ശാസ്‌ത്രം വളരെയധികം വളർന്നുകഴിഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും തലച്ചോറിനേക്കുറിച്ചുള്ള പഠനങ്ങൾ എക്കാലത്തേക്കാളും മികച്ചതായ സാഹചര്യത്തിൽ നമ്മൾ ആത്‌മാവിനെക്കുറിച്ച്‌ കൂടുതൽ അറിയേണ്ടിയിരിക്കുന്നു.

രോഗങ്ങളാലും അപകടങ്ങളാലും തകരാറിലാകുന്ന, തലച്ചോറിന്റെ പ്രവർത്തനം നിലക്കുന്ന രോഗികളുടെ ആത്‌മാക്കൾക്ക് എന്ത് സംഭവിക്കുന്നു? അവ താൽക്കാലികമായി ഇല്ലാതാകുമോ? പൂർണ്ണമായും അബോധാവസ്ഥയിൽ കഴിയുന്ന അവർ ആത്‌മാവിന്റെ സാന്നിധ്യം പ്രകടിപ്പിക്കാത്തതെന്തുകൊണ്ട്? വീണ്ടും രോഗാവസ്ഥയെ തരണം ചെയ്യുന്നവരിൽ ആത്‌മാവ് പ്രവേശിക്കുന്നതെങ്ങനെ?

ഇത്തരം അവസരങ്ങളിലാണ് നമുക്ക് ആത്‌മാവിനെക്കുറിച്ചുള്ള ചിന്തകളിൽ മാറ്റം വരുത്തേണ്ടി വരുന്നത്. മരണശേഷം എന്ത് എന്നു നമുക്കറിയില്ലാത്തതിനാൽ ആത്‌മാവിന്റെ മരണാനന്തര പ്രവർത്തനങ്ങൾ നമുക്ക് ഊഹിക്കുവാൻ മാത്രമേ കഴിയൂ.

എന്നാൽ അബോധാവസ്ഥയിൽ നിന്ന് ബോധാവസ്ഥയിലെത്തുന്നവരുടെ മാറ്റം നമുക്ക് നേരിട്ട് ദൃശ്യമാണ്. അവരുടെ ആത്‌മാവിനുണ്ടാകുന്ന നഷ്‌ടവും അതിന്റെ തിരിച്ചു വരവും. തലച്ചോറിന്റെ അനേകം പ്രവർത്തികളുടെ ഫലമായി ഉണ്ടാകുന്ന ഒരു അവസ്ഥാവിശേഷം മാത്രമാണിത് എന്ന് തലച്ചോറിനെക്കുറിച്ച് പഠിക്കുന്നവർ പറയുന്നു. അബോധാവസ്ഥയിൽ ഈ പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ല എന്നുമാത്രം.

ഏതാണ്ട് 1,00,000 കോടി (100 ബില്യൺ) നാഡീകോശങ്ങൾ കൊണ്ടാണ് തലച്ചോറ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. ഓരോ നാഡീകോശങ്ങളേയും ബന്ധിപ്പിക്കുന്നത് ചില രാസവസ്‌തുക്കൾ മൂലമാണ്. ഇവയെ നമ്മൾ ന്യുറോട്രാൻസ്‌മിറ്റർ എന്ന് വിളിക്കുന്നു. നമ്മുടെ ഭാവവും വികാരവുമെല്ലാം ഇവയുടെ പ്രവർത്തനത്തിനെ ആശ്രയിച്ചിരിക്കുന്നു. ഈ രാസവസ്‌തുക്കളുടെ ഏകീകൃതമായ പ്രവർത്തനമാണ് ആത്‌മാവ് എന്നും അത് നഷ്‌ടപ്പെടുമ്പോൾ ആത്‌മാവ് നഷ്‌ടപ്പെടുന്നതായി നമുക്ക് തോന്നുന്നതാണെന്നും ജീവശാസ്‌ത്രജ്ഞർ വിശദീകരിക്കുന്നു.

ആത്‌മാവിന്റെ ഭാരം

ആത്‌മാവിന് ഭാരമുണ്ടോ? ഉണ്ടെങ്കിൽ എത്രയാണ്? കൗതുകകരമായ ഒരു ചോദ്യമാണിത്. ഇതിനുത്തരം കണ്ടെത്താൻ ശ്രമിച്ച ഒരു മഹാത്‌മാവാണ് ഡങ്കൻ മാക് ഡൗഗൾ (Duncan Mac Dougal), അമേരിക്കയിലെ ഹാവർഹില്ലിൽ 1866 ൽ ജനിച്ചു 1920 വരെ ജീവിച്ചിരുന്ന ഒരു ഭിഷഗ്വരനായിരുന്നു ഇദ്ദേഹം.

ആത്‌മാക്കളെക്കുറിച്ച് അറിയാൻ വളരെയേറെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹമാണ് ആത്‌മാവിന്റെ ഭാരം അളക്കുന്ന ആദ്യത്തെ വ്യക്‌തിയും. 1901 ൽ ഒരു വൃദ്ധാശ്രമത്തിൽ മരിച്ച ആറു രോഗികളെയാണ് മരണസമയത്ത്‌, കൃത്യമായി പറഞ്ഞാൽ മരിക്കുന്നതിന് മുൻപും പിൻപും ഉള്ള ഭാരവ്യത്യാസം അളന്നത്. വാർധക്യ സഹജമായ അസുഖങ്ങളാലും ക്ഷയരോഗത്താലും മരിച്ചവരായിരുന്നു ഇവർ. ഒരു വ്യവസായിക തുലാസിൽ കട്ടിലടക്കം തൂക്കി നോക്കിയാണ് ഭാരവ്യത്യാസം കണ്ടു പിടിച്ചത്. മരണശേഷം ഇരുപത്തി ഒന്ന് ഗ്രാം തൂക്കം ഓരോ ശരീരത്തിലും കുറവുള്ളതായി അദ്ദേഹം കണ്ടെത്തുകയുണ്ടായി. ഈ ഭാരം ആത്മാവിന്റെ ഭാരമായി അദ്ദേഹം നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ അടുത്ത പരീക്ഷണം പതിനഞ്ചു നായകളിലായിരുന്നു. എന്നാൽ കൗതുകകരമായ വസ്‌തുത, മരണത്തിനു മുൻപോ പിൻപോ നായകളിൽ ഭാരമാറ്റമുണ്ടായില്ല എന്നതുതന്നെ.

പിൽക്കാലത്ത് പലരും ഈ പരീക്ഷണത്തിന് ശാസ്‌ത്രീയ അടിത്തറയില്ല, അസംഭാവ്യം എന്നെല്ലാം എഴുതിത്തള്ളുകയായിരുന്നു.
(തുടരും)

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account