊക്കെ ഭാര്യയെന്ന നിലയിൽ വിജയിക്കാൻ സോഫിയയ്ക്കായി. കുടുംബജീവിതത്തിലെ താളപ്പിഴകൾ പുറത്തറിയാതെ മനസിൻ്റേയും വീടിൻ്റേയും ചുവരുകൾക്കുള്ളിൽ ഇട്ടു മൂടാനും അവർ ശീലിച്ചു.

സോഫിയയുടെ ഏതു വാക്കും പ്രവർത്തിയും സംശയിക്കപ്പെട്ടുകൊണ്ടിരുന്നപ്പോഴും അതിനെ എതിർക്കാനല്ല, പകരം തൻ്റെ ഏതു തെറ്റായ സ്വഭാവമാണ് മാറ്റേണ്ടതെന്ന രീതിയിലുള്ള സ്വയം വിശകലനമാണ് അവർ ചെയ്‌തത്.

തനയേവെന്ന സുഹൃത്തിൻ്റെ വയലിൻ വായന സംഗീത പ്രിയയായ സോഫിയ ഏറെ ആസ്വദിച്ചിരുന്നു. സോഫിയയുടെ ഈ ഇഷ്‌ടം ഭർത്താവായ ടോൾസ്റ്റോയിക്ക് അരോചകവുമായിരുന്നു. സംഗീതജ്ഞനുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ച് ടോൾസ്റ്റോയിയിലെ അസൂയാലുവായ ഭർത്താവ് മനസിൽ മെനഞ്ഞ കഥകൾ ക്രൂയ്സ്റ്റർ സൊണാറ്റ എന്ന പേരിൽ ഒരു നോവലായി പുറത്തു വന്നു. ഭാര്യയുടെ സദാചാര മൂല്യ രഹിതമായ ജീവിതത്തിലും അനാശ്യാസ ബന്ധങ്ങളിലും മനംനൊന്ത് ഭാര്യയെ കൊല്ലുന്ന ഭർത്താവിനെയാണ് ആ നോവലിൽ ടോൾസ്റ്റോയ് നായകൻ ആക്കിയത്.

ടോൾസ്റ്റോയിയുടെ എല്ലാ കൃതികളുടേയും പകർത്തിയെഴുത്തുകാരിയായ സോഫിയ പതിവുപോലെ ഈ കൃതിയും പകർത്തിയെഴുതി. അനാശ്യാസ വർണ്ണനയുടെ ഏറ്റം കൊണ്ടാവാം ഈ കൃതി നിരോധിക്കപ്പെട്ടു. തനിക്കു നേരെയാണ് ഈ നോവൽ വിരൽ ചൂണ്ടുന്നത് എന്നൊന്നും കണക്കാക്കാതെ സോഫിയ, ചക്രവർത്തിയെ നേരിട്ടു കണ്ട് നിരോധനം നീക്കിയെടുത്തു.

വായിച്ചവർ വായിച്ചവർ സോഫിയയെ തെറ്റുകാരിയായ നായികയോട് ഉപമിക്കുകയാണ് ഉണ്ടായത്. അവരുടെ ജീവിതത്തിലെ താളപ്പിഴകളും അതിന് ആരോപിക്കപ്പെട്ട കാരണങ്ങളും അങ്ങാടിപ്പാട്ടായതിൽ സോഫിയ ഏറെ വേദനിച്ചു.

ക്രൂയ്സ്റ്റർ സൊണാറ്റ വഴി തന്നെ അപകീർത്തിപ്പെടുത്തിയ ടോൾസ്റ്റോയിക്കു കൃത്യമായ മറുപടി നൽകാൻ തന്നെ സോഫിയ തീരുമാനിച്ചു. അങ്ങനെ എഴുതിയതിന് ഒരു നോവലിന്റെ രൂപഭാവങ്ങളുണ്ടായി. ‘ആരേയാണ് പഴിക്കേണ്ടത്’ (Who’s to Blame) എന്ന് പേരും കൊടുത്തു അതിന്‌. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം വായിച്ച ആ കൈയെഴുത്തുപ്രതി പിന്നീട് വിസ്‌മൃതിയിലാണ്ടു.

വളരെ നിർമലമനസ്‌കയായ അന്നയെന്ന ഭാര്യയെ അകാരണമായി സംശയിക്കുന്ന ഭർത്താവിനെയാണ് ഈ നോവലിൽ കാണാനാകുന്നത്. തൻ്റെ മനസ്സിൻ്റെ വിഹ്വലതകളും അരക്ഷിതത്വവും ഭയങ്ങളും ആണ് പ്രിൻസ് എന്ന അയാളുടെ പ്രവർത്തികളെ നിയന്ത്രിച്ചിരുന്നത്. അന്നയാവട്ടെ, തൻ്റെ ഏത് തെറ്റാണ് പ്രിൻസിന് ഇത്ര വെറുപ്പുളവാക്കുന്നത് എന്നോർത്ത് ഉള്ളുരുക്കി. ക്രൂയ്സ്റ്റർ സൊണാറ്റ പോലെ ദുരന്ത പര്യവസായിയാണ് ഈ കൃതിയും. നൂറു വർഷങ്ങൾക്കിപ്പുറം 1994ൽ ഈ കൃതിയുടെ കൈയെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും പുസ്‌തകമായി പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

തനിക്ക് അപകീർത്തികരമായ നോവൽ എഴുതിയ ഭർത്താവിന് മറുപടിയായി ഭാര്യക്ക് മറ്റൊരു നോവൽ എഴുതേണ്ടി വരിക, അതും ആ ഭർത്താവ് ലോക പ്രശസ്‌തനായ ലിയോ ടോൾസ്റ്റോയി ആണെന്നിരിക്കെ! സാഹിത്യ ചരിത്രത്തിലെ സമാനതകളില്ലാത്ത അപൂർവതയാണ് അത്.

എന്നാൽ സോഫിയ തൻ്റെമേൽ ആരോപിക്കപ്പെട്ട കളങ്കം മായ്ക്കാൻ നൽകിയ തക്ക മറുപടി ലോകത്തിന് മുന്നിലെത്തിയത് നൂറ്റാണ്ട് ഒന്നു കഴിഞ്ഞാണെന്നത് അതിലേറെ ഐറണിയും. ഭർത്താവിൻ്റെ സങ്കൽപ്പ കഥകളാൽ അപകീർത്തിപ്പെടേണ്ടി വരിക, പിന്നീട് അതിന് മറുപടിയുമായി വന്ന് സ്വയം ന്യായീകരിക്കേണ്ടി വരിക, അത് പുറംലോകം അറിയാതെ പോവുക എന്നതൊക്കെ എത്ര ദയനീയമായ അവസ്ഥയാണ്!

വിജയിച്ച ഏതൊരു പുരുഷന് പിന്നിലും ഒരു സ്‌ത്രീയുണ്ടാകും എന്നതിന് ഉത്തമ ഉദാഹരണമാണ് സോഫിയ. പക്ഷേ അവർ എന്നും പിന്നിലായിപ്പോയി. പിന്നിൽ നിന്നുകൊണ്ട് ആ മഹാവ്യക്‌തിത്വത്തിന് താങ്ങാവുക എന്നത് മാത്രമാണ് തൻ്റെ നിയോഗമെന്ന് അവർ ധരിച്ചു പോയി. ടോൾസ്റ്റോയിയുടെ കൃതികളുടെ പകർത്തിയെഴുത്തുകാരി എന്നതിലുപരി എഡിറ്റർ കൂടി ആയിരുന്നു അവർ. ഒരു വ്യക്‌തി എന്ന നിലയിൽ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഒരുപക്ഷേ റഷ്യൻ സാഹിത്യ ചരിത്രത്തിൽ സോഫിയയുടെ പേരും എഴുതി ചേർക്കപ്പെട്ടേനെ.

വേണ്ടതുപോലെ പരിഗണിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും അവഗണിക്കപ്പെടുകയായിരുന്നു സോഫിയ ജീവിതാവസാനം വരെ. അറുപത്താറുകാരിയായ സോഫിയയെ ഉപേക്ഷിച്ച് ഇറങ്ങിപ്പോയിട്ട് ദിവസങ്ങൾക്കകമാണ് എൺപത്തിരണ്ടുകാരനായ ടോൾസ്റ്റോയ് മരിക്കുന്നത്. പിന്നീടങ്ങോട്ട് ദുരിത ജീവിതമായിരുന്നുവത്രേ സോഫിയക്ക്. ഒടുവിൽ പട്ടിണി കൊണ്ട് തളർന്ന ശരീരത്തിൽ നിന്ന് പ്രാണൻ വെടിയാൻ, ഒരു ഉണക്ക റൊട്ടി കുടലിലുണ്ടാക്കിയ മുറിവ് നിമിത്തമായി.

സമ്പന്നയായ പ്രഭുകുമാരിയായി ജനിച്ച് വളർന്ന്, വിവാഹിതയായതോടെ മറ്റൊരിടത്തെ പ്രഭ്വിയായിരുന്ന ഒരുവളുടെ ദാരുണമായ ജീവിതാന്ത്യം.

അതിപ്രശസ്‌തനായ ഭർത്താവ്, അദ്ദേഹത്തിൽ പതിമൂന്ന് മക്കൾ, അളവറ്റ ഭൂസ്വത്ത്; സന്തോഷം നിറഞ്ഞ ഒരു ദാമ്പത്യമൊഴികെ മറ്റെല്ലാം ഉണ്ടായിരുന്നു സോഫിയക്ക്. ഏറെയൊക്കെ ഉണ്ടെന്നു പറയുമ്പോഴും തന്നെ വിശ്വസിക്കാത്ത, സ്‌നേഹിക്കാത്ത, ഒരു ജീവിത പങ്കാളിയാണ് ഒപ്പമുള്ളതെങ്കിൽ ജീവിതത്തിൽ സമാധാനവും സന്തോഷവും എങ്ങനെയുണ്ടാവാൻ?

ഒരു നൂറ്റാണ്ടിൻ്റെയും ദേശ ഭാഷകളുടെയും അന്തരമുണ്ടെങ്കിലും ഈ ജീവിതകഥ അറിയുമ്പോൾ നമുക്കത് അസംഭാവ്യമായി തോന്നാത്തത് എന്തുകൊണ്ടാണ്? ഇന്നും ഇതൊക്കെ നടക്കുന്നു എന്നതുകൊണ്ടല്ലേ?

നിഴലായി മാത്രം നിൽക്കാൻ വിധിക്കപ്പെട്ട സ്‌ത്രീകൾ ഇന്നുമുണ്ട്. സ്വന്തം വ്യക്‌തിത്വവും ആഗ്രഹങ്ങളും മറ്റുള്ളവരുടെ ഇംഗിതാനുസരണം കുഴിച്ചുമൂടിയവർ. അവരിൽ ചിലർ, ഇതല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞ് ചിറകു വിടർത്താൻ ശ്രമിക്കാറുമുണ്ട്. ചിലരതിൽ വിജയിക്കും. ചിലർക്ക് ആ ശ്രമം ഏറെ നോവായിരിക്കും നൽകുന്നത്. വീണ്ടും ചിറകരിയപ്പെടുന്നതിൻ്റെ നോവ്. സോഫിയയെപ്പോലെ പങ്കാളിയുടെ നിഴലായിരിക്കുമ്പോൾത്തന്നെ മനസുകൊണ്ട് ഏറെ അകലെയായി ജീവിക്കേണ്ടി വരുന്നവരും  ഉണ്ട്. ഇത്തരം ജീവിതങ്ങൾ ഇപ്പോഴുമുള്ളതുകൊണ്ടാണ് നൂറ്റാണ്ടിനിപ്പുറവും സോഫിയയുടെ കൃതി സ്വീകരിക്കപ്പെട്ടത്.

ഉപാധികളില്ലാത്ത സ്‌നേഹം എന്ന സുന്ദരമായ പ്രയോഗത്തിൻ്റെ ആശയം മനസിലാക്കി ബന്ധങ്ങൾ ബന്ധനങ്ങളാകാതെ ജീവിക്കാനാവുന്നതിലും സുന്ദരമായ അനുഭവം മറ്റൊന്നില്ല. അപ്പോഴാണ് ജീവിതം പതിനാറല്ല പതിനായിരം വസന്തങ്ങൾ അകലെയാണെങ്കിലും പൂവും പരാഗവും പോലെയാകുന്നത്‌.

(Who is to Blame എന്ന കൃതി മലയാളത്തിലേക്ക് ‘അന്ന’എന്ന പേരിൽ വേണു വി. ദേശം ഭാഷാന്തരം ചെയ്‌തിട്ടുണ്ട്).

– Vinitha Vellimana

2 Comments
  1. SURESH BABU K N 9 months ago

    well written

  2. Joseph 2 months ago

    വളരെ മനോഹരം …
    സോഫയയുടെ കൂടെ അല്പനേരം യാത്ര ചെയ്തു. വളരെ നല്ല ഭാഷ’. ടോൾസ്റ്റോയിയുടേയും സോഫീയ യുടേയും ജീവിതത്തിലെ ദുരന്തങ്ങളുടെ അടിസ്ഥാനകാരണം അവരുടെ എഴുത്തീടടെ കണ്ടെത്താൻ കഴിഞ്ഞാൽ അത് വലീയ ഒരു റിസേർച്ച് ആയിരിക്കും. അത് വിനീതയുടെ ഒരു പുസ്തകമായി വരട്ടെ.
    അത് അനേകം കുടുംബങ്ങൾക്ക് സ്വയം തിരുത്തലിന് സഹായകമാകട്ടെ.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account