എന്തുകൊണ്ട് ദുരാത്‌മാക്കൾ മാത്രം ഭൂമിയിൽ അലയുന്നു? ഈ ചോദ്യത്തിന്റെ ഉത്തരമാണ് മുൻപ് സൂചിപ്പിച്ചത്. ഭയം അങ്കുരിപ്പിക്കുക മാത്രമാണ് ഈ പ്രചരണത്തിന്റെ ലക്‌ഷ്യം. ഇതേ പ്രചരണമാർഗം തന്നെയാണ് ഇന്ന് പത്രമാധ്യമങ്ങളും സ്വീകരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. കുറ്റകൃത്യങ്ങളെ വലുതായി പ്രതിപാദിക്കുന്ന പത്രങ്ങൾ പല നല്ല കാര്യങ്ങളും  പ്രസിദ്ധീകരിക്കുവാൻ  താത്‌പര്യമെടുക്കാറില്ല എന്നത് തികച്ചും ദുഖകരമാണ്.

മനുഷ്യ സമൂഹത്തിന്റെ ബഹുഭൂരിപക്ഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവർ തന്നെയാണ്. മൊത്തം ജനസംഖ്യയുടെ ആറു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് എന്നാണ് കണക്ക്. എന്നാൽ അവർ ചെയ്‌തു കൂട്ടുന്ന കുറ്റങ്ങൾ പ്രചരണമാധ്യമങ്ങളിലൂടെ നമ്മളിൽ എത്തുമ്പോൾ ഈ ലോകം തന്നെ കുറ്റകൃത്യങ്ങളാൽ മാത്രം നിറഞ്ഞിരിക്കുന്നു എന്ന തോന്നലാണുണ്ടാകുക. മറിച്ച്  കുറ്റകൃത്യങ്ങൾ കൂടുതൽ ജനകീയവത്‌കരിക്കാതെയും സത്‌ഗുണങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നുവെങ്കിൽ ഈ ലോകത്തെക്കുറിച്ചുള്ള നമ്മുടെ നിരീക്ഷണം മറ്റൊന്നാകുമായിരുന്നില്ലേ?

ഇതേപോലെയുള്ള പ്രചരണത്തിലൂടെ ദുഷ്‌പേര് സമ്പാദിച്ചവരാണ് ദുരാത്‌മാക്കളും. അതിനുതകുന്ന തരത്തിലുള്ള പരിവേഷങ്ങളും അവർക്കു ചാർത്തിക്കൊടുത്തു. മിക്കയിടത്തും ദുരാത്‌മാക്കൾ സ്‌ത്രീ വർഗ്ഗത്തിലാണ് അവതരിക്കപ്പെടുന്നത്. ലോക പ്രശസ്‌ത പ്രേതകഥയിലെ നായകൻ ഡ്രാക്കുളയാണെന്ന കാര്യം വിസ്‌മരിച്ചുകൊണ്ടല്ല ഞാനിതു പറയുന്നത്. പുരുഷന് സ്‌ത്രീയോടുള്ള ഉൾഭയമാണോ, ദുഷ്‌പ്രവർത്തികൾ ചെയ്യാൻ സ്‌ത്രീകൾ ഇരിക്കട്ടെ എന്ന മനോഭാവമാണോ ഇതിനു പുറകിൽ എന്നത് മറ്റൊരു ഗവേഷണ വിഷയം തന്നെയാകാം. അല്ലെങ്കിൽ സ്‌ത്രീകളെ അടിച്ചമർത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ  കുറ്റബോധത്തിൽ നിന്നും ഉടലെടുത്ത ഭയവുമാകാം ഇതിന്റെ പിന്നിൽ. എന്ത് തന്നെയായാലും ദുരാത്‌മാമാവ് എന്ന സങ്കൽപ്പം മനുഷ്യനിൽ ഭയം ഉളവാക്കുവാൻ വേണ്ടി  സൃഷ്‌ടിക്കപ്പെട്ടതാണെന്ന കാര്യത്തിൽ തർക്കമുണ്ടാകാനിടയില്ല.

പ്രേതാത്‌മാക്കളുടെ സുഹൃത്തുക്കൾ വവ്വാൽ, ചെന്നായ്, തുടങ്ങി ഒരു വൻ നിരതന്നെയുണ്ട് വിവിധ രാജ്യങ്ങളിലായി പ്രേതാത്‌മാക്കളുടെ കൂട്ടിന്. ഓരോ സ്ഥലങ്ങളിലും അവരുടെ സങ്കൽപ്പങ്ങൾക്കനുസരിച്ച് മൃഗങ്ങളെ കൂട്ടുപിടിക്കുക എന്നതാണ് നമ്മൾ കണ്ടിരിക്കുന്നത്. ചില സ്ഥലങ്ങളിൽ അത് നായയായിരിക്കാം, അല്ലെങ്കിൽ പൂച്ച.

മിക്ക സ്ഥലങ്ങളിലും ഒരു മൃഗം കൂട്ടിനുണ്ടായിരിക്കുക പതിവാണ്. എന്തിനായിരിക്കും ദുരാത്‌മാക്കൾക്ക് ഇങ്ങനെയൊരു കൂട്ടുകെട്ട്? നമ്മൾ മൃഗങ്ങളെ വളർത്തുന്നത് നമ്മുടെ സംരക്ഷണാർത്ഥമാണ്, ചിലർ സൗഹൃദാർത്ഥവും. പലപ്പോഴും നമ്മെ അപകടങ്ങളിൽ നിന്നും വളർത്തുമൃഗങ്ങൾ രക്ഷിച്ചതായ കഥകളുമുണ്ട്.

യഥാർത്ഥത്തിൽ ഈ മൃഗങ്ങൾ ദുരാത്‌മാക്കളുടെ സംരക്ഷണമാണോ ലക്ഷ്യമാക്കുന്നത്? അതോ മനുഷ്യരെ അപായപ്പെടുത്താൻ ഒരു ഉപാധിയായി അവയെ കാണുന്നതാണോ? ഈ മൃഗങ്ങൾ യഥാർത്ഥത്തിൽ അവരെക്കാൾ ശക്‌തരാണോ? അല്ലെങ്കിൽ അവർക്കിവയുടെ ആവശ്യമെന്ത്? ഇവയ്ക്കു ആത്‌മാക്കളുടെ ശക്‌തി ലഭിക്കുന്നുണ്ടോ?

ചോദ്യങ്ങളുടെ നിരതന്നെയുണ്ടെങ്കിലും ഉത്തരം അധികഠിനമൊന്നുമല്ല. യുക്‌തമായ
ചിന്താശേഷിയുള്ളവർക്ക് ലളിതമായി ചിന്തിക്കാനാവുന്ന ഒന്ന് തന്നെ. എന്നാൽ പലപ്പോഴും നമ്മൾ ഇങ്ങനെ ചിന്തിക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്‌തുത.

വസ്‌തുനിഷ്ഠമായി ചിന്തിക്കുവാനുള്ള മനുഷ്യന്റെ കഴിവ് പലപ്പോഴും വിനിയോഗിക്കപ്പെടാറില്ല എന്നതിന്റെ നല്ലൊരുദാഹരണമാണിത്. സാധാരണ യുക്‌തിക്കു നിരക്കുന്നതല്ലെങ്കിലും, ഇത്തരം മൃഗങ്ങളെ ദുരാത്‌മാക്കളുടെ സുഹൃത്തുക്കളായി കാണാൻ തന്നെയാണ് നമുക്കിഷ്‌ടം.  പ്രത്യേകിച്ചും കറുത്തനിറക്കാരെ. കറുത്ത പൂച്ചയ്ക്കും നായക്കുമെല്ലാം പൈശാചികത കൂടുമോ എന്തോ?

അതുപോലെ തന്നെ തെറ്റിദ്ധരിക്കപ്പെടുന്ന മറ്റൊരിനം സുഹൃത്തുക്കൾ കൂടിയുണ്ട് ഇക്കൂട്ടർക്ക്. ചലന ശേഷി പോലുമില്ലാത്ത ചില വൃക്ഷങ്ങൾ. കരിമ്പന, പാല, പുളി  തുടങ്ങി ഏറെയുണ്ട് പറയാൻ. മരങ്ങളുടെ കാര്യവും ഏതാണ്ട് മൃഗങ്ങളുടേതിന് തുല്യമാണ്. ഓരോ ദേശങ്ങളിലും
നാടുകളിലും ഇവയും വ്യത്യസ്‌തമായിരിക്കും.

ചില പ്രത്യേക ഗന്ധങ്ങളുണ്ട്, എന്തിനേറെ ചില വസ്‌ത്രങ്ങൾ പോലുമുണ്ട് ഈ പട്ടികയിൽ.
(തുടരും)

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

6 Comments
 1. Sunil 2 years ago

  Very interesting…

 2. Anil 2 years ago

  Good note

 3. Sreeraj 2 years ago

  ദുരാത്‌മാക്കൾ കഥകളിൽ മാത്രമുള്ളതല്ലേ? ദുരാത്‌മാക്കളും ഒപ്പമുള്ള മൃഗാതികളും വെറും ഭാവനകൾ മാത്രം!

  • Author
   Dr. SUNEETH MATHEW 2 years ago

   ആയിരിക്കണമല്ലോ, വരും ഭാഗങ്ങളും വായിക്കുക, അഭിപ്രായം അറിയിക്കുക. സ്നേഹം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account