കാലാകാലങ്ങളായി നമുക്കുത്തരം തരാത്ത ഒരു പ്രഹേളികയാണ് മരണാനന്തര ജീവിതം. മരണാനന്തരം എന്ത് സംഭവിക്കുന്നു? മറ്റൊരു ജീവിതമുണ്ടോ? ഉണ്ടെന്നു വിശ്വസിക്കുന്നവരും ഇല്ലെന്നു വിശ്വസിക്കുന്നവരുമുണ്ടാകാം. എന്നാൽ അവർക്കതു കാര്യകാരണ സഹിതം തെളിയിക്കുവാനും കഴിയുന്നില്ല. ഓരോ മതവും മരണാനന്തര ജീവിതത്തിന്റെ കാര്യത്തിൽ വ്യത്യസ്‌ത നിലപാടുകളാണെടുക്കുന്നത്. മതങ്ങൾക്കപ്പുറം ശാസ്‌ത്രം ഇത് വിശദീകരിക്കുന്നുമില്ല.

അതുപോലെ മറ്റൊന്നാണ് പ്രേത കഥകളും. എല്ലാകാലങ്ങളിലും മനുഷ്യർ ചിന്തിക്കുകയും അതിലേറെ ഭയക്കുകയും ചെയ്‌ത ഒരു പ്രതിഭാസം തന്നെയാണിത്. ഒരിക്കലെങ്കിലും പ്രേതത്തെ ഭയക്കാത്തവരുണ്ടെന്നു പറഞ്ഞാൽ അത് ആത്‌മവഞ്ചന മാത്രമായിരിക്കും. പ്രേത നോവലുകളുടെയും സിനിമകളുടെയും വർധിക്കുന്ന പ്രചാരം അതിന്റെ ഉദാഹരണങ്ങളാണ്.

എന്താണ് പ്രേതാത്‌മാവ്? അതുണ്ടോ? എവിടെയാണവർ? തുടങ്ങി അനേകം ചോദ്യങ്ങൾ നമ്മൾ ഉന്നയിക്കാറുണ്ട്. കൃത്യമായ ഒരുത്തരമില്ലെങ്കിലും നമ്മൾ പലപല ഉത്തരങ്ങളിൽ തൃപ്‌തിയടയുന്നു. ഇത്തരം ചോദ്യങ്ങൾക്കു ചില ഉത്തരങ്ങൾ ശാസ്‌ത്രീയമായി കണ്ടെത്തുന്നതിനും അത് വായനക്കാരിലേക്ക് പകരുന്നതിനുമുള്ള ഒരു ശ്രമം നടത്തുകയാണ് ഞാൻ.

ജാതിമത വേർതിരിച്ചിലുകൾക്കു മുൻപ്‌ തന്നെ ആളുകൾ പ്രേതങ്ങളിലും ആത്‌മാക്കളിലും വിശ്വസിച്ചിരുന്നു. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും മരങ്ങൾക്കുമെല്ലാം ആത്‌മാവുള്ളതായി അവർ കരുതിയിരുന്നു. ജെ. സി. ബോസ് മരങ്ങൾക്കു ജീവനുണ്ട് എന്ന് കണ്ടുപിടിക്കുന്നതിനും വളരെയേറെക്കാലങ്ങൾക്കുമപ്പുറം, നരവംശ ശാസ്‌ത്രജ്ഞനായ സർ എഡ്വേർഡ് ടൈലർ 1871 ൽ എഴുതിയ “പ്രിമിറ്റീവ് കൾച്ചർ” എന്ന പുസ്‌തകത്തിൽ ഇതിനേക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിൽ അദ്ദേഹം വിശദീകരണം നൽകുന്നത് മതങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന “അനിമിസം” എന്ന ആദ്യകാല വിശ്വാസത്തെക്കുറിച്ചാണ്. മൃഗങ്ങൾക്കും, മരങ്ങൾക്കും എന്തിനേറെ കല്ലുകൾക്കുപോലും ആത്‌മാവുണ്ട് എന്നാണ്. ആത്‌മാവ് എന്ന വിശ്വാസം തന്നെയാണ് പ്രേതാത്‌മാക്കളിലേക്ക് വളരുന്നത്.

മിക്കവാറുമുള്ള എല്ലാ മതങ്ങളും ആത്‌മാവ് (soul) എന്ന പ്രതിഭാസത്തിൽ വിശ്വസിക്കുന്നു. എന്തിനേറെ, മനഃശാസ്‌ത്രത്തിന്റെ നിർവചനം പോലും ഒരുകാലത്ത് ആത്‌മാവിന്റെ പഠനം എന്നായിരുന്നുവല്ലോ?

എന്താണ് ആത്‌മാവ്?

അഭൗതീകമായ (Incorporeal), അനശ്വരമായ (Immortal) പരമാർത്ഥമാണ് ആത്‌മാവ് എന്നും അത് ജീവനുള്ള എല്ലാ ജീവികളിലും നിറഞ്ഞിരിക്കുന്നു എന്നുമാണ് നമ്മൾ വിശ്വസിക്കുന്നത്. ഈ വിശ്വാസം വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് മതങ്ങൾ തന്നെയാണ്.

ആത്‌മാവ് ദൈവ സൃഷ്‌ടിയാണെന്നും, മരണശേഷം വിചാരണയെ നേരിടേണ്ടത് ഈ ആത്‌മാവാണെന്നും, ഈ ലോകത്തിൽ ചെയ്‌ത നന്മതിന്മകളുടെ അടിസ്ഥാനത്തിൽ ഈ ആത്‌മാക്കൾക്ക് സ്വർഗ്ഗനരകവാസം ലഭിക്കുമെന്നും വിശ്വസിക്കുന്ന വിഭാഗക്കാരാണ് ഇസ്ലാം മതവും ക്രിസ്‌തു മതവും. ലോക ജനതയുടെ ഭൂരിപക്ഷവും ഉൾപ്പെടുന്ന രണ്ടു മതങ്ങളാണിവ.

ആത്‌മാവിനു ജനനമോ മരണമോ ഇല്ല എന്ന് ഹിന്ദു മതം വിശ്വസിക്കുന്നു. ആത്‌മാവ് ശരീരങ്ങളിലൂടെ നിലനിൽക്കുന്നു എന്നർത്ഥം. ആത്‌മാവിനു ശരീരം കൈവരുമ്പോൾ ജനനമെന്നും അത് നഷ്‌ടപ്പെടുമ്പോൾ മരണമെന്നും വിളിക്കുന്നു.

എല്ലാ ജീവജാലങ്ങൾക്കും, എന്തിനേറെ ഒരു ബാക്‌ടീരിയക്ക് വരെ ആത്‌മാവുണ്ടെന്നു വിശ്വസിക്കുന്നവരാണ് ജൈന മതക്കാർ. സ്വതന്ത്ര ആത്‌മാക്കളും (liberated souls) അസ്വതന്ത്ര ആത്‌മാക്കളും (non-liberated souls) ഉണ്ടെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. സ്വതന്ത്ര ആത്‌മാവ് മോക്ഷസാൽക്കാരം വീണ്ടും ജീവിത പാതയിലെത്തുന്നില്ല എന്നും മറിച്ചു് അസ്വതന്ത്ര ആത്‌മാവ് മനുഷ്യനായോ മറ്റു ജീവഗണങ്ങളായോ ജീവിച്ച്‌, സ്വർഗ്ഗനരക പ്രാപ്‌തിയിലൂടെ, നാല് ചക്രങ്ങളിലൂടെ മോക്ഷപ്രാപ്‌തിയിലെത്തുന്നു എന്നും ഇവർ വിശ്വസിക്കുന്നു.

(തുടരും…)

4 Comments
  1. Renjith kozhikkod 2 years ago

    നല്ല അറിവുകൾ അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്ന….

  2. Priya 2 years ago

    Informative… looking forward.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account