പ്രേതാത്‌മാക്കൾ എന്നാൽ നല്ലവരും അല്ലാത്തവരും ഉണ്ടാകണമല്ലോ? എന്നാൽ നമ്മൾ കേൾക്കുന്ന കഥകളിൽ ദുരാത്‌മാക്കൾ മാത്രമല്ലേയുള്ളൂ? നല്ലവരായ പ്രേതാത്‌മാക്കൾ ചെയ്യുന്ന സത്‌ഗുണങ്ങളെ വാഴ്ത്തി കഥകൾ കാര്യമായി ഉണ്ടാകുന്നില്ല എന്നത് സത്യം തന്നെ. ഭയം ഉളവാക്കുക എന്നത് തന്നെയാണ് പ്രേതകഥകളുടെ ലക്‌ഷ്യം.

നമ്മൾ ഭയം എന്ന വികാരത്തെ കുറച്ചൊക്കെ ഇഷ്‌ടപ്പെടുന്നവർ തന്നെയാണ്. കൂടുതലാളുകളും ഭയമില്ല എന്നു നടിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. ഭയം യഥാർത്ഥത്തിൽ എല്ലാ ജീവജാലങ്ങൾക്കും പ്രകൃതി നൽകിയിരിക്കുന്ന അനുഗ്രഹമാണ്. പ്രത്യേകിച്ചും അപകടങ്ങളിൽനിന്നും രക്ഷ നേടുവാൻ.

എന്താണ് ഭയം?

ബൗദ്ധികമായ ജ്ഞാനത്തിലൂടെ നാം കരസ്ഥമാക്കുന്ന ഒരു അനുഭവമാണ് ഭയം. ഒരു അപകടത്തെ, അല്ലെങ്കിൽ വേദനാജനകമായ ഒരു അവസ്ഥയെ, ഒരു ഭീഷണിയെ നേരിടാൻ നമ്മളെ പ്രാപ്‌തരാക്കുന്നത് ഭയം തന്നെയാണ്. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും ഭയം വളരെ പ്രകടമാണ്.

ഭയങ്ങളിൽ വലുത് മരണഭയം തന്നെയാണ്. മരണത്തിനുശേഷം എന്ത് എന്ന അറിവില്ലായ്‌മ ഭയത്തെ വർധിപ്പിക്കുന്നു. നമുക്ക് പ്രത്യാഘാതത്തെക്കുറിച്ചു ചിന്തിക്കുവാനും വിശകലനം ചെയ്യാനുമാകുമെങ്കിൽ ആ ഭയത്തെ ദൂരീകരിക്കുവാനുമാകും. ഒരു ഉദാഹരണത്തിന്, ചിലരിൽ കണ്ടുവരുന്ന പ്രത്യേകതരം ഭയങ്ങൾ, പല്ലി, പാറ്റ തുടങ്ങിയവയോടുള്ള ഭയം നിശ്ശേഷം ഇല്ലാതാക്കുവാൻ കഴിയുന്നതാണ്. പല്ലിയോ പാറ്റയോ അവർക്ക് അപകടകരമാകുംവിധം ഉപദ്രവം ചെയ്യുന്നില്ല എന്ന് അവർക്കു ബോധ്യമാക്കി കൊടുത്താൽ മാത്രം മതി.

മരണഭയം അങ്ങനെയല്ല. നമുക്കൊരിക്കലും അവരെ പറഞ്ഞോ കാണിച്ചോ ബോധിപ്പിക്കുവാൻ കഴിയുകയില്ല. പോരാത്തതിന് മതങ്ങൾ പഠിപ്പിക്കുന്ന നരകത്തെക്കുറിച്ചുള്ള അറിവുകൾ ഭയം വർധിപ്പിക്കുവാൻ കാരണമാകുകയും ചെയ്യുന്നു.

നമ്മുടെ തലച്ചോറിൽ കാണപ്പെടുന്ന ബദാം പരിപ്പിന്റെ ആകൃതിയിലുള്ള രണ്ടു ഭാഗങ്ങളാണ് ഭയം എന്ന വികാരം ഉളവാക്കുന്നത്. നമ്മൾ അതിനെ അമൈഗ് ദാല (Amygdala) എന്ന് വിളിക്കുന്നു. ഭയപ്പെടുത്തുന്നത് മാത്രമല്ല ഇതിന്റെ ജോലി. ഓർമ്മ, ക്ഷോഭം, തീരുമാനങ്ങളെടുക്കൽ തുടങ്ങി പലമാനസിക പ്രവർത്തനങ്ങളിലും ഇദ്ദേഹത്തിന് പങ്കുണ്ട്. ഡോപമിൻ, നോർ എപിനെഫ്രിൻ എന്നീ രാസവസ്‌തുക്കളുടെ പ്രവർത്തനങ്ങളും ചെറുതല്ല ഇക്കാര്യത്തിൽ. ഭയം ഉണ്ടാകുന്നത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനഫലമായിട്ടാണ് എന്നാണ് പറഞ്ഞുവന്നതിന്റെ അർഥം.
(തുടരും)

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account