ഒരു ജീവിയുടെ ജൈവപരമായ എല്ലാ പ്രക്രിയകളുടേയും നിലയ്ക്കലാണ് മരണം അഥവാ മൃത്യു. ഹൃദയമിടിപ്പ് നിൽക്കുക, ശ്വാസോച്ഛ്വാസം ഇല്ലാതാകുക, തുടങ്ങിയവയാണ് നാം ഇതിൽ കാണുന്ന ലക്ഷണങ്ങൾ. വൈദ്യശാസ്‌ത്രപരമായി ഇനിയും ലക്ഷണങ്ങളുണ്ട്.

എല്ലാ ജീവികൾക്കും അനിവാര്യമായ ഒരന്ത്യമാണ് മരണം. അത് സംഭവിച്ചു തന്നെയാകണം. ഓരോ ജീവിയുടേയും ജീവിതകാലയളവ് വ്യത്യസ്ഥമായിരിക്കും. മനുഷ്യൻ ഏതാണ്ട് എൺപതു മുതൽ നൂറു വയസ്സ് വരെ ജീവിച്ചിരിക്കുമ്പോൾ ഒരു നായ പന്ത്രണ്ടു മുതൽ പതിനഞ്ചു വർഷം വരെ മാത്രമേ ജീവിക്കുകയുള്ളൂ. ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നത് ബോഹെഡ് വെയിൽസ് (Bow-head Whale) എന്നറിയപ്പെടുന്ന ഒരിനം തിമ്മിംഗലങ്ങളാണ്. ഇരുന്നൂറു വർഷമാണ് ഇവയുടെ ആയുസ്സ്.

മനുഷ്യരിൽ ഏറ്റവും കൂടുതൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നത് ജെനി കാൽമെൻറ് (Jeanne Calment) എന്ന ഫ്രഞ്ച്  വനിതയാണ്. അവർ 122 വയസ്സുവരെ ജീവിച്ചു എന്നാണ് കണക്കാക്കുന്നത്. ഒരു മനുഷ്യന് 100 വയസ്സുവരെ ജീവിക്കാമെന്നിരിക്കിലും, ശരാശരി വയസ്സ് 68 മാത്രമാണ്. ഇതുതന്നെ ഓരോ രാജ്യങ്ങളിലും വർഗ്ഗങ്ങളിലും വ്യത്യാസമായിരിക്കും. ശരാശരിയിൽ മുൻപന്തിയിൽ നിൽക്കുന്നത് ജപ്പാൻകാർ തന്നെയാണ്. ഏതാണ്ട് 82 വയസ്സ്. ഇന്ത്യയിലെ സ്ഥിതി വളരെ മോശം തന്നെയാണ്. 65 വയസ്സാണ് നമ്മുടെ ശരാശരി ജീവിത ദൈർഘ്യം. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് വെറും 42 വയസ്സ് മാത്രമാണ്. ഏറ്റവും കുറഞ്ഞ ജീവിത ദൈർഘ്യം ഉള്ളത് സ്വായിലാൻഡ് (Swailand) എന്ന ആഫ്രിക്കൻ രാജ്യത്താണ്. 39.6 ആണ് അവിടെ.

മൃത്യുവിന് പലവിധ കാരണങ്ങളുണ്ട്. പ്രായാധിക്യം, രോഗങ്ങൾ, കൊലപാതകങ്ങൾ, ആത്‌മഹത്യ, അപകടങ്ങൾ, പോഷകാഹാരക്കുറവ്, പട്ടിണി, നിർജ്ജലീകരണം തുടങ്ങിയവയാണ് ഇവയിൽ മുഖ്യം. ചിലതു സ്വാഭാവിക മരണങ്ങളാണെങ്കിൽ മറ്റുള്ളവ അസ്വാഭാവിക മരണങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അപമൃത്യു എന്നറിയപ്പെടുന്ന കൊലപാതകങ്ങളും ആത്‌മഹത്യകളുമാണ് കൂടുതലായും ദുരാത്‌മക്കളാകുന്നത് എന്നാണ് ഭൂരിപക്ഷവും കരുതുന്നത്.

സ്വാഭാവിക മരണങ്ങളെ നമ്മൾ എന്നേ ഉൾക്കൊണ്ടു കഴിഞ്ഞു. അതിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല എന്ന അറിവായിരിക്കണം ഇക്കൂട്ടരെ ദുരാത്‌മക്കളുടെ പട്ടികയിൽ നിന്നും ഒഴിവാക്കുവാൻ കാരണം.

മരണാനന്തരം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്താണെന്ന് നോക്കാം.

ശരീരം തണുക്കുക എന്നതാണ് ആദ്യ മാറ്റം. ഇതിനെ വൈദ്യശാസ്‌ത്രത്തിൽ Algor Mortis എന്ന് വിളിക്കുന്നു. ശരീരത്തിലുണ്ടായിരുന്ന രക്‌തം, ഭൂഗുരുത്വത്തിനു വിധേയമായി, തറയിൽ അമർന്നിരിക്കുന്ന ഭാഗങ്ങളിൽ അടിയുന്ന പ്രതിഭാസമാണ് അടുത്തത്. ഇതിനെ Livor Mortis എന്ന് പറയുന്നു.

ശരീരത്തിന്റെ പേശികൾ ഘനീകരിക്കപ്പെടുകയും കൈകാലുകളും നാഡികളും വഴങ്ങാത്തവിധം ദൃഢമാകുകയും ചെയ്യുന്നു. ഈ പ്രവർത്തനമാണ് Rigor Mortis എന്നറിയപ്പെടുന്നത്. ഇത് കൺപോളകളിൽ തുടങ്ങി താടിയെല്ലുകളിലൂടെ, കഴുത്തിലൂടെ, ശരീരം മുഴുവനുമായി ദൃഢമാകുന്നു. ഇത് ഏകദേശം എട്ടു മണിക്കൂർ മുതൽ മുപ്പത്തി ആറു മണിക്കൂർ വരെ നീണ്ടു നിൽക്കും.

അതിനു ശേഷം ശരീര കോശങ്ങളുടെ സ്വയം നശീകരണം (Autolysis) വഴി പേശികളുടെ ദൃഢത നഷ്‌ടപ്പെടുകയും ശരീരം മൃദുലമായിത്തീരുകയും ചെയ്യുന്നു.

വിവിധ ബാക്റ്റീരിയകളുടെ പ്രവർത്തനഫലമായി ശരീരം ചീയുവാൻ തുടങ്ങുന്നതാണ് അടുത്ത പ്രക്രിയ. മൃതശരീരത്തിന് ദുർഗന്ധമുണ്ടാകുവാൻ കാരണം ഈ ബാക്റ്റീരിയകളുടെ പ്രവർത്തനമാണ്.

ഈ പ്രവർത്തനങ്ങളെല്ലാം തന്നെ അതിന്റെ ക്രമത്തിലും സമയബന്ധിതവുമായാണ് സംഭവിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് മരണസമയം ഏകദേശം കൃത്യമായി പ്രവചിക്കുന്നത്. കുറ്റാന്വേഷണത്തിൽ ഇതിനു മുഖ്യസ്ഥാനമാണുള്ളത്.
(തുടരും)

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account