പലപ്പോഴും ആളുകൾ പ്രേതാത്‌മാക്കളെ കാണുന്നത് അവ്യക്‌തമായ സാഹചര്യങ്ങളിലാണ്. പ്രത്യേകിച്ചും രണ്ടു വിധത്തിൽ വ്യാഖ്യാനിക്കുവാൻ പഴുതുള്ള സാഹചര്യങ്ങളിൽ. വെളിച്ചത്തിന്റെ അഭാവത്തിൽ, നിദ്രയിൽ, ഉറക്കത്തിൽനിന്നും ഉണരുന്ന വേളയിൽ എല്ലാമാണ് ഇവയുടെ സാന്നിധ്യം ഉണ്ടാകുന്നത്. ഈ സമയങ്ങളിലെല്ലാം നമ്മുടെ ഇന്ദ്രിയങ്ങൾ എല്ലാം പ്രവർത്തന നിരതമായിരിക്കുകയില്ല.

ഉറക്കത്തിൽ ഏതാണ്ട് ജഡീകരിച്ച അവസ്ഥയിൽ (sleep paralysis) ആയിരിക്കുമല്ലോ നമ്മൾ. രണ്ടു പ്രത്യേകതരം മതിഭ്രമങ്ങൾ അല്ലെങ്കിൽ മായക്കാഴ്‌ചകൾ ഉറക്കത്തിൽ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഹിപ്‌നോപോംപിക് മായക്കാഴ്‌ചകൾ ഉണ്ടാകുന്നത് ഉറക്കം ഉണരുന്ന സമയത്തും, ഹിപ്‌നോഗോഗിക് മായക്കാഴ്‌ചകൾ നിദ്രയിലേക്ക് പ്രവേശിക്കുന്ന സമയത്തുമാണ് അനുഭവഭേദ്യമാകുന്നത്. കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം ഇത്തരം മായക്കാഴ്‌ചകൾക്ക് പ്രേരകമാകാമെന്ന് കണ്ടെത്തിയിട്ടുണ്ട്. രാവിലെയുണരുന്നയാൾക്ക് ഇത് സ്വപ്‌നത്തിലുണ്ടായതായി തോന്നാറില്ല. മറിച്ച്‌ രാത്രിയിൽ അനുഭവിച്ചതായി മാത്രമേ തോന്നുകയുള്ളൂ. അത് ഒരു അനുഭവമായിത്തന്നെ അവർ പ്രചരിപ്പിക്കുകയും ചെയ്യും.

ഭൂതാവാസമുള്ള വീടുകളിലും മറ്റും അവയുടെ സാന്നിധ്യം ഉള്ളതായി പലരും ലേഖനങ്ങൾ പോലും എഴുതിയിട്ടുണ്ട്. എന്തിനേയും തേടുന്ന മനസ്സ് അതിനനുസരണമായ തോന്നൽ ഉളവാക്കും എന്നത് സത്യമാണ്. പ്രേതബാധയുണ്ട് എന്ന് ഉറച്ചു വിശ്വസിച്ച്‌ ഒരിടത്തു പോയാൽ, ഒരു ചെറിയ കാറ്റ് പോലും ഭയപ്പെടുത്തിയേക്കാം. ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നവർ അതിജാഗ്രതരായിരിക്കും എന്ന കാര്യത്തിൽ സംശയത്തിനിടയില്ല. ഇത്തരത്തിലുള്ള ജാഗ്രത ഒരു ഭയത്തിന്റെ പിൻബലത്തോടെയാണെന്നതും മറ്റൊരു വസ്‌തുതയാണ്. ഇത്തരം സാഹചര്യത്തിൽ നമ്മുടെ തന്നെയോ, മറ്റുള്ളവരുടെയോ കാലടി ശബ്‌ദങ്ങളോ, മറ്റു ശബ്‌ദങ്ങളോ ഇവർ അധികമായി കേൾക്കുവാൻ തുടങ്ങും. സാധാരണ സാഹചര്യങ്ങളിൽ ഇത്തരം ശബ്‌ദങ്ങൾ ഉണ്ടാകുമെങ്കിലും ഇത്തരത്തിൽ പ്രാധാന്യം കൊടുക്കാറില്ലല്ലോ. പലപ്പോഴും ഇത്തരം ശബ്‌ദങ്ങൾ ശ്രദ്ധിച്ചിട്ടുതന്നെ ഉണ്ടാകില്ല. ഇങ്ങനെയുള്ള ശബ്‌ദങ്ങൾ, കാറ്റിന്റെ സ്‌പർശനം, താപനിലയിലെ വ്യത്യാസം തുടങ്ങിയവയെല്ലാം ഇത്തരക്കാരിൽ ചില പ്രത്യേക അനുഭവങ്ങളായി മാറുവാൻ ഇടയുണ്ട്. ഭയം നമ്മുടെ അന്തർഗ്രന്ഥിസ്രവങ്ങളിൽ വളരെയധികം വ്യത്യാസങ്ങളുണ്ടാക്കുകയും നമ്മുടെ ചിന്താമണ്ഡലത്തെത്തന്നെ മാറ്റിമറിക്കുകയും ചെയ്യും എന്നത് ഒരു ശാസ്‌ത്ര സത്യമാണ്.

ഇലക്‌ട്രോമാഗ്നെറ്റിക് ഫീൽഡിലുണ്ടാകുന്ന ചില മാറ്റങ്ങൾ ചിലരിലെങ്കിലും തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച്‌ ടെംപൊറൽ ലോബിലെ വൈദ്യുത തരംഗങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ടാക്കാൻ കാരണമാകാറുണ്ട്. ഇത്തരക്കാരിൽ ചെറുതായ മതിഭ്രമങ്ങളോ മായക്കാഴ്‌ചകളോ ഉണ്ടാകാം. ഇത് പതിനഞ്ച് മിനിറ്റ് മുതൽ മുപ്പത് മിനിറ്റ് വരെ നീണ്ടു നിൽക്കാവുന്നതാണ്. മറ്റൊരാളുടെ സാന്നിധ്യമോ ശബ്‌ദമോ അനുഭവഭേദ്യമായാൽ അത്‌ഭുതപ്പെടാനില്ല.

താഴ്ന്ന ഫ്രീക്ക്വൻസിയിലുള്ള  ശബ്‌ദങ്ങൾ (Infra sounds) മനുഷ്യന് സാധാരണ ഗതിയിൽ കേൾക്കുവാനാകില്ല. എന്നാൽ ചില മൃഗങ്ങൾക്ക്  പ്രത്യേകിച്ചും ആന, ജിറാഫ്, ഹിപ്പോപൊട്ടാമസ്, തിംമിംഗലം എന്നിവയ്ക്ക് കേൾക്കാനും അതുപയോഗിച്ച്‌ ആശയവിനിമയം നടത്തുവാനും കഴിയും. പല പ്രകൃതി ദുരന്തങ്ങൾക്കും മുൻപായി ഇത്തരം ശബ്‌ദവീചികൾ പല മൃഗങ്ങൾക്കും കേൾക്കുവാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. 2004 ൽ ഉണ്ടായ സുനാമിക്ക് വളരെ മുൻപുതന്നെ മൃഗങ്ങൾ അത് മനസ്സിലാക്കിയതായി പറയുന്നുണ്ട്. എന്നാൽ ഇത് ഇത്തരം ശബ്‌ദങ്ങൾ കൊണ്ടാണോ, ഇലക്‌ട്രോമാഗ്നെറ്റിക് തരംഗങ്ങൾ കൊണ്ടാണോയെന്ന് ഇനിയും കൃത്യമായി പറയാനായിട്ടില്ലെന്നു മാത്രം.

ഇത്തരം താഴ്ന്ന ആവൃത്തി ശബ്‌ദങ്ങൾ സാധാരണഗതിയിൽ കേൾക്കുവാൻ ആകുകയില്ലെങ്കിലും, ഇത്തരം ശബ്‌ദങ്ങൾ ചുരുക്കം ചിലരിൽ  പരിഭ്രാന്തിയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

നമ്മുടെ അജ്ഞതയും ഭയവും ഭാവനയും തന്നെയാകണം മിക്ക പ്രേതകഥകളുടെയും പിന്നിൽ. ഇത്തരം കഥകളും മരണാനന്തര ജീവിതവുമെല്ലാം ഇന്നും നമുക്ക് കൗതുകം തന്നെയാണ്.
(തുടരും)

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

8 Comments
 1. Sunil 3 years ago

  Educative, informative and interesting topic… well written

 2. Dr.vaishnavi.TK 3 years ago

  Good attempt sir…well written..

 3. Vishwanath 3 years ago

  A realistic note supported by scientific findings… Good

 4. Haridasan 3 years ago

  കൗതുകപരമായ അറിവുകൾ !

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account