കൽപിത കഥകളുടെ ഒരു പ്രകടനമാണ് മിക്ക പ്രേത കഥകളും. അവർ മനുഷ്യരുടെ ഭാവനയ്ക്കനുസരണമായ കഥാപാത്രങ്ങളും പരിസരങ്ങളും സൃഷ്ടിക്കുന്നു. മനുഷ്യന്റെ സന്തതസഹചാരിയായ ഭയം എന്ന വികാരം തന്നെയാണ് ഇത്തരം കഥകൾക്കാധാരം.
ഇത്തരം കഥകൾ കേൾക്കുവാൻ നമുക്ക് ഇഷ്ടമാണെന്നത് തന്നെയാണ് ഇതിന്റെ പ്രചരണത്തിനും ഹേതു. വായ്മൊഴിയായും വരമൊഴിയായും നമ്മൾ തന്നെയാണ് ഇതിനെ ജനപ്രിയമാക്കി മാറ്റുന്നത്. ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പല പ്രേത കഥകളുമുണ്ട്. അതിൽ ഏറെ പ്രശസ്തം ഡ്രാക്കുള തന്നെ.
പല കഥകളിലും പ്രേതങ്ങൾ പ്രത്യക്ഷമാകുന്നത് ഗന്ധബാഷ്പങ്ങളുടെയും പുകയുടെയും സാന്നിധ്യത്തിലാണ്. മരണസമയത്തെ ഒരു അനുഭവം പകരുക എന്നതായിരിക്കാം ഇതുകൊണ്ട് എഴുത്തുകാർ ഉദ്ദേശിച്ചിട്ടുണ്ടാകുക. മിക്ക പ്രേത കഥകളിലും മരണ സമയത്തെ മുറിവുകളും പരിക്കുകളും അതേപോലെ നിലനിർത്തിക്കൊണ്ടായിരിക്കും ഇവർ പ്രത്യക്ഷപ്പെടുക. ജീവിച്ചിരിക്കുന്നവർ ജന്മ അടയാളങ്ങൾ രേഖപ്പെടുത്തുന്നതുപോലെയായിരിക്കാം ഇവർ ഇത്തരം അടയാളങ്ങൾ സൃഷ്ടിച്ചിരിക്കുക. തിരിച്ചറിയുവാൻ കഴിയുന്നില്ലെങ്കിൽ പ്രേതങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടുപോയാലോ?
പ്രേതകഥകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഴയ നിയമവും അറേബിയൻ രാത്രികളുമെല്ലാം ആവശ്യത്തിലേറെ പ്രേതകഥകൾക്ക് ഉദാഹരണങ്ങളാണ്. ഹോമറിന്റെ ഒഡീസി മുതൽ നമുക്ക് പറഞ്ഞാൽ തീരാത്തത്രയുണ്ട് പ്രേതകഥകളുടെ പട്ടിക.
ഇതൊന്നും കൂടാതെ 16368 പ്രസിദ്ധീകരിക്കപ്പെട്ട പ്രേതാനുഭവങ്ങളും നമ്മുടെ ഇടയിലുണ്ട്. ഇതൊരു പഴയ കണക്കാണ്. ഒരുപക്ഷേ ഇന്റർനെറ്റ് വളരെയധികം പ്രചാരത്തിലുള്ള ഈ കാലഘട്ടത്തിൽ ഇത് ലക്ഷങ്ങൾക്കും മുകളിലായേക്കാം. പല കഥകളും ഇവരെ നേരിൽ കണ്ടവരുടെ വിശദീകരണങ്ങളാണ്.
മനഃശാസ്ത്രത്തിന്റെ ഒരു വകഭേദമെന്നവകാശപ്പെടുന്ന പാരാസൈക്കോളജി അസാധാരണമായ ആത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ചു പഠിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരുത്തരം നൽകുന്നതിൽ തികച്ചും പരാജയം തന്നെയാണ്. ശാസ്ത്രീയ ഗവേഷണങ്ങളുടെ അഭാവം, പൂർത്തീകരിക്കുവാനുള്ള വൈഷമ്യം, മിഥ്യാബോധത്തോടെയുള്ള വിശകലനം തുടങ്ങിയവയാണ് ഇതിനു കാരണം.
ശാസ്ത്രം വളരെയധികം വളർന്നു കഴിഞ്ഞ ഈ സാഹചര്യത്തിൽ, എല്ലാം ഭൗതീകമായി അളക്കുവാൻ കഴിയുന്ന ഇക്കാലത്ത് അശാസ്ത്രീയമായ വിശകലനങ്ങളുടെ നിലനിൽപ്പ് ശോഭനമായിരിക്കുകയില്ലല്ലോ?
മസ്തിഷ്ക പ്രവർത്തനങ്ങളെക്കുറിച്ച് നാം കുറേക്കാലം മുൻപ് വരെ ഇത്രയധികം ബോധവാന്മാർ ആയിരുന്നില്ല എന്നതും പ്രേതകഥകളുടെ വിശ്വസനീയതയ്ക്ക് ഒരു കാരണമായിരുന്നു. പലതും നമുക്ക് വിശദീകരിക്കുവാൻ സാധ്യമല്ലായിരുന്നു. എത്രയെത്ര മാനസിക രോഗങ്ങൾ അക്കാലത്ത്, തിരിച്ചറിയുവാൻ കഴിയാതെ, പിശാച് ബാധ, പ്രേതബാധ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്നു.
എന്നാൽ ഇന്ന് നമ്മുടെ സ്വഭാവത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ വ്യത്യസ്തമായ രോഗങ്ങളാൽ ഉണ്ടാകുന്നതാണെന്നും അതിന്റെ കാരണങ്ങളെന്താണെന്നും, തലച്ചോറിൽ അത് എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്നും നമുക്ക് കൃത്യമായി പറയുവാൻ കഴിയും.
(തുടരും)
Very interesting topic…
Thank you