സ്വർഗ്ഗം അല്ലെങ്കിൽ പറുദീസ എന്നൊക്കെ അറിയപ്പെടുന്ന പ്രദേശത്താണ് ദൈവം വസിക്കുന്നത് എന്ന് ക്രിസ്‌തുമതം. കൂട്ടിന് ധാരാളം മാലാഖമാരും, ഒപ്പം ഭൂമിയിൽ നന്മ ചെയ്‌തു കാലയവനിക പൂകിയവരും.

സ്വർഗ്ഗം വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്നു എന്നല്ലാതെ, എത്ര ഉയരത്തിൽ എന്നതിന് നമുക്ക് കണക്കുകൾ ലഭ്യമല്ല. കുറെയേറെ കാലങ്ങൾക്കു മുൻപ് ആകാശത്താണ് സ്വർഗ്ഗം എന്നായിരുന്നു വിശ്വാസം. എന്തായാലും അങ്ങനെയൊരു വിശ്വാസം ഇന്നില്ല.

ഓഷോയുടെതായ ഒരു തമാശ പണ്ട് വായിച്ചതോർക്കുന്നു. യൂറിഗഗാറിൻ ആദ്യമായി ബഹിരാകാശ യാത്ര കഴിഞ്ഞു വന്നതിനു ശേഷം, ക്രൂഷ്‌ചേവ് അദ്ദേഹത്തിനോട് ചൊദിച്ചുവത്രേ, യാത്രക്കിടയിൽ മുകളിൽ ദൈവത്തിനെ കണ്ടുവോ എന്ന്. ‘കണ്ടു’ എന്നദ്ദേഹം പറഞ്ഞ തമാശക്ക് മറുപടി ഇതായിരുന്നു, ‘ഞാനും അങ്ങനെ വിചാരിച്ചു, താങ്കൾ ഇതാരോടും പറയണ്ട, നമ്മൾ കമ്മ്യുണിസ്റ്റുകാരല്ലേ?’. ഇതേ സംശയം പോപ്പിനുമുണ്ടായി. അദ്ദേഹത്തോട് ഗഗാറിൻ പറഞ്ഞത് കണ്ടില്ലെന്നാണ്. ‘എനിക്കും അറിയാമായിരുന്നു, ആരോടും പറയണ്ട, നമ്മൾ വിശ്വാസികളല്ലേ?’ എന്നായിരുന്നുവത്രേ പോപ്പിന്റെ മറുപടി.

മരണത്തിലൂടെയല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെട്ടവരെക്കുറിച്ചും ക്രൈസ്‌തവർ വിശ്വസിക്കുന്നു. നോഹയുടെ മുതുമുത്തച്ഛനായ ഈനോക്ക്‌, പ്രവാചകനായ എലീജ, യേശുക്രിസ്‌തു, മാതാവായ മറിയം എന്നിവരാണ് നേരിട്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെട്ടവർ.

നരകം അഗാധതയിലാണ് എന്നാണ് ക്രിസ്‌തുമത വിശ്വാസം. എന്നാൽ അതെവിടെയാണ് എന്ന് കൃത്യമായി അറിയില്ലതാനും. സ്വർഗ്ഗവും നരകവും രണ്ടു വൈരുദ്ധ്യ പ്രദേശങ്ങളാണ്. ഒന്നു മുകളിലും ഒന്നു താഴെയും എന്ന് പറയുമ്പോൾ എന്തിന്റെ എന്നതിന് പ്രസക്‌തിയില്ല.

പണ്ട് സ്വർഗ്ഗത്തിൽ ഒരു യുദ്ധമുണ്ടായി എന്നും, മിഖായേൽ മാലാഖയുടെ നേതൃത്വത്തിൽ മാലാഖമാർ സാത്താനെയും കിങ്കരന്മാരെയും ഭൂമിയിലേക്ക് വലിച്ചെറിഞ്ഞെന്നും ബൈബിൾ പറയുന്നു. അങ്ങനെയെങ്കിൽ നരകം നമ്മുടെ ഈ ഭൂമി തന്നെ ആയിരിക്കുകയില്ലേ? ഒരു കാര്യം പറയാതിരിക്കുവാൻ കഴിയുകയില്ല. ഇവിടെ ജീവിതം നരകതുല്യം തന്നെ.

ഹിന്ദു വിശ്വാസമനുസരിച്ച്‌ ഭൂലോകവും സ്വർഗ്ഗലോകവുമാണുള്ളത്. ഭൂലോകത്തിൽ നമ്മൾ മനുഷ്യരും അസുരരും പാർക്കുന്നു. സ്വർഗ്ഗലോകത്താകട്ടെ, ദേവന്മാരും അവരുടെ രാജാവായ ഇന്ദ്രനും അവരുടെ കുടുംബാംഗങ്ങളും. അസുരന്മാർ ഇടയ്ക്കിടെ സ്വർഗ്ഗലോകത്തു കടന്നു കയറി യുദ്ധങ്ങൾ പോലും ചെയ്‌തിരുന്നു. അവരെ ഭയന്ന് ഓടിയൊളിക്കുന്ന ദേവന്മാരുടെ കഥകളും നമ്മൾ പഠിച്ചിട്ടുണ്ട്. യമധർമ്മൻ എന്ന് ബഹുമാനപുരസ്ക്കരം അറിയപ്പെടുന്ന കാലൻ ആണ് മൃത്യുവിന് ശേഷം ആത്‌മാവിനെ കൂട്ടിയിട്ടു പോകുന്നത്. ചിത്രഗുപ്‌തന്റെ കണക്കു പുസ്‌തകത്തിലെ മുൻഗണനാപ്രകാരം അദ്ദേഹം മനുഷ്യരുടെ ജീവൻ എടുക്കുന്നു എന്ന് വിശ്വാസം.

ഹിന്ദു വിശ്വാസപ്രകാരം നരകം പ്രപഞ്ചത്തിന്റെ തെക്കും ഭൂമിയുടെ അടിയിലും സ്ഥിതി ചെയ്യുന്നു. മരണശേഷം യമകിങ്കരന്മാർ യമധർമ്മന്റെ കോടതിയിൽ ആത്‌മാക്കളെ കൊണ്ടുവരികയും നന്മതിന്മകളുടെ വിചാരണയ്ക്കു ശേഷം നന്മ ചെയ്‌തവരെ സ്വർഗ്ഗത്തിലേക്കും തിന്മ ചെയ്‌തവരെ നരകത്തിലേക്കും അയക്കുന്നു.

ഇവരുടെ വിശ്വാസപ്രകാരം സ്വർഗ്ഗനകര വാസം താത്‌കാലികം മാത്രം. ശിക്ഷ പൂർത്തിയാക്കിയവർ വീണ്ടും അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ പുനർജനിക്കുന്നു. ചിലർ പക്ഷിമൃഗാദികളായും, പുഴുവായും , മറ്റു ചിലരാകട്ടെ മനുഷ്യരായിത്തന്നെയും പുനർജനിക്കുന്നു.

ഇസ്ലാം മതത്തിന്റെ സ്വർഗ്ഗ സങ്കൽപ്പം ക്രിസ്‌തുമതത്തിന്റേതിൽ നിന്നും വ്യത്യസ്‌തമല്ല. അറബിയിൽ ജന്ന എന്ന് വിളിക്കുന്ന സ്വർഗ്ഗം പൂന്തോട്ടം എന്ന അർത്ഥത്തിലാണ് ഉണ്ടായിട്ടുള്ളത്. സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെടുന്നതുവരെ അവരവരുടെ കുഴിമാടത്തിൽ വസിക്കേണ്ടതായി വരുമെന്നും ഇസ്ലാംമതം വിശ്വസിക്കുന്നു.

നരകം ദണ്ഡനങ്ങളുടെയും ശിക്ഷകളുടെയും ലോകമാണ്. മിക്കവരുടെയും വിശ്വാസം നരകം സ്ഥിതിചെയ്യുന്നത് ഭൂമിയുടെ അടിയിലാണെന്നാണ്. അഗ്നിയും കൊടും ചൂടും അതി ശൈത്യവും അസഹ്യമായ ജീവിതസാഹചര്യങ്ങളുമാണ് അവിടെ. കാലം കടന്നു പോകുമ്പോൾ നരകത്തിനും സ്വർഗ്ഗത്തിനുമൊക്കെ സ്ഥാനചലനങ്ങളുണ്ടാകുമായിരിക്കും. മനുഷ്യൻ ഭൂമിയെ മാത്രമല്ലല്ലോ കീഴടക്കികൊണ്ടിരിക്കുന്നത്‌. ഭൂമിയുടെ ഉൾഭാഗത്തൊരു നരകം ഇന്ന് നമ്മുടെ ചിന്തയിൽ പരിഹാസ്യമാണ്.
(തുടരും)

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account