മധുരം ജീവാമൃത ബിന്ദു… ആരൊ പണ്ട് പാടി പാടി ജീവിച്ചു കാണിച്ചു. ഇന്ന് അത്രമാത്രം മധുരം ഒന്നും തോന്നുന്നില്ല ജീവിത്തിനോട്! ജീവിതത്തെ പഴി പറഞ്ഞിട്ടും കാര്യം ഇല്ല. നമ്മുക്ക് ജീവിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ, നമ്മളെ ഉപയോഗിക്കാൻ തക്കം പാർത്തു നടക്കുന്ന പരിചിതർ, അപരിചിതർ, സ്‌നേഹിതർ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ, ഇങ്ങനെ ആരെല്ലാം.

പഴിചാരാനായി തക്കം പാർത്തു നടക്കുന്ന നമ്മുടെ മനസ്സിനെ അത്രക്കങ്ങു  വിട്ടുകളയാനും പറ്റില്ല. സ്വയം നശിക്കാനായി ഒരായിരം കാരണങ്ങൾ കണ്ടുപിടിക്കാൻ വിരുതനാണിദ്ദേഹം, മനസ്സ്, എന്റെ മനസ്സ്! സ്വയം തീരുമാനങ്ങൾ എടുക്കുമ്പോൾ എന്നും എപ്പോഴും വരുംവരാഴികളെപ്പറ്റി നാം ചിന്തിക്കാറില്ല. ശരി, എങ്കിലും ബുദ്ധിമോശമായ തലവേദനകൾ ഉണ്ടാക്കിയെടുക്കാനും വിരുതൻ തന്നെ മനസ്സ് എന്ന ഈ വില്ലൻ. വന്നു മുന്നിൽനിന്നു കഴിയുമ്പോൾ സഹതാപം, മനസ്സാക്ഷി, സഹിഷ്‌ണുത, മാനുഷികപരിഗണന, ഇവരെല്ലാം കൂട്ടിനായി എത്തും.

പിന്നെ താണ്ടവനൃത്തം തുടങ്ങുകയായി. മനസ്സ് വീണ്ടും വീണ്ടും ചിന്തകളാൽ നിറഞ്ഞു…

പതിവായി അടിക്കാറുള്ള അതെ റിംഗ് റ്റോണിൽ മൊബൈൽ അടിച്ചു… ക്രീം ക്രിം ക്രീം…

‘സുനു ബി’ ഇങ്ങനെ എന്തോ ഞാൻ അറബിയിൽ കേട്ടു.

ഹൂ ഈസ് ദിസ്? എന്റെ മറുചോദ്യത്തിനുത്തരമായി, ആരുടെയോ പേരു ചോദിച്ചു.

കർത്താവെ ഇതാരാ?

നീങ്ക തമിഴാ?

അല്ല, എന്റെ മറുപടിക്കുത്തരമായി അവർ പറഞ്ഞു. റോങ്ങ് നമ്പർ വന്തിട്ടെ അമ്മ, നീങ്ക പേരെന്നാ?

സപ്‌ന. ഞാൻ ഉത്തരം പറഞ്ഞു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരമയി, നമ്മൾ സാധാരണ കേൾക്കാത്ത ഒരുത്തരം വന്നു. ‘നിനക്ക് സുഖം താനെ?’

രണ്ടു മൂന്നു ദിവസത്തിൽ ഒരിക്കൽ വരുന്ന ഫോൺ കോളുകൾ അവരെ എന്നെ ‘മാഡം’ എന്ന ഉന്നത പദവിൽ നിന്ന് വെറും സപ്‌നയാക്കി.

ഒരു സ്വാർത്ഥതയോ, എന്റെ വെറും തോന്നൽ മാത്രമായിരിക്കുമൊ! കിടക്കട്ടെ ഒരു സ്‌നേഹത്തിന്റെ കൈ അവിടെ!

എയറോനോട്ടിക്കൽ കോളേജിന്റെ ജോലിത്തിരക്കിൽ, അല്ലെങ്കിൽ അതിന്റെ വാതിലിലൂടെ എന്നന്നേക്കുമായി അവിടുന്നിറങ്ങിക്കിട്ടിയല്ലോ എന്ന സന്തോഷം! ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിന്റെ തലവനായ സായിപ്പിന്റെ നല്ലപിള്ള കളിയും മറ്റും നാട്ടുകാർക്കും മറ്റും മനസ്സിലായതിനാൽ അങ്ങേർക്കും കിട്ടി കയ്യിൽ ടെർമിനേഷൻ പേപ്പർ!.പാവം, പഠിക്കാൻ വരുന്ന അറബിപ്പിള്ളാരെ എയറോനോട്ടിക്കൽ എൻജിനിയറിംഗിന്റെ പേരിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ശ്രമിച്ച് പാവം ‘മലാക്കി’ ജോലി ഉപേക്ഷിച്ചിറങ്ങിയ എനിക്ക് ഒരു ദിവസം വന്ന നൂറയുടെ ഫോൺ വിളിയിൽ തേങ്ങലിന്റെ മാറ്റൊലി…

എന്തു പറ്റി നൂറ? എന്റെ ചോദ്യത്തിനു മറുപടി ഒരു നീണ്ട കഥക്കു തുടക്കം ഇട്ടു.

എന്നാച്ച്‌, ചൊല്ലമ്മ? ഒന്നു രണ്ടു മാസമായി എന്നോടുള്ള സ്ഥിരം ഡയലോഗുകൾ കാരണം ഞാനും അവരോടു തിരിച്ചു വച്ചു കാച്ചി, തമിഴിൽ.

ഏൻ സ്‌പോൺസർ എന്നെ ഇങ്കെനിന്നും അനപ്പി വിടുത്. നീങ്ക എനക്ക് ജോലി തരുമാ?

അതൊരു ചെറിയ ബൊംബ് തന്നെ!

ഇനി ഞാൻ ഇതെങ്ങിനെ വീട്ടിൽ അവതരിപ്പിക്കും! എനിക്കു പാർട് ടൈം വീട്ടുജോലിക്കു വരുന്ന എന്റെ ‘വിശ്വസ്ഥനാമൊരു ജോലിക്കാരനാം പയസ്സിനെ’ സത്യത്തിൽ പറഞ്ഞു വിട്ടതു കാരണം, വന്നും പോയും നിൽക്കുന്ന ജോലിക്കാരനെക്കൊണ്ടു തലവേദനയെടുത്തിരിക്കുന്ന എനിക്ക് ഇതൊരു ‘ബോണസ് ഓഫർ‘ തന്നെയായിരുന്നു.എങ്ങനെയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ച ഭർത്താവിനെ, പിന്നെ നൂറയുടെ സ്‌പോൺസറിനെ കാണാനായി പറഞ്ഞയച്ച് ഞാൻ കാറിൽത്തന്നെയിരുന്നു. ഒരു സെക്കന്റ് മെന്റ് കോൺട്രാക്റ്റിന്റെ സമ്മതപത്രവുമായ എത്തിയ എന്നെത്തേടി അമ്മയുടെ മരണമണികൾ ആരൊക്കെയോ മുഴക്കിയിരുന്നു.

സ്വന്തം നിലനിൽപ്പും, ഈ ലോകത്തിന്റെ ബന്ധവും നേടിത്തന്ന അമ്മയെ നഷ്‌ടമായി. ബന്ധങ്ങൾ എല്ലാം തന്നെ മുറിച്ചുമാറ്റി അമ്മ, ഒരു യാത്ര പോലും പറയാതെ പോയി. സങ്കടത്തെക്കാളേറെ ദഷ്യവും, കുറ്റബോധവും ഒരു വലിയപെട്ടിയിൽ ഒതുക്കിക്കൂട്ടി ഞാൻ ദോഹയിലേക്ക് തിരിച്ചെത്തി.

അന്നക്കുട്ടിയുടെയും തൊമ്മന്റെയും മാത്തന്റെയും കൂടെ നൂറയും എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. ഞാനില്ലാതെ, എന്റെ വീട്ടിൽ അവരെത്തി. ജോലിക്കാരിയായി നൂറ. അവർ വരുന്നതിനു മുൻപുതന്നെ കുറെ നാളത്തെ എന്റെ തൂപ്പും തുടപ്പും മുടങ്ങിക്കിടക്കായയിരുന്നു എന്നവർ സ്ഥാപിച്ചെടുത്തു. എന്നാൽ അവധിക്കാലത്ത് സ്വന്തം വീട്ടിൽ, മാത്രമല്ല, എവിടെച്ചെന്നാലും, സപ്‌ന വന്നാൽ അവൾ എല്ലാം അടുക്കിപ്പെറുക്കി നല്ല വൃത്തിയാക്കി വെക്കും എന്ന സ്വഭാവസർട്ടിഫിക്കറ്റുള്ള എനിക്ക് അവരുടെ ഈ ‘സ്റ്റേറ്റ്മെന്റ്’  നിസ്സാരമായി തോന്നി. പക്ഷെ അതു ഞാൻ മറക്കാതെ, ഒന്നു ‘ടിക് മാർക്ക്’ ചെയ്‌തു വെച്ചു മനസ്സിൽ.

ഞങ്ങളുടെ ജീവിതവുമായി ഇഴുകിച്ചേർന്ന നൂറക്ക് ഞാനും അധികം ‘മിലിട്ടറി നിയമം’ ഒന്നും പാസാക്കിയില്ല. എന്റെതായ ചില ചില്ലറ കാര്യങ്ങൾ, മീനും മറ്റും ഞൻ തന്നെ വെട്ടിക്കഴുകിക്കോളാം. എല്ലാം അരിഞ്ഞു തന്നാൽ ഞാൻ തന്നെ കറിവെച്ചൊളാം, 6 മണിക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കണം. പിന്നെ തൂപ്പ്, തുടപ്പ്, ബാക്കി സാധാരണ വീട്ടുജോലികളിൽ നൂറ ഒന്നിനൊന്നു മെച്ചമായിരുന്നു. ഒരു മിസ് കോളിലൂടെ എനിക്കു കിട്ടിയ ബോണസ്.

മനസ്സിൽ അവർ എനിക്കെന്തെല്ലാമോ ആയിത്തീർന്നു. എന്റെ അമ്മ മരിച്ച സമയത്ത് വീട്ടിൽ വന്നുകയറിയ അവരെ, സ്വയം മനസ്സിൽ ഞാൻ ആരെല്ലാമൊ ആയി പ്രതിഷ്‌ഠിച്ചു. എന്റെ സങ്കടങ്ങൾ ഇറക്കിത്തീർക്കാൻ, അമ്മയോടു സംസാരിക്കുന്ന ലാഘവത്തോടെ സംസാരിക്കാൻ, അവർ എന്നെ  മനസ്സിലാക്കി, എന്നെ സ്‌നേഹിക്കുന്നു എന്ന മിഥ്യാബോധം എന്നെ സ്‌നേഹത്തിൻ പുതപ്പണിയിക്കുകയാണെന്നു ഞാൻ തെറ്റിദ്ധരിച്ചു. വർഷങ്ങളോളം ആ സാന്ത്വനത്തിൽ ഞാൻ ജീവിച്ചു. 6 മാസത്തെ ശമ്പളം ഓരോ മക്കളുടെ പേരിലും ഫിക്‌സഡ് ഡിപ്പോസിറ്റായി കിട്ടിത്തുടങ്ങിയപ്പോൾ നൂറയുടെ വടയുടെയും സാംബാറിന്റെ രുചി കൂടിത്തുടങ്ങി. എന്നാൽ ഒരിക്കൽപ്പോലും അധികാരത്തിന്റെ സ്വരമോ അമിതസ്വാതന്ത്ര്യമോ എത്തിനോക്കിയില്ല.

കംപ്യൂട്ടറിന്റെ സഹായത്തോടെ എന്നോ തുടങ്ങിയ എഴുത്തുകുത്തുകൾക്കായി ഞാൻ കൂടുതൽ സമയം കണ്ടെത്തിത്തുടങ്ങി. ചോറു വെന്തുവാർക്കുന്ന മണത്തിനൊപ്പം എന്നും രുചിനോക്കാനായി ഒരു സ്‌പൂൺ തോരനും സ്‌പൂണുമായി എത്തി നൂറ. അങ്ങിനെ എന്റെ കഥകൾക്കും, കവിതകൾക്കും, ലേഖനങ്ങൾക്കും നൂറ ചുക്കാൻ പിടിക്കാൻ തുടങ്ങി എന്നും മനസ്സിലാക്കി.

സപ്‌ന, പുതിയ ബ്ലോഗ് പോസ്റ്റ് ഒന്നും ഇല്ലേ? എന്നുള്ള മാത്യുവിന്റെയും, ബാലൻ മാഷിന്റെയും ചോദ്യങ്ങൾക്കു ഗ്യാപ്പുകൾ കുറഞ്ഞു തുടങ്ങി.

പതുക്കെ പതുക്കെ ഹസ്സൻ എന്ന സ്‌പോൺസറുടെ മാസപ്പടി ശമ്പളം പറ്റുന്ന ഫിലിപ്പീനോ സെക്രെട്ടറിയുടെ, കുശുമ്പിന്റെയും കുന്നായ്‌മയുടെയും ഭാഗമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തിനൊടുവിൽ നൂറയെ നാടുകടത്താൻ സ്‌പോൺസർ തീരുമാനിച്ചു. ഞങ്ങളുടെ അവസാന പ്രതീക്ഷകളും, നിവേദനങ്ങളും നിരസിച്ച്, ഇന്നു രാത്രി റെഡിയായി വരണം, വിസ ക്യാൻസൽ ചെയ്യുകയാണ് എന്നറിയിച്ചു. ഞങ്ങൾ നൂറയെയും കൊണ്ട് സ്‌പോൺസറുടെ ഓഫീസ്സിൽ എത്തിയതും, ദേഷ്യപ്പെട്ട്, പാസ്സ്‌പോർട്ടു വലിച്ചു കീറാൻ തുടങ്ങിയ ഹസ്സനെ സമുന്യയിപ്പിച്ചു ,ഒരു വിധം. കാശു തന്ന് വിസ ഞങ്ങൾ വാങ്ങാം എന്നു, സ്റ്റാർട്ടാക്കി നീങ്ങിത്തുടങ്ങിയ  വണ്ടിയുടെ കൂടെ നടന്ന് അദ്ദേഹത്തെക്കൊണ്ട് ഒരു വിധം സമ്മതിപ്പിച്ചു.  പാവമാം ഈ സ്‌ത്രീയെ ഞങ്ങൾ വിലക്കെടുത്തു. അവർക്കു വേണ്ടി, അവരുടെ കണ്ണുനീരിനു മുന്നിൽ, അരവർഷത്തെ ബാങ്ക് ബാലൻസ് ഒന്നും ഓർക്കതെ ഞങ്ങൾ പൊട്ടിച്ചു.

ആരുടെയോ പ്രാർത്ഥനയും സ്‌നേഹവും ആ ഒരു തീരുമാനത്തിനു മുന്നിലുണ്ടാവാം.

വീടുമാറിത്താമസത്തിനിടയിൽ ഇവിടെ ഇത്തിരി ജോലിക്കൂടുതൽ ആണെന്നുള്ള ചെറിയ ചെറിയ കുത്തുവാക്കുകൾ വന്നു തുടങ്ങിയത് കണ്ടില്ല എന്നു നടിക്കാൻ എന്റെ അമ്മായിയമ്മയും അനിയത്തിയും തന്ന ഉപദേശം, മൊത്തമായും ചില്ലറയായും ഞാൻ അനുസരിച്ചു. എങ്കിലും എന്റെ ചില കൊച്ചു കൊച്ചു വാശികളുടെ ഭാഗമായി ഞാനും ചില നല്ല കിടിലൻ കോട്ടയം അച്ചായത്തി സ്റ്റൈൽ വാക്കുകളുടെ ‘കൊട്ടുകൾ’ തിരിച്ചു കൊടുത്തു തുടങ്ങി. പരിചയം സ്‌നേഹമായി, എന്റെ സ്‌നേഹം എനിക്കുതന്നെ  ബാദ്ധ്യതയായിത്തീരുന്നത് ഞാനും അറിഞ്ഞില്ല.

എന്നോ നഷ്‌ടമായ ഡാഡിയെയും അമ്മയെയും ആരുടെയൊക്കെയോ രൂപത്തിൽ ഞാൻ വീണ്ടും പുനർജനിപ്പിക്കാൻ ശ്രമിച്ചു. എല്ലാം എന്റെ മാത്രം വ്യർഥ്യമോഹങ്ങൾ മാത്രമായിരുന്നു എന്ന് ഞാൻ ഒരിക്കലും മനസ്സിലാക്കിയില്ല. പലവുരു എന്നെ നന്നായി അറിയാവുന്നവരുടെ അളവുകോലിൽ മുന്നിൽ നിൽക്കുന്ന സൂസൻ പറഞ്ഞു,

സപ്‌നാ, നീ എന്താ ഈ ചെയ്യുന്നത് എന്നറിയാമൊ? നീ ശമ്പളം കൊടുക്കുന്ന ഒരു ജോലിക്കാരി മാത്രമാണവർ. നീ എന്നു കാശുകൊടുക്കുന്നതു നിർത്തുമോ അന്ന് അവർ നീന്നോടുള്ള എല്ലാ ഇഷ്‌ടവും ആത്‌മാർത്ഥതയും അവസാനിപ്പിക്കും. ഓർത്തോണം.

ഇല്ലടീ, ഇവർ എന്നെ വിട്ടുപോകില്ല. ഞാൻ വീണ്ടൂം സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

നീ നോക്കിക്കോ, ഇതു നിനക്കു വിനയായിത്തീരും – സൂസൻ.

എന്റെ ആ മാസത്തെ കന്യകയുടെ ഷോക്കിംഗ് ന്യൂസ് ഗൾഫിലെ വീട്ടുവേലക്കാരോടു ചെയ്യപ്പെടുന്ന അത്യാചാരങ്ങളെക്കുറിച്ചായിരുന്നു. നൂറ,നീ ഇതു കണ്ടൊ? മലയാളം പോയിട്ട് തമിഴിൽ പോലും സ്വന്തം പേരെഴുതാൻ അറിയാത്തെ നൂറ, ‘നല്ലതമ്മാ, നീ ഇനിയും നല്ല പടിയാ വരും’ എന്ന അവരുടെ വാക്കുകളിൽ ഞാൻ എന്തെന്നില്ലാത്ത ആനന്ദം കണ്ടത്തി.

ഖത്തറിൽ നിന്ന് എന്നന്നേക്കുമായി കെട്ടുകെട്ടി നാട്ടിലെത്തിയ ഞങ്ങൾ നൂറയെ, അവരുടെ നാട്ടിലേക്കയച്ചു. 6 മാസത്തെ ഒമാനിലെ താമസത്തിനിടയിൽ വിസയും ശരിയാക്കി ഞാൻ വീണ്ടും നൂറയെ എന്റെ അടുത്തു കൊണ്ടുവന്നു. എന്റെ മനസ്സിന്റെ ആഘാതങ്ങളും ക്ഷതങ്ങളും അവർ വേഗം മനസ്സിലാക്കിത്തുടങ്ങിയിരുന്നു. എന്നെ ഒരുവിധത്തിൽ അല്ലെങ്കിൽ പലവിധത്തിൽ അവർ ഉപയോഗിച്ചു തുടങ്ങി. വർത്തമാനത്തിനിടയിൽ കടയിലും, ഷോപ്പിംഗിലും താത്‌പര്യം കാണിക്കാത്ത അവർ സ്വർണ്ണത്തിന്റെ ഒരു വലിയ ആരാധികയായിരുന്നു. സ്വന്തം കാശിൽ മാത്രം വാങ്ങും എന്നൊരു വാശിയും കൂടെ! അതും എന്നും അവരുടെ സത്യസന്ധതയുടെ മാറ്റുരക്കാത്ത തങ്കമായി ഞാൻ സ്വയം വിലയിരുത്തി.

‘മോഷണം ഇല്ലല്ലോ കർത്താവെ’ എന്നു മാത്രം ഞാൻ മനസ്സിൽ കരുതിയിരുന്നു. കമ്മലിന്റെ ആണിയും, മാലകളും, കമ്മലുകളും എന്റെ ആകെ മൊത്തം സ്വർണ്ണപ്പെട്ടിയും അവർക്കു മുന്നിൽ എന്നും തു‌റന്നു തന്നെയിരുന്നു. അല്ലെങ്കിൽ അവർക്കാറിയാമായിരുന്നു എന്റെ സ്വർണ്ണപ്പെട്ടി എവിടെ എന്ന്. ഒളിച്ചു മറച്ചു പൂട്ടുകെട്ടുമായിട്ടൊരു ജീവിതം എനീക്കൊരിക്കലും ഇല്ലായിരുന്നു. എന്നും ആർക്കും ഞാനൊരു തുറന്ന പുസ്‌തകം തന്നെയായിരുന്നു. എന്റെ വിശ്വാസത്തിന്റെ ചരടിന്റെ നീളം ഇത്തിരി കൂടിപ്പോയില്ലെ എന്നു സ്ഥിരമായി എന്നോടു എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായ കല എന്നെന്നും ചോദിക്കാറുണ്ട്. സപ്‌നാ,  നിനക്കിങ്ങനെ എങ്ങിനെയാ മനുഷ്യരെ വിശ്വസിക്കാനും സ്‌നേഹിക്കാനും സാധിക്കുന്നത്? നിനക്ക് തിരിച്ചൊന്നും വേണ്ടേ?

ഞാനും ഇതുവരെ ആലോചിച്ചിട്ടില്ലാത്ത ഒരു ചോദ്യം!

ഉത്തരം ഈ നൂറയെപ്പോലെയുള്ള ആൾക്കാരുടെ ജീവിതത്തിൽ എഴുതിച്ചേർത്തിട്ടുണ്ട് എന്നാണ് ഞാൻ കണ്ടെത്തുന്ന കാരണം.

അല്ലെ? ആയിരിക്കാം..

വീണ്ടും കഴിഞ്ഞുപോയി ഒരു വർഷം. സ്വന്തം കട്ടിലും, അലമാരയും, റ്റി വിയും, പിന്നെ മാസം 20 റിയാൽ പോക്കറ്റ് മണിയുമായി ജീവിക്കുന്ന നൂറ. റ്റി വി നന്നാക്കാൻ വരുന്ന ജയൻ,നൂറയുടെ കട്ടിലും മുറിയും മറ്റും നോക്കിനിന്ന്, ഒരു ചിരിയോടുകൂടി എന്നെയും നോക്കിപ്പോകുന്നത് ഞാൻ കാണാറുണ്ട്. തന്റെ നഴ്‌സ്‌ ഭാര്യക്കുപോലും ഇത്ര ‘ഫെസിലിറ്റി’ ഇല്ല എന്നു  തീർത്തു പറയുന്നു ജയൻ. പനി വരുമ്പോൾ അറ്റ്ലസ് ഹോസ്‌പിറ്റലിലും, ബാദർസൈമയിലും, നഴ്‌സുമാർ എന്നെ നോക്കി മൂക്കത്തു വിരൽ വെക്കുന്നത് ഞാൻ കണ്ടു. ഞാൻ താങ്ങിപ്പി‌ടിച്ച് നൂറയെ ഡോക്റ്ററെ കാണിക്കാൻ കൊണ്ടുപോകുമ്പോൾ ശർമ്മ ഡോക്റ്റർ ഇത്രക്ക് വേണോ സപ്‌നാ എന്നു ചോദിക്കുമ്പോൾ, പോട്ടെ എനിക്കു ജോലി ചെയ്യുന്ന സ്‌ത്രീ അല്ലെ എന്നു പറഞ്ഞ് ഞാൻ തടിതപ്പി. വീട്ടിൽ അടുത്ത ഒരാഴ്ച്ച ഞാൻ അവർക്കു സൂപ്പും കഞ്ഞിയും വെച്ചു കൊടുത്തു. തടി ആരോഗ്യമായി, നല്ല തമിഴിൽ ചൊറിഞ്ഞ വർത്തമാനത്തിന്റെ തുടക്കം മുതൽ അറിയാം, ആരോഗ്യമായൊ ഇല്ലയോ എന്ന്!

ശമ്പളം വീണ്ടും ആറുമാസം മൊത്തമായും ചില്ലറയായും പല പല ബാങ്കുകളിൽ ഓരൊ മക്കളുടെ പേരിലും പൊയ്‌ക്കോണ്ടെയിരുന്നു. അവസാനം കഴിഞ്ഞ വർഷം,സ്വന്തം പേരിലും നിക്ഷേപം ആയിക്കഴിഞ്ഞപ്പോൾ അഹങ്കാരത്തിനു കയ്യും കാലും  വെച്ചതുപോലെ, ചൊറിച്ചിൽ വർത്തമാനം കൂടുതലും വേദനിപ്പിക്കുന്നവയായി മാറി. കഴുത്തറ്റം നിറഞ്ഞു ഇനി, എന്നെ ഇവർക്കാവശ്യം ഇല്ല എന്നു എനിക്കും മനസ്സിലായി. വർഷത്തിൽ രണ്ടു വട്ടം, ഞങ്ങളുടെ കുടെ നാട്ടിലെ ‘ഹോളിഡേ’ ആസ്വദിച്ചു നൂറ. അതും അവർക്കു അഹങ്കാരത്തിന്റെ പൊടി പാറിക്കാൻ പോന്ന കാര്യം ആയിരുന്നു.

പക്ഷെ പണ്ടു സൂസൻ പറഞ്ഞ,വയ്യാവേലിയായിത്തീർന്നു. ‘എന്നടി, നീ എന്നെ ചുടുകാട്ടിലയക്കുമാ?’ എന്ന ഒരു ദിവസത്തെ തർക്കത്തിനിടയിലെ വർത്തമാനത്തിനു ശേഷവും ഞാൻ ആലോചിച്ചു, ഇവർ നാട്ടിൽ പോയാൽ അഞ്ചു പൈസക്കു ഗതിയില്ലാതെ ആയാൽ ഇവരുടെ പിള്ളാരു തന്നെ ഇവരെ വട്ടുതട്ടും. മുഴുക്കുടിയനായ, സ്വന്തമായി ചായിപ്പിൽ ആഹാരം വെച്ചു കഴിക്കുന്ന ഭർത്താവും മറ്റും ഇവരെ ജീവനോടെ വെച്ചേക്കില്ല എന്നറിയാവുന്ന ഞാൻ അവരോടു ഭൂമിയോളം ക്ഷമിച്ചു. എന്നാൽ എന്റെ അമ്മ മരിച്ച സമയത്തു കയറിവന്ന ഇവർക്ക് എന്നോട് ഒരു സ്‌നേഹവും ഇല്ല എന്ന് പലവുരുവായി, വളരെ വേദനയോടെ ഞാൻ മനസ്സിലാക്കി. മനസ്സിന്റെ മൂർച്ചയുള്ള വർത്തമാനം പോലെ അവരുടെ ശരീരം ക്ഷയിച്ചു തുടങ്ങി എന്നു മനസ്സിലാക്കിയ ഞാൻ എന്നെന്നേക്കുമായി അവരെ തിരികെ അയക്കാൻ തീരുമാനിച്ചു.

‘എനക്ക് റ്റിക്കറ്റ് കൊടുങ്കെ, എന്നെ അനപ്പി വിട്’ എന്ന് ഇങ്ങോട്ട് ആജ്ഞയായി.

ആരും ആർക്കും സ്വന്തമല്ല. എല്ലാം കാശിന്റെ പുറത്തുള്ള സ്‌നേഹം മാത്രം എന്നു എനിക്കും മനസ്സിലാക്കിത്തന്നു നൂറ എന്ന എന്റെ ഗദ്ദാമ്മ, 13 വർഷം കൊണ്ട് എനിക്ക്! എന്നിട്ടും പഠിക്കാത്ത ഞാൻ വീണ്ടും അടുത്ത ഒരു മേരി, സരസ്വതി ഗദ്ദാമ്മമാരെ  റെഡിയാക്കി ‘സ്റ്റാൻബൈ‘ ആയി നിർത്തിയിട്ടുണ്ട്, അടുത്ത കൊട്ടു  മേടിക്കാൻ!!

ആരിലൊക്കെയോ ബന്ധങ്ങൾ തേടിനടക്കുന്ന എന്റെ മനസ്സ് വീണ്ടും ഒരു നൂറയെയോ, മേരിയെയോ, സുൽഫത്തിനെയോ, സരസ്വതിയെയോ തിരഞ്ഞു കൊണ്ടേയിരിക്കും. എന്നെന്നും….

സപ്‌ന അനു ബി ജോർജ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account